ഡോ. എൻ ഷാജി
ബഹിരാകാശത്തിൽ ഹബ്ൾ ടെലിസ്കോപ്പിന്റെ പിൻഗാമിയാകാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ (James Webb Telescope) ഏറ്റവും പ്രധാനഭാഗം അതിന്റെ പ്രഥമ ദർപ്പണമാണ് (primary mirror). 6.5 മീറ്റർ വ്യാസമുള്ള ഇതിനെ 18 ഭാഗങ്ങളാക്കിയാണ് നിർമിച്ചിരിക്കുന്നത്. ആ കണ്ണാടികൾ നിർമിച്ചിരിക്കുന്നത് ബെറിലിയം കൊണ്ടാണ്. അതിനു പല കാരണങ്ങളുണ്ട്. ഒന്നാമതായി ഈ ടെലസ്കോപ്പ് പ്രവർത്തിക്കുന്നത് ബഹിരാകാശത്തെ 50 കെൽവിനും താഴെയുള്ള താപനിലയിലായിരിക്കും. ആ താപനിലയിൽ പോലും ബെറിലിയത്തിനു കാര്യമായ വൈരൂപ്യമുണ്ടാകില്ല. താപനിലയിലെ വലിയ വ്യതിയാനങ്ങൾ ഇതിനു താങ്ങാൻ കഴിയും. രണ്ടാമതായി വളരെ നല്ല മിനുസത്തിൽ ഇതിനെ പോളീഷ് ചെയ്തെടുക്കാന്‍ പറ്റും. മൂന്നാമതായി അണുഭാരം കുറഞ്ഞ മൂലകമായതിനാൽ ഇതിനു സാന്ദ്രതയും വളരെ കുറവാണ്. ഭാരം വളരെ കുറയുന്നത് ബഹിരാകാശ യാത്ര എളുപ്പമാക്കും. പ്രകാശത്തിന്റെ പ്രതിപതനത്തെ കൂടുതൽ കാര്യക്ഷമമാക്കാൻ ബെറിലിയത്തിനു മുകളിൽ സ്വർണവും പൂശിയിട്ടാണ് ടെലെസ്കോപ്പിനെ ബഹിരാകാശത്തേക്ക് യാത്രയാക്കുന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒരു പരിക്രമണപഥത്തിൽ നിന്ന് അത് ഏതാനും വർഷങ്ങൾ നിരീക്ഷണം നടത്തും.
ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ കണ്ണാടിയിലെ പ്രകാശത്തിന്റെ പ്രതിപതനം – വീഡിയോ കാണാം.
One thought on “ബെറിലിയവും ജെയിംസ് വെബ് ടെലിസ്കോപ്പും”