“നാം എപ്പോഴും പ്രകൃതിയെക്കുറിച്ച് പഠിക്കുന്നു; പക്ഷേ പ്രകൃതിയിൽ നിന്ന് പഠിക്കാൻ നമ്മെ അപൂർവമായേ പഠിപ്പിക്കാറുള്ളൂ ” ജെസ്സ് ബെർളിനെർ
ലോകത്തിലെ ഏറ്റവും വേഗമേറിയ ജപ്പാനിലെ ഷിങ്കാസെൻ ബുള്ളറ്റ് ട്രെയിനിന്റെ വേഗത മണിക്കൂറിൽ 320 കിലോമീറ്ററിലേറെയാണ് . തുടക്കത്തിൽ ട്രെയിൻ തുരങ്കങ്ങൾ കടക്കുമ്പോൾ അന്തരീക്ഷ മർദ്ദത്തിലെ വ്യതിയാനം കൊണ്ട് ഇടിവെട്ടുന്നതു പോലെയുള്ള ഒച്ച ഉണ്ടാവുമായിരുന്നു.( സാങ്കേതികമായി ഇതിനെ സോണിക് ബൂം എന്ന് വിളിക്കും). ആ ശബ്‌ദം കിലോമീറ്ററുകൾക്കപ്പുറം എത്തി.
ഭാഗ്യത്തിന് ജെ ആർ വെസ്റ്റ് എന്ന ട്രെയിൻ കമ്പനിയുടെ ചീഫ് എഞ്ചിനീയർ ഐജി നകാറ്റ്സു ഒരു പക്ഷി നിരീക്ഷകനായിരുന്നു. പൊന്മാൻ മീൻപിടിക്കാനായി വെള്ളത്തിൽ മുങ്ങുമ്പോൾ വെള്ളത്തിൽ ഓളമുണ്ടാക്കാറില്ല. നകാറ്റ്സു പൊൻമാനിന്റെ നീണ്ടു കൂർത്ത കൊക്കിന്റെ ആകൃതിയിൽ ട്രെയിനിന്റെ മുൻഭാഗം രൂപകൽപ്പന ചെയ്‌തു. ട്രെയിനിന് അൻപതടി നീളമുള്ള ഒരു ഉരുക്കു മൂക്ക്. ഫലമോ ശബ്‌ദ ശല്യം ഗണ്യമായി കുറഞ്ഞു; വൈദ്യുതി ഉപയോഗം പതിനഞ്ച് ശതമാനത്തിലേറെ കുറഞ്ഞു; ട്രെയിനിൻറെ വേഗവും കൂടി.
പ്രകൃതിയിൽ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്. അനുകരിക്കാനും ഏറെയുണ്ട്. ഈ അനുകരണമാണ് ബയോ മിമിക്രി. ബയോമിമെറ്റിക്‌സ് (biomimetics ) എന്നും ഇതറിയപ്പെടുന്നു.
പ്രശസ്‌ത ഫ്രഞ്ച് രസതന്ത്രഞ്ജനും ചിന്തകനുമായ അന്റോയിൻ ലാവോസിയേ പറഞ്ഞു “ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എല്ലാം രൂപാന്തരം സംഭവിച്ചവയാണ്”. അത് ഉൾക്കൊള്ളാനാവാത്ത ഫ്രഞ്ച് ഭരണകൂടം അദ്ദേഹത്തെ കൊല ചെയ്‌തു – ഗില്ലറ്റിൻ എന്ന കഴുത്തുവെട്ടി യന്ത്രത്തിൽ. ഒട്ടേറെ മരണാനന്തര ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയത് കാവ്യനീതിയാവാം.
നമ്മുടെ രൂപകൽപനകൾ (DESIGN) പലപ്പോഴും അതിരു കടക്കുന്നു, ഓവർ എഞ്ചിനീയറിംഗ് (Over Engineering) എന്നാണീ പ്രക്രിയയ്ക്ക് പറയുക. പക്ഷെ പ്രകൃതിയിലെ എല്ലാ രൂപകല്പനകളും മിനിമലിസ്റ്റിക് (Minimalistic ) എന്നതിൽ അടിയുറതാണ് ..
ബയോമിമിക്രിയുടെ അനന്ത സാധ്യതകളിലൂടെ നമുക്ക് ഒരോട്ട പ്രദക്ഷിണം നടത്താം.
ബയോമിമിക്രി ഷൂസ്
ഹൈ ഹീൽ ഷൂസ് ഫാഷൻ മേഖലയിൽ തിളങ്ങുന്നു. പക്ഷെ ഇവ ധരിക്കുന്നവർക്കു പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. എല്ലുകൾക്ക് തുല്യമായ മർദ്ദം നൽകാത്തതാണ് അതിന് ഒരു കാരണം. പക്ഷെ കുരുവിയുടെ തലയോട്ടിയിൽ നിന്ന് കടമെടുത്ത ബയോമിമിക്രി ഷൂസ് കാലുകളെ ശരിയായി താങ്ങുന്നു, ചന്തത്തിന് കുറവ് വരുത്താതെ.
ബോയാബ് മരം – ഏറുമാടം
ബോയാബ് മരം തികച്ചും വേറിട്ടതാണ്. അതിനെ കുറിച്ചുള്ള ഒരു കഥ ഇങ്ങനെയാണ് : സൃഷ്ടി നടത്തിക്കൊണ്ടിരുന്നപ്പോൾ ദൈവം ഒന്ന് മയങ്ങിപ്പോയി. അപ്പോൾ തലതിരിച്ചു നട്ട മരമാണ് ബോയാബ്. ചിലവയ്ക്കു മുകളിലോട്ടു പോകുമ്പോൾ വണ്ണം കൂടും. ഈ മരത്തിന് വീപ്പക്കണക്കിന് വെള്ളം സൂക്ഷിച്ചു വെയ്ക്കാനാവും. ബോയാബ് മരങ്ങൾ ഏറുമാടത്തിനു പുതിയ രൂപവും ഭാവവും പകർന്നു.
ഉറുമ്പുതീനി ബാക് പാക്ക്
ഉറുമ്പുതീനിയുടെ വർഗ്ഗത്തിൽ പെട്ട ഇത്തിള്‍പ്പന്നിക്ക് കനത്ത പുറം ചട്ടയുണ്ട് . ശത്രുവിൽ നിന്ന് രക്ഷ തേടാൻ ഇവയ്ക്കു ചുരുണ്ടുകൂടി ഒരു പന്ത് പോലെയാവാൻ കഴിയും. ഈ പ്രതിഭാസം മുതലെടുത്താണ് പുതിയതരം ബാക് പാക്ക് ഉണ്ടാക്കിയത്.
കൊതുകു സൂചി
നമ്മുടെ ആജീവനാന്ത ശത്രുവായ കൊതുകിൽ നിന്ന് വരെ നാം പാഠം ഉൾക്കൊണ്ടു. കൊതുകിൻറെ വായിൽ അനവധി ചലിക്കുന്ന ഭാഗങ്ങളുണ്ട് . അതുകൊണ്ടു കൊതുകു കുത്തുമ്പോൾ അധികം കോലാഹലവും വേദനയും ഒന്നും ഉണ്ടാവില്ല. അങ്ങനെ ഉണ്ടാക്കിയ സൂചി ആരോഗ്യരംഗത്ത് വലിയ അംഗീകാരം നേടി.
സോളാർ സൂര്യകാന്തിപ്പൂ
സൂര്യൻറെ ദിശ പിന്തുടരുന്ന സൂര്യകാന്തിപ്പൂവും നമ്മെ സഹായിക്കാനുണ്ട് . സോളാർ പാനലിൽ ഘടിപ്പിച്ച കൃത്രിമ പൂക്കളിൽ എൽ ഇ ഡി ബൾബുകൾ ഉണ്ട് . അവ രാത്രി തുറക്കുന്നു, പകൽ അടയുന്നു
പറ്റിപ്പിടിച്ച വെൽക്രോ
വെൽക്രോ ആവണം ബയോമിമിക്രിയുടെ ഉത്തമ ഉദാഹരണം. 1941-ൽ ജോർജ് ഡി മെസ്‌ട്രാ എന്ന സ്വീഡിഷ് എഞ്ചിനീയർ തന്റെ വളർത്തുനായയുമായി നാട്ടുമ്പുറത്തു നടക്കാനിറങ്ങി. തിരിച്ചെത്തിയപ്പോൾ നായയുടെ തുകൽ കുപ്പായത്തിലാകെ ഒരു തരം മുൾച്ചെടിയുടെ വിത്തുകൾ പറ്റിപ്പിടിച്ചിരിക്കുന്നത് ജോർജ് ശ്രദ്ധിച്ചു.
അത് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചപ്പോൾ അവയിലെല്ലാം നേർത്ത കൊളുത്തുകൾ കണ്ടു. ഇന്ന് ബുള്ളറ്റ് പ്രൂഫ് കുപ്പായത്തിലും കളിപ്പാട്ടത്തിലും പാദരക്ഷയിലും ഒഴിച്ചുകൂടാനാവാത്ത വെൽക്രോയുടെ തുടക്കം അതായിരുന്നു. ഫ്രഞ്ചിൽ വെൽവെറ്റ് എന്നർഥമുള്ള വെലോറും കൊളുത്ത് എന്നർഥമുള്ള ക്രോഷേയും ചേർത്തുണ്ടാക്കിയ വെൽക്രോ.
ചിതൽ കൊട്ടാരം
ചിതൽ കെട്ടിടത്തെയും കെട്ടിട സമഗ്രികളെയും തിന്നു മുടിക്കാറുണ്ട് . പക്ഷെ അവയുടെ വീട് അഥവാ ചിതൽ പുറ്റ് ഒരു മാന്ത്രിക സമുച്ചയമാണ്. ആന്തരിക താപനില നിയന്ത്രിക്കും വിധമാണവയുടെ നിർമ്മിതി. ഈ സവിശേഷത ഉപയോഗിച്ചാണ് ഹരാരെയിൽ (സിംബാബ് വേ) പണിത കെട്ടിടം. വൈദ്യുതിച്ചിലവ് നന്നേ കുറവാണ് . വേണ്ടത്ര പ്രകാശവും ‘വാൽമീകം’ നൽകുന്നു.
ചിവീട് കാട്ടുന്ന ജലസ്രോതസ്സ്
ജീവന് ജലം കൂടിയേ തീരൂ. കടുത്ത ജലദൗർലഭ്യം നേരിടുന്ന ആഫ്രിക്കയിലെ നബീബ് മരുഭൂമിയിൽ കാണപ്പെടുന്ന സ്റ്റെനോകാര എന്ന ചീവീട് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കുന്നു. പ്രഭാതത്തിലെ മഞ്ഞിൽ നിന്ന് ജലകണികകൾ ഒപ്പിയെടുത്ത് അവയുടെ പുറത്തെ മുഴകളിൽ ശേഖരിക്കുന്നു. പിന്നെ നേർത്ത കുഴലുകൾ പോലുള്ള ചാലുകളിലൂടെ ആ ജലകണികകൾ ചീവീടിന്റെ വായിൽ എത്തുന്നു.
ഈ തത്വം ഉപയോഗപ്പെടുത്തി നമുക്കും മരുഭൂമിയിൽ ജലം കണ്ടെത്താനാവുമോ എന്ന പരീക്ഷണം നടക്കുന്നു.
മരംകൊത്തിക്കും തന്നാലായത്.
നീണ്ടു കൂർത്ത കൊക്കുകൾ കൊണ്ട് മരത്തിൽ പൊത്തുകൾ ഉണ്ടാക്കി താമസമൊരുക്കാനും ഉള്ളിലെ ഇരകളെ പിടിക്കാനും മരംകൊത്തിക്കാവും. സെക്കൻഡിൽ ഇരുപതിലേറെ തവണ അവയ്ക്കു കൊത്താൻ കഴിയും. എങ്കിലും അവയ്ക്കു ആഘാതമൊന്നും ഏൽക്കുന്നില്ല. അവയ്ക്കു ആഘാതം താങ്ങാൻ നാലുതല സംവിധാനമുണ്ട്. അൽപ്പം ഇലാസ്റ്റിക് ആയ കൊക്ക്, തലച്ചോറിന് പിന്നിലെ പതുപതുത്ത എല്ല്, തലച്ചോറിനുള്ളിലെ ദ്രാവകം തുടങ്ങിയവയെല്ലാം പ്രകമ്പനം തടുക്കാൻ സഹായിക്കുന്നു.
വിമാനങ്ങളിലെ ഫ്ലൈറ്റ് റിക്കോർഡർ /ബ്ലാക്ക് ബോക്സ് മുതൽ ഉൽക്കകളെ തടുക്കുന്ന ബഹിരാകാശ പേടകം വരെ രൂപകൽപന ചെയ്യാൻ മരംകൊത്തി പ്രചോദനമേകുന്നുണ്ട്.
പല്ലിയുടെ പാദം
ഗെക്കോ എന്ന പല്ലിക്കു ചെങ്കുത്തായ, മിനുസമായ പ്രതലത്തിലൂടെ കയറാൻ കഴിയും. മേൽക്കൂരയിൽ കമിഴ്ന്നു പറ്റിപ്പിടിച്ചു നിൽക്കാനുമാവും. അവയുടെ കാലിനടിയിൽ ലക്ഷക്കണക്കിനു നന്നേ നേർത്ത രോമങ്ങളുണ്ട്. അവ ഒന്നാകെ ഏതാണ്ട് നൂറു കിലോയിലേറെ ഭാരം താങ്ങും. ഇതിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ഗെക്കോസ്‌കിൻ ആശുപത്രിയിലെ തയ്യലിനും കൊളുത്തിനും പകരമാവും. ഗെക്കോസ്‌കിൻ കൊണ്ടുള്ള കയ്യുറ ധരിച്ചാൽ മലകയറ്റം എളുപ്പമാകും.
മുള്ളൻപന്നിയും അണ്ണാനും ഉറുമ്പും തേനീച്ചയും പെരുക്കാലട്ടയും പല്ലിയും ഉടുമ്പും സ്രാവും ഡോൾഫിനും കടൽപ്പായലും, എലിയും കാറ്റാടി മരവും, ചേമ്പിലയും ചൂരലും തൂക്കണാം കുരുവിയും മുള്ളും തൊട്ടാവാടിയുമെല്ലാം നമുക്ക് പുതിയ കണ്ടുപിടിത്തങ്ങളുടെ വാതായനങ്ങൾ തുറക്കുന്നു.
കണ്ണദാസൻ എഴുതി ശിവാജി ഗണേശൻ അഭിനയിച്ച ഒരു സിനിമാ ഗാനം ഓർമ്മ വരുന്നു. ഏതാണ്ട് ഇങ്ങനെയാണ് ആ ഗാനം
“പറവൈയെ കണ്ടാൻ വിമാനം പടൈത്താൻ, പായും മീൻകളിൽ പടകിനെ പാത്തേൻ ,എതിരൊലി കേട്ടാൻ വാനൊലി പടൈത്താൻ. ( പക്ഷികളെ കണ്ടു വിമാനം ഉണ്ടാക്കി; പായുന്ന മീനിൽ കപ്പൽ കണ്ടു, മാറ്റൊലി കേട്ട് റേഡിയോ ഉണ്ടാക്കി)!
അധിക വായനയ്ക്ക്
- Sumodan PK (2004). Living Technologies. Resonance, Bangalore. Vol. 9. No.6, June 2004. pp 21-29