Ask.Luca ഉദ്ഘാടനം സെപ്റ്റംബർ 5 – രാത്രി 7 ന് തത്സമയം കാണാം : ലൂക്കയുടെ ഫേസ്ബുക്ക് പേജിൽ
മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കഴിവുകളില്‍ ഒന്നാണല്ലോ ചോദ്യം ചോദിക്കാനുള്ള കഴിവ്. ചുറ്റുപാടുകളെ ജിജ്ഞാസാപൂര്‍വം നോക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്ക് ഉത്തരം കണ്ടെത്താനും ഉള്ള കഴിവ് ഉറുമ്പിനും പൂച്ചക്കും പുലിക്കും ആനക്കും ഒന്നും ഉള്ളതായി അറിവില്ല.
അവരൊക്കെ സ്വന്തം കാര്യം നോക്കി കഴിയുമ്പോ നമ്മള്‍ മനുഷ്യര്‍ ചെറു പ്രായം മുതല്‍ തന്നെ ഈ പ്രപഞ്ചത്തിലെ സകലമാന കാര്യങ്ങളെക്കുറിച്ചും ചോദിച്ചു കൊണ്ടേയിരിക്കുന്നു. ആകാശത്ത് എത്ര നക്ഷത്രമുണ്ട്? കടലില്‍ തിര എന്തുകൊണ്ടാ? ഭൂമിയുടെ ഉള്ളിന്റെ ഉള്ളിലെന്താ? നമ്മടെ തലച്ചോറ് എങ്ങന്യാ കണക്കു ചെയ്യുന്നത്? പഞ്ചാരക്കെന്താ മധുരം?..
അങ്ങനെ എന്ത് കണ്ടാലും ചോദ്യം ചോദിക്കുന്ന ഈ കഴിവ് തന്നെയാണ് മനുഷ്യനെ മനുഷ്യനാക്കിയത്. ഈ ചോദ്യങ്ങള്‍ ചോദിച്ചും അവക്കുള്ള ഉത്തരം കണ്ടെത്തിയുമാണ് നാം ശാസ്ത്രവും സംസ്കാരവും ചരിത്രവും സൃഷ്ടിച്ചത്. മനുഷ്യ രാശിയുടെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായ ശാസ്ത്രത്തിന്റെ അടിത്തറ തന്നെ ഈ ചോദ്യം ചോദിക്കാനുള്ള കഴിവാണ്.
പണ്ട് നമുക്ക് അറിയാതിരുന്ന എത്ര എത്ര കാര്യങ്ങളാണ് ഈ ചോദ്യങ്ങളിലൂടെയും അവയെ പിന്‍ തുടര്‍ന്നുള്ള അന്വേഷണ, ഗവേഷണങ്ങളിലൂടെയും മനുഷ്യന്‍ കണ്ടെത്തിയത് എന്ന് ആലോചിച്ചു നോക്കിയാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും..
ഈ ചോദ്യം ചെയ്യല്‍ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരിക്കണം. ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ ഉത്തരം കിട്ടിയെന്നു വരില്ല . കൂടുതല്‍ അന്വേഷണങ്ങളും നിരീക്ഷണങ്ങളും പരീക്ഷണങ്ങളും വേണ്ടി വരും. കൃത്യമായി ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ള നിരവധി ചോദ്യങ്ങളുണ്ട്. അവക്ക് നേരെ കണ്ണടച്ച് അന്ധവിശ്വാസങ്ങള്‍ നില നിര്‍ത്താന്‍ ശ്രമിക്കുന്ന പ്രവണതകളും തെറ്റായ ഉത്തരങ്ങള്‍ പ്രചരിപ്പിക്കുന്ന രീതിയും ശാസ്ത്രവിരുദ്ധമാണ്, എതിര്‍ക്കപ്പെടേണ്ടതാണ്.
ചോദ്യങ്ങള്‍ യാഥാര്‍ത്ഥ്യത്തിലൂന്നിയതും യുക്തിപരവുമാവണം. അവയില്‍ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ ഉണ്ട് എന്ന് ശാസ്ത്രം വിശ്വസിക്കുന്നില്ല. ഇന്നലെ നമുക്ക് ഉത്തരം കിട്ടാതിരുന്ന നൂറു നൂറു ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത് പോലെ ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ആയിരക്കണക്കിന് ചോദ്യങ്ങള്‍ക്ക് നാളെ ഉത്തരം ലഭിക്കും എന്ന ഉറച്ച വിശ്വാസം ശാസ്ത്രം നമുക്ക് നല്‍കുന്നു. കൂടുതല്‍ ശരിയായ തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാനും കൂടുതല്‍ ശരിയായ ഉത്തരങ്ങളിലേക്ക് എത്തിച്ചേരാനുമാണ് ശാസ്ത്രം നമ്മെ സഹായിച്ചു കൊണ്ടിരിക്കുന്നത്.
എല്ലാ ചോദ്യങ്ങള്‍ക്കും അന്തിമ ഉത്തരം നല്കുന്ന ഒരു മഹാ സിദ്ധിയല്ല ശാസ്ത്രം.. ശരിയായ ചോദ്യങ്ങള്‍ ചോദിക്കാനും കൂടുതല്‍ ശരി ഉത്തരങ്ങളിലേക്ക് എത്തിച്ചേരാനുമുള്ള ചിട്ടയായ, വിനീതമായ പ്രവര്‍ത്തനമാണ് ശാസ്ത്രത്തിന്റേത്.ശാസ്ത്രം ജനനന്മക്കെന്നു തിരിച്ചറിയുന്ന ഒരു പുതിയ തലമുറ നമ്മുടെ നാട്ടിൽ വളർന്നുവരുമെന്നും ചികിത്സാ സമ്പ്രദായങ്ങളിൽ തെളിവ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കും എന്നും നമുക്ക് പ്രതീക്ഷിക്കാം. കാലഘട്ടം അത് തീർച്ചയായും ആവശ്യപ്പെടുന്നുണ്ട്.
ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കൂ. എപ്പോഴും , ധീരമായി…
എന്താണ് Ask.Luca ?
ചോദ്യം ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള ഓപ്പൺ ആക്‌സസ് ശേഖരമാണ് Ask.Luca. ചോദ്യം ചോദിക്കാനുള്ള ശേഷിയും വിമർശനാത്മകബോധത്തോടെയുള്ള പഠനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് Ask.Luca രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Ask.Luca യിൽ എന്തെല്ലാമുണ്ട് ?
കുട്ടികൾക്കും മുതിർന്നവർക്കും ചോദ്യം ചോദിക്കാം. ഉത്തരം തേടാൻ ശാസ്ത്രീയമായ അന്വേഷണരീതി അവലംബിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കുക എന്നതിനപ്പുറം ഉത്തരം തേടുന്നതിനുള്ള ശാസ്ത്രത്തിന്റെ രീതി പരിചയപ്പെടുത്തുക എന്നതിനാണ് Ask Luca പ്രാധാന്യം കൊടുക്കുന്നത്. ചോദ്യങ്ങൾക്ക് നിലവിലെ നമ്മുടെ ഏറ്റവും പുതിയ അറിവിന്റെ അടിസ്ഥാനത്തിൽ ഉത്തരം തേടുന്നതോടൊപ്പം തുറന്ന ചർച്ചകൾക്കും വിശകലനങ്ങൾക്കും സാധ്യതയുള്ള ചോദ്യങ്ങളും സ്വാഗതം ചെയ്യുന്നു.
ഞാനൊരു വിദ്യാർത്ഥിയാണ്. എനിക്ക് Ask.luca യെ പ്രയോജനപ്പെടുത്താൻ കഴിയുമോ?
തീര്‍ച്ചയായും.കൂടുതല്‍ അറിയാനും അന്വേഷിക്കാനും താല്പര്യമുള്ള ആര്‍ക്കും Ask.Luca പ്രയോജനപ്പെടുത്താം. പാഠ്യവിഷയം മാത്രമല്ല, മറ്റുള്ളവയും.
Ask luca യിൽ ഞാനൊരു ചോദ്യം ചോദിച്ചു.. എനിക്കെപ്പോഴാണ് ഉത്തരം കിട്ടുക ?
സാധാരണഗതിയില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നല്കാന്‍ കഴിയും. എന്നാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമായ ചോദ്യങ്ങളെങ്കില്‍ അതിനനുസരിച്ച കാലതാമസം സംഭവിക്കാം.
ആരാണ് ഇതിനെല്ലാം ഉത്തരം നൽകുന്നത് ? ഏതു ചോദ്യത്തിനും ഉത്തരം ലഭിക്കുമോ ?
ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ അറിവും അവഗാഹവുമുള്ള വിദഗ്ധരിൽ നിന്ന് ഉത്തരങ്ങൾ ലഭ്യമാക്കും. കേരളത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞർ, അദ്ധ്യാപകർ, ഗവേഷകർ, എഴുത്തുകാർ തുടങ്ങി ധാരാളം പേരുടെ സേവനം നമുക്കു ലഭിക്കുന്നുണ്ട്. ഈ ഉത്തരങ്ങൾ ഒരു വിദഗ്ധ സമിതി പരിശോധിച്ചശേഷം ലൂക്കയിൽ പ്രസിദ്ധീകരിക്കും. ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭ്യമാക്കാൻ സമയം കൂടുതലെടുത്തക്കാം. അങ്ങനെയെങ്കിൽ ഇക്കാര്യം ചോദ്യകർത്താക്കളെ അറിയിക്കും.
ലഭ്യമായതിൽ ഏറ്റവും ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ഉത്തരങ്ങൾ ലഭ്യമാക്കാനാണ് ‘ലൂക്ക’ ശ്രമിക്കുന്നതു്. ഈ ഒരു രീതിക്ക് വഴങ്ങാത്തതോ ശാസ്ത്രിയവും ആധികാരികവുമായ വിവരങ്ങൾ ഇതുവരെ ലഭ്യമാകാത്തതോ ആയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണമെന്നില്ല. എങ്കിലും ഓരോ ചോദ്യവും പുതിയ അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും വഴി വെച്ചേക്കാമെന്നതു കൊണ്ട് അത്തരം ചോദ്യങ്ങൾക്കും പ്രസക്തിയുണ്ട്.
എനിക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആഗ്രഹമുണ്ട്. ഞാനെന്തുചെയ്യണം ? Ask.luca Writers ഗ്രൂപ്പിൽ അംഗമാകാൻ എന്തുചെയ്യണം. ?
ഉത്തരങ്ങള്‍ Ask Lucaയുടെ ഇമെയിലിലേക്ക് ([email protected]) അയച്ചുതന്നാല്‍ മതിയാകും. എഡിറ്റോറിയല്‍ഗ്രൂപ്പ് പരിശോധിച്ച് ശരിയായ മറുപടിയെങ്കില്‍ പേര് സഹിതം ലൂക്കയില്‍ നല്കും.
ഞാനൊരു രക്ഷിതാവാണ്. എനിക്കെങ്ങനെ പ്രയോജനപ്പെടുത്താനാവും ?
കുട്ടികളെ ചോദിക്കാനും മറ്റുള്ള ചോദ്യോത്തരങ്ങള്‍ ശ്രദ്ധിക്കാനും പ്രേരിപ്പിക്കയാണ് വേണ്ടത്. ഒപ്പം നിങ്ങള്‍ക്കും ചോദിക്കാം.
ഞാനൊരു ടീച്ചറാണ്. എനിക്കെങ്ങനെ Ask.luca യുമായി സഹകരിക്കാനാകും ?
ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ നല്കിയും തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ ഉൾപ്പെടുത്തിയും സഹകരിക്കാം.
ഞാനൊരു ഗവേഷകയാണ് . എനിക്കെങ്ങനെ സഹകരിക്കാനാകും ?
ഉത്തരം നല്കുന്നതോടൊപ്പം ആ വിഷയത്തിലെ പുതിയ വിജ്ഞാന മേഖലകള്‍ പരിചയപ്പെടുത്താന്‍ നിങ്ങള്‍ക്കാകും. ഉത്തരമായോ ലൂക്കയില്‍ പ്രസിദ്ധീകരിക്കാവുന്ന പ്രത്യേക ലേഖനമായോ.
ഇതിൽ ഒരു തെറ്റു കണ്ടെത്തിയാൽ അതെങ്ങനെ റിപ്പോർട്ടു ചെയ്യാം?
തെറ്റുകള്‍ ചൂണ്ടി ശരിയുത്തരം മെയിലിലേക്ക് അയച്ചുതരിക. ചൂണ്ടികാട്ടിയ കാര്യം ശരിയെങ്കില്‍ നിങ്ങളെ പരാമര്‍ശിച്ച് അത് തിരുത്തപ്പെടും. (വൈകാതെ ഇതിനുള്ള പ്രത്യേക സംവിധാനം Ask.Luca പേജിൽ തന്നെ ഒരുക്കുന്നതാണ്.)
ഇതിൽ എഴുതുന്നവർക്ക് പ്രതിഫലം കൊടുക്കുന്നുണ്ടോ?
ഇല്ല
ഇതിലെ ഉത്തരങ്ങളുടെ പകർപ്പവകാശം ആർക്കാണ്?
Creative Commons Attribution Share Alike 4.0 International License പ്രകാരം Ask.Luca യിലെ ചോദ്യോത്തരങ്ങൾ ആർക്കും കടപ്പാടോടുകൂടി പുനപ്രസിദ്ധീകരിക്കാവുന്നതാണ്.
ഇതിലേക്ക് ചോദ്യങ്ങൾ എങ്ങനെ അയക്കാം?
https://ask.luca.co.in/ask ഈ ലിങ്കിൽ കയറി ചോദ്യങ്ങൾ ചോദിക്കാം
ആരാണ് Ask.Luca സംഘാടകർ ?
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയാണ് Ask.Luca യുടെ സംഘാടകർ