
പ്ലാസ്റ്റിക്കിന്റെ അപൂർണ ജ്വലനം
പ്ലാസ്റ്റിക് കത്തുമ്പോൾ അത് പൂർണമായി കത്തുന്നില്ല, അഥവാ പൂർണമായി ഓക്സീകരിക്കപ്പെടുന്നില്ല. തുറന്ന സ്ഥലത്ത് കുറച്ച് പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചാലുള്ള സ്ഥിതിയാണ്. മാലിന്യ മലകളിലെ പ്ലാസ്റ്റിക്കിനെക്കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ? അതിന്റെ ആദ്യ ഫലം കാർബൺ ഡയോക്സൈഡിനൊപ്പം കാർബൺ മോണോക്സൈഡും ഉണ്ടാകുന്നു എന്നതാണ്.
പ്ലാസ്റ്റിക്കുകളെല്ലാം പോളിമെർ വിഭാഗത്തിൽ പെടുന്നവയാണ്. അനേകം ചെറു തന്മാത്രകൾ അനുകൂല സാഹചര്യങ്ങളിൽ സംയോജിപ്പിച്ചാണ് പോളിമറിന്റെ വൻ തന്മാത്രകൾ ഉണ്ടാക്കുന്നത്. ഒരു പോളിമറിൽ ഒന്നോ രണ്ടോ തരം ചെറു തന്മാത്രകളാവും സാധാരണഗതിയിൽ സംയോജിച്ചിട്ടുള്ളത്. മുൻപറഞ്ഞ അപൂർണ ജ്വലനത്തിൽ പോളിമർ വിഘടിക്കുകയും ചെയ്യും. ഒന്നോ രണ്ടോ തരം തന്മാത്രകൾക്ക് പകരം പല തരം ചെറുതന്മാത്രകളും തന്മാത്രാ ശകലങ്ങളുമുണ്ടാകും. തന്മാത്രാ ശകലങ്ങൾ വലിയ പ്രതി പ്രവർത്തന ശേഷിയുള്ളവയാണ്. ചില ചെറുതന്മാത്രകളും അങ്ങനെയാവും. ഇവയൊക്കെ പ്രതി പ്രവർത്തിച്ച് അല്പം കൂടെ വലിപ്പമുള്ള പുതുതന്മാത്രകൾ ഉണ്ടാക്കുന്നു. വളരെ ചെറിയ അളവിലാകും ഓരോന്നും ഉണ്ടാവുന്നത്.
ഇനി പല തരം പ്ലാസ്റ്റിക്കുകൾ ഒരുമിച്ച് കത്തുമ്പോൾ ഉണ്ടാകുന്ന മേൽപ്പറഞ്ഞ പുതുതന്മാത്രകളുടെ വൈവിധ്യം വർദ്ധിക്കുന്നു. അതായത് പലതരം രാസപദാർത്ഥങ്ങൾ. പലതും അപകടകരമായതും. പ്ലാസ്റ്റിക്കിൽ നിറത്തിനും പല രൂപത്തിൽ മാറ്റാൻ വഴക്കം കിട്ടാനും ചേർക്കുന്ന പദാർത്ഥങ്ങളുണ്ട്. ഇതോടാപ്പമാണ് ജൈവ മാലിന്യാവശിഷ്ടങ്ങളും മറ്റ് വസ്തുക്കളുമുള്ളത്. ഇവ കൂടി ഇങ്ങനെ നീറിപ്പുകഞ്ഞ് കത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുന്നു. അതായത് പ്ലാസ്റ്റിക്കും മാലിന്യങ്ങളും കത്തുന്ന ജ്വാലയും നീറിപ്പുകയുന്ന ഇടങ്ങളും മിനി കോക്ടെയിൽ രാസ ഫാക്ടറികളാണ്.
ഇവ കൂടാതെയാണ് പാർട്ടിക്കുലേറ്റ് മാറ്റർ എന്ന് വിളിക്കുന്ന ചാരവും പൊടിപടലങ്ങളും. മാലിന്യക്കൂമ്പാരത്തിൽ ഏതെങ്കിലുമൊക്കെ ലോഹ പദാർത്ഥങ്ങളുണ്ടെങ്കിൽ അവയും പല രൂപത്തിൽ സൂക്ഷ്മ പൊടിപടലത്തിലുണ്ടാവും. ബാറ്ററിയും ഇലക്ടിക്കൽ ഇലക്ട്രോണിക് അവശിഷ്ടങ്ങളും കൂട്ടത്തിലുണ്ടെങ്കിൽ മതിയാകും.
വ്യത്യസ്തതരം പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഉല്പന്നവതകങ്ങളും വ്യത്യസ്തമാകുമെന്ന് മനസ്സിലാക്കാവുന്ന കാര്യമാണ്. എല്ലാത്തിലും പൊതുവായി ഉള്ളവ പലതുമുണ്ട്. ഇവയൊക്കെ കൂട്ടിയിട്ട കത്തിക്കുമ്പോൾ ഒറ്റക്ക് ഒറ്റക്ക് കത്തിക്കുന്നതിൽ നിന്ന് വ്യത്യസ്തമായവയും ഉണ്ടാകും. ഓരോന്നും എടുത്ത് പ്രത്യേകമായി പറയുന്നില്ല. പ്രധാനപ്പെട്ട ചിലവ സൂചിപ്പിക്കാം.

അപകടകാരികൾ
ഏറ്റവും പ്രശ്നകാരികളായവ ആദ്യം തന്നെ പറയാം. ഡയോക്സിനുകൾ ഫ്യൂറാനുകൾ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ, ബൈഫിനൈലുകൾ, പോളിക്ലോറിനേറ്റഡ് ബൈഫിനൈലുകൾ, താലേറ്റുകൾ തുടങ്ങിയവയൊക്കെയെ അല്പം സങ്കീർണ ഘടനയുള്ള തന്മാത്രകളാണ്. മുൻപറഞ്ഞ ഓരോ തരവും പൊതു ഘടനസവിശേഷതയുള്ള ഒരുപറ്റം തന്മാത്രകൾ ഉൾക്കൊള്ളുന്നവയാണ്.
വിഘടനത്തിലുണ്ടാകുന്ന ചെറുതന്മാത്രകൾ വളരെയധികമാണ്. കാർബൺ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, മീഥേൻ, എത്തിലിൻ, അസെറ്റൈലീൻ, ഫോർമാലിൻ, മെഥനോൾ, എത്തനോൾ, അസെറ്റോൺ, അക്രോലിൻ , ടോളുവിൻ, ഫിനോൾ, ഹൈഡ്രജൻ ക്ലോറൈഡ് അങ്ങനെ പോകുന്നു ക്ലോറിൻ അടങ്ങിയ സംയുക്തങ്ങൾ ഉണ്ടാകുന്നത് പി വി സി കത്തിക്കുമ്പോഴാണെന്ന് പറയേണ്ടതില്ലല്ലോ. താരതമ്യേന ലളിതഘടനയുള്ള പോളിത്തീൻ ബാഗുകൾ കത്തിക്കുമ്പോൾ 1,3,5-triphenylbenzene (135TPB) എന്ന സങ്കീർണ്ണ തന്മാത്രയുണ്ടാകാമെന്ന് തെളിവുകളുണ്ട്.
ആരോഗ്യ പ്രശ്നങ്ങൾ
ഡയോക്സിനുകൾ വെള്ളത്തിലും അത് വഴി സസ്യങ്ങളിലും അവയിലൂടെ മനുഷ്യരിലേക്കും എത്താവുന്ന പെർസിസ്റ്റന്റ് ഓർഗാനിക് മാലിന്യമാണ് (POP). ഇവ ചിലതരം ക്യാന്സറുകൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നവയാണ്. കൂടാതെ തൈറോയിഡ്, ശ്വാസകോശപ്രശ്നങ്ങൾക്കും കരണമാവുന്നവയുമാണ്. ടോക്സിക് ആവുന്ന ഗാഡത കുറവുള്ളവയാണ് ഇവ.
തലേറ്റുകൾ, വസ്തുക്കൾ ഉണ്ടാക്കുമ്പോൾ പ്ലാസ്റ്റിക് വഴങ്ങിക്കിട്ടാൻ മോൾഡിങ് അല്ലെങ്കിൽ മറ്റ് നിർമാണരീതികൾ ഉപയോഗിക്കുമ്പോൾ ചേർക്കുന്നവയാണ്. അവ പ്രശ്നകാരികളാണ്. ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവയാണ്. പ്രത്യുല്പാദനവ്യവസ്ഥയെ ബാധിക്കാം, ശിശുക്കളിൽ ആസ്തമാ പോലെയുള്ള പ്രശ്നങ്ങളുണ്ടാക്കും. മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവാം.
പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (നഫ്താലിൻ ആന്ത്രസീൻ തുടങ്ങി പലതും) PAH എന്നറിയപ്പെടും. ഇവയൊക്ക കാർസിനോജനുകൾ അഥവാ ക്യാൻസർകാരികളാണ്. ചെറുതന്മാത്രകളിൽ ഫോർമാലിൻ, ഹൈഡ്രജൻ ക്ലോറൈഡ്, അക്രോലിൻ തുടങ്ങിയവയൊക്കെ കണ്ണിലും മൂക്കിലുമൊക്കെ പുകച്ചിലും ശരീരത്തിൽ ചൊറിച്ചിലും ശ്വസപ്രശ്നങ്ങളുമുണ്ടാക്കുന്നവയാണ്. ഓരോന്നുമെടുത്ത് പറയാൻ അനവധിയാണ്.
നീണ്ടുനിൽക്കുന്ന പുക
പക്ഷെ ഇതിന്റെയർഥം നാളെ എല്ലാവർക്കും രോഗങ്ങളുണ്ടാവാൻ പോകുന്നു എന്നല്ല. നീണ്ടു നിൽക്കുന്ന എക്സ്പോഷർ ആണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. പക്ഷേ പുകയേറ്റവർക്കൊക്കെ രോഗങ്ങളുണ്ടാവാനുള്ള റിസ്ക് വർദ്ധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. അപ്പോൾ അത് മോണിറ്റർ ചെയ്യണ്ട ഒരു കാര്യമാണ്. പുക ഇനിയും അടങ്ങാത്തതു കൊണ്ട് ശിശുക്കൾ, വയോധികർ, മറ്റ് പ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയവർ പുകകേന്ദ്രത്തോട് വളരെ അടുത്താണെങ്കിൽ പറ്റുമെങ്കിൽ ദിവസങ്ങൾ മാറുന്നത് നന്നാവും.ഇതൊരഭിപ്രായം മാത്രം. ഔദ്യോഗിക നിർദ്ദേശങ്ങൾ ദയവായി പാലിക്കുക.
ആദ്യ ദിവസങ്ങളിൽ അഗ്നിശമനസേനാംഗംങ്ങൾ മാസ്ക് പോലുമില്ലാതെ തീയണക്കുന്നതിൽ മുഴുകിയിരിക്കുന്നത് കണ്ടു. ഇപ്പോൾ എന്തായാലും മാസ്ക് ഉള്ളതായിക്കാണുന്നുണ്ട്. അവരോടൊപ്പം നിൽക്കുക നമ്മുടെ കർത്തവ്യം. സമീപപ്രദേശത്തുള്ളവർ മാസ്ക് ധരിക്കുന്നത് ഉചിതമാണ്. ഇൻഡസ്ട്രിയൽ മാസ്ക് ആണ് വേണ്ടത്. ഇല്ലെങ്കിൽ മറ്റുള്ളതുമാകാം

ബ്രഹ്മപുരത്തെ ലെഗസി വേസ്റ്റ്
തീ കെടുത്തുന്നത് എന്ത് കൊണ്ട് ദുഷ്കരമാവുന്നു. മനപ്പൂർവം കത്തിക്കുന്നതാണ് എന്നാണ് ഒരു പ്രചരണം. അതവിടെ നിൽക്കട്ടെ. വിവിധ തരത്തിലുള്ള ജൈവമാലിന്യങ്ങളും അഴുകാത്ത പ്ലാസ്റ്റിക് ഉൾപ്പടെയുള്ളവയും ഒരുമിച്ചാണ് കൂട്ടിയിട്ടിരിക്കുന്നത്. മണ്ണിലോ കുഴിയിലോ വീണ ജൈവ മാലിന്യങ്ങൾ ദ്രവിക്കുന്ന പോലെയല്ല അജൈവ മാലിന്യങ്ങളുമായി കൂട്ടിക്കലർത്തിയ ജൈവമാലിന്യങ്ങൾ അഴുകുന്നത്. ബാക്റ്റീരിയകൾ പ്രവർത്തിച്ച് പൂർണമായി ദ്രവിക്കാതെ അഴുകി ദുർഗന്ധം വമിപ്പിച്ച് കാലങ്ങളോളം കിടക്കുന്നു. സൂക്ഷ്മജീവികൾ മാത്രമല്ല പ്രാണികളും കീടങ്ങളും ചില പക്ഷികളും എലികൾ പോലെയുള്ള ജന്തുക്കളും ആകർഷിക്കപ്പെടുന്നു. ഇങ്ങനെ കാലങ്ങളായി കൂട്ടിത്തിയിട്ടിരിക്കുന്ന മിശ്രിത മാലിന്യങ്ങളെ ലെഗസി വേസ്റ്റ് എന്നാണ് പറയുന്നത്. കഴിഞ്ഞ പത്തോ ഇരുപതോ വർഷത്തെ ലെഗസി വേസ്റ്റ് ആണ് ബ്രഹ്മപുരത്ത് മാലിന്യമലകൾ സൃഷ്ടിച്ചിരിക്കുന്നത്.
അതിന് മുന്പുള്ളവ മണ്ണിട്ട് വെറുതെ മൂടി ജൈവമാലിന്യങ്ങൾ അഴുകുമ്പോൾ ഇവിടങ്ങളിൽ അനെയ്‌റോബിക് ബാക്റ്റീരിയാവും പ്രവർത്തിക്കുക. അത് മീഥേൻ വാതകം ഉണ്ടാകാൻ കാരണമാവുന്നു. ഇത് ഉണ്ടാകുമെന്നത് പൊതുവെ അറിയാവുന്ന കാര്യമാണ്. മീഥേന് ചതുപ്പ് വാതകം എന്ന പേരുമുണ്ടല്ലോ. മീഥേൻ വളരെ വേഗം തീ പിടിക്കുന്ന ഒരു വാതകമാണ്. നമ്മുടെ സി എൻ ജിയിൽ പ്രധാനമായി ഉള്ളത് മീഥേൻ ആണ്. പക്ഷേ മീഥേനിൽ തീരുന്നില്ല ഇവിടെ ഉണ്ടാകുന്ന വാതകങ്ങൾ. മാംസ്യാവശിഷ്ടങ്ങളിൽ നിന്ന് ഹൈഡ്രജൻ സൾഫൈഡ്, അമീനുകൾ (പ്രോട്ടീൻ വിഘടനം മൂലം ഉണ്ടാകുന്നവ. ദുർഗന്ധവാഹിയാണ് ) മെഥനോൾ, ഫോർമലിൻ തുടങ്ങി പല ബാഷ്പങ്ങളും വാതകങ്ങളും ഉണ്ടാകുന്നു.
ലെഗസി വേസ്റ്റ് സംസ്കരിക്കുക എന്ന് പറയുന്നത് ഒട്ടും എളുപ്പമായ കാര്യമല്ല. ലോകത്തെവിടെയുമുള്ള അനുഭവമതാണ്. ബയോ മൈനിംഗ് എന്ന രീതിയാണ് പൊതുവെ അവലംബിക്കാറുള്ളത്. ഇതാണ് ബ്രഹ്മമപുരത്ത് ഇപ്പോൾ നടത്തി വന്നിരുന്നതും. പാതി അഴുകിയ ജൈവമാലിന്യങ്ങൾ സൂക്ഷ്മജീവികൾ അടങ്ങിയ ദ്രവം സ്പ്രേ ചെയ്ത് പൂർണമായും ദ്രവിപ്പിച്ച് മാറ്റുക എന്നതാണ് അത്. കൂടാതെ സൂര്യപ്രകാശത്തെയും വായുവിനെയും ആശ്രയിക്കയും വേണം. ഉള്ളിലേക്ക് സ്പ്രേ എത്താൻ മാലിന്യം ഇറക്കി ഇളക്കി മറിച്ച് കൊടുക്കണം. മാലിന്യത്തിന്റെ അളവും കൂമ്പാരത്തിന്റെ ഉയരവും അനുസരിച്ച് കാലദൈർഘ്യം വേണ്ടി വരുന്ന പ്രക്രീയയാണ്. ഉണ്ടാകുന്നത് മുൻപറഞ്ഞ വാതകങ്ങൾ ഒക്കെയാണ്. പ്രധാനമായി മീഥേൻ. തൽഫലമായി മാലിന്യകൂമ്പാരത്തിന്റെ ഇടയിലെല്ലാം ഈ വാതകങ്ങൾ ഉണ്ടാകും. തന്നെയുമല്ല ഈ പ്രക്രീയ എക്സോതെർമിക് അഥവാ താപം പുറത്തേക്ക് വിടുന്ന പ്രക്രീയയാണ്.
മാലിന്യക്കൂമ്പാരത്തിന് എങ്ങനെ തീ പിടിക്കുന്നു ?
ഇനി ജൈവമാലിന്യങ്ങൾ ഇല്ലെങ്കിൽ തന്നെ പ്ലാസ്റ്റിക് ദീർഘകാലം സൂര്യപ്രകാശവും കാറ്റുമേറ്റ് കിടന്നാലും ചൂടി പിടിച്ചാലും ചെറുതായി വിഘടിച്ച് വാതകങ്ങൾ പുറത്തു വരും. പോളിത്തീൻ ബാഗുകളിൽ നിന്ന് മീഥേനും എത്തിലീനും ഇപ്രകാരം ഉണ്ടാവും. മാലിന്യകൂമ്പാരത്തിന്റെ ഇടയിലൊക്കെ ഇങ്ങനെ കത്താൻ പാകത്തിൽ വാതകങ്ങളുണ്ട്. വേനലിൽ സാഹചര്യവുമൊരുങ്ങുന്നു. വാതകങ്ങളുടെ എവിടെങ്കിലും ഒരു നിർണായകമായ ഗാഢതയിലെത്തുകയും ഒരു സ്പാർക് കിട്ടുകയും ചെയ്താൽ തീ പിടിത്തമുണ്ടാകാം.അലക്ഷ്യമായ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി മുതൽ എന്തുമാവാം കാരണം. ചിലപ്പോൾ അങ്ങനെ പുറത്തു നിന്നുള്ള സ്പാർക്കിൻറെ അഭാവത്തിലും സംഭവിക്കാം. ബയോ മൈനിംഗിന്റെയും കടുത്ത വെയിലിൻറെയും ചൂട് മതിയാവും കത്തി തുടങ്ങാൻ. ചിലപ്പോൾ കാരണം മാംസ്യാവശിഷ്ടങ്ങളിലിൽ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ ഉള്ള ഫോസ് ഫറസ് അവശിഷ്ടം സ്പാർക്കിന് കാരണമാവാം. വാതകത്തിൽ നിന്ന് തീ പ്ലാസ്ടിക്കിലേക്ക് എത്തുന്നു അത് നീറിപ്പിടിക്കാൻ തുടങ്ങുന്നു. കൂമ്പാരത്തിന്റെ ഉള്ളിലേക്ക് തീ ചെറുതായി പടരുന്നു. കാരണം അവിടെയൊക്കെ വാതകങ്ങൾ ഉണ്ടല്ലോ. വായു സഞ്ചാരം കുറവായത് കൊണ്ട് പൂർണമായി കത്തുന്നില്ല. ഉള്ളിൽ പ്ലാസ്റ്റിക് നീറിപ്പുകയുന്നു. ഇത് കൂടുതൽ വാതകങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. അപ്പോൾ എവിടെയെങ്കിലും വീണ്ടും തീ ആളുന്നു. വെള്ളമോ ഫയർ റിട്ടാർഡന്റുകളോ തളിക്കുമ്പോൾ പുറമേക്ക് മാത്രം തീ കെടുന്നു. ഉള്ളിൽ പുകഞ്ഞു കൊണ്ടിരിക്കുന്നു. മാലിന്യമലകൾ ഇളക്കിയിട്ട് വെള്ളം തളിക്കുക മാത്രം ശരണം. വേറൊരിടത്തേക്ക് മാറ്റി വെള്ളത്തിൽ മുക്കുക ഒക്കെ നമുക്ക് ദുഷ്കരമാണ്. അത് കൊണ്ട് ഇപ്പോൾ ചെയ്യുന്നതേ തുടർന്നും തീ കെടുത്തുന്ന കാര്യത്തിൽ ചെയ്യാനാവൂ.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഏഴ് തവണ ബ്രഹ്മപുരത്ത് തന്നെ തീപിടിത്തമുണ്ടായിട്ടുണ്ട്. ഭാഗ്യത്തിന് അതൊന്നും അത്രയധികം പടർന്നില്ല. ബാംഗ്ലൂരിലും മുംബൈയിലും ഡൽഹിയിലും ലോകത്തിൻറെ പലയിടങ്ങളിലും ഇത് പലതവണ ഉണ്ടായിട്ടുണ്ട്. അതൊന്നും ഇപ്പോളുണ്ടായതിന് ന്യായീകരണമാവുന്നില്ല.
മാലിന്യം ഉത്‌പാദിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതി മാറാതെ തരമില്ല. ഉദ്യോഗസ്ഥരോ സർക്കാരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോ ചെയ്യട്ടെ എന്ന് കരുതിയാൽ തീരുകയുമില്ല. അവരുടെ ഉത്തരവാദിത്വം കുറച്ച് കാണുകയല്ല. എന്നാൽ ജനത എന്ന നിലയിൽ ശുചിത്വബോധത്തിലേക്കും പൗര ബോധത്തിലേക്കും ഉണരുക കൂടി വേണം.

