Read Time:10 Minute
സ്റ്റാറ്റിസ്റ്റിക്സിലെ നൊബേൽ എന്നു വിളിക്കപ്പെടുന്ന ഇന്റർനാഷണൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ് ശതാബ്ദി പിന്നിട്ട ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ പ്രൊഫ.സി.ആർ.റാവുവിനെ തേടിയെത്തുമ്പോൾ ഇന്ത്യൻ ശാസ്ത്രലോകത്തിന് അഭിമാന നിമിഷം.

കളയാമ്പുടി രാധാകൃഷ്ണറാവു എന്ന സി.ആർ റാവു പഴയ മദ്രാസ് പ്രസിഡൻസിയിലെ ബെല്ലാരി (ഇന്ന് കർണാടകയിൽ) 1920ലാണ് ജനിച്ചത്. അച്ഛനും അമ്മയും 10 മക്കളുമടങ്ങുന്ന ഒരിടത്തരം കുടുംബത്തിൽ എട്ടാമനായായിരുന്നു റാവുവിന്റെ ജനനം.ആന്ധ്ര യൂണിവേഴ്സിറ്റിയിൽ നിന്നും ഗണിത ശാസ്ത്രത്തിൽ MA നേടിയതിനു ശേഷം റിസർച്ച് സ്‌കോളർഷിപ്പിന് അപേക്ഷിച്ചെങ്കിലും സമയം വൈകിയതുകൊണ്ട് അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ എഴുതാനാഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള പ്രായവും തികഞ്ഞിരുന്നില്ല.

സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനു മുമ്പുള്ള ഇടവേളയിൽ ഒരു ജോലിയിൽ പ്രവേശിക്കാനുള്ള ആഗ്രഹത്തോടെ കൽക്കത്തയിലെ ആർമി സർവേ യൂണിറ്റിലെ ഗണിതശാസ്ത്ര ഓഫീസർ തസ്തികയിലേയ്ക്ക് അപേക്ഷിച്ചുവെങ്കിലും അത്തരമൊരു പദവിയിലേയ്ക്കുള്ള പാകത ആ ഇരുപതുകാരന് തികഞ്ഞിട്ടില്ലെന്ന് അധികാരികൾക്ക് തോന്നിയതു കൊണ്ടാവണം, അപേക്ഷ നിരസിക്കപ്പെട്ടു.

പക്ഷേ,സിആറിന്റെ ജീവിതത്തിൽ ആ സംഭവം ഒരു വഴിത്തിരിവായി മാറി. സ്റ്റാറ്റിസ്റ്റിക്സ് എന്ന പഠന ശാഖയിലേയ്ക്ക് റാവു എത്തിച്ചേരുന്നതിനു പുറകിൽ അൽഭുതകരമായ യാദൃശ്ചികതയുണ്ടായിരുന്നുവെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. അഭിമുഖത്തിന് ചെന്നപ്പോൾ റാവു താമസിച്ചിരുന്നത്

സൗത്ത് ഇന്ത്യൻ ഹോട്ടലിലായിരുന്നു. അവിടെ വച്ചാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (ISI) പരിശീലനം നേടുന്ന ഒരു ചെറുപ്പക്കാരനെ റാവു പരിചയപ്പെടുന്നത്. ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ സംഭവ്യതാസിദ്ധാന്തം ഒരു വിഷയമായി പഠിച്ചിരുന്നെങ്കിലും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് അദ്ദേഹം മുമ്പ് കേട്ടിരുന്നില്ല. കേംബ്രിഡ്ജിൽ നിന്നും ഫിസിക്സിൽ ബിരുദം നേടി കൽക്കത്തയിൽ തിരിച്ചെത്തിയ പി. സി മഹാലനോബിസ് 1931ൽ സ്ഥാപിച്ചതാണ് ISI എന്ന മഹത്തായ ഗവേഷണ സ്ഥാപനം. പ്രസിഡൻസി കോളേജിലെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിലായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടക്കം.അവിടെ പഠനമാരംഭിച്ച റാവു 1943 ൽ സ്റ്റാറ്റിസ്റ്റിക്സിൽ MA നേടി. തുടർന്ന് അവിടെ റിസർച്ച് സ്കോളർ, പ്രൊഫസർ, ഗവേഷണ കേന്ദ്ര മേധാവി എന്നിങ്ങനെ വിവിധ പദവികൾ വഹിച്ച റാവു, മഹലബനോസിസിന്റെ നിര്യാണത്തിനു ശേഷം സ്ഥാപനത്തിന്റെ ഡയറക്ടർ പദവി ഏറ്റെടുത്തു.

1946 ൽ കേംബ്രിഡ്ജിലെ മ്യൂസിയം ഓഫ് ആർക്കിയോളജി & ആ ൻന്ത്രപ്പോളജിയിലെ ഒരു ഗവേഷണ പ്രോജക്ടിന്റെ ഭാഗമാവാൻ സി ആർ റാവു ക്ഷണിക്കപ്പെട്ടു. കേംബ്രിഡ്ജിലെ പഠനകാലത്ത് ആധുനിക സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവ് പ്രൊഫസർ RA ഫിഷറിനു കീഴിൽ ഗവേഷണം നടത്താനും Ph.D നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. പ്രൊഫസർ ഫിഷറിന്റെ ഒരേയൊരു ഗവേഷക വിദ്യാർത്ഥിയായിരുന്നു സി.ആർ റാവു.തുടർന്ന് ISI യിൽ തിരിച്ചെത്തി 60 വയസ്സു വരെ അദ്ദേഹം അവിടെ തുടർന്നു. അതിനു ശേഷം പ്രവർത്തന മേഖല US ലേയ്ക്ക് മാറ്റിയ പ്രൊഫസർ റാവു അടുത്ത 25 വർഷം യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ് ബർഗിൽ പ്രൊഫ സറായി പ്രവർത്തിച്ചു. ഇലിനോയ്സ് , ജോൺ ഹോപ്കിൻസ്, സ്റ്റാൻഫഡ് തുടങ്ങി നിരവധി സർവകലാശാലകളിൽ അദ്ദേഹം വിവിധ നിലകളിൽ സേവനമനുഷ്ഠിച്ചു.

ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ്, 1968 ൽ പത്മവിഭൂഷൻ, 2001ൽ പത്മഭൂഷൻ 2002 ൽ US നാഷണൽ മെഡൽ ഓഫ് സയൻസ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയ സിആർ റാവു 2023 ലെഇന്റർനാഷണൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സിന് തിരഞ്ഞെടുക്കപ്പെടുമ്പോഴും പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ എമിററ്റസ് പദവിയും യൂണിവേഴ്സിറ്റി ഓഫ് ബുഫാലോയിൽ പ്രൊഫസർ പദവിയും അലങ്കരിക്കുകയാണ്.

ആധുനിക സ്റ്റാറ്റിസ്റ്റിക്സിന് അടിത്തറ പാകിയവരിൽ സി.ആർ റാവുവിന് അവഗണിക്കാനാവാത്ത സ്ഥാനമാണുള്ളത്. മഹാലനോബിസിനോടൊപ്പം മഹലനോബിസ് സിസ്റ്റൻസ് എന്ന ആന്ത്രോപ്പോളജിക് മെഷർ വികസിപ്പിക്കുന്നതിൽ റാവു ഭാഗഭാക്കായി . 1945 ൽ കൽക്കത്ത മാത്തമാറ്റിക്കൽ സൊസൈറ്റി ജേണലിൽ പ്രസിദ്ധീകരിച്ച “Information and Accuracy Attainable in the Estimation of Statistical Parameters” എന്ന പ്രൗഡമായ ലേഖനം സ്റ്റാറ്റിസ്റ്റിക്കൽ എസ്റ്റിമേഷൻ, സ്റ്റാറ്റിസ്റ്റിക്കൽ ജ്യോമട്രൈസേഷൻ എന്നീ മേഖലകൾക്ക് അടിസ്ഥാനമിട്ടു.

സ്റ്റാറ്റിസ്റ്റിക്കൽ എസ്റ്റിമേഷനുമായി ബന്ധപ്പെട്ട് ക്രാമർ – റാവു സീമ; കൂടാതെ ഫിഷർ – റാവു മെട്രിക്, റാവു ഡിസ്റ്റൻസ്,റാവു – ബ്ലാക്ക് വെലൈസേഷൻ റാവു – സ്കോർ ടെസ്റ്റ് തുടങ്ങിയ നിരവധി നൂതനാശയങ്ങൾ അദ്ദേഹം രൂപപ്പെടുത്തി. മൾട്ടിവാരിയേറ്റ് ഡാറ്റാ വിശകലനം, സാമ്പത്തിക ആസൂത്രണം, കാലാവസ്ഥാ പ്രവചനം, മെഡിക്കൽ രോഗനിർണയം, കമ്പ്യൂട്ടേഷണൽ സയൻസ്, വിമാനങ്ങളുടെ ചലനങ്ങൾ ട്രാക്കുചെയ്യൽ, ബഹിരാകാശ പേടകങ്ങളുടെ ചലനങ്ങൾ നിരീക്ഷിക്കൽ, ബയോമെട്രിക്സ് എന്നിങ്ങനെ നിരവധി മേഖലകളിൽ സി.ആർ റാവുവിന്റെ കണ്ടെത്തലുകൾ ശാസ്ത്ര ലോകം പ്രയോജനപ്പെടുത്തുന്നു. 14 പുസ്തകങ്ങൾ,475 ലധികം ഗവേഷണ പ്രബന്ധങ്ങൾ, 6വൻ കരകളിലെ 18 രാജ്യങ്ങളിൽ നിന്നായി 33 ഓണററി ഡോക്ടറേറ്റുകൾ – റാവുവിന്റെ അക്കാദമിക വൈദഗ്ദ്ധ്യത്തിന് കൂടുതൽ തെളിവുകൾ വേണ്ട.

ശ്രീനിവാസ രാമാനുജന്റെയും പിസി മഹലബനോസിന്റെയും ഹരീഷ് ചന്ദ്രയുടെയും വഴിയിൽ നക്ഷത്രത്തിളക്കത്തോടെ സി ആർ റാവും നിൽക്കുമ്പോൾ ആ ജീവിതം എത്രയെത്ര ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രചോദനമാകാതിരിക്കുകയില്ല !


Happy
Happy
44 %
Sad
Sad
0 %
Excited
Excited
56 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പരിണാമ കോമിക്സ് 5
Next post പ്രകൃതി നിർധാരണം
Close