ഡോ. സംഗീത ചേനംപുല്ലി
അസിസ്റ്റന്റ് പ്രൊഫസര്‍, രസതന്ത്ര വിഭാഗം, ഗവ. ആർട്സ് ആന്റ് സയൻസ് കോളജ്, മീഞ്ചന്ത, കോഴിക്കോട്
ശാസ്ത്രലോകത്തെസംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ ഒരു കണ്ടെത്തലിന് നേതൃത്വം വഹിച്ച ഒരു വ്യക്തിയോട് സമൂഹം എങ്ങനെയാണ് പ്രതികരിക്കുക? അനുമോദനങ്ങളും ആശംസകളും കൊണ്ട് മൂടും എന്നാണ് ഉത്തരമെങ്കില്‍, തെറ്റി. അത്തരം അഭിനന്ദനങ്ങള്‍ക്ക് പാത്രമാവണമെങ്കില്‍ ആ വ്യക്തി ഒരു പുരുഷനായിരിക്കണം എന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അത് ഒരു സ്ത്രീയാണെങ്കില്‍ അര്‍ഹതയില്ലാത്ത അംഗീകാരം എന്നാര്‍പ്പുവിളിച്ച്, ട്രോളുകള്‍ കൊണ്ട് മൂടാനും, വ്യക്തിഹത്യ നടത്താനും, പരിഹസിക്കാനുമൊക്കെയാവും തിരക്ക്. ഒപ്പം കണ്ടെത്തലിന്റെ ‘ഭാരം’ ഒരു പുരുഷന്‍റെ തലയില്‍ അര്‍പ്പിക്കാനാവും ശ്രമം. അതിനായി തങ്ങള്‍ക്കറിയാത്ത കമ്പ്യൂട്ടര്‍ പ്രോഗ്രാമിലെ വരികളുടെ എണ്ണം പോലും പ്രവചിച്ചു കളയും പുരുഷാധിപത്യ സമൂഹം. ശാസ്ത്രജ്ഞന്‍ എന്ന് കേട്ടാല്‍ മനസ്സില്‍ തെളിയുന്ന പുരുഷ രൂപത്തെ തിരിച്ചുപിടിക്കാന്‍ ഏതറ്റം വരെയും പോകും ഇത്തരക്കാര്‍. എന്നാല്‍ ഈ പരമ്പരാഗത ധാരണകളെ അട്ടിമറിച്ചുകൊണ്ട് ശാസ്ത്രലോകത്തെ മുന്നോട്ട് നയിക്കുകയാണ് കേറ്റി ബോമാനെപ്പോലെയുള്ള ചെറുപ്പക്കാരികള്‍.
തമോദ്വാരങ്ങളുടെ ചിത്രം
അതിതീവ്രമായ ഗുരുത്വവലിവ് ചുറ്റുമുള്ള വസ്തുക്കള്‍ക്ക് മേല്‍ പ്രയോഗിക്കുന്ന, തന്‍റെ പരിധിയില്‍ വന്നുപെടുന്ന പ്രകാശമുള്‍പ്പടെ എന്തിനേയും വിഴുങ്ങുന്ന ഇരുണ്ട മേഖലകളാണ് തമോഗര്‍ത്തങ്ങള്‍. നക്ഷത്രങ്ങളുടെ പ്രകാശത്തിന് സംഭവിക്കുന്ന മാറ്റങ്ങള്‍ പോലുള്ളവ നിരീക്ഷിച്ചാണ് തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം നേരിട്ടല്ലാതെ തെളിയിച്ചിരുന്നത്.അടുത്തകാലത്ത് ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തല്‍ ഐന്‍സ്റ്റീന്‍റെ ആപേക്ഷികതാസിദ്ധാന്തത്തിന് മാത്രമല്ല തമോഗര്‍ത്തങ്ങളുടെ സാന്നിധ്യത്തിന് കൂടിയുള്ള തെളിവായി. എന്നാല്‍ പ്രകാശത്തെപ്പോലും പുറത്തുവിടാത്ത ഇവയുടെ ചിത്രം പകര്‍ത്തുക എന്നത് അസാധ്യമായാണ് കരുതപ്പെട്ടിരുന്നത്. തമോഗര്‍ത്തങ്ങളെ നേരിട്ട് കാണാനാവില്ലെങ്കിലും അവയുടെ ചുറ്റുമുള്ള ലക്ഷ്മണരേഖയായ സംഭവചക്രവാളത്തിന് (event horizon) സമീപം നടക്കുന്ന മാറ്റങ്ങളെ നിരീക്ഷിക്കാന്‍ കഴിയും. സംഭവചക്രവാളത്തിന്റെ പരിധിക്കപ്പുറം കടക്കുന്ന വസ്തുക്കളും കിരണങ്ങളും തമോഗര്‍ത്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നു. എന്നാല്‍ ഇതിന് തൊട്ടടുത്തെത്തി രക്ഷപ്പെടുന്ന കിരണങ്ങളുടെയും വാതകങ്ങളുടെയുമെല്ലാം പ്രതിപ്രവര്‍ത്തനങ്ങള്‍ പഠിക്കാനാവും. അത് വഴി ബ്ലാക്ക് ഹോളിന്റെ ചുറ്റുപാടിന്റെ ചിത്രം നിര്‍മ്മിക്കാനായിരുന്നു ശാസ്ത്രജ്ഞരുടെ ശ്രമം.
പക്ഷേ വളരെയധികം ദൂരെയുള്ള ഇത്തരമൊരു വസ്തുവിനെ നിരീക്ഷിക്കുമ്പോള്‍ രൂപപ്പെടുന്ന കോണ്‍ വളരെ ചെറുതാണ്. ഭൂമിയോളം വ്യാസമുള്ള ടെലസ്കോപ്പ് ഉപയോഗിച്ചാലേ അത് സാധ്യമാവൂ. ഭൂമിയുടെ പല ഭാഗത്തായി നിരവധി ടെലസ്കോപ്പുകള്‍ സ്ഥാപിച്ച് ഒരേ സമയം ഇവ ശേഖരിക്കുന്ന സിഗ്നലുകള്‍ കൂട്ടിച്ചേര്‍ത്താണ് തമോഗര്‍ത്തത്തിന്‍റെ ചിത്രം രൂപപ്പെടുത്തിയത്. നിരവധി ഹാര്‍ഡ് ഡിസ്കുകളിലായി ശേഖരിച്ച ഡാറ്റ ഒരിടത്തെത്തിച്ച് അനാവശ്യ സിഗ്നലുകള്‍ ഒഴിവാക്കി, കൂട്ടിച്ചേര്‍ത്താണ് മെസിയര്‍ 87 ഗാലക്സിക്ക് നടുവിലുള്ള നമ്മുടെ സൌരയൂഥത്തെക്കാള്‍ വലിപ്പമുള്ള തമോഗര്‍ത്തത്തിന്റ്റെ ചിത്രം രൂപപ്പെടുത്തിയത്.
വിവിധ ടെലസ്കോപ്പുകള്‍ നല്‍കുന്ന വിവരങ്ങളെ കൂട്ടിച്ചേര്‍ത്ത് തമോഗര്‍ത്തത്തിന്റെ ചിത്രം നിര്‍മ്മിക്കാനാവശ്യമായ കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചതില്‍ പ്രധാനിയാണ് കേറ്റി ബോമാന്‍. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാര്‍വാര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പി എച്ച് ഡി, പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ കാലത്ത് തമോഗര്‍ത്തങ്ങളുടെ ചിത്രണവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തി. അവര്‍ വികസിപ്പിച്ചെടുത്ത CHIRP (Continuous High-resolution Image Reconstruction using Patch priors) എന്ന അല്‍ഗോരിതം തമോഗര്‍ത്തത്തിന്‍റെ ചിത്രം രൂപീകരിക്കാനായി ഉപയോഗിച്ചു. തമോഗര്‍ത്തത്തിന്റെ ആദ്യചിത്രം കണ്ട് അത്ഭുതാനന്ദങ്ങളോടെയിരിക്കുന്ന കേറ്റിയുടെ ചിത്രം ആ നേട്ടത്തിനൊപ്പം ലോകം കണ്ടു.
കേയ്റ്റി ബോമാന്‍
അമേരിക്കയിലെ ഇന്ത്യാനയില്‍ ജനിച്ച കേറ്റി ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം അതേ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ പി എച്ച് ഡി യും നേടി. പ്രശസ്തമായ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു പഠനം. പിന്നീട് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷണവും നടത്തി. ഇക്കാലത്താണ് ഇവന്റ് ഹോറൈസണ്‍ ടെലസ്കോപ്പ് പദ്ധതിയുടെ ഭാഗമാകുന്നത്. തമോഗര്‍ത്ത ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനെപ്പറ്റി TEDx പ്രഭാഷണവും നടത്തിയിരുന്നു. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയിട്ടുണ്ട്.
ബോമൻ 2019ലാണ് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേർന്നത്. കമ്പ്യൂട്ടേഷണൽ ഇമേജിംഗിൽ പുതിയസംവിധാനങ്ങൾ കണ്ടെത്താൻ ഗവേഷണം നടത്തുന്നു. 2019 ഏപ്രിലിൽ ആദ്യമായി തമോദ്വാരത്തിന്റെ ചിത്രം രേഖപ്പെടുത്തിയതിൽ കേയ്റ്റിയുടെ പങ്ക് പ്രധാനമാണ്.
എന്നാല്‍ ഇത്രവലിയ ഒരു ശാസ്ത്രനേട്ടത്തിന്‍റെ ക്രെഡിറ്റ് ഒരു സ്ത്രീക്ക് നല്‍കാന്‍ പുരുഷാധിപത്യ ലോകത്തിന് താല്‍പ്പര്യമില്ലെന്ന് തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ കാണിക്കുന്നു. നിരവധി ട്രോളുകള്‍ അവര്‍ക്കെതിരെ പ്രസിദ്ധീകരിക്കപ്പെടുകയും പദ്ധതിയില്‍ പ്രവര്‍ത്തിച്ച ആന്‍ഡ്രൂ ചെയ്ലിനെപ്പോലുള്ളവരാണ് നേട്ടത്തിന്‍റെ അവകാശികള്‍ എന്ന് പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. പ്രോഗ്രാമില്‍ കേറ്റിയും ചെയലും എഴുതിയ വരികള്‍ എത്ര എന്ന് പോലും ഭാവനയെ മാത്രം അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ഇതിനെ നിഷേധിച്ച് അദ്ദേഹം തന്നെ രംഗത്തെത്തി. പതിനെട്ട് രാജ്യങ്ങളിലെ ഇരുന്നൂറിലേറെ ശാസ്ത്രജ്ഞര്‍ പങ്കെടുത്ത പദ്ധതിയാണ് ഇതെന്നും താന്‍ ഒറ്റയാളല്ല നേട്ടത്തിന് അവകാശിയെന്നു കേറ്റിയും വ്യക്തമാക്കിയിരുന്നു. പരിഷ്കൃതം എന്ന് കരുതപ്പെടുന്ന സമൂഹങ്ങളില്‍ പോലും പൊതുമനോഭാവങ്ങള്‍ എത്രമാത്രം സ്ത്രീവിരുദ്ധമാണ് എന്നതിന് നല്ല ഉദാഹരണമാണ് ഈ സംഭവം. വിശേഷിച്ച് പുരുഷന്‍റെ കുത്തകയായി കരുതപ്പെടുന്ന പ്രോഗ്രാമിംഗില്‍ വ്യക്തിമുദ്രപതിപ്പിച്ച ഒരു സ്ത്രീയെ അംഗീകരിക്കാനുള്ള വിമുഖത കൂടി അതിലുണ്ട്. കണക്കിലും കോഡിംഗിലും പ്രവര്‍ത്തിക്കാനാവശ്യമായ കൂര്‍മ്മബുദ്ധി സ്ത്രീകള്‍ക്കില്ല എന്ന പൊതുബോധത്തെ അട്ടിമറിക്കുക കൂടി ചെയ്യുന്നുണ്ട് കേറ്റി. അര്‍ഹതയില്ലാത്ത പ്രശസ്തി എന്ന് ആരൊക്കെ നിലവിളിച്ചാലും ശാസ്ത്ര-സാങ്കേതിക രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം കേറ്റി ആവേശോജ്ജ്വലമായ ഉദാഹരണം തന്നെയാണ്. മുപ്പത് തികയാത്ത, ഇനിയും ഔദ്യോഗിക ജീവിതം ആരംഭിച്ചിട്ടില്ലാത്ത ചെറുപ്പക്കാരിയാണ് കേറ്റി എന്നത് അവരുടെ നേട്ടത്തിന് തിളക്കം കൂട്ടുന്നു. ശാസ്ത്രജ്ഞരെ പറ്റിയുള്ള പതിവ് ഇമേജുകള്‍ പൊളിച്ചെഴുതിക്കൊണ്ട് ഇനിയും കേറ്റിമാര്‍ ശാസ്ത്രലോകത്തെ മാറ്റിമറിക്കും.
One thought on “തമോഗര്‍ത്ത ചിത്രവും കേറ്റി ബോമാനും”