ശീതകാല കൊടുങ്കാറ്റായ എലിയട്ട് (Elliott) കാരണം ക്രിസ്മസ് രാത്രിക്കു മുന്നേ ഉള്ള 5 ദിവസങ്ങളിൽ അമേരിക്കൻ ജനസംഖ്യയുടെ 60% ത്തിലധികം പേരും ഏതെങ്കിലും തരത്തിലുള്ള ശൈത്യകാല കാലാവസ്ഥാ മുന്നറിയിപ്പിന് കീഴിലായിരുന്നു. എലിയട്ട് മൂലം ഏറ്റവും ഉയർന്ന മഞ്ഞുവീഴ്ച ന്യൂയോർക്ക് സംസ്ഥാനത്തെ സ്‌നൈഡറിൽ രേഖപ്പെടുത്തിയത് ഏകദേശം 1 മീറ്റർ ആണ്. മൊണ്ടാനയിലെ എൽക്ക് പാർക്കിലാണ് ഏറ്റവും കുറഞ്ഞ തണുപ്പ് രേഖപ്പെടുത്തിയത് ( -45.5 ഡിഗ്രി സെൽഷ്യസ്).

അമേരിക്കയിലെ മധ്യമേഖല, കിഴക്കൻ മേഖല, അമേരിക്ക-കാനഡ അതിർത്തി എന്നീ പ്രദേശങ്ങളിൽ പലയിടങ്ങളിൽ ഉള്ള ജനങ്ങൾക്ക് ഈ ക്രിസ്മസ് കാലം ദുരിതമായി മാറി. ഉയർന്ന കാറ്റും കുറഞ്ഞ ദൃശ്യപരതയും ഉള്ള കഠിനമായ മഞ്ഞുവീഴ്ച കാരണം വൈദ്യുതിയില്ല, ‌ട്രെയിൻ, വിമാനങ്ങൾ റദ്ദാക്കിയതോടെ പൊതുഗതാഗതം നിലച്ചു, പൂജ്യം ദൃശ്യപരത കാരണം പലയിടങ്ങളിൽ റോഡപകടങ്ങൾക്കിടയായി അങ്ങനെ റോഡുമാർഗമുള്ള ഗതാഗതവും സ്തംഭിച്ചു. വീടിന് പുറത്തിറങ്ങാന്‍ തന്നെ വഴിയില്ലാത്ത അവസ്ഥ.

AP Photo/Holden Law)

പസഫിക് നോർത്ത് വെസ്റ്റിൽ ഉദ്ഭവിച്ച വിന്റർ കൊടുങ്കാറ്റ് എലിയട്ട് ഒരു ക്രോസ്-കൺട്രി കൊടുങ്കാറ്റാണ്. ഈ കൊടുങ്കാറ്റ് ഗ്രേറ്റ് ലേക്സിൽ എത്തിയപ്പോൾ അതി തീവ്രമായി, പല സംസ്ഥാനങ്ങളിലും ഹിമപാതവും ശക്തമായ കാറ്റിനും കിഴക്കൻ പ്രദേശങ്ങളിൽ അതി ശൈത്യ താപനിലക്കും കാരണമായി. ശേഷം എലിയട്ട് സ്‌ട്രോം ഒരു ബോംബ് ചുഴലിക്കാറ്റായി മാറി. മാത്രമല്ല എലിയട്ട് കൊടുങ്കാറ്റ് കാരണം വാഷിംഗ്ടണിലും ഒറിഗോണിലും തണുത്ത വായു കടന്നുകയറുകയും, ഇത് മറ്റൊരു ശീതകാല കൊടുങ്കാറ്റ് ഫെർണാണ്ടോയുടെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തു.

ചിത്രം: വിവിധയിടങ്ങളിൽ ഉണ്ടായ മഞ്ഞു വീഴ്ചയുടെ ചിത്രങ്ങൾ

എന്താണ്  ബോംബ് ചുഴലിക്കാറ്റുകൾ?

ഭൂമിയുടെ ഉപരിതലത്തിനടുത്തുള്ള വായു അന്തരീക്ഷത്തിൽ പെട്ടെന്ന് ഉയരുമ്പോൾ ബാരോമെട്രിക് മർദ്ദം പെട്ടെന്ന് കുറയുന്നതിന് കാരണമാകുന്നു. അതായത് 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 24 മില്ലിബാർ എങ്കിലും മർദ്ദം കുറയുമ്പോൾ ബോംബ് ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നു, ഈ പ്രക്രിയക്ക് ബോംബോജെനിസിസ് എന്ന് പറയുന്നു. ബോംബ് ചുഴലിക്കാറ്റ് അസാധാരമല്ല, 2019 -ൽ വടക്കുകിഴക്കൻ കൊളറാഡോയിൽ ശക്തമായ ഒരു ബോംബ് ചുഴലിക്കാറ്റ് രൂപപ്പെടുകയും ഒരുപാടു നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.

ചിത്രം: തണുത്ത വായു ഊഷ്മള വായുവിനെ സ്ഥാനഭ്രഷ്ടമാക്കുകയും ഉയരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് താപനിലയിലെ മാറ്റത്തിന് ഇന്ധനം നൽകുന്നു, വായു മർദ്ദം കുറയുന്നതിന് കാരണമാകുന്നു. വായു മർദ്ദം കുറയുന്നത് വേണ്ടത്ര കഠിനമാണെങ്കിൽ – 24 മണിക്കൂറിനുള്ളിൽ 24 മില്ലിബാർ – ബോംബോജെനിസിസ് സംഭവിക്കുകയും ഒരു ബോംബ് ചുഴലിക്കാറ്റ് ഉണ്ടാകുകയും ചെയ്യും (ചിത്രം: https://www.usatoday.com/).

എന്താണ് ശീതകാല കൊടുങ്കാറ്റുകൾ?

ശീതകാല കൊടുങ്കാറ്റുകൾ ഉണ്ടാകുന്നത് ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു തണുത്ത വായുവുമായി രണ്ട് വായു പിണ്ഡങ്ങളെയും വേർതിരിക്കുന്ന അതിർത്തിയിൽ വെച്ച് ഇടപഴകുമ്പോഴാണ്. ഇങ്ങനെ രണ്ട് വൈരുദ്ധ്യമുള്ള വായു പിണ്ഡങ്ങൾ നൽകുന്ന ഊർജ്ജം, കൊടുങ്കാറ്റിനെ തീവ്രമാക്കാൻ സഹായിക്കുന്നു. ശൈത്യകാലത്ത്, പുറത്തെ വായു വളരെ തണുത്തതായിരിക്കും. കനത്ത മഴ പെയ്യുകയും താപനില വളരെ കുറവായിരിക്കുകയും ചെയ്യുമ്പോൾ മഴ മഞ്ഞായി മാറുകയും മഞ്ഞുവീഴ്ച ഉണ്ടാകുകയും ചെയ്യുന്നു. ശീതകാല കൊടുങ്കാറ്റുകൾ തണുത്തുറഞ്ഞ മഞ്ഞുവീഴ്ചക്കോ, ബോംബ് ചുഴലിക്കാറ്റുകൾക്കോ, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഹിമപാതത്തിനോ കാരണമായേക്കാം.

AP Photo

എന്താണ് തടാക-പ്രഭാവമുള്ള മഞ്ഞ്?

ബഫലോ (ന്യൂയോർക്ക് സംസ്ഥാനം) പ്രദേശത്തുള്ള ഈറി തടാകത്തിന്റെ തീരത്ത്‌ വെള്ളിയാഴ്ച തടാക-പ്രഭാവമുള്ള മഞ്ഞ് വീഴാൻ തുടങ്ങി, അത് ക്രിസ്മസ് ദിനത്തിലും തുടർന്നു. മണിക്കൂറിൽ 3 ഇഞ്ച് മഞ്ഞുവീഴ്ചയും അലറുന്ന കാറ്റും ചില സമയങ്ങളിൽ വൈറ്റ്ഔട്ട് (പൂജ്യം ദൃശ്യപരത) അവസ്ഥ സൃഷ്ടിച്ചു.

തടാകങ്ങളിലെ തണുത്തുറയാത്ത , താരതമ്യേന ചൂടുള്ള വെള്ളത്തിലൂടെ തണുത്ത വായു കടന്നുപോകുമ്പോൾ, ചൂടും ഈർപ്പവും അന്തരീക്ഷത്തിന്റെ ഏറ്റവും താഴ്ന്ന ഭാഗത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഈ അവസ്ഥ വായു ഉയരുന്നു ,  മേഘങ്ങൾ രൂപപ്പെടുകയും വളരുകയും ചെയ്ത് ഒരു ഇടുങ്ങിയ ബാൻഡായി മാറുന്നു. ഇത് മണിക്കൂറിൽ 2 ഇഞ്ച് മുതൽ 3 ഇഞ്ച് വരെ , ചിലപ്പോൾ അതിൽക്കൂടുതലും മഞ്ഞ്  ഉണ്ടാകാൻ കാരണമാക്കുന്നു. ഈ പ്രക്രിയ തടാക-പ്രഭാവമുള്ള മഞ്ഞ് എന്നറിയപ്പെടുന്നു.


Leave a Reply

Previous post ചെറുതല്ല ചെറുധാന്യങ്ങൾ – 2023 – ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം
Next post ആഗോള താപനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം ആർക്ക് ?
Close