ബോര്‍ണിയോ ദ്വീപുകള്‍ – ജീവന്റെ ഉറവിടങ്ങള്‍ എരിഞ്ഞുതീരുമ്പോള്‍

[author title=”വിനയരാജ് വി ആര്‍” image=”http://luca.co.in/wp-content/uploads/2017/07/vinayaraj.jpg”]പരിസ്ഥിതിപ്രവര്‍ത്തകന്‍.[/author]

മനുഷ്യരുടെ വിവേചനമില്ലാത്ത ഇടപെടലുകളിലൂട‌െ  സംഭവിക്കുന്ന അത്യന്തം പരിസ്ഥിതിപ്രാധാന്യമുള്ള ബോര്‍ണിയോ ദ്വീപുകളിലെ മഴക്കാടുകളുടെ നാശവും ഒറാങ്ങ്ഉട്ടാന്മാരുടെ അന്ത്യവും …. വായിക്കുക.


[dropcap]ബോ[/dropcap]ര്‍ണിയോ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപാണ്‌. ഏഷ്യയിലെ ഏറ്റവും വലിയ ഈ ദ്വീപിന്റെ 73 ശതമാനം ഇന്തോനേഷ്യയുടെയും 26 ശതമാനം മലേഷ്യയുടെയും ബാക്കി ഒരു ശതമാനം ലോകത്തെ ഏറ്റവും ചെറുരാഷ്ട്രങ്ങളില്‍ ഒന്നായ ബ്രൂണോയുടെയും ഭാഗമാണ്‌. ഭൂമിയില്‍ ആമസോണിന്റെ നേരെ എതിര്‍വശത്തായാണ്‌ ഇതിന്റെ സ്ഥാനം. ആമസോണ്‍ പോലെതന്നെ വനം നിറഞ്ഞ ഇവിടം ലോകത്തെ ഏറ്റവും പഴയ മഴക്കാടുകളാണ്‌ അല്ലെങ്കില്‍ ആയിരുന്നു. 14 കോടി വര്‍ഷം പ്രായമുള്ള ഈ കാടുകള്‍ പരിണാമത്തിന്റെ പ്രമുഖസ്ഥാനത്താണ്‌ ഉള്ളത്‌. 49000 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു.

borneo island
ബോര്‍ണിയോ ദ്വീപുകള്‍ കടപ്പാട് : Flickr
[box type=”info” align=”” class=”” width=””]ഭൂമിശാസ്ത്രപരമായും ജീവശാസ്ത്രപരമായും അദ്ഭുതങ്ങളുടെ കലവറകളാണ്‌ ഇവിടം. നിറയെ വലിയ പുഴകള്‍, കാലങ്ങള്‍കൊണ്ട്‌ രൂപപ്പെട്ട ലോകത്തിലെതന്നെ ഏറ്റവും നീളമുള്ള ഭൂഗര്‍ഭഗുഹകള്‍, അതില്‍ വസിക്കുന്ന 30 സ്പീഷിസുകളിലായി 30 ലക്ഷത്തോളം വവ്വാലുകള്‍, കാലങ്ങളായി അടിഞ്ഞ അവയുടെ കാഷ്ടങ്ങൾ നിറഞ്ഞ് ഉണ്ടായ നൂറുമീറ്ററോളം കനമുള്ള കാഷ്ട-മല, ലക്ഷക്കണക്കിന്‌ പാറ്റകള്‍ കാണപ്പെടുന്ന പാറ്റഗുഹകള്‍, ഇങ്ങനെ ആയിരക്കണക്കിനുവര്‍ഷങ്ങളിലെ പരിണാമത്തിനു സാക്ഷ്യം വഹിച്ച ഇടങ്ങളാണ്‌ ഈ ദ്വീപില്‍ നിറയെ. [/box]

ഏറ്റവും വലിയ പൂവായ റഫ്ലീസിയ ഉള്‍പ്പെടെ 15000 തരം സസ്യങ്ങള്‍, അതില്‍ 3000 ഇനം മരങ്ങള്‍, അവയില്‍ത്തന്നെ 267 തരം ഡിപ്റ്റോകാര്‍പസ്‌ ജനുസിലുള്ളവ, 1400 ഉഭയജീവികള്‍, 639 ഇനം ഉറുമ്പുകള്‍, 394 ഇനം ശുദ്ധജലമല്‍സ്യങ്ങള്‍ (ഇവയില്‍ 149 ഇനങ്ങള്‍ തദ്ദേശീയമാണ്‌), 600 തരം പക്ഷികള്‍, മല്‍സ്യങ്ങള്‍, ഉരഗങ്ങള്‍, പ്രാണികള്‍ എന്നിങ്ങനെ ജീവലോകത്തെവൈവിധ്യത്തിന്റെ സാന്ദ്രതയേറിയ ഇടമാണ്‌ ഈ ദ്വീപ്‌. ഇവിടത്തെ ജീവലോകത്തിന്റെ മുഴുവന്‍ കണക്കുകള്‍ ഇന്നും എടുത്തുകഴിഞ്ഞിട്ടില്ല. 2007 -നു ശേഷം ഇവിടെ നിന്ന് 123 തരം ജീവികളെയാണ്‌ പുതുതായി കണ്ടെത്തിയത്‌. ഈയിടെയാണ്‌ ശ്വാസകോശമില്ലാത്ത, പറക്കാന്‍ കഴിവുള്ള ഒരു തവളയെ ഇവിടുന്ന് കണ്ടുപിടിച്ചത്‌. അറിയപ്പെടുന്നതില്‍ ശ്വാസകോശമില്ലാത്ത ഏക തവളയാണിത്‌. 10 മീറ്ററോളം നീളം വയ്ക്കുന്ന ഏറ്റവും വലിയ പെരുമ്പാമ്പായ റെറ്റികുലേറ്റഡ്‌ പൈതണ്‍ ഇവിടെയാണ്‌ കാണുന്നത്‌.

Reticulated-python
റെറ്റിക്കുലേറ്റഡ് പൈത്തണ്‍ കടപ്പാട്: Flickr

1300 വരെയുള്ളകാലത്ത്‌ ഇന്ത്യയും ചൈനയുമായി വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഈ സ്ഥലത്തെ ഇന്ത്യക്കാര്‍ സുവര്‍ണ്ണഭൂമി എന്നും കര്‍പ്പൂരദ്വീപ്‌ എന്നുമായിരുന്നു വിളിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടില്‍ ഇവിടെനിന്നും കിട്ടിയ പല്ലവലിപിയില്‍ എഴുതിയ ലിഖിതങ്ങളാണ്‌ തെക്കുകിഴക്കേ ഏഷ്യയിലെ ഹൈന്ദവസ്വാധീങ്ങളെപ്പറ്റിയുള്ള ഏറ്റവും ആദ്യത്തെ തെളിവുകള്‍.

ഇങ്ങനെ ആയിരത്താണ്ടുകളായി ജൈവവൈവിധ്യത്തിന്റെയും ജീവന്റെ ഉല്‍പ്പത്തിയുടെയും ഭാഗമായി നിലനിന്നിരുന്ന ബോര്‍ണിയോയില്‍ 1960 കളില്‍ വ്യാപകമായ മരംവെട്ടുതുടങ്ങി. അതുമായി ബന്ധപ്പെട്ടു വലിയ വ്യവസായങ്ങള്‍ ആ നാടിന്റെ സാമ്പത്തികവളര്‍ച്ച അതിദ്രുതമാക്കി. 1980 -90 കാലത്ത്‌ നാടകീയമായ മാറ്റങ്ങളാണ്‌ അവിടെയുണ്ടായത്‌. മനുഷ്യചരിത്രത്തില്‍ അതുവരെ കണ്ടിട്ടില്ലാത്തരീതിയില്‍ കാടിനെ തകര്‍ത്തുതരിപ്പണമാക്കുന്ന പ്രവൃത്തികളാണ്‌ പിന്നീട്‌ അവിടെ നടന്നത്‌. കാട്‌ കത്തിച്ച്‌, മരങ്ങള്‍ മുഴുവനായി വെട്ടിനീക്കിവെളുപ്പിച്ചു. കാര്‍ഷികഭൂമിയാക്കിമാറ്റിയ അവിടെ എണ്ണപ്പനത്തോട്ടങ്ങള്‍ നിറഞ്ഞു. ഇതു തുടര്‍ന്നുകൊണ്ടിരിക്കുന്നു. ലോകത്താകമാനം ഉണ്ടാക്കുന്ന ഉഷ്ണമേഖലാ തടിവ്യവസായത്തിനാവശ്യമായ തടിയുടെ പകുതിയും ബോര്‍ണിയോയില്‍ നിന്നുമാണ്‌ എത്തുന്നത്‌. അവശേഷിക്കുന്ന കാടുകളും വേഗത്തില്‍ത്തന്നെ തോട്ടങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്‌. വംശനാശഭീഷണിയിലുള്ള പലജീവികളുടെയും അവശേഷിക്കുന്ന ഏകസ്ഥലമായ കാലങ്ങളായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ വലിയതോതില്‍ മണ്ണിനടിയില്‍ സൂക്ഷിച്ചിരിക്കുന്ന ഈ കാടുകള്‍ ആ നാട്ടിലെ ആദിമനിവാസികളുടെ ജല-ഭക്ഷ്യസുരക്ഷയ്ക്ക്‌ അതീവപ്രധാനമാണ്‌. അവരോടൊന്നും യാതൊരു അനുമതിയും വാങ്ങാതെയാണ്‌ കൃഷിയുടെ പേരില്‍ വനമാകെ വെളുപ്പിച്ചത്‌. ലോകത്തെ ഏറ്റവും സാന്ദ്രതയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ്‌ ഇന്തോനേഷ്യയിലെ ജാവ. അവിടുത്തെ ജനസംഖ്യ നിയന്ത്രിക്കാനായി സര്‍ക്കാര്‍ 1970-80 കളില്‍ പാവപ്പെട്ട കര്‍ഷകരെയും ഭൂമിയില്ലാത്തവരെയും ബോര്‍ണിയോവില്‍ മരങ്ങള്‍ മുറിച്ചു നീക്കിയ ഇടങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. മരങ്ങള്‍ മുറിച്ചതോടെ അവിടത്തെ ഫലഭൂയിഷ്ടത നഷ്ടമാവുകയും മഴയില്‍ ബാക്കിയുള്ള മേല്‍മണ്ണ്‌ ഒഴുകിപ്പോവുകയും ചെയ്തതോടെ ഈ പരിപാടി വന്‍പരാജയമായി. ഭക്ഷ്യസുരക്ഷയെ മുന്നില്‍ക്കണ്ട്‌ ദ്വീപിന്റെ തെക്കുഭാഗത്ത്‌ പീറ്റ്‌ വനങ്ങളെ നെല്‍വയലുകളായി പരിവര്‍ത്തനം ചെയ്ത്‌ നെല്‍കൃഷി നടത്താന്‍ തയ്യാറാക്കിയ പദ്ധതിയും വന്‍തോതില്‍ കാശിറക്കി ജലസേചനമാര്‍ഗങ്ങള്‍ ഉണ്ടാക്കുകയും മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തതിനുശേഷം പാരിസ്ഥിതികമായ ദുരന്തത്തില്‍ കലാശിച്ച്‌ ഉപേക്ഷിക്കേണ്ടിവന്നു.

Orangutan
ഒറാങ്ങ് ഉട്ടാന്‍

ആയിരക്കണക്കിനാണ്ടുകള്‍ നിലനില്‍ക്കുന്ന വനങ്ങളുടെ നിലം മരങ്ങളും ജൈവവസ്തുക്കളും വെള്ളവും അടിഞ്ഞടിഞ്ഞ്‌ വലിയൊരു കാര്‍ബണ്‍സംഭരണി ആയിട്ടുണ്ടാവും, ഇതിനെ പീറ്റ്‌ എന്നാണു പറയുന്നത്‌. (പിന്നെയും ആയിരത്താണ്ടുകള്‍ കഴിഞ്ഞാല്‍ ഇത്‌ കല്‍ക്കരിയായി മാറും.) പീറ്റിന്‌ 10-12 മീറ്ററോളം കനം ഉണ്ടാവും. ഇവിടത്തെ മണ്ണിനു വലിയ പുഷ്ടിയൊന്നും ഉണ്ടാവില്ല. പീറ്റിന്‌ തീയിടുക എന്നുവച്ചാല്‍ ടണ്‍ കണക്കിനു കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക്‌ വ്യാപിക്കും എന്നാണ്‌ അര്‍ത്ഥം. നിയമവിധേയമായരീതിയില്‍ മരംമുറിക്കുന്നതിനായി വികസിപ്പിച്ച ജലപാതകളും റെയില്‍വേലൈനുകളും വഴി അനധികൃതമരംമുറിക്കാരും കടന്നുവന്നു. 1973 -2010 കാലത്ത്‌ മരംമുറിക്കാനായി മാത്രം ഉണ്ടാക്കിയത്‌ 270000 -ത്തിലേറെ കിലോമീറ്റര്‍ റോഡുകളാണ്‌. സാമ്പത്തികമായി എന്തെങ്കിലും മൂല്യമുള്ള എല്ലാമരങ്ങളും ഇവിടെ നിന്നും മുറിച്ചുമാറ്റിക്കഴിഞ്ഞു. ജലസേചനത്തിന്‌ ഉണ്ടാക്കിയ കനാലുകള്‍ വഴി പീറ്റ്‌വനത്തിലെ ജലം പുറത്തേക്കുനഷ്ടപ്പെടുകയാണ്‌ ഉണ്ടായത്‌. പീറ്റില്‍ നിന്നും ജലം നഷ്ടപ്പെട്ടാല്‍ കരി നിറഞ്ഞനിലത്തിന്‌ വളരെ വേഗം തീപിടിക്കും, അങ്ങനെ കാടുകള്‍ മുഴുവനും ഭീകരമായരീതിയില്‍ കത്തുവാന്‍ തുടങ്ങി. 2015 സെപ്തംബറിനും ഒക്ടോബറിനും ഇടയില്‍ മാത്രം 120000 തീപിടുത്തങ്ങളാണ്‌ ഇന്തോനേഷ്യയിലെ കാടുകളില്‍ ഉണ്ടായത്‌. ഓരോ തീപിടുത്തവും അന്തരീക്ഷം മുഴുവന്‍ പുകനിറയാന്‍ കാരണമായി. കാടിനു തീപിടിച്ചു, പുക നിറഞ്ഞു എന്നൊന്നും പറഞ്ഞാല്‍ നമുക്കതിന്റെ വ്യാപ്തി ഉള്‍ക്കൊള്ളാനാവില്ല. ഈ പുകയും അതുമൂലമുള്ള മാലിന്യങ്ങളും തെക്കുകിഴക്കേഷ്യ മുഴുവന്‍ വ്യാപിച്ചു. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ്‌, വിയറ്റ്‌നാം, കംബോഡിയ, ഫിലിപ്പൈന്‍സ്‌ എന്നീ രാജ്യങ്ങളില്‍ നിറഞ്ഞ ഈ പുകയും മാലിന്യവും ലക്ഷക്കണക്കിന്‌ ആള്‍ക്കാരെ രോഗികളാക്കി, ധാരാളം ആള്‍ക്കാര്‍ നാടുവിട്ടു, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടു, ഒരു ലക്ഷത്തോളം ആള്‍ക്കാര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടു, രാജ്യങ്ങള്‍ക്ക്‌ ഭീകരമായ സാമ്പത്തികനഷ്ടമുണ്ടാക്കി. തീപിടിച്ച പീറ്റ്‌വനങ്ങളില്‍ നിന്നും ഊറിവരുന്ന സള്‍ഫ്യൂറിക്‌ ആസിഡ്‌ അടങ്ങിയ മലിനജലം കടലില്‍ 150 കിലോമീറ്റര്‍ ദൂരെവരെ എത്തുകയും മല്‍സ്യസമ്പത്തിന്‌ കാര്യമായ ഇടിവു വരുത്തുകയും ചെയ്തു.

സൈനികമേധാവികളുമായി സഖ്യത്തിലാവാന്‍ പ്രസിഡണ്ട്‌ സുഹാര്‍തോ സൈനിക ഉദ്യോഗസ്ഥര്‍ക്ക്‌ കാടുകള്‍ തീറെഴുതിക്കൊടുത്തു. കൊടുംവനാന്തരങ്ങളുടെ ഉള്ളിലേക്കെത്തിയ റോഡുകള്‍ ബാക്കിയുള്ള കാടുകളെയും നാമാവശേഷമാക്കാന്‍ സഹായിച്ചു. തുടര്‍ന്ന് 1980 കളിലും 90 കളിലും നടന്നത്‌ ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍വച്ച്‌ ഏറ്റവും ഭീകരമായ വനനശീകരണമാണ്‌. ആമസോണിലെ ഒരു ഹെക്ടര്‍ പ്രദേശത്തുനിന്നും മുറിക്കുന്നത്‌ 23 ക്യുബിക്‌ മീറ്റര്‍ മരമാവുമ്പോള്‍ ബോര്‍ണിയയില്‍ അത്‌ 60 മുതല്‍ 240 ക്യുബിക്‌ മീറ്റര്‍ വരെയായിരുന്നു. 80 ശതമാനം മരങ്ങളും മുറിക്കാന്‍ കലിമന്താനില്‍ അനുവാദം കിട്ടിയപ്പോള്‍ മരങ്ങളോടൊപ്പം അവിടത്തെ കണ്ടല്‍കാടുകളും നാമാവശേഷമായി.

ജൈവവൈവിധ്യമൂല്യത്താല്‍ ആയിരത്താണ്ടുകള്‍ നിലനിന്ന അപൂര്‍വ്വവും വിലമതിക്കാനാവാത്തതുമായ മഴക്കാടുകള്‍ രണ്ടുമൂന്നു പതിറ്റാണ്ടുകള്‍ കൊണ്ട്‌ തീര്‍ത്തും ഇല്ലാതായി. ഇവിടെ വംശനാശഭീതിയിലുള്ള ധാരാളം ജീവികളുണ്ട്‌. ഒറാങ്ങുട്ടാന്‍, ആനകള്‍, വെരുക്‌, ഈനാംപേച്ചികള്‍ മുതലായവ അവയിൽ ചിലതാണ്. ചൈനയിലെ നാട്ടുവൈദ്യത്തിനും ഇറച്ചിക്കും വേണ്ടി പതിനായിരക്കണക്കിന്‌ ഈനാമ്പേച്ചികളെയാണ്‌ നിയമവിരുദ്ധമായി ഇവിടുന്ന് കടത്തുന്നത്‌. ലക്ഷക്കണക്കിനുഡോളര്‍ വിലയുള്ള അപൂര്‍വ്വമല്‍സ്യമായ അരോവാന തീര്‍ന്നുവെന്നുതന്നെ പറയാം. ജലമലിനീകരണവും ഖനനങ്ങളുമാണ്‌ മറ്റു ഭീഷണികള്‍

640px-Scenery_around_Kapuas_River
ബോര്‍ണിയോയിലെ കപുവസ് നദി കടപ്പാട്:WikimediaCommons

ബോര്‍ണിയോയിലെ കാടുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. എല്ലായിടത്തും കല്‍ക്കരിപ്പാടങ്ങള്‍, മലിനമായ നദികള്‍, നൂറുകണക്കിനു ജീവജാലങ്ങള്‍ എന്നേക്കുമായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പീറ്റ്‌ കത്തി മണ്ണുമുഴുവന്‍ കരിഞ്ഞിരിക്കുന്നു, അതില്‍ നിന്നും പുറപ്പെട്ട പലവിധരാസപദാര്‍ത്ഥങ്ങള്‍ ചിതറിക്കിടക്കുന്ന ഇടങ്ങളില്‍ക്കൂടി വലിയ യന്ത്രങ്ങള്‍ നിരങ്ങിനീങ്ങുന്നു, എങ്ങും മരങ്ങളുടെ കുറ്റികള്‍ മാത്രം. ഏതാനും പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഭൂമിയിലെ ഏറ്റവും വലിപ്പമേറിയ മഴക്കാടുകളില്‍ ഒന്നായ, ഭൂമിയിലെ സ്വര്‍ഗം പോലെ ഉണ്ടായിരുന്ന ബോര്‍ണിയോ ഇന്ന് ഒരു ശവപ്പറമ്പിനെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌. മറ്റാരെയും കടത്തിവിടാതെ കാവലേര്‍പ്പെടുത്തിയിരിക്കുന്ന കല്‍ക്കരിഖനികള്‍, കുഴിച്ചെടുത്ത കല്‍ക്കരിയുമായി നീങ്ങുന്ന വലിയ വാഹനങ്ങള്‍, എങ്ങും പൊടിയും പുകയും. ലോകത്തിലെ നാലാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യത്ത്‌ കാലങ്ങളിലേക്ക്‌ കരുതിവയ്ക്കേണ്ട എല്ലാവിധവിഭവങ്ങളും താല്‍ക്കാലിക ലാഭത്തിനായി ദിനംപ്രതി തീര്‍ത്തുകൊണ്ടിരിക്കുന്നു. ഭരിക്കുന്നവരുടെ തോഴന്മാരായ മീഡിയകള്‍ ഇവയെല്ലാം കണ്ടില്ലെന്നു നടിക്കുന്നു. ഇത്തരം ഭീകരമായ അവസ്ഥയിലാണ്‌ ജനങ്ങള്‍ പനന്തോട്ടങ്ങളെ പിന്തുണയ്ക്കുന്നത്‌. ഏതായാലും ഒരു തണലും ഹരിതാഭയും ഉണ്ടാവും, കൂടാതെ കാട്ടുതീ ഉണ്ടാവാന്‍ സമ്മതിക്കുകയുമില്ല. എന്നാല്‍ ഈ പനന്തോട്ടങ്ങള്‍ വരുന്നത്‌ നാട്ടുകാര്‍ക്ക്‌ യാതൊരുവിധ ഗുണങ്ങളും നല്‍കുന്നില്ല. പലതും വിദേശനിയന്ത്രണത്തിലാണ്‌, മാനേജര്‍മാര്‍ നാട്ടുകാരാവും. അവരാണെങ്കില്‍ കമ്പനിയുടെ ലാഭം മാത്രം ശ്രദ്ധിക്കുന്നവരും. സംരക്ഷിതവനങ്ങളിലെപ്പോലും മരംമുറിക്കാനുള്ള അനുവാദം നല്‍കാന്‍ പ്രാദേശികസര്‍ക്കാരുകള്‍ക്ക്‌ അധികാരമുണ്ട്‌, അവര്‍ അതു തോന്നുംപോലൊക്കെ കൊടുക്കുകയും ചെയ്യുന്നു. കാലങ്ങളോളം വിവിധയിനം സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, പൂമ്പാറ്റകള്‍ എന്നിവ വിഹരിച്ചിരുന്ന സ്വര്‍ഗസമാനമായ ബോര്‍ണിയോ ഇന്ന് ജീവനറ്റ മരുപ്രദേശമായി മാറിക്കൊണ്ടിരിക്കുന്നു. കരിനിറത്തില്‍ ഒഴുകുന്ന പുഴകളിലും തടാകങ്ങളിലും ജീവികളൊന്നും അവശേഷിച്ചിട്ടില്ല.

Orangutan
ബോര്‍ണിയോയിലെ ഒറാങ്ങ്ഉട്ടാന്‍ അവിടത്തെ ഒരു വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന്. ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.  കടപ്പാട് : WikimediaCommons

മനുഷ്യരുടെ ഡി എന്‍ എയുമായി 97 ശതമാനം സാമ്യമുള്ളതാണ്‌ ഒറാങ്ങുട്ടാന്റേത്‌. ആകെ ഒറാങ്ങുട്ടാന്‍ അവശേഷിച്ചിട്ടുള്ളത്‌ ജാവയിലും ബോര്‍ണിയോയിലുമാണ്‌. ദിനംപ്രതി അവയുടെ എണ്ണം കുറഞ്ഞുവരുന്നു. നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോകുന്നു, വില്‍ക്കുന്നു. മനുഷ്യരേപ്പോലെ നാലിനം രക്തഗ്രൂപ്പുള്ളവയാണ്‌ ഇവരും. അതിനൊക്കെ ഉപരി പെണ്‍ഒറാങ്ങുട്ടാന്മാരെ പിടിച്ചുകൊണ്ടുപോയി ലൈംഗികാവശ്യത്തിനും ഉപയോഗിക്കുന്നു. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ അത്‌ ഭൂമിക്ക്‌ മനുഷ്യന്‍ വരച്ച അതിരുകള്‍ക്കുള്ളില്‍ നില്‍ക്കില്ലെന്നറിയുമ്പോഴും താല്‍ക്കാലിക ലാഭത്തിനായി സ്വന്തം ശ്വാസകോശം തന്നെ പുകച്ചുതീര്‍ക്കുന്ന മനുഷ്യര്‍ തന്റെ തന്നെ നിലനില്‍പ്പ്‌ തകരാറിലാക്കിക്കൊണ്ടിരിക്കുന്നു.


 

Leave a Reply