ലക്‌നൗ. 1949 ഏപ്രിൽ 3. ഒരു മഹാസദസ്സിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പലിയോ ബോട്ടണി’യുടെ ശിലാസ്ഥാപനം നിർവഹിച്ചു. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ബിർബൽ സാഹ്‌നിയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ. സമ്മേളനത്തിൽ വിജ്ഞപ്തി പ്രസംഗം നടത്തിയതും സാഹ്‌നിയായിരുന്നു.
പ്രൊഫസർ സാഹ്‌നിയുടെ ജീവിതാഭിലാഷമായിരുന്നു രൂപംകൊള്ളാൻ തുടങ്ങിയ ആ ഗവേഷണ സ്ഥാപനം. പലിയോ ബോട്ടണി (പുരാതന സസ്യങ്ങളുടെ പഠനം) ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. ഇന്ത്യയിൽ വേരുപിടിച്ചു വന്ന ഈ ശാസ്ത്രശാഖ വളരണമെങ്കിൽ വിപുലമായ സൗകര്യങ്ങളുള്ള ഒരു പഠനകേന്ദ്രം ആവശ്യമാണെന്ന് സാഹ്‌നി കരുതി. മൂന്നു ദശകമായി അതിനുള്ള ഒരുക്കമായിരുന്നു. ഗവേഷകരെ പരിശീലിപ്പിച്ചു; ലോകമെമ്പാടും സഞ്ചരിച്ച് ഗവേഷണവസ്തുക്കൾ ശേഖരിച്ചു; ഉപകരണങ്ങൾ വാങ്ങി; ആവശ്യമായ പണവും കണ്ടെത്തി. ഇപ്പോഴിതാ ആത്മസ്‌നേഹിതനായ നെഹ്‌റുവിന്റെ ആശംസകളോടെ കെട്ടിടത്തിന്റെ പണിയും തുടങ്ങി. കൃതകൃത്യനായിട്ടാവണം അന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
പക്ഷേ, ഒരാഴ്ചയ്ക്കകം സാഹ്‌നിയുടെ ജീവൻ അപഹരിച്ചു. ഉദ്ഘാടനച്ചടങ്ങിന്റെ അലങ്കാരങ്ങളെല്ലാം അപ്പോഴും അഴിച്ചുമാറ്റിയിരുന്നില്ല. അന്നത്തെ പ്രസംഗമണ്ഡപത്തിന് താഴെയാണ് ലക്‌നൗ നഗരത്തിന്റെ കണ്ണീരിൽ മുങ്ങിയ മൃതദേഹം സംസ്‌കരിച്ചത്.
ഉദാത്തമായ ധീരത
സാഹ്‌നി മരിച്ചെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് ഉയർന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും. ‘ഇൻസ്റ്റിറ്റ്യൂട്ടിനെ പരിരക്ഷിക്കു’ എന്ന നിർദേശം മരിക്കുന്നതിന് തൊട്ടുമുമ്പ് പ്രിയതമയ്ക്ക് നൽകി. സാവിത്രി സാഹ്‌നി ഒരു ശാസ്ത്രജ്ഞയായിരുന്നില്ല. പക്ഷേ, അസാമാന്യമായ കർമശേഷിയും മനോധൈര്യവും അവർക്കുണ്ടായിരുന്നു. പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്തു. ഗവേഷണകേന്ദ്രത്തിന്റെ പണി പൂർത്തിയായി. സാഹ്‌നി തയ്യാറാക്കിയിരുന്ന രൂപരേഖ അനുസരിച്ച് ഗവേഷണവും സംഘടിപ്പിച്ചു. ‘ബിർബൽ സാഹ്‌നി ഗവേഷണകേന്ദ്ര’മെന്ന പേരും നൽകി.
ശാസ്ത്രജ്ഞനാവണമെന്ന് സാഹ്‌നിയും കുട്ടിക്കാലത്ത് കരുതിയില്ല. മകൻ ഇന്ത്യൻ സിവിൽ സർവീസിൽ (ഐ.സി.എസ്.) ചേരണമെന്നായിരുന്നു അച്ഛന്റെ മോഹം. ആ ഉദ്ദേശ്യത്തോടെയാണ് 1911-ൽ, ഇരുപതാമത്തെ വയസ്സിൽ സാഹ്‌നി ഉപരിപഠനത്തിനായി കേംബ്രിഡ്ജ് സർവകലാശാലയിൽ ചേർന്നതും. എങ്കിലും കുട്ടിക്ക് ഗവേഷണത്തിലാണ് താൽപര്യം തോന്നിയത്; അതറിഞ്ഞപ്പോൾ ആ വഴിക്കുപോകാൻ അച്ഛൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ലണ്ടൻ സർവകലാശാലയിൽനിന്നു 1919-ൽ ഡി.എസ്.സി. ബിരുദം നേടി സാഹ്‌നി ഇന്ത്യയിൽ മടങ്ങി യെത്തി.
ദീർഘകാലം ഇംഗ്ലണ്ടിൽ താമസിച്ചെങ്കിലും പാശ്ചാത്യ സമ്പ്രദായങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നില്ല. തികച്ചും ഭാരതീയമായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. വസ്ത്രം ഖദറാക്കി. ഗാന്ധിത്തൊപ്പിയും വേഷത്തിന്റെ ഭാഗമായി. ദേശാഭിമാനിയായ സാഹ്‌നി ഇന്ത്യയിലെ ഗവേഷണനിലവാരം ഉയർത്തണമെന്ന ദൃഢനിശ്ചയത്തോടെ പ്രവർത്തനം ആരംഭിച്ചു.
ഒരു തട്ടിപ്പിന്റെ കഥ
ഡിഗ്രി എടുക്കുന്നതിനു മുമ്പുതന്നെ സാഹ്‌നി ശാസ്ത്രലോകത്ത് പ്രസിദ്ധനായി. പ്രൊഫസർ ലാസണും ചേർന്ന് അദ്ദേഹം എഴുതിയ The Text Book of Botany ഇന്നും വിദ്യാർഥികൾക്കിഷ്ടപ്പെട്ട ഒരു പുസ്തകമാണത്. പക്ഷേ, പ്രസിദ്ധീകരണശാലക്കാർ ഒരു പണിപറ്റിച്ചു. ഈ പുസ്തകത്തിന്റെ പ്രചാരം കുറയാതിരിക്കാൻ ഇനി പാഠപുസ്തകമൊന്നും എഴുതരുതേ എന്നവർ സാഹ്‌നിയോട് അഭ്യർഥിച്ചു. ശുദ്ധാത്മാവായ അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു. പിന്നീടാണ് പ്രതിഫലം നൽകിയത്. വെറും ഇരുപത് പവൻ. തുച്ഛമായ ഈ തുകയിലും അദ്ദേഹത്തിന് പ്രതിഷേധമുണ്ടായിരുന്നില്ല.
സാഹ്‌നിയുടെ ശ്രദ്ധ മുഴുവൻ ഗവേഷണത്തിലും അധ്യാപനത്തിലുമായിരുന്നു. പ്രാക്തന സസ്യങ്ങളായിരുന്നു പഠനവിഷയം. ഏതാണ്ട് നാല്പതുകോടി കൊല്ലങ്ങളായി സസ്യങ്ങൾ ഭൂമുഖത്തുണ്ട്. അവയുടെ വികാസപരിണാമങ്ങൾ അതീവരസകരമായി സാഹ്‌നിക്ക് തോന്നി.
പ്രാചീന ഭൂതലത്തിലെ ജീവികളുടെ പഠനത്തിന് സഹായിക്കുന്നവയാണ് ഫോസിലുകൾ. മിക്ക ഫോസിലുകളും പുരാതനജീവികളുടെ അംശങ്ങൾ മാത്രമാണ്. പൈൻമരത്തിന്റെ കറയിൽ കുടുങ്ങിപ്പോയ ഷഡ്പദങ്ങളോ മരിച്ചപ്പോഴെ മഞ്ഞിൽ പുതഞ്ഞുപോയ ജന്തുക്കളോ വളരെ ലക്ഷം വർഷം കഴിഞ്ഞും കേടുകൂടാതെ കിടക്കും. പക്ഷേ, സാധാരണഗതിയിൽ ജീവികളുടെ ഭാഗങ്ങൾ മാത്രമെ നമുക്കു കിട്ടാറുള്ളു. അതും ശിലീഭ വിച്ച രൂപത്തിൽ. എങ്കിലും ആകൃതിക്കോ ആഭ്യന്തരഘടന യ്‌ക്കോ വ്യത്യാസമുണ്ടാവില്ല.
കല്ലും തീയും
ജൈവവസ്തുവിനും അതിന്റെ ഫോസിലിനും തമ്മിലുള്ള രൂപസാദൃശ്യം ഒരു വലിയ തമാശയ്ക്ക് വകനൽകി. സാഹ്‌നിയുടെ അടുക്കളയാണ് രംഗം. പാചകക്കാരി അടുപ്പിൽ തീപൂട്ടാൻ ശ്രമിക്കുകയാണ്. വിറകിൽ തീ ഏശുന്നില്ല. മിസ്സിസ് സാഹ്‌നിക്ക് ദേഷ്യംവന്നു. പാചകക്കാരിയെ മാറ്റി അവൾ തന്നെ ഒന്നു ശ്രമിച്ചുനോക്കി. അപ്പോഴല്ലേ മനസ്സിലായത്, പ്രൊഫസർ ഡെക്കാനിൽനിന്നു കൊണ്ടുവന്ന ആറു കോടി വർഷം പഴക്കമുള്ള ഒരു ഫോസിലാണ് അടുപ്പിലിരിക്കുന്നതെന്ന്.
വേലക്കാരിയെ കുറ്റം പറയാനില്ല. വിറകില്ലാതെ വന്നപ്പോൾ വളരെ നാളായി ഉപയോഗശൂന്യമായി വീട്ടിൽ കിടന്ന ഒരു തടിക്കഷണം എടുത്ത് അടുപ്പിൽ വച്ചെന്നേയുള്ളൂ. ശിലീഭവിച്ച മരമാണ് അതെന്ന് അവർ എങ്ങനെ അറിയാനാണ്!
ലക്‌നൗ സർവകലാശാലയിൽ മൂന്നു ദശകത്തോളം അദ്ദേഹം പ്രൊഫസറായിരുന്നു. ഇന്ത്യൻ പലിയോ ബോട്ടണിയുടെ സുവർണകാലഘട്ടമാണിത്. സസ്യശാസ്ത്രവിഭാഗത്തിനോടൊപ്പം ഭൂവിജ്ഞാന വകുപ്പിന്റെയും മേൽനോട്ടം അദ്ദേഹത്തിനായിരുന്നു. തിരക്കുപിടിച്ച ജോലിക്കിടയിലും അധ്യാപനത്തിന് സമയം കണ്ടെത്തി. തുടക്കംമുതലേ വിദ്യാർഥികളുടെ ആരാധനാപാത്രമായിരുന്നു സാഹ്‌നി. തരംകിട്ടുമ്പോഴൊക്കെ അണ്ടർഗ്രാ ഡ്വേറ്റ് ക്ലാസ്സുകളും അദ്ദേഹം കൈകാര്യംചെയ്തിരുന്നു.
ഒരിക്കൽ രണ്ടുമൂന്ന് ആഴ്ചക്കാലത്തേക്ക് ക്ലാസ്സെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വിദ്യാർഥികൾ സംഘം സംഘമായി സാഹ്‌നിയുടെ വീട്ടിലെത്തി. അവർക്ക് പ്രൊഫസറുടെ തിരക്കറിയാം. എന്നാലും ക്ലാസ്സിലൊന്നു വന്നേപറ്റൂ എന്നായിരുന്നു നിവേദനം. ഏത് അധ്യാപകനാണ് ഇത്ര സ്‌നേഹപൂർവമായ സമ്മർദം അവഗണിക്കാനാവുന്നത്? പിറ്റേദിവസം മുതൽ സാഹ്‌നി ക്ലാസ്സുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഗോണ്ട്‌വാനാ ലാൻഡ്
എങ്കിലും ഗവേഷണത്തിലൂടെയാണ് ലക്‌നൗ നഗരത്തിന് അദ്ദേഹം വൈജ്ഞാനിക ഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്തത്. ഗോണ്ട്‌വാനാ ലാൻഡിലെ സസ്യങ്ങളായിരുന്നു സാഹ്‌നിയുടെ മുഖ്യമായ ഒരു ഗവേഷണവിഷയം. ഇരുപത് കോടി വർഷങ്ങൾക്ക് മുമ്പ് തെക്കും വടക്കും ഓരോ ഭൂഖണ്ഡങ്ങൾ വീതമേ ലോകത്തുണ്ടായിരുന്നുള്ളു. തെക്കേ അമേരിക്കയും ആഫ്രിക്കയും ആസ്‌ത്രേലിയയും ഇന്ത്യയും അന്റാർട്ടിക്കയും ചേർന്നതായിരുന്നു ഗോണ്ട്‌വാനാ ലാൻഡ് എന്നറിയപ്പെടുന്ന ദക്ഷിണഭൂഖണ്ഡം. വിശാലമായ ഈ ഭൂവിഭാഗങ്ങളിലെ സസ്യങ്ങളെക്കുറിച്ചുള്ള പഠനം അതിപ്രധാനമായ ചില നിഗമനങ്ങളിലേക്ക് നയിച്ചു.
ഗ്ലോസോപ്‌റ്റെറിസ് എന്ന സസ്യത്തിന്റെ ഫോസിലുകൾ ഗോണ്ട്‌വാനാ ലാൻഡിന്റെ എല്ലാ ഭാഗത്തുനിന്നും കിട്ടിയിട്ടുണ്ട്. ആസ്‌ത്രേലിയ മുതൽ തെക്കേ അമേരിക്കവരെയുള്ള രാജ്യങ്ങൾ അക്കാലത്ത് ഒന്നുചേർന്നു കിടന്നിരുന്നു എന്നുമാത്രമല്ല ഈ വസ്തുത തെളിയിക്കുന്നത്. ‘ഗ്ലോസോപ്‌റ്റെറിസ്’ താണ താപനിലയിൽ മാത്രം വളരുന്നതുകൊണ്ട് വിശാലമായ ഈ ഭൂവിഭാഗം ഹിമദശയിൽനിന്ന് മുക്തമായിട്ട് അപ്പോഴേക്കും അധികം കാലമായില്ല എന്നും അദ്ദേഹം അനുമാനിച്ചു.
ഡൈനോസോറുകളുടെ പരിണാമചരിത്രത്തിലും സാഹ്‌നിക്ക് താൽപര്യമുണ്ടായിരുന്നു. അതിനെക്കുറിച്ചു പറയുന്നതിനുമുമ്പ് ഇന്ത്യയുടെ ഭൂവിജ്ഞാനചരിത്രത്തിലെ അതിപ്രധാനമായ ഒരു ഘട്ടത്തെക്കുറിച്ചുകൂടി സ്മരിക്കണം.
ഗോണ്ട്‌വാനാ ലാൻഡ് എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നല്ലോ ഇന്ത്യ. ഏതാണ്ട് പത്തുകോടി വർഷം മുമ്പ് ഇന്ത്യ ഈ വൻകരയിൽനിന്നു വേർപെട്ട് സമുദ്രത്തിലൂടെ വടക്കോട്ട് നീങ്ങി-വർഷത്തിൽ ഒരിഞ്ചെന്ന കണക്കിന്. അവസാനം ആറേഴുകോടി വർഷംമുമ്പ് അത് ഏഷ്യൻ വൻകരയിൽ വന്നിടിച്ചു; ഹിമാലയപർവതമുണ്ടായി. അങ്ങനെ ഏതാണ്ട് മൂന്നു കോടി വർഷത്തോളം സമുദ്രത്തിന്റെ വലയത്തിനുള്ളിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യയിലെ ജൈവപരിണാമത്തിന് പ്രത്യേകത വല്ലതുമുണ്ടോ?
ഫോസിൽ പഠനത്തിൽനിന്ന് ഇന്നത്തെ മധ്യപ്രദേശിലും ഗുജറാത്തിലും വനങ്ങളിൽ ഡൈനോസോറുകൾ സ്വച്ഛന്ദം വിഹരിച്ചുവെന്നു തെളിഞ്ഞിരുന്നു. പക്ഷേ, അവയ്ക്കു കൂടുതൽ സാദൃശ്യമുള്ളത് ആഫ്രിക്കയിലെ ഡൈനോസോറുകളോടല്ല; തെക്കേ അമേരിക്കയിലെ ജന്തുക്കളോടാണ്. ഇന്നത്തെ സ്ഥാനങ്ങളിലായിരുന്നില്ല അന്നത്തെ ആഫ്രിക്കയും തെക്കേ അമേരിക്കയുമെന്നുള്ളത് ശരിയാണ്. എങ്കിലും അതിവിശാലമായ സമുദ്രം താണ്ടി തെക്കേ അമേരിക്കയിലെയും ദ്വീപായി മാറിയ ഇന്ത്യയിലെയും ജന്തുക്കൾക്ക് തമ്മിൽ ബന്ധപ്പെടാൻ കഴിയില്ലല്ലോ. അപ്പോൾ തെക്കേ അമേരിക്കയിൽനിന്നു കരവഴി ബന്ധം പുലർത്താനുള്ള ഭൂസന്ധികൾ വല്ലതുമുണ്ടായിരുന്നോ? സാഹ്‌നി ഉയർത്തിയ രസകരമായ ഈ ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.
എണ്ണ പര്യവേക്ഷണം
സാഹ്‌നിയുടെ ബഹുമുഖമായ ഗവേഷണപ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് സൂക്ഷ്മജീവികളുടെ ഫോസിലുകളെക്കുറിച്ചുള്ള പഠനം. മൈക്രോസ്‌കോപ്പിൽക്കൂടി മാത്രം കാണാവുന്നതാണ് ഈ ഫോസിലുകൾ. ഇവയിൽനിന്നു ലഭ്യമാകുന്ന വിവരങ്ങൾ എണ്ണപര്യവേഷണത്തെ എങ്ങനെ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട പല ഗവേഷണപദ്ധതികൾക്ക് സാഹ്‌നി രൂപം കൊടുക്കുകയും ചെയ്തു.
ആരംഭിച്ച ഗവേഷണസംരംഭങ്ങളെല്ലാം കൂടുതൽ വിപുലമായ സജ്ജീകരണങ്ങളുള്ള പുതിയ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ, പെട്ടെന്നാണ് ആ ജീവിതം പൊലിഞ്ഞുപോയത്.
നടുക്കടലിൽവച്ചു കപ്പിത്താനെ നഷ്ടപ്പെട്ട നാവികരെപ്പോലെയായി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ. ആ നിർണായക നിമിഷത്തിൽ മിസ്സിസ് സാഹ്‌നി നേതൃത്വം ഏറ്റെടുത്തു. ഇൻ സ്റ്റിറ്റിയൂട്ടിന്റെ പണി തീർന്നു. പ്രവർത്തനക്ഷമവുമായി. ക്രമേണ ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണകേന്ദ്രങ്ങളിലൊന്നായി ബിർബൽ സാഹ്‌നി ഇൻസ്റ്റിറ്റ്യൂട്ട് വികസിക്കുകയും ചെയ്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഡോ.എ.എൻ.നമ്പൂതിരിയുടെ ജീവശാസ്ത്രവിപ്ലവത്തിലെ നായകർ എന്ന പുസ്തകത്തിൽനിന്നും.