കേൾക്കാം
ടി.ആർ. ആതിര, കെ ജിഷ്ണു, ഡോ. കെ.എം.ആരിഫ് എന്നിവർ എഴുതിയ ലേഖനം. അവതരണം : അവനിജ ജയകുമാർ
തീരപ്പക്ഷികൾ
തീരപ്രദേശങ്ങളിലെ ആഴമില്ലാത്ത ജലത്തിലും പരിസരത്തും ഇരതേടാൻ ഇഷ്ടപ്പെടുന്ന വിവിധങ്ങളായ നീർപ്പക്ഷികളാണ് തീരപ്പക്ഷികൾ (shorebirds) എന്നറിയപ്പെടുന്നത്. ലോകത്താകമാനമുള്ള പക്ഷിനിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമാണ് കാഴ്ചയിൽ വലിയ വർണ്ണവൈവിധ്യമൊന്നുമില്ലാത്ത ഈ ദീർഘദൂരസഞ്ചാരികൾ. ശൈത്യകാലം അടുക്കുമ്പോൾ ആർട്ടിക്, ഉപ-ആർട്ടിക് മേഖലകളിൽ നിന്നും ഉഷ്ണമേഖലാപ്രദേശങ്ങളിലെ തീരങ്ങളിലേക്കും, വേനൽക്കാലത്തിന്റെ ആരംഭത്തോടെ തിരിച്ചും പറക്കുന്ന ഇവർ ജന്തുലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ദേശാടനപാതയുള്ള വിഭാഗമാണ്. കടൽത്തീരങ്ങളിലും ചെളി നിറഞ്ഞ അഴിമുഖങ്ങളിലും മറ്റും ശൈത്യകാലങ്ങളിൽ സമ്മേളിക്കുന്ന ഇവർ പെരുവയറരാണ്. ദീർഘദൂരസഞ്ചാരത്തിനാവശ്യമായ ഇന്ധനം കൊഴുപ്പിന്റെ രൂപത്തിൽ സംഭരിച്ചുകൊണ്ടാണ് ഇവരുടെ ഊരുചുറ്റൽ. അഴിമുഖങ്ങളിലും തീരങ്ങളിലും കാണപ്പെടുന്ന ഞണ്ടുകൾ, കക്കകൾ മുതലായവയെ വെട്ടിവിഴുങ്ങി ഏതാനും ആഴ്ചകൾ കൊണ്ട് ശരീരഭാരം ഇരട്ടിയാക്കാൻ കഴിയുന്ന ഇവരിൽ മസ്തിഷ്കവും അന്നപദവുമെല്ലാം ചുരുങ്ങി പരമാവധി കൊഴുപ്പു സംഭരിക്കപ്പെടുന്നു. വ്യോമാഭ്യാസത്തിൽ അഗ്രഗണ്യരായ ഇവർ ഇരതേടലിലും ബഹുമിടുക്കരാണ്. തങ്ങളുടെ ശാരീരികഘടനക്കും ആവാസവ്യവസ്ഥയുടെ പ്രത്യേകതകൾക്കും അനുസൃതമായി ഇരതേടൽ രീതികളിൽ മാറ്റം വരുത്താൻ അസാമാന്യപാടവമാണ് ഇവർക്കുള്ളത്. ദേശാടനകാലങ്ങളിൽ പരസ്പരമത്സരമില്ലാതെ ഇരതേടി തങ്ങളുടെ നിലനിൽപ്പ് ഉറപ്പുവരുത്തുവാൻ പ്രകൃതി ഇവർക്ക് നൽകിയിരിക്കുന്ന പ്രധാനഗുണം ഇവരുടെ കൊക്കിന്റെ ആകൃതിയിലും വലിപ്പത്തിലും ഉള്ള വൈവിധ്യമാണ്. നീണ്ടു വളഞ്ഞ വലിയ കൊക്ക് മണ്ണിൽ കൂടുതൽ ആഴമുള്ള ഭാഗങ്ങളിലേക്ക് ഇറക്കി ഇരതേടുന്ന വാൾക്കൊക്കനും, ചെറിയ ആഴങ്ങളിൽ ഇര തേടുന്ന നീണ്ടു കൂർത്ത കൊക്കുകളുള്ള പച്ചക്കാലിയും ചോരക്കാലിയും, കൊച്ചു ശരീരവും കുറിയ കൊക്കുമായി ഉപരിതലത്തിൽ ഇരതേടി നടക്കാറുള്ള തിരക്കാടകളും, പാമീർ കോഴികളുമെല്ലാം തീരപ്പക്ഷി കുടുംബത്തിലെ അംഗങ്ങളാണ്.
തീരങ്ങളിലും അഴിമുഖത്തുമുള്ള അകശേരുകികളായ ചെറുജീവികളാണ് എല്ലാ തീരപ്പക്ഷികളുടെയും സുപ്രധാന ആഹാരമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ 1994- ൽ കാനഡയിലെ ഫ്രെയ്‌സർ നദിയുടെ അഴിമുഖപ്രദേശമായ റോബർട്സ് തീരത്തു നിന്നും പിടിച്ച പടിഞ്ഞാറൻ നീർക്കാട (Western Sandpiper) ഇനത്തിൽപെട്ട നാല് തീരപ്പക്ഷികൾ അതുവരെയുള്ള ധാരണകളെയെല്ലാം തിരുത്തിക്കുറിച്ചു. ഗ്ളുറ്റാറാൾഡിഹൈഡ്-കാകോഡിലേറ്റ് (Glutaraldehyde-cacodylate) മിശ്രിതത്തിൽ സംരക്ഷിച്ചിരുന്ന അവയുടെ തലകൾ മോണക്റ്റണിലെ ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് സൗകര്യമുള്ള സ്ഥാപനത്തിൽ എത്തിച്ചതായിരുന്നു. അവയുടെ കൊക്കിന്റെ ബാഹ്യഘടന ഡാർവീനിയൻ സിദ്ധാന്തത്തെ അനുകൂലിക്കും വിധമാണെന്ന് ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രസ്തുത പരിശോധനയിൽ കൊക്കുകൾ സംബന്ധിച്ചു സവിശേഷമായതൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും, രാസമിശ്രിതത്തിൽ നേരാംവണ്ണം പരിപാലിക്കപ്പെട്ട അവയുടെ കുഞ്ഞൻ നാവുകൾക്ക് ഒരു രഹസ്യം പറയുവാനുണ്ടായിരുന്നു. കാലങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ, അതിവിദഗ്ധമായി പ്രകൃതിയൊളിപ്പിച്ച പരിണാമത്തിന്റെ നിഗൂഢരഹസ്യം!
വശങ്ങളിൽ നിറയെ നേർത്ത നീളൻ നാരുകളുള്ള ഒരു ടൂത്ത് ബ്രഷിനെ അനുസ്മരിപ്പിക്കുന്ന ഘടനയാണ് അവയുടെ നാവുകൾക്ക് ഉണ്ടായിരുന്നത്. കൂടുതൽ ഉയർന്ന മാഗ്നിഫിക്കേഷനിൽ നടത്തിയ വിശദമായ പരിശോധനയിൽ അവയ്ക്ക് മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുഞ്ഞൻ ഏകകോശ ആൽഗകളെ കണ്ടെത്തുകയുണ്ടായി. മുൻ കാലങ്ങളിൽ റോബർട്സ് തീരത്തുനിന്നും പിടിച്ച പടിഞ്ഞാറൻ നീർക്കാടകളുടെ ആമാശയത്തിൽ കുറച്ചു മണലും കൊഴുത്ത ചെളിയുമല്ലാതെ, ഞണ്ടുകളുടെയോ ഒച്ചുകളുടെയോ മറ്റു ജീവികളുടെയോ അവശിഷ്ടങ്ങൾ ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്നുള്ള കുഴപ്പിക്കുന്ന ചോദ്യത്തിന് കൂടി ഉത്തരമാവുകയായിരുന്നു. ഒടുവിൽ നേരിട്ടുള്ള നിരീക്ഷണങ്ങളുടെ കൂടി പിൻബലത്തോടെ തീരത്തെ അകശേരുകികളെ കൂടാതെ ചെളിപ്പാടത്തിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന ബയോഫിലിം എന്ന് വിളിക്കപ്പെടുന്ന നേർത്ത കൊഴുത്ത പാളികളെ പ്രധാന ആഹാരമായി അകത്താക്കുന്ന ഒരു വിഭാഗവും തീരപ്പക്ഷികൾക്കിടയിൽ ഉണ്ടെന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിച്ചേർന്നു.
ബയോഫിലിം
വേലിയിറക്കത്തിൽ അനാവൃതമാവുന്ന നദീമുഖങ്ങളിലെ തുരുത്തുകളിൽ ധാരാളം സൂക്ഷ്മജീവികളുടെ പ്രവർത്തനം നടക്കാറുണ്ട്. ഇത്തരത്തിൽ ബാക്ടീരിയ, ഡയാറ്റം, ഫംഗസ്, പ്രോട്ടോസോവ മുതലായ സൂക്ഷ്മജീവികളും അവയുടെ കോശങ്ങളെ ആവരണം ചെയ്തു കാണപ്പെടുന്ന, സ്വയം പുറപ്പെടുവിക്കുന്ന പശിമയുള്ള സ്രവങ്ങളും (Extracellular polymeric substances), ചേർന്ന് ചെളിപ്പാടങ്ങൾക്ക് മുകളിൽ തീർക്കുന്ന പോഷകസമൃദ്ധമായ നേർത്ത പാളികളെയാണ് ബയോഫിലിം എന്നു വിളിക്കുന്നത്.
ഡയാറ്റമെന്ന് അറിയപ്പെടുന്ന ഏകകോശ ആൽഗകളുടെ പ്രകാശസംശ്ലേഷണസ്വഭാവം മൂലം ഉപരിതലത്തിൽ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന 0.5 മുതൽ 3mm വരെ താഴ്ചയിലാണ് ബയോഫിലിം ധാരാളമായി കാണപ്പെടുന്നത്. പച്ച മുതൽ തവിട്ടു കലർന്ന സ്വർണവർണ്ണം വരെ ഉള്ള നിറഭേദങ്ങളിൽ കാണപ്പെടുന്ന ബയോഫിലിം തീരത്തെയും അഴിമുഖത്തെയും പ്രാഥമിക ഉത്പാദനത്തിലും അതിലുപരി ഇവിടങ്ങളിലെ എക്കൽ ഒലിച്ചു പോവാതെ നോക്കി ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. ഞണ്ടുകളും, മത്സ്യങ്ങളും മറ്റു ചെറുജീവികളും ബയോഫിലിമിനെ ആഹാരമാക്കാറുണ്ടെന്ന് അറിയാമായിരുന്നെങ്കിലും തീരപ്പക്ഷികൾ അത് നേരിട്ട് ഭക്ഷിക്കുന്നു എന്നത് തികച്ചും പുതിയ അറിവായിരുന്നു.
ചെറിയ തീരപ്പക്ഷികളായ പടിഞ്ഞാറൻ നീർക്കാടയും, ഡൻലിനും, ഫ്രെയ്‌സർ നദീമുഖത്ത് ബയോഫിലിമിനെ ആഹാരമാക്കുന്നു എന്ന് കണ്ടെത്തിയത് പീറ്റർ ജി. ബെനിൻജർ എന്നും, റോബർട്ട് ഡബ്ല്യൂ. എൽനർ എന്നും പേരുള്ള രണ്ട് ശാസ്ത്രജ്ഞരാണ്. “അഴിമുഖത്തെ ചതുപ്പുനിലം ഇക്കാലമത്രയും വെറും ചെളി മാത്രമായിരുന്നു. പ്രത്യേകമായ ഉത്പാദനക്ഷമതയോ സൗന്ദര്യമോ ഉള്ള വിലപ്പെട്ട ഒരു സ്രോതസ്സായി ആരും തന്നെ അതിനെ കണക്കാക്കിയിരുന്നില്ല. എന്നാൽ ഇന്നീ ജൈവപരവതാനിയെക്കുറിച്ചുള്ള അറിവ് കാഴ്ച്ചപ്പാടുകളിൽ നാടകീയമായ മാറ്റമുളവാക്കിയിരിക്കുന്നു” എന്നാണ് എൽനർ ഇതേക്കുറിച്ചു പ്രസ്‌താവിച്ചത്. എന്നാൽ വ്യവസ്ഥാപിതമായ അറിവുകളെ പൊളിച്ചെഴുതുന്ന ഈ കണ്ടുപിടുത്തത്തെ അംഗീകരിക്കുവാൻ ശാസ്ത്രലോകം ആദ്യമൊന്നും തയ്യാറായില്ല. അതേത്തുടർന്ന് വർഷങ്ങൾക്ക് ശേഷമാണ് മറൈൻ ബയോളജി ജേർണലിൽ പ്രസ്തുതപഠനം പ്രസിദ്ധീകരിക്കപ്പെട്ടതു പോലും.
ആഹാരരീതികളെക്കുറിച്ചുള്ള പഠനങ്ങൾ
ഈ കണ്ടുപിടിത്തത്തോടു കൂടി തീരപ്പക്ഷികളുടെ ആഹാരരീതികളെക്കുറിച്ചുള്ള പഠനശാഖയ്ക്ക് പ്രസക്തി കൈവന്നു. പിന്നീട് റോബെർട്സ് തീരത്ത് റ്റോമോഹിറോ കുവേ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞൻ ടെലിഫോട്ടോ ലെൻസ് ഉള്ള ക്യാമറ ഉപയോഗിച്ച പടിഞ്ഞാറൻ നീർക്കാടകളെ നിരീക്ഷിക്കുകയും, റെക്കോർഡ് ചെയ്ത വീഡിയോകൾ വിശദമായി പഠിക്കുക വഴി നാവിലെ കുഞ്ഞൻ നാരുകൾ ഉപയോഗിച്ച് അവ ബയോഫിലിം ചുരണ്ടിയെടുത്ത് ഭക്ഷിക്കുന്ന രീതി അനാവരണം ചെയ്യുകയും ചെയ്തു. ഈ പക്ഷികളുടെ ആമാശയത്തിലെ ഘടകങ്ങളിൽ കുവേ നടത്തിയ ബയോകെമിക്കൽ അനാലിസിസ്, അവയുടെ ആഹാരത്തിന്റെ 45-59 ശതമാനവും ബയോഫിലിം ആണെന്ന് ഉറപ്പു വരുത്തുന്നതായിരുന്നു. പിൽക്കാലത്ത് ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഏകദേശം 21 വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ചെറിയ തീരപ്പക്ഷികൾ ബയോഫിലിം ഭക്ഷിക്കുന്നതായി കണ്ടെത്തി. നമ്മുടെ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന അഴിമുഖ പക്ഷിസങ്കേതങ്ങളിൽ ഒന്നായ കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസെർവ്വിൽ എത്തിച്ചേരാറുള്ള കുഞ്ഞൻ തീരപ്പക്ഷികളായ ഡൻലിൻ, കുരുവി മണലൂതി, ടെമ്മിങ്കി മണലൂതി മുതലായവയും ഇത്തരത്തിൽ ബയോഫിലിം പാളികളിൽ മേയുന്നതിനു ഞങ്ങളുടെ പഠനം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ദേശാടകരായ തീരപ്പക്ഷികളെ സംബന്ധിച്ചിടത്തോളം ബയോഫിലിം ഒരു “എനർജി ഡ്രിങ്കാണ് “. അതിലെ ഡയാറ്റങ്ങൾ വലിയ അളവിൽ ഉത്പാദിപ്പിക്കുന്ന കൊഴുപ്പും, ഫാറ്റി ആസിഡും മുതലായ അവശ്യപോഷകങ്ങൾ മറ്റുള്ള ആഹാരങ്ങളിൽ നിന്ന് അത്ര തന്നെ ലഭിക്കില്ല എന്നതും, കാര്യമായ ഊർജ്ജനഷ്ടമില്ലാതെ അവയെ അകത്താക്കാമെന്നതുമാവാം ബയോഫിലിമിനെ ആശ്രയിക്കാൻ പക്ഷികളെ പ്രേരിപ്പിക്കുന്ന ഘടകം. ഇതിനു പുറമെ ബയോഫിലിമിൽ അടങ്ങിയിരിക്കുന്ന PUFAയ്ക്ക് (Polyunsaturated fatty acids) ദീർഘദൂര ദേശാടനത്തിനായി പേശികളെ ഉത്തേജിപ്പിക്കുവാനുള്ള കഴിവുമുണ്ടത്രെ! നൂതനമായ പഠനങ്ങൾ പ്രകാരം ബയോഫിലിമിൽ ഏറ്റവുമധികം PUFA ലഭ്യമാകുന്ന കാലവും പക്ഷികളുടെ ദേശാടനകാലവും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതായുള്ള കണ്ടെത്തൽ ഇതിനെ ശരിവെക്കുന്നതാണ്. പ്രജനന കാലത്തിനു തൊട്ടു മുൻപ് വലിയ തോതിൽ ബയോഫിലിം അകത്താക്കുന്ന പ്രവണത കാണിക്കുന്നതിനാൽ ഇവയുടെ വിജയകരമായ പ്രത്യുത്പാദനത്തിലും ബയോഫിലിമിലെ ഘടകങ്ങൾക്ക് പങ്കുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇത്രയൊക്കെ പോഷകസമൃദ്ധമായ ഭക്ഷണത്തെ വലിയ തീരപ്പക്ഷികൾ കഴിക്കാത്തത് എന്തുകൊണ്ടാവും എന്ന ചോദ്യം സ്വാഭാവികമാണ്. നാവിലെ കുഞ്ഞൻ നാരുകൾ കൊണ്ട് ചെളിയുടെ മുകളിൽ നിന്ന് ബയോഫിലിമിനെ ചുരണ്ടിയെടുത്ത്, കുറിയ കൊക്കുകൾ ഉപയോഗിച്ച് ഒരു സ്ട്രോ കൊണ്ടെന്ന പോലെ വലിച്ചെടുക്കുകയാണ് ചെറിയ തീരപ്പക്ഷികൾ ചെയ്യാറ്. ഇത്തരം നാരുകൾ വലിയ പക്ഷികളുടെ നാവിൽ ഇല്ലായെന്നതും, നീളൻ കൊക്കുകൾ കൊണ്ട് ബയോഫിലിമിനെ വലിച്ചെടുക്കുക ശ്രമകരമാണെന്നതുമാണ്, ബയോഫിലിം കഴിക്കുന്നതിൽ നിന്നും അവരെ വിലക്കുന്ന ശാരീരിക പരിമിതികൾ. ഇനി സാധ്യമായിരുന്നെങ്കിൽക്കൂടി വലിയ പക്ഷികൾക്ക് മതിയായ ഊർജ്ജം പ്രധാനം ചെയ്യാൻ ബയോഫിലിം കഴിക്കുന്നത് കൊണ്ടാവില്ല. അതിനാൽ തന്നെ അവർ കൂടുതൽ ഊർജ്ജം നൽകുന്ന ഞണ്ടുകളെയും, ഞാഞ്ഞൂലുകളെയും മറ്റു ജീവികളെയുമാണ് പ്രധാനമായും ആഹാരമാക്കുന്നത്. ആവാസവ്യവസ്ഥകളിൽ മത്സരം മൂലമുള്ള വംശനാശം ഒഴിവാക്കാൻ പ്രകൃതി ഒരുക്കുന്ന ചില മായാജാലങ്ങൾ.
തീരവികസനത്തിന്റെ ഭാഗമായുണ്ടാകുന്ന മലിനീകരണം മൂലമോ, ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മറ്റു കാരണങ്ങളാലോ, അസ്വാഭാവികമായി ആവാസവ്യവസ്ഥയിൽ അതിക്രമിച്ചു വളരുന്ന ചെറുജീവികൾ അമിതമായി ഭക്ഷിക്കുന്നത് മൂലമോ ബയോഫിലിമിനുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെപ്പറ്റിയുള്ള ആശങ്കകൾ ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നാണ്. ഒരേ സമയം ഭക്ഷ്യശൃംഖലയിലെ താഴെത്തട്ടിലുള്ള അകശേരുകികളുടെയും, ഉയർന്ന സ്ഥാനത്തുള്ള തീരപ്പക്ഷികളുടെയും അവശ്യ ഊർജ്ജസ്രോതസ്സായ ബയോഫിലിമിന്റെ നാശം, ഇവ തമ്മിൽ തികച്ചും അനാരോഗ്യപരമായ ഒരു മത്സരം ഉടലെടുക്കാൻ കാരണമാവുകയും, ചെറിയ തീരപ്പക്ഷികൾക്ക് മതിയായ അളവിൽ ബയോഫിലിം ലഭ്യമാവാതെ വരികയും ചെയ്യും. ബയോഫിലിമിന്റെ ദൗർലഭ്യം മൂലം ചെറുപ്രാണികളുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന കുറവ് വലിയ തീരപ്പക്ഷികളേയും പരോക്ഷമായി ബാധിക്കും. ഗണ്യമായ രീതിയിൽ തീരപ്പക്ഷികളുടെ എണ്ണം കുറയുവാൻ ഇത് കാരണമായേക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഒരിക്കൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന തീരദേശപ്പറവകളുടെ സുപ്രധാന ഇടത്താവളങ്ങളിൽ ഒന്നായിരുന്ന, സമീപകാലത്തായി കണ്ടലുകളുടെ അധിനിവേശവും, ജലത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ അടിഞ്ഞുകൂടിയ മണൽക്കൂനകളും, മലിനീകരണവും, ജലത്തിന്റെയും എക്കലിന്റെയും സ്വഭാവത്തിൽ വന്ന മാറ്റങ്ങളും മൂലം നാശത്തിന്റെ വക്കിൽ നിൽക്കുന്ന കടലുണ്ടി പക്ഷിസങ്കേതത്തിലെ അഴിമുഖ തണ്ണീർത്തടത്തിൽ നിന്നും കുഞ്ഞൻ ദേശാടനപ്പക്ഷികൾ അപ്രത്യക്ഷമായതിനെയും ഇവിടെ ചേർത്തു വായിക്കാവുന്നതാണ്. അതിനാൽ തന്നെ ബയോഫിലിമിന്റെ സംരക്ഷണം ചർച്ച ചെയ്യപ്പെടേണ്ടതും, പരിസ്ഥിതി ആഘാത പഠനങ്ങളുടെ ഭാഗമാക്കേണ്ടതുമാണെന്ന് നിസ്സംശയം പറയുവാൻ സാധിക്കും. നേർത്ത മൺതരികൾ നിക്ഷേപിക്കപ്പെടുന്ന, ശുദ്ധജലത്തിന്റെയും, കടൽവെള്ളത്തിന്റേയും മിശ്രണം ശരിയായ രീതിയിൽ നടക്കുന്ന വിശാലവും, സൂര്യപ്രകാശം ലഭിക്കുകയും, പക്ഷികൾക്ക് ഭയമില്ലാതെ ഇര തേടാൻ കഴിയും വിധം തുറസ്സായതും, വൈവിധ്യമായ ഭക്ഷ്യസ്രോതസ്സുകളെ ലഭ്യമാക്കുന്ന തരത്തിൽ സങ്കീർണ്ണമായതുമായ അഴിമുഖങ്ങളാണ് ബയോഫിലിമിന്റെ വളർച്ചയ്ക്കും ദേശാടനപ്പക്ഷികൾക്ക് അവയെ ഫലപ്രദമായി ആഹാരമാക്കാനും ഉതകുന്നത്. മധ്യേഷ്യൻ ആകാശപാതയിലെ ദീർഘദൂരദേശാടകർ വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന കാലഘട്ടത്തിൽ മേൽപ്പറഞ്ഞ ഘടകങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടുള്ള ശൈത്യകാല ഇടത്താവളങ്ങളുടെ പുനരുദ്ധാരണം തന്നെയാണ് പരിഹാരം.
- Aarif, K.M., Musammilu, K.K., 2018. Pivotal reasons for the decline of shorebirds in Kadalundi-Vallikunnu Community Reserve, a key stop-over site in the west coast of India. Asian Journal of Conservation Biology 7 (1), 46-50.
- Elner, R. W., P. G. Beninger, D. L. Jackson, and T. M. Potter. 2005. Evidence of a new feeding mode in western sandpiper (Calidris mauri) and dunlin (Calidris alpina) based on bill and tongue morphology and ultrastructure. Marine Biology 146: 1223-1234.
- Kuwae, T., P. G. Beninger, P. Decottignies, K. J. Mathot, D. R. Lund, and R. W. Elner. 2008. Biofilm grazing in a higher vertebrate: the Western sandpiper. Ecology 89: 599-606.
- Kuwae, T., E. Miyoshi, S. Hosokawa, K. Ichimi, J. Hos- oya, T. Amano, T. Moriya, M. Kondoh, R. C. Yden- berg, and R. W. Elner. 2012. Variable and complex food web structures revealed by exploring missing trophic links between birds and biofilm. Ecology Letters 15: 347-356.
- Schnurr, P. J., M. C. Drever, H. J. Kling, R. W. Elner, el selec- and M. T. Arts. 2019. Seasonal changes in fatty acid composition of estuarine intertidal biofilm: implications for western sandpiper migration. Estuarine, Coastal and Shelf Science 224: 94-107.
- Weber, J. M. 2009. The physiology of long-distance migration: extending the limits of endurance metabolism. Journal of Experimental Biology 212: 593-597.
About the authors :
- T.R Athira, MSc, Currently doing her PhD in Shorebirds ecology at Kadalundi UGC-CSIR JRF Department of Zoology, Govt College, Madappally, Kozhikode 4 years of Research Experience in Shorebirds ecology, MSc from Farook College
- K. Jishnu, MSc Zoology, Currently doing his PhD in Shorebirds ecology, UGC JRF, Department of Zoology, University of Calicut, MSc from Farook College
- Dr K.M Aarif; MSc, PhD & PDF, Currently working as a Research Scientist at King Fahd University of petroleum and minerals, Dahran, Saudi Arabia, Also fellow at Czech University of Life Science, Czech Republic (PhD Program), Post doc fellow at Department of Zoology, University of Calicut, Kerala, India, PhD at Department of Zoology, Kannur University, Kerala, India, 19 years of Research Experience in wetland ecology especially shorebirds and their habitat use. 28 research publications, popular article, many articles in News papers & authored two Books.
നമ്മുടെ നാട്ടിലെത്തുന്ന ദേശാടനപ്പക്ഷികളെക്കുറിച്ചുള്ള കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. ലേഖനത്തില്‍ സൂചിപ്പിച്ച വള്ളിക്കുന്ന് പ്രദേശത്തു ജീവിക്കുന്നയാളാണ് ഞാന്‍.. സ്ഥിരമായി ഈ പക്ഷികളെ നിരീക്ഷിക്കാറുണ്ട്.
Nice to see young researchers writing for Luca..