ചുവന്ന സൂര്യന്‍, ചുവന്ന താരകം എന്നെല്ലാം നാം കേട്ടിട്ടുണ്ട്. എന്നാല്‍ ചുവന്ന ചന്ദ്രനെ കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ അത്തരം ഒരു ചന്ദ്രനെ കാണാന്‍ അവസരം വന്നിരിക്കുകയാണ്. 2018 ജനുവരി 31ന് ആണ് ഈ അപൂര്‍വ്വമായ ആകാശ കാഴ്ച അരങ്ങേറാന്‍ പോകുന്നത്. അന്ന് പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുമെന്ന് ഒരു പക്ഷേ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് മാത്രം സംഭവിക്കുന്ന കാഴ്ചയാണ് രക്തചന്ദ്രന്‍ അഥവാ ചുവപ്പ് ചന്ദ്രന്‍.
എന്താണ് രക്തചന്ദ്രന്‍?
ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുമ്പോഴാണല്ലോ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോള്‍ ചന്ദ്രമുഖം പൂര്‍ണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായും പ്രവേശിക്കുന്ന ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. ഇതിനെയാണ് രക്തചന്ദ്രന്‍ എന്ന് വിളിക്കുന്നത്. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം. ചുവപ്പ് ചന്ദ്രന്‍ (Red Moon), ചെമ്പന്‍ ചന്ദ്രന്‍ (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. https://www.youtube.com/watch?v=DX1Dz6y1NjY ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവര്‍ത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴല്‍ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനില്‍ പതിയ്ക്കുന്നു. ഈ പ്രകാശ രശ്മികള്‍ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയില്‍ പതിയ്ക്കുമ്പോള്‍ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാല്‍ ദൃശ്യപ്രകാശത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയില്‍ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല. തരംഗ ദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ മാത്രം ചന്ദ്രനില്‍ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളില്‍ എത്തുമ്പോള്‍ ചുവന്ന നിറത്തിലുള്ള ചന്ദ്രനെ നാം കാണുന്നു. അതായത് പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് പൂര്‍ണ്ണമായും അദൃശ്യമാകുന്നതിന് പകരം ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാവുകയാണ് ചെയ്യുക. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാന്‍ കഴിയില്ല.
ഭൗമാന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ സാന്നിദ്ധ്യത്തിനനുസൃതമായി ചുവപ്പ് നിറത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. അന്തരീക്ഷ മലിനീകരണത്തിന്റെ ഒരു അളവുകോലായും ഇതിനെ കണക്കാക്കുന്നു.
ജനുവരി 31 ചന്ദ്രഗ്രഹണ സമയം
ജനുവരി 31ന് പൂര്‍ണ്ണ ഗ്രഹണത്തോടെയാണ് വൈകിട്ട് ഇന്ത്യക്കാര്‍ ചന്ദ്രനെ കാണുക. അതായത് നാം ഒരു ചുവപ്പ് ചന്ദ്രനെയാണ് വരവേല്ക്കുന്നത്. രാത്രി 7.20 വരെ പൂർണ്ണ ചന്ദ്രഗ്രഹണം അനുഭവപ്പെടും. അതിനു ശേഷം ഏതാണ്ട് രണ്ട് മണിക്കൂറോളം നേരം ഭാഗിക ഗ്രഹണം കാണാൻ കഴിയും.
ചന്ദ്രഗ്രഹണം ആഘോഷിക്കാം
ചന്ദ്രഗ്രഹണം വീക്ഷിക്കുന്നത് തീര്‍ത്തും സുരക്ഷിതമാണ്. മാത്രമല്ല. മറ്റ് ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ തന്നെ ചന്ദ്രഗ്രഹണം നമുക്ക് കാണാന്‍ കഴിയും. മറവില്ലാതെ കിഴക്കോട്ട് ദർശനം കിട്ടുന്ന സ്ഥലം കണ്ടെത്തി അപൂർവ്വമായ ഈ ആകാശ വിരുന്നിനെ വരവേല്ക്കാം. സ്കൂളുകള്‍, കോളേജുകള്‍, റസിഡന്‍സ് അസോസ്സിയേഷനുകള്‍ തുടങ്ങിയവര്‍ക്ക് ഗ്രഹണോത്സവം തന്നെ സംഘടിപ്പിക്കാം. ശാസ്ത്രാഭിമുഖ്യവും ശാസ്ത്രചിന്തയും വളര്‍ത്തുന്നതിനുള്ള ഒരു അവസരമായി ജനുവരി 31നെ പ്രയോജനപ്പെടുത്താം.
അടുത്ത് വരാനിരിക്കുന്ന പൂര്‍ണ്ണചന്ദ്ര ഗ്രഹണങ്ങള്‍
- 2018 ജൂലൈ 27/28
- 2019 ജനുവരി 20/21
- 2021 മെയ് 26
- 2022 മെയ് 15/16
2 thoughts on “രക്തചന്ദ്രന്‍”