പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര. ഏതു പകർച്ചവ്യാധികൊണ്ടും മരിക്കുന്നതിനെക്കാൾ കൂടുതൽ മനുഷ്യർ ഇപ്പോൾ ഓരോ വർഷവും റോഡപകടങ്ങളിൽ മരിക്കുന്നുണ്ട്. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കപ്പെടുമ്പോൾ, അത് ടെസ്റ്റ് ചെയ്യാൻവേണ്ടി ഉപയോഗിക്കുന്ന ബ്രെത്ത് അനലൈസർ (Breath Analyser) ന്റെ പിന്നിലെ രസതന്ത്രം വായിക്കൂ…
ഇന്ത്യയിൽ എല്ലാ വർഷവും ജനുവരി 11-ാംതീയതി മുതൽ 17-ാംതീയതി കൂടി ഒരാഴ്ച ‘റോഡ് സുരക്ഷാവാരം‘ ആയി ആഘോഷിക്കപ്പെടുന്നു. ഗതാഗത സുരക്ഷിതത്വം സംബന്ധിച്ച ബോധവത്കരണ പരിപാടി പതിവിൻപടിയാണെങ്കിലും ഏറെക്കുറെ വിപുലമായ തോതിൽ തന്നെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അതിന്റെ ഗുണം വളരെ ചെറിയ തോതിലെങ്കിലും ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്.
ഏതു പകർച്ചവ്യാധികൊണ്ടും മരിക്കുന്നതിനെക്കാൾ കൂടുതൽ മനുഷ്യർ ഇപ്പോൾ ഓരോ ആണ്ടിലും റോഡപകടങ്ങളിൽ മരിക്കുന്നുണ്ട്. മരിക്കുന്നതിനേക്കാൾ കൂടുതൽ ജനങ്ങൾക്ക് ഇവയിൽ ശാശ്വതമായ അംഗഭംഗം സംഭവിച്ച് പിന്നീടുള്ള ജീവിതം, ഇരുണ്ടതായിത്തീരുന്നു. ആണ്ടിൽ ഒരാഴ്ച ബന്ധപ്പെട്ട സുരക്ഷാജീവനക്കാർക്ക് ചിന്തിക്കാനുള്ള ഒരു വിഷയം മാത്രമല്ല ‘റോഡ് സുരക്ഷിതത്വം.’ ഭരണകൂടത്തിന്റെയും പൗരസമൂഹത്തിന്റെയും ശ്രദ്ധയിൽ എപ്പോഴും ഉണ്ടായിരിക്കേണ്ട ഗൗരവമുള്ള ഒരു പ്രശ്‌നമാണിത്.
റോഡപകടങ്ങൾക്ക് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. അവയിലൊന്നുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് ഇവിടെ പ്രതിപാദിക്കുന്നത്. മദ്യപിച്ച് വാഹനങ്ങൾ ഓടിക്കുകവഴി താരതമ്യേന മെച്ചപ്പെട്ട റോഡ് നിയമങ്ങളും സുരക്ഷിതത്വ സംവിധാനവുമുള്ള അമേരിക്കയിൽ പ്രതിവർഷം ഏതാണ്ട് 25,000 ജനങ്ങൾ മരണപ്പെടുകയും, 5,00,000 പേർ ഗുരുതരമായ പരിക്കുകൾക്ക് വിധേയരാവുകയും ചെയ്യുന്നു. അവിടുത്തെ റോഡുകളുടെയും വാഹനങ്ങളുടെയും ഗുണനിലവാരം വളരെ മെച്ചപ്പെട്ടതാണെന്ന് നമുക്കറിയാം. ഇന്ത്യയിൽ 2017-ൽ 14,071 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവയിൽ മദ്യപിച്ച് വണ്ടിയോടിച്ചതുവഴി ഉണ്ടായ മരണങ്ങളുടെ എണ്ണം 4776 ആയിരുന്നു. അതായത് പ്രതിദിനം 13 പേർ.
ലഹരിയിൽ വാഹനം ഓടിക്കുമ്പോൾ സംഭവിക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ പോലീസ് അധികാരികൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. മദ്യപിച്ച് വണ്ടിയോടിക്കുന്നത് പിടിക്കപ്പെട്ടാൽ, ഡ്രൈവർമാരിൽനിന്ന് സാമാന്യം നല്ല തുക പിഴയായി ഈടാക്കുന്നുണ്ട്. അപകടങ്ങൾക്ക് ഉത്തരവാദികളായവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നുമുണ്ട്. എന്നിട്ടും അധികാരികൾ പ്രതീക്ഷിക്കുന്ന രീതിയിൽ അപകടങ്ങൾ കുറയുന്നില്ല.
ബ്രെത്ത് അനലൈസർ
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കപ്പെടുമ്പോൾ, അത് ടെസ്റ്റ് ചെയ്യാൻവേണ്ടി ഉപയോഗിക്കുന്ന ഉപായ (device)ത്തിന് ബ്രെത്ത് അനലൈസർ (Breath Analyser) എന്നു പറയുന്നു. ഈ ഉപായത്തിന്റെ രാസികാടിസ്ഥാനം ഒരു റെഡ്-ഓക്‌സ് അഭിക്രിയ (Red-ox reaction) ആണ്. ഈ ഉപകരണത്തിലേക്ക് ഡ്രൈവറോട് ശക്തമായി ഊതാൻ പോലീസ് ആവശ്യപ്പെടുന്നു. ഡ്രൈവറുടെ നിശ്വാസവായുവിന്റെ ഒരു അംശം ബ്രെത്ത് അനലൈസറിലുള്ള അമ്ലീകരിച്ച (acidified) പൊട്ടാസ്യം ഡൈക്രോമേറ്റ് ലായനിയുമായി പ്രതിപ്രവർത്തിക്കുന്നു. പൊട്ടാസ്യം ഡൈക്രോമേറ്റ് ഒരു ഓക്‌സീകാരിയാണ്. അത് ആൽക്കഹോളിനെ ഓക്‌സീകരിച്ച് (എഥനോൾ) അസറ്റിക് അമ്ലമാക്കി മാറ്റുന്നു. താഴെ കാണുന്ന രാസസമവാക്യത്തിലൂടെ ഈ റെഡ്-ഓക്‌സ് അഭിക്രിയ സൂചിപ്പിക്കാം.
2C2 H5OH + 2K2Cr2O7 → H2 SO4 → CH3COOH + 2Cr2(SO4)3 + 2K2SO4 + 11H2O
- C2H5OH = എഥനോൾ
- K2 Cr2 O7 = പൊട്ടാസ്യം ഡൈക്രോമേറ്റ്
- H2 SO4 = സൾഫ്യൂറിക് അമ്ലം
- CH3COOH = അസറ്റിക് അമ്ലം
- Cr2(SO4)3 = ക്രോമിയം (III) സൾഫേറ്റ്
- H2SO4 = പൊട്ടാസ്യം സൾഫേറ്റ്
- H2O = ജലം
ഈ പ്രതിപ്രവർത്തനത്തിൽ എഥനോൾ ഓക്‌സീകരിക്കപ്പെട്ട് അസറ്റിക് അമ്ലമായും, ഓറഞ്ച് നിറത്തിലുള്ള റെഡ് ക്രൊമേറ്റ് അയോണിലെ (Cr2O72-) ക്രോമിയം (VI) നിരോക്‌സീകരിക്കപ്പെട്ട്, പച്ച നിറത്തിലുള്ള ക്രോമിയം (III) അയോൺ (Cr3+) ആയും മാറുന്നു. ഡ്രൈവറുടെ രക്തത്തിലെ ആൽക്കഹോളിന്റെ തോത്, ഈ നിറമാറ്റത്തിന്റെ (ഓറഞ്ച്-പച്ച) തീവ്രത അളന്ന് നിർണയിക്കാവുന്നതാണ് (ഉപകരണത്തിലെ കാലിബ്രേറ്റഡ് മീറ്ററിൽനിന്ന് ഇത് വായിച്ചെടുക്കാം.
ഇന്ന് അന്താരാഷ്ട്രതലത്തിൽ ചട്ടപ്രകാരം രക്തത്തിലെ ആൽക്കഹോളിന്റെ പരിധി ദ്രവ്യമാനാടിസ്ഥാനത്തിൽ 0.1 ശതമാനം ആണ്. ഇതിനപ്പുറം, മദ്യത്തിന്റെ അളവ് കണ്ടാൽ ഡ്രൈവർ, ഉന്മത്തനാണെന്ന് വിധിക്കപ്പെടുകയും, ശിക്ഷക്ക് വിധേയമാകുകയും ചെയ്യും.