ഹിന്ദുമതം എന്നൊരു മതം ആരും സ്ഥാപിച്ചിട്ടില്ല. പക്ഷേ, ബുദ്ധമതവും ജൈനമതവും ക്രിസ്തുമതവും ഇസ്ലാം മതവുമെല്ലാം ചരിത്ര ഘട്ടങ്ങളിൽ സ്ഥാപിക്കപ്പെട്ടവയാണ്. തുടക്കത്തിൽ അവയെല്ലാം ദുരിതവും ദുഃഖവും അനുഭവിക്കുന്ന പാവങ്ങളോടൊപ്പമായിരുന്നു. സ്‌നേഹനിധിയായ, കുറ്റങ്ങൾ പൊറുക്കുന്ന, രക്ഷകനായ ദൈവത്തെക്കുറിച്ചാണ് ക്രിസ്തുമതവും ഇസ്ലാംമതവുമെല്ലാം പറഞ്ഞിരുന്നത് (ബുദ്ധമതത്തിലും ജൈനമതത്തിലും ദൈവസങ്കല്‍പ്പമില്ല). എന്നാൽ, ക്രമേണ എല്ലാ മതങ്ങളിലും പുരോഹിതർ അധികാരം കയ്യാളി. കുറ്റങ്ങൾ പൊറുക്കുന്ന ദൈവത്തിന്റെ സ്ഥാനത്ത് ശിക്ഷകനായ ദൈവത്തെ പ്രതിഷ്ഠിച്ചു. ആ ദൈവം പൊങ്ങച്ചക്കാരനും പണക്കൊതിയനുമാണ്. സ്തുതിഗീതങ്ങളും ആരാധനയും ഇഷ്ടപ്പെടുന്ന, കാണിക്കയുടെ മൂല്യം അനുസരിച്ച് അനുഗ്രഹം ചൊരിയുന്ന ഒരു ദൈവം. തന്റെ വാസസ്ഥലത്തിന്റെ (ക്ഷേത്രമോ പള്ളിയോ ഗുരുദ്വാരയോ സിനഗോഗോ എന്തുമാകാം) ഗരിമയിൽ അഭിമാനിക്കുന്ന ദൈവം. കൊടിമരമോ ആരാധനാലയമാകെത്തന്നെയോ സ്വർണംപൂശിയാൽ സന്തോഷിക്കുന്ന ദൈവം. ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ചു ഭരിക്കുന്ന ദൈവത്തിന് എങ്ങനെ വന്നു ഇത്തരം ധനമോഹം എന്നാരെങ്കിലും ചോദിച്ചാൽ അതു ദൈവനിന്ദയാകും.
മതങ്ങളുടെ വളർച്ചയുടെ ഒരു ഘട്ടത്തിൽ ദൈവത്തേക്കാൾ പ്രാധാന്യം പിശാചുക്കളും ജിന്നുകളും നേടുന്നു. കാരണം, പുരോഹിതർക്കും മറ്റു വിശ്വാസക്കച്ചവടക്കാർക്കും എളുപ്പം കൈകാര്യം ചെയ്യാൻ കഴിയുന്നത് ഭയം എന്ന ആയുധമാണ്. ദൈവം സ്‌നേഹസ്വരൂപനാണെന്നു മതഗ്രന്ഥങ്ങളിലെല്ലാം പലവട്ടം പറഞ്ഞുപോയിട്ടുണ്ടാകും. അതുകൊണ്ട് ദൈവഭയത്തിന് പരിമിതികളുണ്ട്. പിശാചുക്കൾക്ക് ഇത്തരം പരിമിതികളൊന്നുമില്ല. അനന്തമായ നാശം വിതയ്ക്കാൻ അവയ്ക്കു കഴിയും. അവയ്ക്ക് ആകെ പേടിയുള്ളത് പുരോഹിതരെയും മന്ത്രവാദികളെയും മാത്രമാണ്.
ഹിന്ദുദൈവങ്ങളിൽ പലതിലും ദേവസങ്കല്‍പ്പത്തിൽത്തന്നെ ദ്വന്ദ്വസ്വഭാവം കാണാൻ കഴിയും. കുട്ടിച്ചാത്തനും കാളിയും ചാമുണ്ഡിയും പരദേവതയും എല്ലാം ഭക്തവത്സലരും, അതേസമയം ഉഗ്രരൂപികളുമാണല്ലോ. അവരും പുരോഹിതർക്കും മന്ത്രവാദികൾക്കും വഴങ്ങും. ദൈവത്തിലേക്കായാലും പിശാചിലേക്കായാലും മനുഷ്യരെ അടുപ്പിക്കുന്നത് ഭക്തിയേക്കാൾ കൂടുതൽ ഭയമാണ് എന്നു വ്യക്തം.
ഭക്തിയുടെ പേരിൽ നടക്കുന്ന ചൂഷണങ്ങൾക്ക് ഭക്തർ തന്നെ ന്യായീകരണം കണ്ടെത്തിക്കൊള്ളും. ജിന്നൊഴിപ്പിക്കാൻ കരുനാഗപ്പള്ളിയിൽ ഒരു സിദ്ധൻ നടത്തിയ ഭീകര പീഡനത്തിനിടയിൽ ഗർഭിണിയായ യുവതി മരിക്കാനിടയായ സംഭവത്തിൽ ഒരു ഭക്തന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ”ആ സിദ്ധൻ കഴിവുള്ള ആളാണപ്പാ. മൂപ്പര് പല ജിന്നിനെയും മുമ്പ് ഒഴിപ്പിച്ചിട്ടുള്ളതാ. ഇക്കുറി ബാധിച്ച ജിന്ന് ഭയങ്കരനാ. എന്തൊക്കെ ചെയ്തിട്ടും ഒഴിയണ്ടേ! ആ പെണ്ണിന്റെ സമയമായീന്ന് വിചാരിച്ചാ മതി.” ഇതു തലകുലുക്കി സമ്മതിക്കാൻ ഇന്നത്തെ കേരളത്തിൽ ധാരാളം പേരുണ്ടാകും എന്നു തീർച്ച. എല്ലാം വിധിയാണ് എന്നു വിശ്വസിക്കുന്നവരുടെ എണ്ണം ഇവിടെ കൂടിക്കൊണ്ടിരിക്കുന്നു.
വിധിവിശ്വാസത്തിലും ജാതിവിവേചനങ്ങളിലും മുഴുകിക്കഴിഞ്ഞ ഒരു കാലം മുമ്പ് ഇന്ത്യയിലാകെയും കേരളത്തിലും ഉണ്ടായിരുന്നു. ദാരിദ്ര്യത്തിലും നിരക്ഷരതയിലും കഴിഞ്ഞ ഒരു തലമുറ പതുക്കെ രാഷ്ട്രീയബോധം ഉൾക്കൊണ്ട്, ജാതിചിന്ത തൂത്തെറിഞ്ഞ്, അധ്വാനിക്കുന്നവരുടെ ഐക്യം നേടിയെടുത്ത് സ്വന്തം വിധി സ്വയം മാറ്റിയെഴുതിയ ചരിത്രമാണ് കേരളത്തിനുള്ളത്. ഇന്ത്യയിൽ മറ്റൊരിടത്തും അതുണ്ടായില്ല. ആ കേരളം ഇന്ന് അതിവേഗം പിന്നോട്ടു പോവുകയാണ്. വിധിക്കും ജാതിക്കും പൗരോഹിത്യത്തിനും വർഗീയതയ്ക്കും കീഴടങ്ങുകയാണ്. ധനാഗമന യന്ത്രങ്ങളുടെയും മായാമോഹിനിയന്ത്രങ്ങളുടെയും വലംപിരിശംഖുകളുടെയും ഏറ്റവും നല്ല മാർക്കറ്റാണിന്ന് കേരളം.
സ്ത്രീകൾ ഓടുകയും ചാടുകയും ഒക്കെ ചെയ്താൽ ഗർഭപാത്രം ഇളകിപ്പോകും എന്ന് ചിന്തിക്കുന്ന പണ്ഡിതർ കേരളത്തിൽ നിരവധിയാണ്. അതിന് ജാതിമതഭേദങ്ങളില്ല. ഭക്തന്മാരേക്കാൾ ഭക്തകളാണ് വിശ്വാസതീവ്രതയിൽ മുന്നിലെങ്കിലും, ദൈവവുമായി നേരിട്ട് സമ്പർക്കം അവർക്ക് എല്ലായിടത്തും ലഭ്യമല്ല. മിക്ക മുസ്ലീം പള്ളികളിലും അവർക്ക് പ്രവേശനമില്ല; ചില ക്ഷേത്രങ്ങളിലും. ശബരിമലയിൽ പ്രായപരിധിയാണു വച്ചിട്ടുള്ളത്. രജസ്വലയായാലോ എന്ന പേടിയാണത്രെ കാരണം. ആർത്തവരക്തത്തോളം നികൃഷ്ടമായ ഒരു വസ്തു ഇദ്ദുനിയാവിൽ ഇല്ലല്ലോ. നല്ല പാഡു ധരിച്ചോളാം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. പുണ്യനദിയുടെ കര മുഴുവൻ തീട്ടംകൊണ്ട് ആറാട്ടായാലും പ്രശ്‌നമില്ല, ആർത്തവരക്തത്തിന്റെ മണം തീരെപ്പറ്റില്ല.
ഇങ്ങനെ ഒരു നിർദേശം വെച്ചാലോ? ദേവസ്വം ബോർഡ് ഒരുപറ്റം വനിതാഡോക്ടർമാരെ നിയമിക്കുന്നു. അവർ പരിശോധിച്ച് രജസ്വലയല്ല, ഉടനൊന്നും ആവുകയുമില്ല എന്ന സർട്ടിഫിക്കറ്റ് നല്‍കിയാൽമാത്രം സ്ത്രീകൾക്ക് പ്രവേശനം. കനത്ത ഫീസ് തന്നെ ചുമത്താനുള്ള അവകാശം ബോർഡിനുണ്ടാകണം. കാശില്ലെങ്കിൽ ദർശനവുംവേണ്ട. ദേവസ്വംബോർഡിന്റെ വരുമാനം വർധിക്കാനും ഭഗവാനെ ആർത്തവരക്ത ദുർഗന്ധത്തിൽനിന്നു രക്ഷിക്കാനും സഹായകമായ ഈ നിർദേശം ഒരുപക്ഷേ സ്വീകാര്യമായേക്കാം.