Read Time:8 Minute

പരസ്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് തോന്നും, നമ്മുടെ ആരോഗ്യത്തെ കുറിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് എന്ത് താല്പര്യമാണെന്ന്! പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുന്ന പരസ്യങ്ങൾ നമ്മെ ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുമെന്ന് കരുതുന്നവരുണ്ടോ എന്നറിയില്ല. ആരോഗ്യമുള്ളവരെ ലക്ഷ്യം വെയ്ക്കുന്ന പരസ്യങ്ങൾ ഒരു ഭാഗത്ത്, ചില തരം രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ ലക്ഷ്യമിടുന്നവ മറ്റൊരു ഭാഗത്ത്. നാമിവിടെ ചിന്തിക്കാൻ ശ്രമിക്കുന്നത് രണ്ടാമത്തെ വിഭാഗത്തെയാണ്.

ദീർഘകാല രോഗങ്ങളുള്ളവർക്ക് ഭക്ഷണമുൾപ്പടെ ജീവിതരീതിയിൽ പലമാറ്റങ്ങളും വരുത്തേണ്ടതായി വരും. മാസങ്ങളും വർഷങ്ങളും കഴിഞ്ഞാലും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ അവസാനിക്കുന്നില്ല. മാനസികവും വൈകാരികവുമായ സമ്മർദങ്ങൾക്ക് ഇത് കരണവുമാകാം. അപ്പോഴാണ് ഇതിൽനിന്ന് മുക്തിനേടണമെന്ന ചിന്തയുണ്ടാകുന്നത്. പരസ്യങ്ങൾ ടാർഗെറ്റ് ചെയ്യുന്നത് ദീർഘകാല രോഗങ്ങളുമായി ജീവിക്കുന്നവരെത്തന്നെ. പ്രമേഹവുമായി ജീവിക്കുന്നവർ പരസ്യങ്ങളുടെ ആക്രമണങ്ങൾക്ക് വിധേയരാകുന്നു. പെട്ടെന്ന് പ്രമേഹം മാറ്റിത്തരാമെന്നും, ഫലപ്രദമായ ഒറ്റമൂലികൾ ഉണ്ടന്നുമുള്ള വ്യാജപ്രസ്താവങ്ങൾ അനവധിയാണ്. പ്രമേഹമുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്താമെന്നും രക്തത്തിലെ ഗ്ളൂക്കോസ് നിയന്ത്രിക്കാമെന്നും അവകാശപ്പെടുന്ന പരസ്യങ്ങൾ സുലഭമാണ്. അതോടൊപ്പം അമിതവണ്ണം നിയന്ത്രിക്കാമെന്നും ചിലർ അവകാശപ്പെടുന്നു.

ഡയബെറ്റീസ് സുരക്ഷിതമായി നിയന്ത്രിക്കാൻ ഏറ്റവും നല്ല മാർഗം ഇവയാണ്: ഭക്ഷണത്തിൽ അന്നജം നിയന്ത്രിക്കുക, വേണ്ടത്ര പ്രോട്ടീൻ, ഫൈബറുകൾ ഉൾപ്പടെയുള്ള പോഷകങ്ങൾ എന്നിവ ഉറപ്പാക്കുക, വേണ്ടത്ര വ്യായാമത്തിൽ ഏർപ്പെടുക, ആവശ്യമെങ്കിൽ ശരീരഭാരം കുറയ്ക്കുക, മരുന്നുകൾ കഴിക്കുക, കൃത്യമായ ഇടവേളകളിൽ രക്തം പരിശോധിക്കുക പ്രമേഹത്തിന്റെ സങ്കീർണതകൾ ഉണ്ടാകുന്നെങ്കിൽ അവ നേരെത്തെ കണ്ടെത്തുക, എന്നിവ പ്രമേഹ നിയന്ത്രണത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഇതിനേക്കാൾ ഫലപ്രദമായി മറ്റൊന്നുമില്ലെന്നും അറിയണം.

ചില ഉദാഹരണങ്ങൾ നോക്കാം. ഐകോഫീ (iCoffee) എന്നൊരുൽപ്പന്നം പരസ്യങ്ങളിൽ കാണാം. ഇത് കഴിക്കുന്നവർക്ക് തങ്ങളുടെ ഷുഗർ നിയന്ത്രിക്കാനാകും എന്ന് പരസ്യദാതാക്കൾ അവകാശപ്പെടുന്നു. ഇതാകട്ടെ നിലവിലുള്ള അറിവുകൾക്ക് വിരുദ്ധവുമാണ്. പുതുതായി അവകാശവാദങ്ങൾ ഉന്നയിക്കുന്നവർക്ക് അതിന്റെ തെളിവുകൾ കൂടി മുന്നോട്ടു വെയ്ക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അവകാശവാദത്തിനപ്പുറം പരസ്യം ഒന്നും പറയുന്നുമില്ല. ഉൽപ്പന്നത്തിന്റെ വില 500 ഗ്രാമിന് 2630 രൂപ. വ്യത്യസ്ത വാണിജ്യ തന്ത്രങ്ങളിലൂടെ ചിലർക്ക് മുടക്കിയ പണം കുറെയെങ്കിലും തിരികെകിട്ടുമെന്ന് കരുതുന്നു. ഇത്രവലിയ വിലയ്ക്ക് ഉൽപ്പന്നം വാങ്ങുന്നവർക്ക് പ്രമേഹം നിയന്ത്രിക്കാനാകുമെന്ന് എന്തുറപ്പാണുള്ളത്. പ്രമേഹത്തിന്റെ ചികിത്സയ്ക്ക് ഇത്ര പണച്ചിലവില്ലാതെ നടത്താനുമാകും.

പ്രമേഹത്തിന് ഗുണപ്പെടുമെന്ന അവകാശവുമായി വരുന്ന മറ്റൊരു ഉൽപ്പന്നം ഹോർലിക്ക്‌സ് ആണ്. പ്രമേഹമുള്ളവർക്കായി പ്രത്യേകമൊരു ഫോർമുല അവർ വിപണിയിലിറക്കിയിട്ടുണ്ട്. അതിൽ സമീകൃത ഭക്ഷണതയിൽ നിന്ന് ലഭിക്കുന്നതിൽ കൂടുതലായി എന്ത് മെച്ചമാണെന്ന് വ്യക്തമല്ല. ഫൈബർ ഉണ്ടെന്ന വാദമുണ്ട്, അതാകട്ടെ പഴങ്ങൾ, പച്ചക്കറികൾ, പയറുകൾ, എന്നിവകളിൽ നിന്ന് ലഭ്യവുമാണ്. അപ്പോൾ എന്താണ് പ്രമേഹത്തിനായുള്ള സ്പെഷ്യൽ ഹോർലിക്‌സ് നൽകുന്നത്? നൂറ് ഗ്രാം ഉൽപ്പന്നത്തിൽ 20 ഗ്രാം പ്രോട്ടീനും, 22 ഗ്രാം ഫൈബറും 35 ഗ്രാം അന്നജവും 10 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഉൽപ്പന്നത്തിന് വിലയിട്ടിരിക്കുന്നത് 400 ഗ്രാമിന് 790 രൂപയും. ദിവസേന 30 ഗ്രാം എന്നയളവിൽ കഴിക്കുന്നയാൾ ഇതിനായി 59 രൂപ പ്രതിദിനം ചിലവാക്കണം. അധികമായി അന്നജവും കൊഴുപ്പും കഴിക്കുകയും ചെയ്യും. പ്രമേഹനിയന്ത്രണത്തിന്റെ ശാസ്ട്രീയ വശം അറിഞ്ഞിരിക്കേണ്ടത് എത്ര ഗൗരവമുള്ളതാണെന്നു കാട്ടാൻ ഈ കണക്കുകൾ നന്നെന്നു കരുതുന്നു.

അന്ധവിശ്വാസങ്ങൾക്കും കപടശാസ്ത്രത്തിനും ചികിത്സാതട്ടിപ്പുകൾക്കുമെതിരെ നിയമപരമായി പ്രതികരിക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയാണ് ക്യാപ്സ്യൂൾ കേരള -(Campaign Against Pseudo Science Using Law and Ethics (CAPSULE)

വീഡിയോ കാണാം

CAPSULE CORNER

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post കാലാവസ്ഥാ പ്രവചനത്തിലെ കാലാനുസൃതമായ മാറ്റങ്ങളും ജനകീയ പങ്കാളിത്തവും
Next post ഹരിതഗൃഹ വാതകങ്ങൾ: ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതി
Close