മുത്തുപ്പിള്ള Brown – breasted Flycatcher ശാസ്ത്രീയ നാമം : muscicapa muttui

പാറ്റാപിടിയൻ കുടുംബത്തിൽപ്പെട്ട മറ്റൊരു ചെറുപക്ഷിയാണ് മുത്തുപ്പിള്ള. ഒരു കുരുവിയോളം വലിപ്പമുള്ള ഇവർ ദേശാടകർ ആണ്. ഈ പക്ഷിയുടെ തല, പിൻകഴുത്ത്, പുറംഭാഗം എന്നിവയെല്ലാം കടുത്ത തവിട്ട് നിറമാണ്. തൊണ്ട നല്ല വെള്ള നിറമാണ്. കണ്ണിനു ചുറ്റും നല്ല വെള്ള നിറത്തിൽ ഒരു വളയം ഉണ്ട്. മാറിടത്തിനു കുറുകെ ഇളം തവിട്ടു നിറത്തിൽ മാല പോലെ ഒരു പട്ടയുണ്ട്. വയറും അടിഭാഗവും വെളുത്ത നിറത്തിലും കൊക്കിന്റെ കീഴ് പകുതിയും കാലുകളും മഞ്ഞ നിറത്തിലും ആണ്. ചുവപ്പു കലർന്ന തവിട്ടു നിറം അരപ്പട്ടയിലും വാലിലും ചിറകുകളുടെ അറ്റങ്ങളിലും കാണപ്പെടുന്നു. ആൺ പെൺ പക്ഷികൾ രൂപത്തിൽ ഒരേപോലെ ആണ്.
ശൈത്യകാലം ആകുന്നതോടെ ഇവർ ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിലേക്ക് ദേശാടനം ചെയ്യുന്നു. ഒക്ടോബർ മുതൽ ഏപ്രിൽ വരെ മുത്തുപ്പിള്ളയെ കേരളത്തിലെ നിത്യഹരിത വനമേഖലകൾ, ഇടതൂർന്ന കുറ്റിക്കാടുകൾ, കാട്ടോരങ്ങൾക്കു അരികുകളിൽ ഉള്ള പൊന്തകൾ എന്നിവിടങ്ങളിൽ കാണുവാൻ സാധിക്കും.
ചെറുഷഡ്പദങ്ങള്‍ ആണ് ഇവയുടെ ആഹാരം. മരക്കൊമ്പുകളിൽ നിശ്ചലനായി ഇരിക്കുകയും ഇരയെ കാണുന്ന മാത്രയിൽ പെട്ടെന്നു പറന്നു ചെന്നു പിടിക്കുകയും തിരികെ പൂർവസ്ഥാനത്തു തന്നെ വന്നിരിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആണ് മുത്തുപ്പിള്ള പ്രജനനം നടത്തുന്നത്‌. ഏപ്രിൽ മുതൽ ജൂൺ വരെ ആണ് പ്രജനന കാലഘട്ടം.

ശബ്ദം കേൾക്കാം


ചിത്രം, വിവരങ്ങൾ : സന്തോഷ്‌ ജി കൃഷ്ണ

Leave a Reply

Previous post ലളിതക്കാക്ക
Next post തവിട്ടു പാറ്റാപിടിയൻ
Close