Read Time:56 Minute

ശാസ്ത്രഗതി കഥാപുരസ്കാരം- മൂന്നാംസ്ഥാനം ലഭിച്ച കഥ. ദീപ സുരേന്ദ്രന്‍ ഇപ്പോള്‍ യുഎഇ യില്‍ താമസം. സിസ്റ്റംസ് ഓഡിറ്ററായി ജോലിചെയ്യുന്നു. ഓഡിയോ അവതരണം : മണികണ്ഠൻ കാര്യവട്ടം

കേൾക്കാം


‘അനു, ഡോക്ടര്‍ അനൂ, ലീവ് ദ റൂം’. ഡോക്ടര്‍ സേതു ശാന്തനായാണ് അത് പറഞ്ഞത്, ‘ഇമ്മിഡിയറ്റ്ലി’, ഡോക്ടറുടെ വലത്തെ കൈയിലെ സിസ്സേഴ്സും ഇടത്തെ കൈയിലെ റിഫ്രാക്ടറും അത്രയും പറഞ്ഞു കഴിയും വരെ അനങ്ങിയില്ല എന്നതൊഴിച്ച് ഒരു ഭാവമാറ്റവും ഇല്ലാതെ അദ്ദേഹം വീണ്ടും രോഗിയുടെ തുറന്നു വെച്ച ഹൃദയത്തിലെ തകരാറുകള്‍ പരിഹരിച്ചു തുടങ്ങി. 

ഈ മാനസികാവസ്ഥയില്‍ ഓപ്പറേഷന് കയറേണ്ട എന്ന് അച്ഛനെന്നോട് പറഞ്ഞതായിരുന്നു. സ്വന്തം ഹൃദയ വ്യഥകളേക്കാള്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ടാകേണ്ടത് തങ്ങളുടെ രോഗികളുടെ ഹൃദയങ്ങളെക്കുറിച്ചാണ് എന്നു സ്വയം പറഞ്ഞുറപ്പിച്ചാണ് ഈ മുറിയിലേക്ക് കയറിയതും. പക്ഷെ, എന്ത് കാര്യം? സ്വന്തം ചിന്തകളില്‍ തടസ്സങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരുടെ ഹൃദയത്തിന്റെ തടസ്സങ്ങള്‍ നീക്കാന്‍ കഴിയില്ലെന്ന് ഓര്‍ത്തതേയില്ല.

ഞാന്‍ വേഗം പുറത്തേക്കിറങ്ങി, ഗ്ലൗസുകളും സ്ക്രബും ഊരി. സംശയങ്ങള്‍ നിറഞ്ഞ് അടഞ്ഞ് പോയ മനസ്സില്‍ അച്ഛന്റെ വാക്കുകള്‍ വലിയ വ്യത്യാസങ്ങളൊന്നും ഉണ്ടാക്കിയില്ല. പരിശോധനാമുറിയില്‍പ്പോയി ബാഗുമെടുത്ത് പാര്‍ക്കിങ്ങിലേക്ക് നടന്നു. ഉറങ്ങിയിട്ട് ദിവസങ്ങളായി, ഇന്നൊരു ഡോക്സപിന്‍ കഴിച്ച് ഉറങ്ങിയേ പറ്റൂ. ബാഗില്‍ നിന്നും കീ ഫോബ് എടുത്ത് ക്ലിക്ക് ചെയ്തപ്പോഴേക്കും സെക്യൂരിറ്റി ഓടിയെത്തി. ‘മാഡം, ഡോക്ടര്‍ സര്‍ മാഡത്തിനോട് കാന്റീനില്‍ കാത്തിരിക്കാന്‍ പറഞ്ഞു. എവിടെയോ അത്യാവശ്യമായി പോകണമത്രേ.’

എന്താണാവോ ഇത്ര അത്യാവശ്യം, ഇനി എവിടേക്കാണ് പോകാന്‍ പ്ലാന്‍, അഭിയെക്കുറിച്ചറിയാന്‍ ആരെയേലും കണ്ടു സഹായം അഭ്യര്‍ഥിക്കാനാകും. മതിയായി, എത്രപേരെ കണ്ടു? എത്രപേരെ ഫോണ്‍ വിളിച്ച് സഹായത്തിനായി അഭ്യര്‍ഥിച്ചു? ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല, അഭീ നീ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത്?

ഹൃദയമിടിപ്പ് ഒന്ന് നിന്നപോലെ. അച്ഛന് അഭിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ. സെക്യൂരിറ്റിയോടു അയാള്‍ പറഞ്ഞത് കേട്ടെന്നറിയിച്ച് കാറ് ലോക്ക് ചെയ്ത് തിരിച്ചു നടന്നു. ഇന്നേക്ക് നാല്‍പ്പത്തിയൊന്‍പത് ദിവസങ്ങളായി അവന്റെ ഒരു മെസ്സേജ് പോലും കിട്ടാതായിട്ട്. ഓര്‍മ്മവെച്ചതിനു ശേഷം ഇത്ര നീണ്ട കാലം മിണ്ടാതിരുന്നിട്ടില്ല, അവന്റെ സോളോ ട്രിപ്പുകള്‍ക്കിടയിലും എനിക്ക് മെസ്സേജ് അയക്കും. ഓരോ യാത്രക്ക് പോകുമ്പോഴും അവനെക്കുറിച്ച് മൂന്നാല് ദിവസത്തോളം ഒരു വിവരവുമില്ല എന്നുംപറഞ്ഞ് സീമ ആന്റി പോലും എന്നെയാണ് വിളിക്കാറ്. എന്നിട്ടിപ്പോ, ഇതെന്താ ഇങ്ങനെ. അതും ഏറ്റവും എക്സൈറ്റിങ് ട്രിപ്പ് ആകുമെന്ന് പ്രതീക്ഷിച്ച് തുടങ്ങിയ യാത്രയാണ്, കല്യാണം കഴിഞ്ഞാല്‍പ്പിന്നെ ഇത്രേം അഡ്വെഞ്ചറസ് ട്രിപ്പിനൊന്നും പോവാന്‍ തോന്നിയില്ലെങ്കിലോ എന്നും പറഞ്ഞ് നോക്കിയ ഒരു നോട്ടം. അതും എല്ലാരുടെയും ഇടയിലിരുന്ന്, നാണിച്ചു പോയി. ‘പിന്നേ, നീയല്ലേ ഉലകം ചുറ്റല് നിര്‍ത്തുന്ന ഒരാള്, അല്ലേ സീമാന്റീ’ എന്നു പറഞ്ഞ് ആന്റിയെ നോക്കി. ആന്റിയും അച്ഛനും അമ്മയും കൂടി ഞങ്ങളെ നോക്കി സ്നേഹത്തോടെ ചിരിക്കുകയായിരുന്നു അപ്പോള്‍.

‘ഇല്ലാ അനു, ഇതോടെ ഞാന്‍ നിര്‍ത്തും. ഇനി മതി, ഇത് കഴിഞ്ഞ് തിരിച്ച് വന്നാല്‍പ്പിന്നെ ഇതിനപ്പുറം ഒന്നുമില്ല. മരിയാന ട്രെഞ്ചിനടുത്തുകൂടെ ഇതുവരെ ഒരാള്‍പോലും സോളോ ട്രിപ്പ് നടത്തിയിട്ടില്ല, ഗുവാം ദ്വീപില്‍ നിന്നും പുറപ്പെടുന്ന യാത്രികരൊക്കെയും പസിഫിക്ക് സമുദ്രത്തില്‍ മരിയാന ട്രെഞ്ചിനടുത്തെത്തും മുമ്പേ വഴിതിരിച്ചു വിടും. ഹൈഫൈ ബോട്ടുകള്‍ക്ക് പോലും അവിടത്തെ ചുഴികള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാറില്ല, നമ്മുടെ പത്മക്ക് ഏത് പ്രെഷറും അതിജീവിക്കാന്‍ കഴിയും എന്നതല്ലേ ഒന്ന് പോയിനോക്കാം എന്ന ധൈര്യം തരുന്നത്. അനൂ, നീയും പത്മയുടെ സ്പെക് എല്ലാം നോക്കിയതല്ലേ. എല്ലാം ഓക്കെ ആണേല്‍, കാലാവസ്ഥ അനുകൂലമെങ്കില്‍ മരിയാന ട്രെഞ്ചിലൂടെ യാത്ര ചെയ്ത ആദ്യ സോളോ സെയ്ലര്‍ ഞാനാകും. അവിടത്തെ താപവ്യതിയാനങ്ങളും ജന്തുജാലവുമൊക്കെ കാണാനും അറിയാനും ഫോട്ടോകള്‍ എടുക്കാനുമൊക്കെ ഭാഗ്യം ലഭിക്കുന്ന ആദ്യ ഭാരതീയന്‍, ആദ്യ ഏഷ്യക്കാരന്‍, അതൊരു ഒന്നൊന്നര നേട്ടം തന്നെയല്ലേ. ഞാന്‍ പ്രതീക്ഷിക്കുന്ന ആ സ്പെഷ്യല്‍ ജീവിയും കൂടെ എന്റെ മുന്നില്‍ വന്നുപെട്ടാല്‍ പിന്നെ പറയുകയും വേണ്ട. ഇതു കഴിഞ്ഞാല്‍പ്പിന്നെ വലിയ യാത്രയൊന്നും ഇല്ല, ഒരു സെയ്ലിങ് ക്ലബും തുടങ്ങി ഇവിടെയങ്ങ് കൂടും.’

‘എന്നാലും മോനേ, നിനക്കിപ്പോള്‍ ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ? ലോകം മുഴുവന്‍ ഒറ്റക്ക് കറങ്ങിയവനല്ലേ നീ, ഇനിയും എന്നെയിവിടെ ഒറ്റയ്ക്കാക്കി പോണോ’. സീമാന്റിക്ക് സെന്റി വിട്ടൊരു കളിയില്ല. 

അഭി എവിടെപ്പോയാലും എന്നില്‍ നിന്നകന്നു പോയതായി ഒരിക്കലും തോന്നിയിട്ടില്ല, ഇതുവരെ. അതുകൊണ്ടുതന്നെ പസിഫിക് എന്നോ മരിയാന ട്രെഞ്ചെന്നോ കേട്ടിട്ട് ഒരു പേടിയും തോന്നിയില്ല. എന്റെ ആന്റീ, അവന്‍ പോണം എന്ന് പറഞ്ഞാ പോയിരിക്കും. വെറുതേ എന്തിനാ പറഞ്ഞു വിഷമം കൂട്ടുന്നത്, ആന്റി വിഷമിക്കേണ്ടന്നേ, ഞാന്‍ ആന്റിയുടെ അടുത്ത് വന്നു നില്‍ക്കാം. 

അന്നൊക്കെ എന്ത് ധൈര്യമായിരുന്നു, ഇപ്പോ, അന്‍പത് ദിവസങ്ങള്‍ ആളൊപ്പമില്ലാതായപ്പോഴേക്കും ഉള്ള ധൈര്യമൊക്കെപ്പോയി, ഒരെത്തും പിടിയും കിട്ടാതെയും ആയല്ലോ ഭഗവാനേ.

ഹോസ്പിറ്റലിന്റെ വരാന്തയില്‍ത്തന്നെ ഡോക്ടര്‍ റോയിയും മറ്റാരൊക്കെയോയും നില്‍ക്കുന്നുണ്ടായിരുന്നു. അവരെ കണ്ടെന്ന് കാണിച്ച്, ഒന്നും മിണ്ടാനുള്ള അവസരം കൊടുക്കാതെ മുന്നോട്ട് നടന്നു. എന്ത് മിണ്ടാന്‍? സഹതാപം നിറഞ്ഞ നോട്ടങ്ങള്‍ തന്നെ സഹിക്കാന്‍ വയ്യ. അപ്പോഴാണ്. എല്ലാവരും തിരിഞ്ഞു നോക്കുന്നുണ്ടല്ലോ. ഇനി ഇവരെന്തെങ്കിലും അറിഞ്ഞോ, രാവിലെ മുതല്‍ വാര്‍ത്തയും കേട്ടില്ല. വേഗം മൊബൈല്‍ എടുത്ത് അഭിയെ ഏതേലുമൊക്കെ തരത്തില്‍ പിന്തുടര്‍ന്ന് വിവരങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരുന്ന പത്രത്താളുകളിലെല്ലാം എന്തേലും വിവരങ്ങളുണ്ടോ എന്ന് വീണ്ടും വീണ്ടും പരതിക്കൊണ്ടേയിരുന്നു. വല്ലാത്തൊരു സംത്രാസമായിരുന്നു മനസ്സില്‍. അഭിക്ക് എന്തേലും സംഭവിച്ചെങ്കില്‍ അതില്ലാതാക്കാന്‍ ഞാന്‍ മൊബൈലില്‍ തോണ്ടിയാല്‍ കഴിയില്ലെന്നറിയാഞ്ഞല്ല, എന്നിട്ടും ആ പ്രവൃത്തി തുടര്‍ന്ന് കൊണ്ടേയിരുന്നു.

അച്ഛന്റെ ജോലി കഴിഞ്ഞില്ലേ ഇതുവരെ. വീട്ടിലേക്ക് വന്നിട്ട് പറഞ്ഞാല്‍ പോരേ. ഒന്നും സംഭവിക്കല്ലേ. കാന്റീനില്‍ ചെലവഴിച്ച ഓരോ നിമിഷവും മനസ്സ് കൈവിട്ട നിലയിലായിരുന്നു. പെട്ടെന്ന് അഭി ഒപ്പമുള്ളത് പോലെ, തോളത്ത് പിടിച്ച് ‘നീയെന്തായെന്റെ അനൂ, വാലില്‍ തീ പിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്. ഇരിക്കിവിടെ’ എന്നും പറഞ്ഞ് കസേരയിലേക്കിരുത്തി. ‘ഇനിയിച്ചിരി വെള്ളം കുടിക്ക്’ എന്നും പറഞ്ഞ് ഗ്ലാസ്സില്‍ എടുത്ത് തന്ന വെള്ളം ഒറ്റ വലിക്ക് കുടിച്ചു. ‘അഭി, എത്തിയോ’ എന്നും ചോദിച്ച് മുഖമുയര്‍ത്തി നോക്കിയത് കാന്റീനിലെ ചേട്ടന്റെ മുഖത്തേക്ക്. ദൈവമേ, വരാന്തയിലൂടെ നടന്നിരുന്ന ഞാനെങ്ങനെ ഇവിടേക്കെത്തി, താഴെ വീണുവോ? ഇവിടേക്ക് കൊണ്ടുവന്നതും കസേരയിലേക്ക് ഇരുത്തിയതുമൊക്കെ ആരാ? 

മനസ്സ് പിന്നെയും മറിഞ്ഞു മറിഞ്ഞു വീഴുന്നു. 

‘അനൂ, എണീറ്റോ? ക്ഷീണം മാറിയോ?’ അച്ഛനെന്റെ രണ്ട് കണ്ണുകളും പിടിച്ച് തുറന്ന് നോക്കി. ‘ഭാഗ്യം നിന്നെ ഞാന്‍ ഓട്ടിയില്‍ നിന്ന് ഇറക്കി വിട്ടത്. ഡോക്ടറുടെ ജോലി എന്നാല്‍ മനുഷ്യജീവിതം കൈയില്‍ വെച്ചുള്ള കളിയാണ്. ഡോക്ടര്‍ക്ക് കൈപ്പിഴ പറ്റിക്കൂടാ. അത് പോട്ടെ. മോളേ, നമുക്കൊരിടം വരെ പോകാനുണ്ട്. നിന്റെ ക്ഷീണം മാറിയെങ്കില്‍ ഇറങ്ങാം.’

അച്ഛന്‍ ഒന്നും സംഭവിക്കാത്ത പോലെ സംസാരിക്കുന്നു, എപ്പോഴും എല്ലാരും ദൈവത്തിലര്‍പ്പിക്കുന്ന സാത്വികന്‍ തന്നെ. ഓരോ ദിവസവും നിരവധി പേരുടെ ഹൃദയത്തില്‍ കൈയിട്ട് തടസ്സങ്ങള്‍ നീക്കാന്‍ നിയോഗിക്കപ്പെട്ട ദൈവത്തിന്റെ പ്രതിനിധി. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അസിസ്റ്റന്റ് ആയിരുന്നു അഭി. പക്ഷേ ഹൃദയങ്ങളിലെ തടസ്സങ്ങള്‍ നീക്കുന്നതിനേക്കാള്‍ കടലിനോട് മല്ലടിക്കാനും, ഭൂമിയില്‍ മനുഷ്യരിതുവരെ എത്താത്തിടങ്ങളിലേക്ക് യാത്രകള്‍ പോകാനുമായിരുന്നൂ, അവന് താല്‍പര്യം. ഓരോ യാത്രയ്ക്കിറങ്ങുമ്പോഴും പറയും, ‘ഇത് അവസാനത്തെ ട്രിപ്പ് ആണ്, തിരിച്ച് വന്നാല്‍ പിന്നെ നിന്നേം കെട്ടി, നിന്റെ പിള്ളേരേം നോക്കി ഇവിടിരിക്കണം’. പിള്ളേരെ നോക്കാന്‍ തയ്യാറാണെങ്കില്‍ രണ്ടു മൂന്നെണ്ണത്തെ തട്ടിക്കൂട്ടാന്‍ അപ്പുറത്തെ ചേട്ടന്റെ ഹെല്‍പ് എടുക്കട്ടെ, എന്ന് ചോദിച്ച് ദേഷ്യം പിടിപ്പിക്കാന്‍ ശ്രമിച്ചാല്‍ മുഖം കോട്ടി ചിരിച്ച് മിണ്ടാതിരുന്നു കളയും അവന്‍. അടികൂടാതെ സംസാരിക്കാം എന്നത് കൊണ്ടാവും അടുത്തുള്ളതിനെക്കാളും അവന്‍ സംസാരിക്കാറ്, അവന്റെ സോളോ ട്രിപ്പുകള്‍ക്കിടയിലാണ്.

‘അനൂ, വാ മോളേ’. അച്ഛന്‍ മുന്നോട്ട് നടന്നു കഴിഞ്ഞു. പെട്ടെന്നെണീറ്റ് മുന്നോട്ടാഞ്ഞ തന്റെ കൈ പിടിച്ചുകൊണ്ട് കാന്റീനിലെ മുഅമ്മര്‍ ചേട്ടനും കാറ് കിടക്കുന്നതുവരെ ഒപ്പം വന്നു. ‘ഡോക്ടറേ, കൊച്ചു ഡോക്ടറെ ഒന്ന് സൂക്ഷിച്ചോളൂ, തല കറക്കം മുഴുവന്‍ മാറിയില്ലെന്നു തോന്നുന്നു.’ മുഅമ്മര്‍ ചേട്ടനോട് ഒന്നുമില്ലെന്ന് കണ്ണടച്ച് കൊണ്ട് ചിരിച്ചും കൊണ്ട് കാറില്‍ കയറി. അച്ഛന്റെ സന്തതസഹചാരി ഡ്രൈവര്‍ ബിജുവേട്ടനെ മാറ്റിനിര്‍ത്തി, അച്ഛന്‍ തന്നെ ഡ്രൈവര്‍ സീറ്റില്‍ കയറി ഇരുന്നതെന്തേ? ആവോ.?

ഒന്നും പറയാതെ അച്ഛന്‍ വണ്ടി വേഗം മുന്നോട്ടേക്ക് എടുത്തു. സിറ്റിയുടെ തിരക്കുകളില്‍ നിന്നകന്ന് വണ്ടി മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു. ‘മോളേ, സ്റ്റീവനെ ഓര്‍മ്മയില്ലേ, നേവിക്കാരന്‍ പയ്യന്‍? അവന്റെ ഒരു ക്രേസി കണക്ഷനില്‍ നിന്നും ഒരു വാര്‍ത്ത കിട്ടിയിട്ടുണ്ട്. കുറച്ച് വോയിസ് റെക്കോര്‍ഡിങ്സ് ആണ്. ഗുവാം ദ്വീപിലെ യു എസ് നാവികര്‍ക്ക് ഒരു ബോട്ടിന്റെ അവശിഷ്ടങ്ങളെന്തൊക്കെയോ കിട്ടിയത്രേ! അത് കേട്ട ഉടനെ സ്റ്റീവന്‍ അഭിയുടെ ക്ളൗഡ് സ്റ്റോറേജ് ഹാക്ക് ചെയ്ത് നോക്കിയപ്പോള്‍ അഭിയുടേതായ പുതിയ കുറേ മെസ്സേജസ് ഉണ്ടവിടെ, എല്ലാം നിനക്കയച്ചതാണ്. 

എല്ലാം കൈവിട്ട് പോകുമെന്ന തോന്നിയ ഒരു ദുര്‍ഘടനിമിഷത്തില്‍, നെറ്റ്വര്‍ക്ക് ഉള്ള എവിടെയെങ്കിലും അവന്റെ മൊബൈല്‍ എത്തിപ്പെട്ടാല്‍ നമുക്ക് മെസ്സേജസ് കിട്ടാനായി ക്ളൗഡ് സ്റ്റോറേജിലേക്കു മാറ്റിയതാകും എന്നാണ് സ്റ്റീവന്‍ പറഞ്ഞത്. യു എസ് ഫോഴ്സ് മൊബൈലില്‍ നിന്നും മലയാളത്തിലുള്ള മെസ്സേജസ് മനസ്സിലാക്കി എടുക്കാന്‍ സമയമെടുക്കും. ഇങ്ങനെയുള്ള വിവരങ്ങളൊക്കെ യു എസ് നിയമപ്രകാരം അവരുടെ നാഷണല്‍ സെക്യൂരിറ്റി റിസേര്‍ച്ച് വിഭാഗത്തിന് കൊടുക്കേണ്ടതാണ്. അവര്‍ക്കറിയാത്ത ഭാഷയില്‍ മെസേജസ് അഭി അയക്കാന്‍ കാരണം അവനെക്കുറിച്ച് നമ്മള്‍ ആദ്യം അറിയണമെന്ന് കരുതിയിട്ടാകും, പോയി കേട്ട് നോക്കാം, അല്ലേ മോളേ?’

അച്ഛന്‍ കരയുന്നില്ല, മുന്നിലേക്കുതന്നെ നോക്കി രോഗികളുടെ ഹൃദയത്തില്‍ കത്തി വെച്ച് തടസ്സങ്ങള്‍ നീക്കുന്ന അതേ സംയമനത്തോടെ, ഓരോ വാക്കും പെറുക്കിപ്പെറുക്കി മുന്നിലേക്ക് വെക്കുന്നു. ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കിട്ടി എന്ന് പറഞ്ഞാല്‍, അഭി എവിടെ അച്ഛാ? വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി, പുറത്തേക്ക് വന്നില്ല.

‘ഗുവാം വിട്ടതിനു ശേഷമല്ലേ അഭിയുമായുള്ള നേവിയുടെ കണക്ഷന്‍ ഇല്ലാതായത്. അതിനുശേഷവും രണ്ടു ദിവസം നിനക്കവന്റെ മെസേജസ് ഉണ്ടായിരുന്നു അല്ലേ. അത് ഈ ക്ളൗഡ് സ്റ്റോറേജ് വഴി പുറം ലോകവുമായി കണക്ട് ചെയ്യാനായി അവന്‍ ശ്രമിച്ചിരുന്നത് കൊണ്ടാണെന്നാണ് സ്റ്റീവന്‍ പറയുന്നത്. നേവിയുടെ സെക്യൂരിറ്റി കണ്‍ട്രോള്‍സ് കാരണമാകും അവര്‍ക്കു ആ കണക്ഷന്‍ കിട്ടാഞ്ഞത്. മലയാളത്തിലാണ് ഇപ്പോ കിട്ടിയ മെസ്സേജസ് ഒക്കെ. പേഴ്സണല്‍ മെസ്സേജസ് ആയതുകൊണ്ട് സ്റ്റീവന് അത് കേള്‍ക്കാന്‍ താല്‍പര്യമില്ല, കാര്യമായി എന്തേലും ഉണ്ടേല്‍ കേട്ടാല്‍ മതിയല്ലോ’.

അച്ഛന്‍ നിര്‍ത്തും മുമ്പ് ഞാന്‍ ഇടക്ക് കയറിപ്പറഞ്ഞു: ‘സ്റ്റീവന്‍ കേട്ടോട്ടെ അച്ഛാ, അഭിയ്ക്ക് എന്തേലും സഹായം ആവശ്യമാണെങ്കിലോ, സ്റ്റീവന്റെ നമ്പര്‍ തരൂ, ഞാന്‍ വിളിച്ച് പറയാം. നമ്മള്‍ അവിടെ എത്തുംവരേയുള്ള സമയം കളയേണ്ടല്ലോ’.

അച്ഛന്റെ ഫോണ്‍ എടുത്ത് ഡയല്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും അച്ഛന്‍ പറഞ്ഞു, ‘അവന്‍ കുറേയെങ്കിലും കേട്ട് കാണും മോളെ. അഭിയെ രക്ഷിക്കാനായി ഇപ്പോ ചെയ്യാനായി ഒന്നുമില്ലെന്നാണ് അവന്റെ പറച്ചില്‍ കേട്ടപ്പോള്‍ തോന്നിയത്. മോളേ, നമ്മുടെ അഭിക്ക് എന്തോ പറ്റിയിരിക്കുന്നു, അവന്‍ മരിയാന ട്രെഞ്ചിലേക്ക് ഇറങ്ങിയിരുന്നത്രേ!’ അച്ഛന്‍ വീണ്ടും വീണ്ടും നിറുത്തിയും, വാക്കുകള്‍ വിഴുങ്ങിയുമൊക്കെയാണ് സംസാരിച്ചത്. എന്നെ വിഷമിപ്പിക്കാതിരിക്കാനാണോ, അതോ സ്വയം വിഷമിക്കാതിരിക്കാനോ ഇങ്ങനെ പിടിച്ചു പിടിച്ചു സംസാരിക്കുന്നത്? നേവിയിലെ ഡോക്ടറ് പണിയും വിട്ട്, സെയ്ലര്‍ ആയി നടക്കുന്ന കടലുതെണ്ടിക്ക് മോളെക്കൊടുക്കില്ലെന്ന് അച്ഛനൊരിക്കല്‍ അഭിയോട് പറയുന്നത് കേട്ടിട്ടുണ്ട്. റിട്ടയേര്‍ഡ് കമാന്‍ഡറും സെയ്ലറുമായിരുന്ന പിള്ളയങ്കിള്‍ അച്ഛന്റെ സുഹൃത്തായതിനാല്‍ ചെറുപ്പത്തിലേ പറഞ്ഞു വെച്ച ബന്ധമായിരുന്നു ഞങ്ങളുടേത്. സൗമ്യനായ അഭിക്ക് ഹൃദയങ്ങളിലെ തടസ്സങ്ങള്‍ മാറ്റിയെടുക്കാന്‍ തന്നെക്കാള്‍ കഴിവുണ്ട് എന്ന തിരിച്ചറിവ് മാത്രമാണ് മുപ്പത് കഴിഞ്ഞിട്ടും മകളെ കല്യാണം കഴിക്കുകയോ എന്നാലൊട്ട് വിട്ടുപോവുകയോ ചെയ്യാത്ത ഒരുവനെ സഹിക്കുന്നതിന് കാരണം എന്ന് തോന്നുന്നു.

അച്ഛന്‍ വണ്ടിനിര്‍ത്തി ഇറങ്ങിയപ്പോഴാണ് എത്തേണ്ടിടം ആയല്ലോ എന്നറിഞ്ഞത്. അവരെക്കാത്തെന്നോണം സ്റ്റീവന്‍ പുറത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. സ്റ്റീവനെ പണ്ട് ഹോസ്പിറ്റലില്‍വെച്ച് കണ്ടതാണ്, ഭൂമിക്കു പുറത്തുള്ള എല്ലാ കടലും തന്റെ തലക്കുള്ളില്‍ അലയടിക്കുന്ന നേവിക്കാരന്‍ സെയിലര്‍, രാവും പകലും കടലില്‍ നീന്തി മറിഞ്ഞ്, ഒരപകടത്തില്‍പ്പെട്ട് ഇനി കടലിലിറങ്ങാന്‍ പറ്റാത്ത തരത്തില്‍ നടുവൊടിഞ്ഞതിനുശേഷം തന്റെ വേറൊരു ഭ്രാന്തായ ഐ ടി യിലേക്ക് തിരിച്ചുകയറിയ സൈബര്‍ ഭ്രാന്തന്‍. അച്ഛന് തന്റെ പേഷ്യന്റ് എന്ന് പറയുന്നതില്‍ സന്തോഷമുള്ള കുറച്ച് രോഗികളില്‍ ഒരുവന്‍. എന്തൊക്കെയോ ചോദിച്ചെന്നെ കുറെ നേരം പിടിച്ച് നിര്‍ത്തി, ഓപ്പറേഷന്‍സ് എങ്ങനെ പോകുന്നു എന്ന വിഡ്ഢിച്ചോദ്യം മുതല്‍ ഉടുത്തിരുന്ന സാരി എവിടന്നു വാങ്ങി എന്നത് വരെ. അഭിയെക്കുറിച്ചറിയാന്‍ വെമ്പി നിന്നിരുന്ന എന്നെ ഓഫീസിനുള്ളിലേക്ക് പോകാന്‍ അനുവദിക്കാത്തതെന്തേ എന്ന് ചോദിക്കും വരെ അത് തുടര്‍ന്നു. അപ്പോഴാണ് സ്റ്റീവന്‍; ‘ഓ വരൂ, നമുക്ക് റിസേര്‍ച്ച് റൂമിലേക്ക് പോകാം; അവിടെ എത്തിയപ്പോള്‍ അച്ഛനോട് സംസാരിക്കുന്നവര്‍ ഒന്ന് നിര്‍ത്തി. അഭിയുടെ മെസ്സേജിനെക്കുറിച്ചും അതൊക്കെ കേട്ടിട്ട് വിവരങ്ങള്‍ തരണമെന്നും മറ്റുമുള്ള സംസാരങ്ങള്‍ക്ക് ശേഷം മനസ്സിലുള്ളത് പറഞ്ഞപ്പോള്‍ സ്റ്റീവന്‍ പറഞ്ഞു : ‘ഡോക്ടര്‍ അനൂ, നിങ്ങള്‍ വിഷമിക്കാതിരിക്കൂ. നിങ്ങള്‍ വിചാരിച്ചത് ശരിയാണ്, അഭിമന്യുവിന്റെ ശബ്ദസന്ദേശങ്ങള്‍ ഞങ്ങള്‍ കുറേയൊക്കെ ഓടിച്ചു കേട്ടു. അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അയാള്‍ തിരിച്ചു വരുമെന്നു തന്നെയാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നിയത്. അത്രയ്ക്കേറെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളും ശബ്ദവും. ‘ഹീ ഈസ് എ ഫൈറ്റര്‍, ബിലീവ് മീ, ഹീ വില്‍ കം ബാക് റ്റു യൂ’.

‘മെസ്സേജസ് എല്ലാം ഞങ്ങള്‍ ക്ളൗഡില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തത് ഈ ഫ്ളാഷ് ഡ്രൈവില്‍ ഉണ്ട്, നിങ്ങള്‍ കേള്‍ക്കൂ. നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കൂ. അഭിമന്യുവിന്റെ ഈ യാത്ര, ശാസ്ത്രലോകത്തിന് ഇതു വരെയില്ലാത്ത പല അറിവുകളും നേടാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. കടലിനടിയിലെ അവിശ്വസനീയമായ പല സത്യങ്ങളും കടലിനു പുറത്തുള്ളവരുമറിയും, അറിയണം. ഈ മെസ്സേജുകളിലൂടെ അയാള്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളിലും ഇനി ശാസ്ത്രലോകം റിസേര്‍ച്ച് നടത്തി, തെളിവുകള്‍ നേടിയെടുത്തതിന് ശേഷം മാത്രമേ – എന്ന് വെച്ചാല്‍ ഇതൊക്കെയും ഒറ്റക്ക് കടലിനടിയില്‍ പെട്ട ഒരാളുടെ ഹാലൂസിനേഷന്‍സ് അല്ലെന്നു ഉറപ്പിച്ചതിനുശേഷം മാത്രമേ ശാസ്ത്രലോകം അംഗീകരിക്കൂ. അംഗീകരിച്ചാല്‍ – സത്യമായി ഭവിച്ചാല്‍ – ഡോക്ടര്‍, നിങ്ങളുടെയീ അഭിമന്യുവിന് ശാസ്ത്രലോകം നൊബേല്‍പ്രൈസ് കൊടുക്കും, കൊടുക്കണം. അത് സ്വീകരിക്കാന്‍ നമുക്കിടയില്‍ അയാളുണ്ടാകണമെന്നാണ് ഞങ്ങളുടെയൊക്കെ പ്രാര്‍ഥന.’

സ്റ്റീവന്‍, നിങ്ങള്‍ എന്തൊക്കെയാണ് ഈ പറയുന്നത്. കടലിനടിയില്‍ എന്ത് കണ്ടുപിടിത്തമാണ് അഭി നടത്തിയത്. ഫിലിപ്പീന്‍ സീയില്‍ നിന്നും പസിഫിക്കിലേക്കു കടന്നപ്പോള്‍ ഞാന്‍ പറഞ്ഞതാണ് സൂക്ഷിക്കണമെന്ന്. ഒരാള്‍ക്കും അറിയാത്ത, ഒറ്റക്ക് ഇതുവരെ എത്തിപ്പെടാനാകാത്ത ഒരിടമാണത്. നിങ്ങളൊക്കെ എത്രയൊക്കെ ഒപ്പമുണ്ടെന്നു പറഞ്ഞാലും, അവന്‍ രക്ഷപ്പെട്ടില്ലെങ്കില്‍ പിന്നെന്തിനാണ് നൊബേല്‍പ്രൈസ്. അതൊക്കെയും നിങ്ങളെടുത്തോ. നിങ്ങളിപ്പോള്‍ അവനെ കണ്ടുപിടിക്കാനാണ് ഞങ്ങളെ സഹായിക്കേണ്ടത്.

‘ഡോക്ടര്‍ അനൂ. അവനെ തിരയാനായിട്ടുതന്നെ അഞ്ചോളം സബ്മറൈന്‍സ് നമ്മള്‍ അയച്ചിട്ടുണ്ട്. നിങ്ങള്‍ പേടിക്കരുതെന്നു കരുതി പത്രക്കാരോട് ഇതൊന്നും അറിയിക്കുന്നുമില്ല. ഓഷ്യന്‍ ഗേറ്റിന്റെ ടൈറ്റാനിക് സബ് മെര്‍സിബിളിന്റെ ന്യൂസ് പുറത്ത് വിട്ടിട്ട് എന്താണുണ്ടായതെന്ന് നമുക്കറിയാമല്ലോ, അതിന്റെ ഉടമസ്ഥന്റെ ഭാര്യ, മകളെയും കൊന്ന് സ്വയം വെടിവെച്ചു മരിച്ചു. ഇക്കാലത്ത് വാര്‍ത്തകള്‍ ആരെയൊക്കെ കൊല്ലുമെന്ന് പറയാന്‍ കഴിയില്ല. ടൈറ്റാനിക്ക് അപകടത്തില്‍പ്പെടാനുണ്ടായ കാരണം സമുദ്രത്തിനിടയിലെ ജലമര്‍ദം താങ്ങാന്‍ കഴിയാഞ്ഞതല്ലേ? എന്നാല്‍, ഇന്നത്തെ മീഡിയകള്‍ ഇറക്കുന്ന വാര്‍ത്തകള്‍ക്ക് അതിനേക്കാളും മര്‍ദവും സ്ട്രെസ്സും മനുഷ്യരിലേല്പിക്കാന്‍ കഴിയുന്നു, പലരെയും കൊല്ലാന്‍ മാത്രം മര്‍ദം! അഭിമന്യുവിന്റെ സബ്മറൈന്റെ അവശിഷ്ടങ്ങള്‍ കിട്ടാത്തിടത്തോളം കാലം അവന്‍ ജീവനോടെയുണ്ട് എന്നുതന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ബ്ലൂപ്പിന്റെ പിടിയില്‍ നിന്നാണ് അവന്‍ തെന്നി മാറിയത്’. 

ബ്ലൂപ്പോ? അതെന്താണ്?, പെട്ടെന്ന് ചോദിച്ചു പോയി.

‘ബ്ലൂപ് – അങ്ങനെയൊന്ന് ഉണ്ടോ എന്നറിയില്ല ഡോക്ടര്‍ അനു. പക്ഷേ, അങ്ങനെയൊന്ന് ഈ ലോകത്തിലുണ്ടെങ്കില്‍, അഭി കണ്ടുപിടിച്ചത് വലിയ – ഭീമാകാരനായ ബ്ലൂപ്പിനെപ്പോലെത്തന്നെ വലിയ കണ്ടുപിടിത്തമാണ്. എങ്കില്‍ അഭിമന്യുവിനെ അനശ്വരനാക്കാന്‍ നൊബേല്‍ പ്രൈസിനേക്കാള്‍ വലിയ അവാര്‍ഡ് എന്തെങ്കിലുമുണ്ടെങ്കില്‍ അത് കൊടുത്താകും അദ്ദേഹത്തെ ആദരിക്കുക’.

എന്നുവെച്ചാല്‍ – അഭി ജീവനോടെ ഇല്ലെന്നാണോ. അവാര്‍ഡും വേണ്ട, ഒരു കുന്തവും വേണ്ട അവനെവിടെയെന്ന് കണ്ടു പിടിച്ചൂടേ നിങ്ങള്‍ക്ക്. അവന്റെ ക്ളൗഡ് സ്റ്റോറേജ് ആക്സസ് കിട്ടി എന്നച്ഛന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി നിങ്ങള്‍ അവന്റെ വേര്‍ എബൗട്സ് മനസ്സിലാക്കിയിരിക്കുന്നു എന്ന്. ഇതിപ്പോ. നിരാശയോടെ നിലത്തേക്ക് നോക്കി ഞാന്‍ മുരണ്ടു.

‘മോളേ, അഭി മിസ്സിങ് ആകുന്നതിനു മുമ്പുവരെ നിനക്കയച്ച മെസ്സേജുകള്‍ കഴിഞ്ഞുള്ള മെസ്സേജുകളാണ് അവര്‍ക്കു കിട്ടിയത്, അതിനു മുമ്പ് അവന്‍ അയച്ചതൊന്നും സ്റ്റോറേജില്‍ ഇല്ല താനും. എന്നുവെച്ചാല്‍ അവനറിയാമായിരുന്നു സിഗ്നല്‍ കട്ട് ആയെന്ന്. പിന്നീടുള്ള മെസ്സേജസ് ഏതെങ്കിലും സമയത്ത് എങ്ങനെയെങ്കിലും നെറ്റ്വര്‍ക്ക് ഉള്ള സ്ഥലത്ത് എത്തിപ്പെട്ടാല്‍ അതൊക്കെയും ഈ സ്റ്റോറേജിലേക്കു ട്രാന്‍സ്ഫര്‍ ആകാനുള്ള സെറ്റിങ്സ് അവന്‍ ചെയ്ത് വെച്ചിരുന്നു. അത് കഴിഞ്ഞ് അവന്‍ കണ്ട, അനുഭവിച്ച, കുറെയേറെ കാര്യങ്ങള്‍ ഇതിലുണ്ടത്രേ! മോളെ നീ കേട്ട് നോക്ക്. അത്രയൊക്കെ കണ്ട ഒരാള്‍, അനുഭവിച്ച ഒരാള്‍ തിരിച്ചുവരുമെന്ന് ആര്‍ക്കും പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നാണ് ഈ ടീമിന്റെ അനുമാനം.

ഓ. അപ്പോ സ്റ്റീവന്‍ തന്നോട് സംസാരിക്കുമ്പോള്‍ അച്ഛനോട് അവര്‍ ഇതൊക്കെയാണ് പറഞ്ഞത് അല്ലേ. എന്തൊക്കെ എന്നോട് പറയണം എന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ അച്ഛന് വിട്ടു കൊടുത്തതാണ്. പെണ്ണല്ലേ, എനിക്കെന്തൊക്കെ സഹിക്കാന്‍ കഴിയും! എം ഡി ക്ക് ശേഷം നൂറോളം ഹൃദയങ്ങളില്‍ ഒറ്റയ്ക്ക് കൈയിട്ട് മാലിന്യം നീക്കിയത് പോകട്ടെ, അഭിയുടെ മരിയാന ട്രെഞ്ചിലേക്കുള്ള യാത്രയുടെ മുഴുവന്‍ പ്ലാനിങ്ങും ചെയ്തത് ഞാനാണ് എന്നിവര്‍ക്കറിയില്ലായിരിക്കും. ഒട്ടും ശാന്തമല്ലാത്ത ശാന്തസമുദ്രത്തില്‍ പതിനൊന്നു കിലോമീറ്ററിലേറെ താഴ്ചയുള്ള കിടങ്ങിലേക്കെത്താന്‍ ഫിലിപ്പീന്‍സില്‍നിന്നും ഗുവാമിലേക്കും, പിന്നെ കിടങ്ങു കടന്നതിനു ശേഷം മരിയാന വഴി തിരിച്ചുമുള്ള വഴിയിലൂടെ യാത്ര പ്ലാന്‍ ചെയ്തത് തന്നെ ഞാനാണ്. ശരാശരി 69 കിലോമീറ്റര്‍ വീതിയുള്ള കിടങ്ങിലിറങ്ങി അത് കടന്നു തെക്കുകിഴക്കായുള്ള മരിയാന ദ്വീപുകളിലെത്തുമ്പോഴേ തിരിച്ച് പുറം ലോകത്തിലേക്ക് കണക്ടഡ് ആകൂ എന്നറിയാവുന്നതു കൊണ്ടാണ് അഭിയുടെ മെസ്സേജസ് പെട്ടെന്ന് കാണാതായിട്ടും പേടിക്കാഞ്ഞത്. അവനെന്തോ പറ്റിയിട്ടുണ്ടെന്ന് മനസ്സ് പറഞ്ഞിട്ടും ബുദ്ധി അംഗീകരിക്കാത്തത്. അവനറിയാം അവനെന്തിനാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്ന്. എന്തപകടവും തരണം ചെയ്യാന്‍ അവനു കഴിയുമെന്നും ഇപ്പോഴും വിശ്വാസമുണ്ട്. ഇതുവരെ മരിയാനക്കിടങ്ങില്‍ എത്തി, തിരിച്ചെത്തിയവര്‍ വെറും മൂന്നേ മൂന്നു പേര്‍ മാത്രമാണ്, അവരുപയോഗിച്ച ബാത്തിസ്ക്കേഫ് പേടകത്തിനേക്കാള്‍ എത്രയോ മെച്ചപ്പെട്ട പേടകമാണ് അഭിയുടെ പത്മവ്യൂഹം. ടൈറ്റാന്‍ പേടകത്തില്‍ സംഭവിച്ചത് പോലെ, പേടകത്തിനുള്ളിലെ സെയിലര്‍ മരിച്ചു പോയാല്‍പ്പോലും അഭിയുടെ പത്മവ്യൂഹം തിരിച്ച് ഏറ്റവുമടുത്തുള്ള കരയിലേക്കെത്തുമെന്ന് സ്റ്റീവന് അറിയുന്നതാണല്ലോ. സമുദ്രോപരിതലത്തിനേക്കാള്‍ ആയിരമിരട്ടിയിലധികമാണ് അടിത്തട്ടിലെ മര്‍ദം, അതൊക്കെ അഭിയുടെ പത്മക്ക് വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന ഉറപ്പ് കിട്ടിയതിനുശേഷമാണ് താനീയാത്രക്ക് പച്ചക്കൊടി കാട്ടിയതെന്ന് ഇവര്‍ക്കറിയില്ലല്ലോ, ബ്ലഡി മെയ്ല്‍ ഷോവനിസ്റ്റ്സ്.

എന്നാലും എന്താണീ ബ്ലൂപ്, അങ്ങനെയൊന്നിനെ നേരിടേണ്ടിവരുമെന്ന് അഭിക്കു അറിയാമായിരുന്നോ? അതാണോ അന്നവന്‍ പറഞ്ഞ ആ സ്പെഷ്യല്‍ ജീവി, അന്നേ ചോദിക്കണമായിരുന്നു. അതിനെക്കണ്ടതിനാണോ നൊബേല്‍ പ്രൈസ് കിട്ടുന്നത് ? മൊബൈലില്‍ തിരഞ്ഞു – ഓ നീലത്തിമിംഗലത്തേക്കാളും വലിയ ഒരു മല്‍സ്യം, അയ്യേ – മല്‍സ്യമല്ല, സസ്തനിയാണ്. അതിനെക്കണ്ടതാണോ ഇനി തിരിച്ച് വരാന്‍ കഴിയില്ലെന്നു അവനു തോന്നാന്‍ കാരണം? ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യ പേടകമെത്തിച്ചത് ഭാരതീയരെന്ന പോലെ, മുമ്പ് പോയവരെക്കാളും വിവരങ്ങള്‍ ശേഖരിക്കുകയും പുതിയതെന്തെങ്കിലും അറിയുകയും ചെയ്തേ തിരിച്ചു വരൂ എന്ന് പറഞ്ഞ്, ഇത്രയേറെ ആത്മവിശ്വാസത്തോടെ പോയ ആള്‍ക്ക് എങ്ങനെയാണു എന്നെ വേണ്ട എന്നുവെക്കാന്‍ കഴിഞ്ഞത്, അവനെ ആകര്‍ഷിക്കാന്‍ കടലില്‍ നിന്നും ഏതേലും മത്സ്യകന്യക വന്നോ. ഈ ബ്ലൂപ് എന്നാല്‍ എന്താ?

മനസ്സ് പിന്നെയും മറിഞ്ഞു മറിഞ്ഞു വീഴാന്‍ തുടങ്ങുന്നുവോ. സ്റ്റീവന്‍, നിങ്ങളൊരു ഉപകാരം ചെയ്യു, നിങ്ങള്‍ ഹാക്ക് ചെയ്ത സ്റ്റോറേജിന്റെ പുതിയ പാസ്വേര്‍ഡ് സെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഷെയര്‍ ചെയ്യൂ, അച്ഛന് മെസ്സേജ് ചെയ്താല്‍ മതി.

ഞാന്‍ എഴുന്നേറ്റു. മെസ്സേജസ് കേള്‍ക്കണം. ഇവര്‍ പറയുന്ന ബ്ലൂപ് എന്തേലും അപകടം വരുത്തിയോ. ടൈറ്റന്‍ അപകടത്തില്‍പ്പെട്ടത് സമുദ്രത്തിനടിയിലെ വെള്ളത്തിന്റെ മര്‍ദം കൊണ്ട് ആ പേടകം തന്നെ ഞെരിഞ്ഞു പോയതുകൊണ്ടാണ്, ഒരു സ്രാവ് ഇരയെ കടിക്കുമ്പോള്‍ നല്‍കുന്ന മര്‍ദത്തിനെക്കാള്‍ കൂടുതല്‍ ശക്തിയോടെ ആ പേടകത്തിന് പുറത്തുള്ള ജലം അതിനെ ഞെരിച്ചമര്‍ത്തിയത്രേ! എന്നാല്‍, പത്മവ്യൂഹത്തിനു അതിനേക്കാളും പത്തിരട്ടി മര്‍ദം സഹിക്കാന്‍ കഴിയും. പിന്നെന്തിന് പേടിക്കുന്നു. ഇനിയീ ബ്ലൂപിന് ഉണ്ടെന്നു പറയുന്ന സൈസിനനുസരിച്ച് ശക്തിയും ഉണ്ടെങ്കില്‍, പത്മയെ കടിച്ചുചവക്കാന്‍ കഴിഞ്ഞാല്‍ – ഓ! ദൈവമേ!

അച്ഛന്‍ ഒന്നും പറയാതെ വണ്ടി ഓടിക്കുകയാണ്. അവര്‍ തന്ന ഫ്ളാഷ് ഡ്രൈവില്‍ നിന്ന് അവസാനത്തെ മെസ്സേജ് ആണ് ആദ്യം കേള്‍ക്കാന്‍ തുടങ്ങിയത്. ‘അനൂ…’, അവന്റെയാ ശബ്ദത്തില്‍ നിറയെ വിങ്ങലായിരുന്നു. ചെറുപ്പത്തില്‍ സാറ്റ് കളിക്കുമ്പോള്‍ ഞാന്‍ കുറെ നേരം ഒളിച്ചിരുന്നാല്‍, കാണാതായാല്‍ വിളിക്കുമ്പോഴത്തെ ശബ്ദം പോലെ, പേടിച്ച് വിങ്ങി – വേഗം അവസാനത്തേക്ക് ഫോര്‍വേഡ് ചെയ്തു. ‘ഇതെന്നെ വിഴുങ്ങുന്നു അനൂ, വിഴുങ്ങിക്കഴിഞ്ഞു അനൂ, എന്റെ പൊന്നേ, ഇനി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍, നിന്നെയാണെനിക്കേറ്റവുമിഷ്ടം, ഞാന്‍ ഏറ്റവും സ്നേഹിക്കുന്നതെന്ന് നിന്നെയാണെന്ന് ഒന്നൂടെ പറയട്ടെ, അച്ഛനെയും അമ്മയെയും അല്ല, നിന്നെയാണ്. നിന്നെക്കഴിഞ്ഞാല്‍ നമ്മള്‍ക്ക് ജനിക്കാനിരിക്കുന്ന പത്തോളം മക്കളെയാണ് എനിക്കേറ്റവുമിഷ്ടം. ഇത് നീ അറിയണം.’ 

തേങ്ങിപ്പോയി…

‘ഇത് നീ അറിയണം’, അതിനുശേഷം പിന്നെ ഒന്നുമില്ല. ഇതെന്നെ വിഴുങ്ങുന്നു എന്ന് വെച്ചാല്‍ അഭി പേടകത്തിന് പുറത്ത് വന്നോ. അതെങ്ങനെ, ലോക്ക് പൂട്ടിയത് സ്റ്റീവന്‍ അല്ലേ? തിരിച്ചു ബേസില്‍ എത്താതെ പത്മയെ ആര്‍ക്കും തുറക്കാന്‍ കഴിയില്ലല്ലോ.

വീണ്ടും അവസാനത്തിനു കുറച്ച് മുമ്പ് മുതല്‍ കേള്‍ക്കാന്‍ തുടങ്ങി. ‘അനൂ, ഈ ജീവിക്കെന്തൊരു വലുപ്പമാണെന്നറിയുമോ അനൂ. കുഞ്ഞായിരുന്നപ്പോള്‍ ആനക്കടിയിലൂടെ നൂണ്ട് വരാന്‍ കൊണ്ടുപോയപ്പോള്‍ തോന്നിയ അദ്ഭുതം ഇപ്പോഴും! ഇതിപ്പോ ആനയുടെ നൂറിരട്ടി ഉണ്ട്, തിമിംഗലത്തിനേക്കാളും വളരെ വലുത്. വലിയ വായ തുറക്കുന്നുണ്ടല്ലോ, ഇതെന്താ കാരിച്ചാലിന്റെ ചുണ്ടന്‍ വള്ളം പോലെ – ഇതിന്റെ വായുടെ രണ്ടറ്റവും കാണാന്‍ കഴിയുന്നില്ല. ഇതെന്നെ വിഴുങ്ങുന്നു അനൂ.’

‘മോളേ’, അച്ഛനാണ്. ‘മോളേ. അഭി കിടങ്ങിലിറങ്ങിയ നേരം ബ്ലൂപ് എന്ന ബ്ലൂവെയിലിനേക്കാളും നാലിരട്ടിയിലധികം വലുപ്പമുള്ള ജീവികളെ കണ്ടെന്നും അവയിലൊന്നിന്റെ വായിലേക്കാണ് പത്മവ്യൂഹം ഇറങ്ങിയതെന്നുമാണ് നേവി ടീം മനസ്സിലാക്കിയത്. ബ്ലൂപ്പിനെക്കുറിച്ച് പല അനുമാനങ്ങളും ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ഇതുവരെ അങ്ങനെ ഒന്നിനെ കണ്ടതായി ആരും രേഖപ്പെടുത്തിയിട്ടില്ലത്രേ! അതവനറിയാമായിരിക്കണം, അതാണ് അവന്‍ തിരിച്ചു വന്നില്ലേലും മനുഷ്യലോകം ബ്ലൂപ്പിനെക്കുറിച്ചറിയട്ടെ എന്നവന്‍ കരുതിയത്.’

മെസ്സേജസ് കിട്ടുന്നു എന്നതിനര്‍ഥം പത്മ കരക്കരികിലെത്തി എന്നല്ലേ, പത്മ എവിടെ, അഭിയെവിടെ? അച്ഛാ, ക്ളൗഡ് സ്റ്റോറേജിന്റെ ക്രെഡന്‍ഷ്യല്‍സ് അവര്‍ അയച്ചോ ?

അച്ഛന്റെ അനുവാദത്തിന് കാത്തുനില്‍ക്കാതെ മൊബൈല്‍ എടുത്ത് സ്റ്റീവന്റെ മെസ്സേജസ് നോക്കി, ക്ളൗഡിലേക്ക് ലോഗിന്‍ ചെയ്തു, അഭിയുടെ മെസ്സേജസ് ഇനിയും വരാനുണ്ട് എന്ന് മനസ്സ് പറയുന്നു, ‘ഇത് നീ അറിയണം’ എന്നും പറഞ്ഞ് നിര്‍ത്താന്‍ അവനു കഴിയില്ല. 

അച്ഛാ നമുക്കിവിടന്നു എന്തേലും കഴിക്കാം, വിശക്കുന്നു. ഹൈവേയില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് കയറുമ്പോഴാണ് ‘ഇതാ അണ്ടെര്‍സീ’ എന്ന അഭിക്കിഷ്ടമുള്ള സീഫുഡ് സ്പെഷ്യല്‍ റെസ്റ്റോറെന്റ് കണ്ടത്. നല്ല വിശപ്പ്. വീട്ടിലേക്ക് പോകാനും തോന്നുന്നില്ല. അഭി എന്തോ എന്നോട് പറഞ്ഞിട്ടുണ്ട്, അവന് എന്റെ സഹായം ആവശ്യമുണ്ട്. അവനയച്ച മെസ്സേജ് ഇനിയും വരാനുണ്ട്. ചിലപ്പോള്‍ ഒന്നൂടെ നേവി ഓഫീസിലേക്ക് പോകേണ്ടി വരും.

അച്ഛന്‍ ഒന്നും മിണ്ടാതെ ഇതാ അണ്ടെര്‍സീയിലേക്ക് വണ്ടി കയറ്റി, വാലേയില്‍ പാര്‍ക്കിങ്ങിന് കൊടുത്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. സ്റ്റോറേജ് ഫോള്‍ഡറില്‍ ഒന്നൂടെ ക്ലിക്ക് ചെയ്തപ്പോള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ മൂന്ന് മെസ്സേജുകളുണ്ട്. അച്ഛാ കേള്‍ക്കൂ, അഭിയുടെ പുതിയ മെസ്സേജ്, എന്നും പറഞ്ഞ് അവസാനത്തെ മെസ്സേജ് ക്ലിക്ക് ചെയ്തു. ‘അനൂ, ശ്വാസം മുട്ടും പോലെ അനൂ, അവളെന്നെ റ്റുമോന്‍ ബീച്ചിലേക്കാണെന്ന് തോന്നുന്നു കൊണ്ടുപോകുന്നേ, ഇവടെ ആള്‍ താമസം കുറവല്ലേ, സഹായിക്കാന്‍ ആരെയാണ് കിട്ടുക. ഇത്രേം വലിയ ശരീരം വെച്ച് ഇവള്‍ക്കെന്നെ കരയിലേക്കെത്തിക്കാനും കഴിയില്ല, അവളുടെ വലിയ കണ്ണുകള്‍ കൊണ്ട് എന്നെ നോക്കുന്നുണ്ട്. ഈ ബ്ലൂപ്പുകള്‍ക്ക് നല്ല ബുദ്ധിയുണ്ട് കേട്ടോ, സ്നേഹവും. എന്നെപ്പോലത്തെ ജീവികള്‍ ഉള്ളത് കരയിലാണെന്ന് ഇവള്‍ക്കറിയാം. അയ്യോ! അവളുടെ വയറ് അടിത്തട്ടില്‍ തട്ടി എന്ന് തോന്നുന്നു, അതാണവള്‍ മുന്നോട്ട് നീങ്ങാത്തത്. ഇത്രേം വലിയ ജീവിയല്ലേ, കരയിലേക്ക് എങ്ങനെ വരാനാണ്. അവള്‍ പത്മയെ അവളുടെ വായില്‍ നിന്ന് പതുക്കെ വിട്ട് നോക്കി. പത്മ ഇനിയും പൊങ്ങിക്കിടക്കുമോ എന്തോ? നമ്മുടെ പത്മ ഫെയില്‍ ആയോ അനൂ, പത്മക്ക് മുകളിലേക്ക് പൊന്താനോ നീന്താനോ കഴിഞ്ഞില്ലെങ്കില്‍ എനിക്കിനി നിന്നെക്കാണാന്‍ കഴിയില്ലേ? ഞാന്‍ തളര്‍ന്നു അനൂ, എനിക്ക് നിന്നെക്കാണണം.’

‘എന്താ ഉണ്ടായതെന്നറിയുമോ, ഞങ്ങള്‍ ട്രെഞ്ചിലേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ കയറിപ്പോയത് ശ്വാസമെടുക്കാനായി അവിടെ വായും പൊളിച്ച് നിന്ന ഈ ബ്ലൂപ്പിന്റെ വായിലേക്കാണ്. അവളുടെ വയറ്റിലേക്ക് വെള്ളത്തോടൊപ്പം ഒലിച്ച് കയറിയതോടെ പത്മയുടെ കണ്ട്രോള് പോയി, ബ്ലൂപ്പിന്റെ വയറില്‍ എവിടെയൊക്കെയോ പോയി ഇടിച്ചു. പുറത്തിറങ്ങാനോ നിന്നെക്കാണാനോ നമ്മുടെ മക്കളെക്കാണാനോ കഴിയില്ലെന്ന തോന്നല്‍ വന്നതോടെ എന്റെ കണ്ട്രോളും പോയി അനൂ. വെള്ളം മുഴുവന്‍ തിരിച്ചു പുറത്തേക്കിറങ്ങിയപ്പോള്‍ പത്മയും പുറത്തേക്കൊഴുകിയതാണ്. പക്ഷേ. പത്മ അതിന്റെ പല്ലില്‍ കുടുങ്ങിയപ്പോള്‍ അതൊന്ന് ഇറുക്കി, അതോടെ എല്ലാം തവിടുപൊടി ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്ത് ചെയ്യാന്‍, അതിന് ശേഷം പുറത്തെത്തിയ പത്മ താണുതാണ് പോവാനും തുടങ്ങി, ആകെ മൊത്തം അന്ധകാരമാണെങ്കിലും ഇവള്‍ എന്നെ നോക്കിക്കൊണ്ടേയിരുന്നു. പത്മ റീസ്റ്റാര്‍ട്ട് ആകാത്തത് താന്‍ കടിച്ചത് കൊണ്ടാണെന്ന് ബ്ലൂപ്പിന് തോന്നിക്കാണണം, അവള്‍ പത്മയെ താഴെ നിന്നും താങ്ങി മുകള്‍ത്തട്ടിലേക്ക് കൊണ്ടുവന്നു. അപ്പോഴേക്കും ഓക്സിജന്‍ സപ്ലൈ നിന്ന് ശ്വാസം കിട്ടാതെ ഞാന്‍ പിടക്കാന്‍ തുടങ്ങിയിരുന്നു. അതുകണ്ടാണ് ഇവള്‍ പത്മയെ ഒരു പല്ല് വെച്ച് കടിച്ച് ഒരു ദ്വാരം ഉണ്ടാക്കിയത്. അടുത്ത പ്രാവശ്യം ട്രഞ്ചിലേക്ക് നമുക്ക് ഒരുമിച്ച് വരാം, നമ്മള് ഓക്സിജന്‍ സിലിണ്ടറുകളില്‍ നിന്ന് നേരിട്ട് ശ്വസിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം.’

കണ്ണില്‍ നിന്നും നിര്‍ത്താതെ കിനിഞ്ഞിറങ്ങുന്ന കണ്ണീര്‍ തുടക്കാതെ അച്ഛനെ നോക്കി, അദ്ദേഹത്തിന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നു. എന്നാലും ട്രഞ്ചിലേക്ക് ഇനിയും പോകണം എന്ന അഭിയുടെ പറച്ചില്‍ കേട്ടിട്ടാകും ഒരു നേരിയ ചിരി ചുണ്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പോലെ. അവനിപ്പോള്‍ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന തോന്നല്‍ അച്ഛനും ഉണ്ടെന്ന് തോന്നുന്നു, ഇവനെ എന്ത് ചെയ്യാനാണ് അച്ഛാ? ഇങ്ങോട്ട് വരും മുന്നേ അവനു പിന്നേം പോകണം എന്ന്. അച്ഛാ, സ്റ്റീവനെ വിളിച്ചു പറയൂ, എല്ലാ അന്വേഷണവും റ്റുമോന്‍ ബീച്ചിനടുത്തേക്ക് ഫോക്കസ് ചെയ്യാന്‍. അവിടെ ഉണ്ടാകും അവന്‍. 

അച്ഛന്‍ സ്റ്റീവനെ ഫോണ്‍ ചെയ്യാനായി പുറത്തേക്കിറങ്ങി.

രണ്ടാമത്തെ ഫയല്‍ ക്ലിക്ക് ചെയ്തു. ‘ഇവളുണ്ടല്ലോ അനൂ, പത്മ കേടുവന്നതറിഞ്ഞ് എന്നെ കരയിലേക്ക് എത്തിക്കാനായി താങ്ങിക്കൊണ്ടു പോവുകയാണ്. ഇത്രയൊക്കെ ബുദ്ധി ഇവറ്റകള്‍ക്കുണ്ടാകും എന്ന് ഞാന്‍ കരുതിയില്ല. അനൂ, പൊന്നേ, ഐ ആം സോറി, എനിക്കറിയാമായിരുന്നു ഈ സീസണില്‍ ട്രെഞ്ചില്‍ ബ്ലൂപ്പുകള്‍ കൂട്ടമായി എത്തുമെന്ന്. നിന്നോട് പറഞ്ഞാല്‍ നീ പേടിക്കുമെന്ന് കരുതി, നീ ക്ഷമിക്ക്, ഞാന്‍ ചെയ്തത് തെറ്റാണ്, നിന്നെപ്പോലെ എന്റെ ഭ്രാന്തുകള്‍ക്ക് എല്ലാം ഒപ്പം നില്‍ക്കുന്ന ഒരാളോട് ഇവയെക്കുറിച്ച് പറയാതിരുന്നത് തെറ്റ് തന്നെയാണ്. ലാസ്റ്റ് ടൈം തിരിച്ചെത്തിയപ്പോള്‍ ആ യാത്രയിലുണ്ടായ മുഴുവന്‍ അനുഭവങ്ങളെയും കുറിച്ച് പറയാതിരുന്നത് ഞാന്‍ ഉറങ്ങിപ്പോയപ്പോള്‍ കണ്ട സ്വപ്നങ്ങള്‍ ആകും എന്ന് തോന്നിയതുകൊണ്ടാണ്. ഇത്രേം വലിയൊരു ജീവി നമ്മുടെയീ ഭൂമിയില്‍ ജീവിച്ചിരിക്കുന്നതായി ഒരു മുന്നറിവും ഇല്ലാതിരുന്നതിനാല്‍, സോളോട്രിപ്പിന് പോകുന്നവരിലുണ്ടാകുന്ന ഹാലൂസിനേഷന്‍ ആയിരുന്നിരിക്കും അതൊക്കെ എന്നാണ് വിശ്വസിച്ചത്.’

‘അല്ലേലും മരിയാന ട്രഞ്ചിലൊന്ന് ഇറങ്ങിക്കയറാനല്ലേ അന്ന് പ്ലാന്‍ ഉണ്ടായിരുന്നുള്ളൂ, അതിന്റെ വശങ്ങളിലൂടെ ഒന്ന് താണു നീന്തുകയായിരുന്നു ഞാനും അന്നത്തെ പത്മയും. അപ്പോഴാണ് ബ്ലൂവെയിലിന്റെ നാലിരട്ടിയോളം വലിപ്പമുള്ള – നൂറിലധികം മീറ്റര്‍ നീളവും അതിനൊത്ത വണ്ണവും കാരിച്ചാല്‍ ചുണ്ടനോളം പോന്ന വായയുമൊക്കെയുള്ള ഒരു പറ്റം ജീവികള്‍, ട്രഞ്ചിലേക്ക് ഒഴുകിയൊഴുകി ഇറങ്ങിപ്പോകുന്നത് കണ്ടത്. അവക്ക് നീലയും പച്ചയും കലര്‍ന്ന നിറമായിരുന്നു, ഭീമാകാരമായ വയറിനു താഴേക്ക് ചുവപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന നിറമുള്ളവയായിരുന്നു കുറച്ചെണ്ണം, പെണ്ണുങ്ങളാണ്, ബ്ലൂപ് സുന്ദരികള്‍. അവയുടെ കണ്ണുകളും മനോഹരങ്ങളായിരുന്നു, നീണ്ട് കരിമഷിയിട്ട കണ്ണുകള്‍. ആ വലിയ കൂട്ടത്തില്‍ ചിരിച്ചു കൊഞ്ചി പ്രണയികളായി പോകുന്നവരും കുടുംബമായി പോകുന്നവരും ഉണ്ടായിരുന്നു. ട്രഞ്ചിന്റെ വശങ്ങളിലുണ്ടായിരുന്ന, നിറയെ തിളങ്ങുന്ന ചുവപ്പും മഞ്ഞയും നീലയും നിറങ്ങളിലുള്ള മനോഹരമായ പവിഴപ്പുറ്റുകള്‍ അവിടമാകെ നിറച്ച പ്രകാശത്തിലാണ് ഞാനീ വലിയ കൂട്ടം സുന്ദര ജീവികളെ കണ്ടത്. അനൂ, അവിടമൊരു സ്വര്‍ഗം പോലെ തോന്നി, സുഗന്ധം നിറഞ്ഞിരുന്നു. ആ പവിഴപ്പുറ്റുകളൊരുക്കിയ മണിയറയില്‍, കൊഞ്ചിക്കുഴയുന്ന ഭീമാകാരന്മാരായ കാമുകിമാരാലും കാമുകന്മാരാലും ചുറ്റപ്പെട്ട് നീയും ഞാനും മത്സ്യകന്യകകളായിയിങ്ങനെ നീന്തി രസിക്കുന്നു, ഞാന്‍ കന്യകന്‍ ആയിട്ട്.’

‘നിന്നെ ആ മധുര വെളിച്ചത്തില്‍ കണ്ടപ്പോള്‍ ഒരു സ്വര്‍ഗകന്യ പോലെ, വാലറ്റങ്ങള്‍ ചുവന്ന് മഞ്ഞനിറവും ചെറുതായി പിടയ്ക്കുന്ന ചിറകുകള്‍ നീല നിറഞ്ഞ പച്ചയും. നിന്റെയൊപ്പം നീന്തിത്തുടിക്കുന്നതിനിടയിലാണ്, ട്രഞ്ചില്‍ നിന്നും തിരിച്ചു കയറാനായി പത്മയില്‍ നീ സെറ്റ് ചെയ്ത അലാറം അടിച്ചത് അതോടെ ആകെ ത്രെഡ് പോയി.’

‘അപ്പോഴേക്കും ആ ജീവികളൊക്കെയും കാഴ്ചക്കപ്പുറം എത്തിയിരുന്നു. ബോധത്തിനപ്പുറം തിരിച്ചു കയറി വന്നു നിന്റെയടുത്തെത്തിയിട്ടും, പിന്നെ കുറേയേറെ ദിവസങ്ങളിലും നിന്നെക്കാണുമ്പോഴൊക്കെ മത്സ്യകന്യക ആയിട്ടാണ് ഞാന്‍ കണ്ടത്.’

‘ഈ യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി ട്രഞ്ചിനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് വസന്തകാലങ്ങളില്‍ ട്രഞ്ചില്‍ അപകടങ്ങള്‍ കൂടുതല്‍ നടക്കുന്നു എന്നും അക്കാലത്ത് പോയവരൊന്നും തിരിച്ചെത്തിയിട്ടില്ല എന്നും വായിച്ചത്. അതിനൊരു ലോജിക്കും ഇല്ലല്ലോ, വസന്തകാലത്ത് അവിടന്ന് ഉയരുന്ന മനോഹരമായ മെലോഡിയസ് ശബ്ദങ്ങളെക്കുറിച്ചുള്ള പഠനങ്ങളും കുറെ വായിച്ചു. ഇണ ചേരാനായി കൂട്ടം കൂട്ടമായി വരുന്ന ബ്ലൂപ്പുകള്‍ ഉണ്ടാക്കുന്ന ശബ്ദങ്ങളാണ് അവ. പല്ലുള്ള സസ്തനികള്‍ ആയതുകൊണ്ട് അവയുണ്ടാക്കുന്ന ശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറവും മുഴങ്ങിക്കേള്‍ക്കും. ഇതൊന്നും പക്ഷേ, അക്കാലത്ത് ആ വഴി പോയവരെ കാണാതാകുന്നതിനുള്ള കാരണങ്ങള്‍ വിശദീകരിക്കുന്നില്ലല്ലോ. വസന്തത്തില്‍ മാത്രമേ സഞ്ചാരികള്‍ ട്രഞ്ചിലേക്ക് പോയിക്കാണൂ, അല്ലേ? എന്തായാലും ഇതൊന്നും എനിക്ക് സ്റ്റീവനോടോ നിന്നോടോ ഈ സ്വപ്നങ്ങളെക്കുറിച്ച് ഒന്നുംതന്നെ പറയാന്‍ കഴിഞ്ഞില്ല അനൂ, ഐ ആം റിയലി സോറി.’

ഈ യാത്രയില്‍ ഞാന്‍ രക്ഷപ്പെട്ടില്ല എങ്കിലും, എന്നെങ്കിലും പത്മയിലെ ക്യാമറയിലെ ഫോട്ടോസ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞാല്‍ എല്ലാരും ബ്ലൂപ്പിന്റെ എക്സിസ്റ്റന്‍സ്സിനെക്കുറിച്ച് വിശ്വസിച്ചേ മതിയാകൂ. പസിഫിക്കില്‍ വസന്തം തുടങ്ങുന്ന കാലം ബ്ലൂപ്പുകള്‍ എല്ലാം കൂടി ലവ്-മേക്കിങ്ങിനായി ട്രഞ്ചിലേക്ക് കുടിയേറും. നമ്മുടെ ഫസ്റ്റ് ലവ്-മേക്കിങ് അവിടെ ആക്കിയാലോ, ഒഴുകിയൊഴുകി നീങ്ങുന്ന രണ്ട് മത്സ്യകന്യകകള്‍, ഞാന്‍ കന്യകന്‍.’

മനസ്സും കണ്ണുകളും ശരീരവും പ്രണയം നിറഞ്ഞ് അലിഞ്ഞു.

അച്ഛന്‍ സ്റ്റീവനെ വിളിച്ച് തിരിച്ചെത്തിയോ, ഇത് അച്ഛന്‍ കേള്‍ക്കണ്ട, ശബ്ദം കുറച്ച് ചെവിയോട് ചേര്‍ത്ത് വീണ്ടു കേള്‍ക്കാന്‍ തുടങ്ങി. ‘പൊന്നേ, ഈ ബ്ലൂപ് പ്രെഗ്നന്റ് ആണെന്ന് തോന്നുന്നു, അവളുടെ അവനും പിന്നാലെയുണ്ട്, അവള്‍ പത്മയെ കടിച്ച് വെള്ളത്തിന് മുകളില്‍ പിടിച്ചിരിക്കയാണ്, എനിക്ക് ശ്വാസം കിട്ടാനായി, ഒരു ഭാഗം കടിച്ച് പൊട്ടിച്ചു. ഞാന്‍ മുമ്പ് പറഞ്ഞില്ലേ, എഞ്ചിന്‍ സ്റ്റാര്‍ട്ടാകാതെ വെള്ളത്തിലേക്ക് താണു താണു പോയെന്ന്. അപ്പോള്‍ മുതല്‍ അവളാണെന്നെ…’.

‘മോളേ അനൂ’, അച്ഛന്‍ വിളിക്കുന്നു. അവര്‍ക്ക് റ്റുമോന്‍ ബീച്ചില്‍ നിന്ന് ഒരാളെ, ഒരജ്ഞാതനെ കിട്ടിയതായി ഇന്‍ഫര്‍മേഷന്‍ കിട്ടിയിരിക്കുന്നു. അഭി തന്നെ. അവന്‍ ഹോസ്പിറ്റലില്‍ ആണ്. രണ്ട് മൂന്ന് തവണ ബോധം വന്നത്രേ. വീണ്ടും ബോധം ഇല്ലാതായി, സ്റ്റേബിള്‍ ആയാല്‍ വീഡിയോ കാള്‍ ചെയ്യാമെന്ന്.’ അച്ഛന്‍ വന്ന് തോളത്ത് പിടിച്ചു. 

ഇതുവരെ പിടിച്ചുവെച്ച എല്ലാ സങ്കടവും പൊട്ടിച്ചിതറി, തേങ്ങിത്തേങ്ങി അച്ഛന്റെ തോളിലേക്ക് വീണ് വീണ്ടും കരഞ്ഞു, വീണ്ടും വീണ്ടും കരഞ്ഞു.


സ്ക്രബ് : ഓപറേഷന്‍ റൂമില്‍ ഉപയോഗിക്കുന്ന കോട്ട് 
കീ ഫോബ്: കാറിന്റെ റിമോട്ട് കീ
ഗുവാം ദ്വീപ് – പസഫിക് മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ദ്വീപ് 
റ്റുമോന്‍ ബീച്ച് – ഗുവാം ദ്വീപിലെ ഏറ്റവും തെക്കുള്ള ബീച്ച് 


ശാസ്ത്രകഥാ പുരസ്കാരം ലഭിച്ച മറ്റു കഥകൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
80 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ
Next post ലൂക്ക സിറ്റിസൺ സയൻസ് പ്രൊജക്ട് – കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം
Close