Read Time:16 Minute


നന്ദൻ വിജയകുമാർ
റിസർച്ച് അസിസ്റ്റന്റ്, CGST കൺസർവേഷൻ പ്രോജക്റ്റ്

2022 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

വൈവിധ്യമാർന്ന സസ്യ ജന്തു ജാലങ്ങളാൽ സമ്പന്നമാണ് നമ്മുടെ കേരളം. കാടും കാവും കടലും കുളവും കണ്ടലുമെല്ലാമുള്ള വൈവിധ്യമാർന്ന ആവാസ വ്യവസ്ഥ കേരളത്തിന്റെ പ്രത്യേകതയാണല്ലോ. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് അതീവപ്രാധാന്യമുണ്ട്. അപൂർവവും അതീവപ്രാധാന്യമുള്ളതുമായ ഒട്ടനവധി ജന്തുജാലങ്ങളുടെ സംരക്ഷണത്തിനായി മികച്ച പഠനങ്ങളും ശ്രമങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. സിംഹവാലൻ കുരങ്ങിന്റെ, കടുവയുടെ, പാതാളത്തവളയുടെ, കടലാമകളുടെയൊക്കെ സംരക്ഷണപ്രവർത്തനങ്ങൾ അവയിൽ ചിലത് മാത്രം. ഈ കൂട്ടത്തിൽ വളരെ പ്രത്യേകത നിറഞ്ഞ ശ്രദ്ധേയമായ പ്രവർത്തനമാണ് ചന്ദ്രഗിരിപ്പുഴയിലെ പാലപ്പൂവൻ ആമയുടെ സംരക്ഷണ പ്രവർത്തനങ്ങൾ.

ചിത്രം കടപ്പാട് : Ayushi Jain

ആമകൾ 

നട്ടെല്ലുള്ള ജീവികളിൽ വെച്ച് ഏറ്റവും പുരാതനമെന്ന് കരുതപ്പെടുന്നതിൽ പെട്ട ഒരു ജീവി വർഗമാണ് ആമകൾ. ശീതരക്ത ജീവികളായ ഇവ ലോകത്താകമാനം 360 സ്പീഷീസുകളാണുള്ളത്. ഇവയിൽ 7 എണ്ണം കടലിലും ബാക്കിയുള്ളവ കരയിലും ശുദ്ധജല ആവാസവ്യവസ്ഥയിലുമായി കാണപ്പെടുന്നവയാണ്. ഇന്ത്യയിലെ 34 ഇനം ആമകളിൽ 5 എണ്ണം കടലിൽ കാണപ്പെടുന്നവയാണ്. ഇന്ത്യയിൽ കാണപ്പെടുന്ന 24 ഇനം ശുദ്ധജല ആമകളിൽ ഭൂരിഭാഗവും വംശനാശ ഭീഷണി നേരിടുന്നവയാണ്.  ആവാസവ്യവസ്ഥയുടെ നാശം, നദി കളുടെ ഗതിമാറ്റം, അണക്കെട്ടുകളുടെ നിർമാണം, മലിനീകരണം, വേട്ടയാടൽ, മുട്ടശേഖരണവും വ്യാപാരവും എന്നിവ ആമകളുടെ സ്വാഭാവികജീവിതത്തെ ദോഷകരമായി ബാധിക്കുന്നു.

ചിത്രം കടപ്പാട് : Ayushi Jain

എന്താണ് പാലപ്പൂവൻ? 

മൂക്കിന് പാലപ്പൂവിന്റെ ഞെട്ടിനോട് സാമ്യമുള്ളതുകൊണ്ട് കാസറഗോഡുകാർ Cantor’s Giant Softshell Turtle നെ വിളിച്ച പേരാണ് “പാലപ്പൂവൻ”. കേരളത്തിൽ കാണപ്പെടുന്ന 12 ഇനം ആമകളിൽ 4 എണ്ണം കടലാമകളാണ്. 5 എണ്ണം ശുദ്ധജലത്തിൽ വളരുന്നവയും 3 എണ്ണം കരയിൽ ജീവിക്കുന്നവയുമാണ്. ഇതിൽ പുറംതോട് കട്ടികുറഞ്ഞ ശുദ്ധജല ആമയാണ് ട്രാണിക്കിഡേ (Tronychidae) എന്ന കുടുംബത്തിൽ ഉൾപ്പെട്ട പാലപ്പൂവൻ ആമ (Cantor’s Giant softshell Turtle). തെക്കനേഷ്യയിലെ രാജ്യങ്ങളിൽ കടൽത്തീരത്തോട് ചേർന്നുള്ള പുഴകളിൽ ഇവയെ കണ്ടുവരുന്നു. കംബോഡിയ, തായ്ലന്റ്, വിയറ്റ്നാം, ലാവോസ് മുതലായ 11 രാജ്യങ്ങളിൽ കാണപ്പെടുന്നെങ്കിലും നാമമാത്രമായ എണ്ണം മാത്രമേ ഉള്ളൂ എന്നതുകൊണ്ട് ഇവയെ സവിശേഷതയുള്ള ഇനമായി കണക്കാക്കുന്നു. ജലത്തിലും അഴിമുഖത്തോട് ചേർന്ന ഉപ്പ് വെള്ളത്തിലും ഇവ വസിക്കുന്നു.

കർണാടകത്തിലെ കുടകിൽ  ഉത്ഭവിച്ച് കേരളത്തിലെ കാസറഗോഡ് ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്ന ചന്ദ്രഗിരിപ്പുഴയുടെ പോഷക നദിയാണ് പയസ്വിനിപ്പുഴ. ശുദ്ധജല, അഴിമുഖ ആവാസവ്യവസ്ഥകളെ ആശ്ര യിക്കുന്ന ഒട്ടേറെ അപൂർവയിനം സസ്യ ജന്തുജാലങ്ങളുടെ വാസസ്ഥാനമാണിത്. അതിനാൽ പാലപ്പൂവൻ ആമകൾക്ക് ഏറ്റവും അനുയോജ്യമായ മേഖല കൂടിയാണിവിടം.  ശുദ്ധജല ആവാസവ്യവസ്ഥയുടെ പ്രധാന കണ്ണിയാണ് ഈ ഭീമനാമകൾ. ഞണ്ട്, ജല സസ്യങ്ങൾ, മത്സ്യങ്ങൾ എന്നിവയുടെ എണ്ണം നിയന്ത്രിക്കുന്നതിലും പുഴയിൽ അടിയുന്ന ജീവികളുടെ ശവശരീരങ്ങൾ ഭക്ഷിച്ച് പുഴ വൃത്തിയാക്കുന്നതിലും ഇവ പ്രധാനിയാണ്.

ചിത്രം കടപ്പാട് : Ayushi Jain

തെക്ക് കിഴക്കൻ ഏഷ്യയുടെ ഭാഗമായ തായ്വാനിലും വിയറ്റ്നാമിലും ഇവ പൂർണമായും അപ്രത്യക്ഷമായിക്കഴിഞ്ഞു. ലാവോസിൽ വംശനാശത്തിന്റെ വക്കിൽ ആണ്. ഇക്കാരണത്താൽ IUCN റെഡ് ലിസ്റ്റിൽ വംശനാശത്തിന്റെ വക്കിലുള്ളവ (Critically Endangered) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ പാലപ്പൂവൻ ആമയെ കണ്ടുവരുന്നത്. മുൻകാല രേഖകളിൽ നിന്ന് പത്തോളം പ്രദേശങ്ങളിൽ ഈ ആമയുടെ സാന്നിധ്യം പരാമർശിക്കുന്നുണ്ടെങ്കിലും ഇപ്പോൾ കേരളത്തിന് പുറമേ  തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ എന്നി വിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.

മൃദുവായ പുറംതോടുള്ള ആമകളിൽ വലിപ്പമേറിയവയാണ് പാലപ്പൂവൻ ആമ. പൂർണ വളർച്ചയെത്തുമ്പോൾ ഏകദേശം ഒരു മീറ്ററോളം നീളവും നൂറ് കിലോഗ്രാം വരെ ഭാരവും ഉണ്ടാകാറുണ്ട്. 

പതിയിരുന്ന് തലമാത്രം പുറത്തുകാട്ടി ശരവേഗത്തിൽ ഇരയെ പിടിച്ചുഭക്ഷിക്കുന്നതാണ് ഇവയുടെ രീതി (Ambush Predator). മത്സ്യങ്ങൾ, കൊഞ്ച്, ഒച്ച്, ഞണ്ട് എന്നിവയെയാണ് കൂടുതലും ഭക്ഷണമാക്കുന്നതെങ്കിലും, പുഴകളിലെ ചത്തതും ജീർണിച്ചതുമായ വസ്തുക്കളും ആഹാരമാക്കാറുണ്ട്. കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പയസ്വിനി പുഴയിൽ നിന്നാണ് ഇവയുടെ പ്രജനനരീതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുള്ളത്. ഒരു കൂടിൽ ഇരുപത് മുതൽ നാല്പത് വരെ മുട്ടകൾ  ഉണ്ടാകും.ജനുവരി മുതൽ മാർച്ച് വരെ ആണ് മുട്ടയിടൽ കാലം. മുട്ടകൾ വിരിയാൻ രണ്ട് മുതൽ മൂന്ന് വരെ  മാസം  വേണ്ടി വരും.

ചിത്രം കടപ്പാട് : Ayushi Jain

ഈ ആമകൾ നിലനിൽപ്പിന് ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട് – അശാസ്ത്രീയമായ മീൻപിടിത്തം കാരണം വലയിലും ചൂണ്ടയിലും കുടുങ്ങുന്നത്, മാംസത്തിനായി വേട്ടയാടുന്നത്, ഡാമുകളുടെ നിർമാണം, തനതായ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം, അനധികൃത മണൽ ഖനനം എന്നിവ ചുരുക്കം എണ്ണം മാത്രം ശേഷിക്കുന്ന ഈ ആമകൾക്ക് ഭീഷണിയാണ്.

ആയുസ്സിന്റെ ഏറിയപങ്കും പുഴയുടെ ആഴത്തട്ടിൽ കഴിഞ്ഞുകൂട്ടുന്നതിനാൽ ഇവയുടെ ജീവിതരീതികളും സ്വഭാവസവിശേഷതകളും ഇനിയും മനസിലാക്കേണ്ടതുണ്ട്.
ചിത്രം കടപ്പാട് : Ayushi Jain

പ്രോജക്ടിന്റെ നാൾ വഴികൾ 

കഴിഞ്ഞ 45 വർഷമായി ഇന്ത്യയിൽ പാലപ്പൂവൻ ആമയെക്കുറിച്ച് അധികം രേഖകളില്ല. പതിനൊന്ന് വർഷം മുമ്പ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. ജാഫർ പാലോട്ട് ആണ് അവസാനമായി ഇവയെ റിപ്പോർട്ട് ചെയ്യുന്നത് പഠനത്തിന്റെ തുടക്കത്തിൽ ലഭ്യമായ നാമമാത്രമായ വിവരങ്ങൾവെച്ച് പുഴയുടെ തീരങ്ങളിൽ താമസിക്കുന്ന , മത്സ്യബന്ധനത്തിനു പുഴയെ ആശ്രയിക്കുന്ന തദ്ദേശവാസികളുടെ ഇടയിൽ സർവേ നടത്തുകയും പാലപ്പൂവൻ ആമയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

ആയുഷി ജെയിൻ

ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ ആയുഷി ജെയിൻ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഗ്രാഡ്വേഷൻ പൂർത്തിയാക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ഉരഗങ്ങളെയും ഉഭയ ജീവികളെയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖയായ ഹെർപെറ്റോളജി കോഴ്സ് പഠിക്കുകയും ലക്നൗ ആസ്ഥാനമായ ടർട്ടിൽ സർവൈലൻസിൽ നിന്നും ട്രെയിനിങ് നേടിയതിനു ശേഷമാണ് പാലപ്പൂവന്റെ പ്രോജക്റ്റിനായി കേരളത്തിൽ എത്തുന്നത്. ഐ ഐ എസ് സി ബാംഗ്ലൂരിലെ മെൻറ്റർ ആയിരുന്ന ദീപക് വീരപ്പനാണ് ഈ ആമയുടെ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങളെക്കുറിച്ചു പഠിക്കാൻ നിർദ്ദേശിക്കുന്നത്. ആയുഷി മുന്നോട്ട് വച്ച പദ്ധതി രൂപരേഖയ്ക്ക് സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ നൽകിവരുന്ന എഡ്ജ് ഫെല്ലോഷിപ്പ് ലഭിക്കുകയും ചെയ്തു. ലോകത്തിൽ തന്നെ അത്യപൂർവവും പരിണാമ പ്രാധാന്യമുള്ളതും സംരക്ഷണം ലഭിക്കാത്തതുമായ ജീവികളെ സംരക്ഷിക്കുന്നതിനായാണ് ഈ ഗ്രാന്റ് നൽകിവരുന്നത്. അത് പ്രകാരം വളരെ അപൂർവമായ പാലപ്പൂവൻ ആമയെത്തേടി അവർ കാസറഗോഡ് ചന്ദ്രഗിരിപ്പുഴയിലെത്തി. 2019 മുതൽ പാലപ്പൂവൻ ആമയുടെ സംരക്ഷണത്തിനുവേണ്ടി ആയുഷി ജെയിൻ ചന്ദ്രഗിരിപ്പുഴയിൽ പഠനം നടത്തി.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ തദ്ദേശീയരായ ആളുകളുടെ സഹായത്തോടെ പാലപ്പൂവൻ ആമയുടെ സാന്നിധ്യം പയസ്വിനിപ്പുഴയിൽ തിരിച്ചറിയുകയും ഇവയുടെ മൂന്ന് വ്യത്യസ്ത പ്രജനനകേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിൽ കണ്ടെത്തിയവയിൽ മൂന്നാമത്തേതുമായ പ്രജനന കേന്ദ്രമാണ് ഈ പഠനത്തിലൂടെ കണ്ടെത്താൻ സാധിച്ചത്. പ്രജനനകേന്ദ്രങ്ങളോട് ചേർന്നു താമസിക്കുന്ന സന്നദ്ധരായ വ്യക്തികളെ പാലപ്പൂവൻ ആമയുടെ മുട്ടകൾ സംരക്ഷിക്കാൻ വേണ്ടി സജ്ജരാക്കുവാനും ഈ പ്രോജക്റ്റിലൂടെ  സാധിച്ചു.

ചിത്രം കടപ്പാട് : Ayushi Jain

പയസ്വിനിപ്പുഴയിൽ മണൽ ഖനനം കാരണം മണൽ തിട്ടകൾ നഷ്ടപ്പെടുന്നത് പാലപ്പൂവൻ ആമയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ സാരമായി ബാധിച്ചു. അതോടൊപ്പം ഒന്നിലധികം റെഗുലേറ്റർ ഡാമുകൾ വന്നത് കാരണം ഈ ആമകളുടെ സഞ്ചാരം തടസ്സപ്പെടുകയും പ്രജനനകേന്ദ്രങ്ങളായ മണൽതീരങ്ങൾ വെള്ളത്തിനടിയിലാകാനും കാരണമായി. തന്മൂലം കൃത്യമായ പ്രജനനം നടക്കാതെ പുതു തലമുറ ഉണ്ടാകാതിരിക്കുകയും ഇവയുടെ വംശനാശത്തിനുതന്നെ കാരണമാവുകയും ചെയ്തേക്കാം. പ്രാദേശികജനതയ്ക്ക് കൃഷി, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇത്തരം ഡാം നിർമ്മാണം പ്രയോജനകരമാണെങ്കിലും അതുമൂലമുണ്ടാകുന്ന ആവാസവ്യവസ്ഥാ ശോഷണം ജൈവ വൈവിധ്യനഷ്ടം എന്നിവ നാം തിരിച്ചറിയാതെ പോകുകയാണ്.

ചിത്രം കടപ്പാട് : Ayushi Jain

മണൽ ഖനനത്തിലൂടെ 2020 ലും റെഗുലേറ്റർ ഡാം അടച്ചതിലൂടെ 2021 ലും ഉണ്ടായ വെള്ളപ്പൊക്കത്തിലൂടെ ഒട്ടേറെ മുട്ടകൾക്ക് നാശം സംഭവിച്ചു ഈയൊരു അനുഭവത്തിന്റെ വെളിച്ചത്തിൽ ഫോറസ്റ്റ് ഡിപ്പാർട്മെന്റുമായി ചേർന്ന് സ്വാഭാവിക മുട്ടയിടൽ കേന്ദ്രങ്ങൾക്ക് സംരക്ഷണമൊരുക്കിയതിന്റെ ഫലമായി ആറ് ആമകൾ മുട്ടവിരിഞ്ഞ് ഇറങ്ങുകയുണ്ടായി. ഇന്ത്യയിൽ തന്നെ ആദ്യമായി വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ മുട്ടകളെ കൃത്രിമമായി വിരിയിച്ചെടുക്കാൻ സാധിച്ചത് ഏറ്റവും പ്രധാനമായ നേട്ടമായിരുന്നു. ഈ വർഷം (2022) ഒരു മുട്ടയിടൽ കേന്ദ്രം കൂടി കണ്ടത്തിയിട്ടുണ്ട്. അതിന്റെ സംരക്ഷണം അവിടത്തെ നാട്ടുകാർ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രം കടപ്പാട് : Ayushi Jain

ഇവയെ വംശനാശത്തിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി പ്രാദേശികജനതയെ ബോധവത്ക്കരിക്കുകയും, അവരെ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുന്നു. വനംവകുപ്പുമായി സഹകരിച്ചാണ് ഇതിനായുള്ള പരിശ്രമങ്ങൾ കൈക്കൊണ്ടുവരുന്നത്. ഈ ഭീമൻ ആമയെ കണ്ടാൽ ഉടൻ വിവരം കൈമാറുന്നതിനും ആകസ്മികമായി വലയിൽ കുടുങ്ങുന്നവയെ രക്ഷിക്കാനുമായി പ്രാദേശിക സമൂഹവുമായി സഹകരിച്ച് ഒരു അലേർട്ട് നെറ്റ് വർക്കിനും രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഫലമായി പ്രദേശവാസികൾ ഒട്ടേറെപ്പേർ സംരക്ഷണ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ മുന്നോട്ടു വരുന്നു എന്നത് ആശാവഹമാണ്. ഇതുവരെയായി വലയിൽ കുടുങ്ങിയ എട്ടോളം ആമകളെ രക്ഷിക്കുവാനും, ഒട്ടേറെ ആമകളെ നേരിൽക്കണ്ടതായുള്ള തെളിവുകൾ സമാഹരിക്കാനും കഴിഞ്ഞിട്ടുണ്ട്.

ചിത്രം കടപ്പാട് : Ayushi Jain

ഈ പ്രോജക്റ്റിന്റെ തുടർച്ചയെന്നോണം കർണാടകയിലെ നേത്രാവതി, കണ്ണൂർ ജില്ലയിലെ വളപട്ടണം പുഴ എന്നിവിടങ്ങളിൽ പാലപ്പൂവൻ ആമയുടെ സാന്നിധ്യം അന്വേഷിച്ച് പഠനം തുടങ്ങിക്കഴിഞ്ഞു. വരും നാളുകളിൽ ഈ ആമകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനും പാലപ്പൂവന്റെ ജീവിതത്തെക്കുറിച്ചുള്ള ചുരുളഴിയാത്ത രഹസ്യങ്ങൾ കണ്ടെത്താനും ആയുഷി ശ്രമം തുടരും.

ജീവിവർഗ്ഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുവാൻ പ്രാദേശികസമൂഹത്തിന്റെ പിന്തുണ അനിവാര്യമാണ്. എന്നാൽ നിലനിൽപ്പിന്റെ കാര്യത്തിൽ ഭീഷണി നേരിടുന്ന പാലപ്പൂവൻ ആമയ്ക്ക് ശാസ്ത്രീയ സംരക്ഷണവും ഉചിതമായ പരിപാലനവും സർക്കാർ തലത്തിലും നൽകേണ്ടതുണ്ട്.


അനുബന്ധവായനയ്ക്ക്

  1. അയുഷി ജെയിൻ പാലപ്പൂവൻ ആമയെക്കുറിച്ച് എഴുതിയ ലേഖനം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post 2022 ആഗസ്റ്റിലെ ആകാശം
Next post നിർഭയനായ ശാസ്ത്രജ്ഞൻ – ഡോ.പുഷ്പാ ഭാർഗ്ഗവ
Close