സി.എസ്.മീനാക്ഷി
ടിം പീക്ക്(Tim Peake) എന്ന ബ്രിട്ടീഷ് ബഹിരാകാശസഞ്ചാരി എഴുതിയ Ask an Astronaut എന്ന പുസ്തകത്തിന്റെ വായന.
മന്ത്രചൈതന്യ മഞ്ജുതൂലിക
മന്ദമായുഴിഞ്ഞങ്ങനെ
ഇന്ദ്രഭാവന അംഗരാഗത്തിൽ
ചന്തമായ് ചൊരിഞ്ഞങ്ങനെ
ചന്ദ്രസൂര്യകരങ്ങൾ നിന്നിലെ
മന്ത്രതംബുരു മീട്ടവെ
ദേവതേ നീയുണർന്നു പാടിയീ
ജീവിതാനന്ദഗീതകം
(വി മധുസൂദനൻ നായർ)
ഭൂമി എന്ന ഗ്രഹം അനുഗൃഹീതമാകുന്നതെങ്ങനെയാണ്? ഈ ഗ്രഹത്തിൽ ജീവിതാനന്ദഗീതകം മു ഴങ്ങാൻ തുടങ്ങിയത് എന്ന് മുതലാണ്? ഇവിടെ നാം ശ്വസിക്കുന്നു, തിന്നുന്നു, ഓടുന്നു, ചാടുന്നു, മഞ്ഞ് പൊഴിയുന്നു, മരങ്ങൾ വളരുന്നു, പൂ കൊഴിയുന്നു. പൊഴിയുന്നവ ഭൂമിയിൽത്തന്നെ പതിക്കുന്നു. ജൈവ വ്യവസ്ഥ നിലനിൽക്കുന്നതിനുള്ള അന്തരീക്ഷം, വെള്ളം, മണ്ണ് എന്നിവയോടൊപ്പം ഭൂഗുരുത്വാകർഷണം എന്ന ഭൗതികപ്രതിഭാസത്തിന് കൂടി ചേർന്ന വിധം പാകപ്പെട്ടതാണ് നമ്മുടെ ശരീരവും മനസ്സും അവയുടെ ചലനങ്ങളും. മനുഷ്യനുൾപ്പെടെയുള്ള ജന്തു ക്കളുടെ ശ്വസന, ദഹന, ചംക്രമണ വ്യവസ്ഥകൾ രൂപംകൊണ്ടിരിക്കുന്നത് ഭൂമിയുടെ അന്തരീക്ഷ സ്ഥി തിക്കും ഭൂഗുരുത്വാകർഷണത്തിനും അനുസൃതമാ യാണ്. നമ്മുടെ ജീവകോശങ്ങളുടെ ഘടന ഇവിടുത്തെ സ്വാഭാവിക രാസപ്രക്രിയകളുടെ പരിണാമ ഫലമാണ്. അഞ്ച് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു നൃത്തം വേദിയിലവതരിപ്പിക്കുന്നതിന് മുൻപ് മാസങ്ങളുടെ പരിശീലനവും വേഷഭൂഷാദികളുടെ തെരഞ്ഞെടുപ്പും പലതിന്റെയും പരീക്ഷിച്ചുനോക്കലും വേണ്ടെന്ന് വയ്ക്കലുമെല്ലാം നടക്കുന്നതുപോലെ, പുനരുജ്ജീവന സ്വഭാവമുള്ള ജീവകോശം എന്ന സങ്കീർണ പ്രോട്ടീൻ തന്മാത്ര ഉടലെടുക്കുന്നതിന് മുൻപ് പ്രകൃതി ഒരുപാട് ഒരുക്കൂട്ടലുകളും പരീക്ഷണങ്ങളും തിരസ്‌കാരങ്ങളും നടത്തിയിട്ടുണ്ട്. മനുഷ്യൻ എന്ന, ‘തന്നെക്കുറിച്ചാലോചിക്കാൻ കഴിവുള്ള ദ്രവ്യരൂപ'(Man is matter that contemplates itself –Carl Sagan)ത്തിലേയ്ക്ക് എത്താൻ പിന്നെയും വേണ്ടി വന്നു, ദശലക്ഷക്കണക്കിന് വർഷങ്ങളുടെ രാസപരീക്ഷണ റിഹേഴ്‌സലുകൾ.
ഇന്നത്തെ മനുഷ്യൻ ജൈവികവും സാമൂഹ്യവു മായ ഒരുപാട് പരിണാമങ്ങൾക്കപ്പുറം വേദിയിലെ ത്തിയ ഒരു നൃത്തരൂപമാണ്. ഞാൻ ജനിക്കുമ്പോൾ ഇതൊക്കെ ഇങ്ങനെയൊക്കെ ആയിരിക്കുന്നതുകൊ ണ്ട് ഇതെല്ലാം എന്നും ഇങ്ങനെയൊക്കെത്തന്നെയാ യിരുന്നു എന്ന് നിനച്ചുപോകാനുള്ള ഒരു പ്രവണത നമുക്കെല്ലാമുണ്ട്, ഇംഗ്ലീഷിൽ taken for granted എന്ന് പറയുന്ന ഒരവസ്ഥ. ലാപ്‌ടോപ്പ് കമ്പ്യൂട്ടറിന്റെ മടി യിൽ പിറന്നുവീഴുന്ന ഒരു കുഞ്ഞ് തന്റെ തൊട്ടുമുൻ പുള്ള തലമുറ കമ്പ്യൂട്ടറേ ഇല്ലാതെയാണ് ജീവിച്ചിരുന്നത് എന്ന് അത്ഭുതത്തോടെ മാത്രം കാണുന്നതു പോലെയാണ് അത്.
ജീവന്റെ നിലനിൽപിനാധാരമായ അളവിൽ സൂര്യ താപം പതിക്കുന്ന അകലത്തിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി എന്നതും, അതിന്റെ ഭ്രമണവേഗവും അച്ചുതണ്ടിന്റെ ചരിവും ദിനരാത്ര ങ്ങൾക്കും ഋതുഭേദങ്ങൾക്കും കാരണമായി ഭവിച്ചു എന്നതും, കോടിക്കണക്കിന് വർഷങ്ങളെടുത്ത് രൂപ പ്പെട്ടുവന്ന ജൈവാവസ്ഥയും ഭൂമിയെ സൗരയൂഥത്തിലെ അപൂർവ്വതയും മനോഹാരിതയും ജീവസുഗ ന്ധവും ചേർന്ന കല്യാണസൗഗന്ധികമാക്കി.
‘വ്യോമഗംഗയിലായിരം കോടി
താരകങ്ങൾ വിളിക്കിലും
ശ്യാമമോഹിനി പോവുകില്ല ഞാൻ ..’
എന്ന് ഭൂമി പറയുന്നതും(വി. മധുസൂദനൻ നായർ)
അതുകൊണ്ട് തന്നെ.ഇതൊക്കെ മനസ്സിൽ വന്നത് ഒരു പുസ്തകം വായിച്ചപ്പോഴാണ്. ടിം പീക്ക്(Tim Peake) എന്ന ബ്രിട്ടീഷ് ബഹിരാകാശസഞ്ചാരി എഴുതിയ Ask an Astronaut എന്ന പുസ്തകം (Penguine,2017). അത് വായിച്ചുകൊണ്ടിരുന്ന രണ്ടാഴ്ചക്കാലം ഞാനീ ഭൂമി വിട്ട് ബഹിരാകാശത്തിൽ ഒഴുകിനടക്കുകയായിരുന്നു, 400 കി.മീറ്റർ മുകളിൽ മൈക്രോ ഗ്രാവിറ്റി(micro gravtiy)യിൽ ഭൂമിയെ ചുറ്റുന്ന ISS എന്ന അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ. കസാക്കിസ്ഥാനിലെ ബൈകൊനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 2015 ഡിസംബർ 15-ന് വിക്ഷേപിച്ചതിനും തിരിച്ച് കസാക്കിസ്ഥാനിലെ തന്നെ സ്‌റ്റെപ്പി പുൽപരപ്പിൽ 2016 ജൂൺ 18-ന് തിരിച്ച് ലാൻഡ് ചെയ്യുന്നതിനും ഇടയ്ക്കുള്ള 186 ദിവസത്തെ ബഹിരാകാശ ജീവിതത്തെ കുറിച്ചുള്ളതാണ് ഈ പുസ്തകം. യാത്രയ്ക്ക് മുൻപുള്ള ഒരുക്കങ്ങളും, എത്തിക്കഴിഞ്ഞുള്ള കാര്യങ്ങളും ഇതിൽ ചുരുക്കി പ്രതിപാദിക്കുന്നുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സാമൂഹ്യ മാദ്ധ്യമങ്ങളിൽ #Ask_an_Astronaut എന്ന ഹാഷ് ടാഗ് പ്രചരണത്തിന്റെ ഫലമായി ഉയർന്നു വന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എന്ന ഫോർമാറ്റിലാണ് ഈ പുസ്തകം സംവിധാനം ചെയ്തിരിക്കുന്നത്. Launch, Training, Life and work on the ISS, Space walking, Earth and Space, Return to Earth, Afterword:Looking to the future എന്നിവയാണ് അധ്യായങ്ങൾ.
300 ടൺ ഭാരം വരുന്ന സോയൂസ് റോക്കറ്റ് ഉപയോഗിച്ചാണ് ഗ്രന്ഥകർത്താവും ടിം കോപ്ര(Tim Kopra), യൂറി മലെൻചെങ്കോ(Yuri Malenchenko) എന്നിവര ടങ്ങുന്ന സംഘം 2015 ഡിസംബർ 15-ന് ISS എന്ന അന്താരാഷ്ട്ര ഉപഗ്രഹകേന്ദ്രത്തിലെത്തുന്നത്. കാനഡ, ജപ്പാൻ, റഷ്യൻ ഫെഡറേഷൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ബെൽജിയം, ഡെന്മാർക്, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലന്റ്‌സ്, നോർവേ, സ്‌പെയ്ൻ, സ്വീഡൻ, സ്വിറ്റ്‌സർലന്റ്, യുകെ എന്നിങ്ങനെ 11 രാഷ്ട്രങ്ങളുടെ രാഷ്ട്രീയവും, സാമ്പത്തികവും നിയമപരവുമായ സങ്കീർണമായ വ്യവസ്ഥകളടങ്ങിയ ഉടമ്പടിയുടെ ഫലമാണ് ISS.
അധ്യായങ്ങളിലൂടെ..
സോയൂസ് റോക്കറ്റ് കത്തിച്ചുവിടുന്നത് മുതൽ അതിനെ ISS-മായി ഘടിപ്പിക്കുന്നത് വരെയുള്ള കാ ര്യങ്ങളാണ് ആദ്യ അധ്യായത്തിൽ(Launch) പ്രതിപാദിക്കുന്നത്. റോക്കറ്റ് അന്തരീക്ഷത്തിലൂടെ കടന്നു പോകുമ്പോൾ വരുന്ന ത്വരണമാറ്റങ്ങൾ, താപ മർദ്ദവ്യതിയാനങ്ങൾ, ആഘട്ടത്തിൽ സംഭവിക്കാവുന്ന പാകപ്പിഴകൾ, അത് ബഹിരാകാശ ഭ്രമണപഥത്തിലെത്തി ചംക്രമണം നടത്തുന്നത്, സഞ്ചാരികളുടെ മൊഡ്യൂൾ ISS-മായി ബന്ധിപ്പിക്കുന്നത് തുടങ്ങിയ സാങ്കേതിക കാര്യങ്ങൾക്ക് പുറമെ വീട്ടുകാരേയും ഭൂമിയെത്തന്നെയും വിട്ടുപോകുന്ന -ഒരു പക്ഷെ എ ന്നെന്നേക്കുമായി- നിമിഷങ്ങളുടെ തീവ്രതയും ഇ തിൽ വിവരിക്കുന്നുണ്ട്. പേടകത്തിൽ കയറും മുൻപ് വാതിലിൽ ഒപ്പിടുക, ടയറിൽ മൂത്രമൊഴിക്കുക തുട ങ്ങിയ, കീഴ്‌വഴക്കമായി മാറിയ അന്ധവിശ്വാസങ്ങ ളും, പരിശീലനകാലത്തെ രോഗപ്രതിരോധത്തിനാ യുള്ള ഒറ്റപ്പെട്ട(Quarantine) ജീവിതവും സ്‌പേസിലെ ത്തിയിട്ട് പേടകജാലകത്തിലൂടെ പുറത്തേക്ക് നോ ക്കിയപ്പോൾ കണ്ട കുറ്റാക്കൂരിരുട്ടും വിശദമായിത്തന്നെ നമുക്ക് വായിച്ചറിയാൻ കഴിയും.
ഒരു വ്യക്തി ബഹിരാകാശ യാത്രികനാകണം എന്ന് തീരു മാനമെടുക്കുന്നത് മുതൽ അതായിത്തീ രും വരെ കടന്നുപോകേണ്ട ശാരീരികവും മാനസിക വുമായ പരിശീലനങ്ങളെപ്പറ്റിയാണ് രണ്ടാം അധ്യാ യം(Training). പട്ടാളത്തിന് വേണ്ടിയും അല്ലാതെയും പല തരം വിമാനങ്ങളോടിച്ചുള്ള പരിചയം, ഏകോപ നസിദ്ധി, സ്ഥലവ്യാപ്തിബോധം, സമയബന്ധിതമായി നിർണായകങ്ങളായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിവയ്ക്ക് പുറമെ ബഹിരാകാശകേന്ദ്ര ത്തിൽവച്ച് നടത്തുന്ന പലതരം ശാസ്ത്ര, വൈദ്യ പരീക്ഷണങ്ങളെ കുറിച്ചുള്ള അറിവ്, സ്ഥിരോത്സാഹം, സംഘമായി ജോലി ചെയ്യാനുള്ള വ്യക്തിത്വ വിശേഷങ്ങൾ, സർവ്വോപരി ബഹിരാകാശസഞ്ചാരിയാകാനുള്ള ആത്മാർത്ഥമായ ആഗ്രഹം എന്നിവ യൊക്കെയാണ് ഒരു ബഹിരാകാശസഞ്ചാരിക്കുണ്ടാ കേണ്ട അവശ്യ കാര്യങ്ങൾ. ഒരു ബഹിരാകാശപേട കത്തിന്റെ വിദൂരവും അടഞ്ഞതും പരിമിതവുമായ ഇടത്തിൽ മാസങ്ങളോളം ജീവിക്കുക എന്നത് ഉയർന്ന ശാരീരിക, മാനസിക ക്ഷമത ആവശ്യപ്പെടുന്ന ഒന്നാണ്. അത് വളർത്തിയെടുക്കാൻ ചിട്ടയോടെ യുള്ള ശാസ്ത്രീയവും കഠിനവുമായ പരിശീലനം സഞ്ചാരികൾക്ക് കൊടുക്കുന്നു. കറങ്ങുന്ന ചക്ര ത്തിൽ അതിവേഗം കറക്കുക, ഭാരമില്ലായ്മ അനുഭവപ്പെടുന്ന പേടകങ്ങളിൽ ഒഴുകി നീങ്ങുക, ജലാശ യങ്ങൾക്കടിയിൽ അന്തർവാഹിനികളിൽ ജീവിക്കുക തുടങ്ങി ഗുരുത്വാകർഷണം കുറഞ്ഞ, അന്തരീക്ഷ മില്ലാത്ത ബഹിരാകാശത്ത് ജീവിക്കുന്നതിന് സമാന മായ അവസ്ഥകളിലൂടെ കടന്നുപോയിക്കൊണ്ട് ബ ഹിരാകാശസഞ്ചാരത്തിനാവശ്യമായ നൈപുണ്യവും സഹനശേഷിയും വൈദഗ്ദ്ധ്യവും അവർ നേ ടിയെടുക്കുന്നു. വളവും തിരിവും കയറ്റിറക്കങ്ങളും നിറഞ്ഞ ഗുഹകളിൽ ജീവിച്ച് അതിനുള്ളിലെ ജൈവ സാമ്പിളുകൾ ശേഖരിക്കുക, ഫോട്ടോ എടുക്കുക, ടീമായി പ്രവർത്തിക്കുന്നതിനുള്ള കഴിവ് നേടുക എ ന്നതും പരിശീലത്തിന്റെ ഭാഗമാണ്.
മൂന്നാമത്തെ അധ്യായത്തിൽ(Life and work on the ISS) സ്‌പേസ് സ്റ്റേഷനിലെ ജീവിതത്തെയും പ്രവർത്തനങ്ങളെയും വിശദീകരിക്കുന്നു. സ്‌പേസ് സ്റ്റേഷ നിലെ ജീവിതമെങ്ങിനെയാണ്? എപ്പോഴുമുള്ളതല്ലേ എന്ന് കരുതി ഭൂമിയിൽ നാം കാര്യമായി വില കൽ പിക്കാത്ത വായു, വെള്ളം എന്നിവ ലഭ്യമാക്കുന്ന സങ്കീർണമായ സംവിധാനങ്ങൾ ബഹിരാകാശപേടക ത്തിൽ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കും. ഭൂമിക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനും വിവിധ യന്ത്രഭാഗങ്ങളുടെ നിയന്ത്രണത്തിനും ഭൂമിയിലുള്ള വരുമായുള്ള വാർത്താവിനിമയത്തിനും പലതരം ശാസ്ത്ര പരീക്ഷണങ്ങൾക്കുമൊക്കെ വേണ്ട കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള നിരവധി സംവിധാനങ്ങളും തു ടർച്ചയായി പ്രവർത്തിച്ചുകൊണ്ടേയിരിക്കും. ഒരു ബ ഹിരാകാശപേടകത്തിലെ വയറിങ്ങിന്റെ നീളം 12 കി. മീറ്ററിലധികം വരും! സ്‌പേസിലായിരിക്കുന്ന കാലം മുഴുവനും ഒരു സഞ്ചാരിയുടെ വീടും ഓഫീസും ലാ ബും ജിമ്മുമെല്ലാം ആ അടഞ്ഞ പേടകം തന്നെ. അയാൾ ഉണ്ണുന്നതും ഉറങ്ങുന്നതും ശൗചം ചെയ്യുന്ന തും വ്യായാമം ചെയ്യുന്നതും പരീക്ഷണങ്ങൾ ചെയ്യുന്നതുമെല്ലാം മൈക്രോ ഗ്രാവിറ്റി(ഗുരുത്വാകർഷണം തീരെ കുറഞ്ഞ അവസ്ഥ)യിലാണ്. പേടകത്തിന്റെ ഉള്ളിൽ ഘടിപ്പിച്ച കൊളുത്തുകളും ബാറുകളും, ശരീരത്തിൽ ബന്ധിപ്പിച്ച നീളമുള്ള കയറുകളും മറ്റുമുപയോഗിച്ച് സഞ്ചാരിക്ക് സുരക്ഷിതമായി ഫ്‌ലോട്ട് ചെയ്യാനും മറ്റ് പ്രവൃത്തികൾ ചെയ്യാനും കഴിയുന്നു.
‘ഭൂമിയുണ്ടായത് മുതൽ സ്ഥിരമായി നിൽക്കുന്ന ഒന്നാണ് ഭൂഗുരുത്വാകർഷണം. അതിന്റെ അളവിൽ മാറ്റമുള്ള ഭാരമില്ലായ്മ എന്ന അവസ്ഥയിൽ ജീവികൾക്കും ഭൗതികരാസിക പ്രതിഭാസങ്ങൾക്കും വ രുന്ന മാറ്റങ്ങൾ പരീക്ഷിച്ച് കണ്ടുപിടിക്കാനുള്ള അത്യാധുനിക ലബൊറട്ടറിയായി ISS പ്രവർത്തിക്കുന്നു. ISS-ലെ ശാസ്ത്രഗവേഷണപരീക്ഷണ ഫലങ്ങളെ ആസ്പദമാക്കി 1200-ലേറെ ശാസ്ത്രലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങൾ നമ്മുടെ വിജ്ഞാനം വർദ്ധിക്കാനും, സാങ്കേതികവിദ്യ യെ അങ്ങേയറ്റം വികസിപ്പിക്കാനും ആരോഗ്യ രംഗത്ത് പുരോഗതി ഉണ്ടാക്കാനും പരിസ്ഥിതിയെ സമ്പു ഷ്ടമാക്കാനും സഹായിക്കുന്നുണ്ട്'(പുറം 86).
ISS-ലെ ആധുനിക ശാസ്ത്രസാങ്കേതിക പരീക്ഷണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പോലെ തന്നെ, ബഹിരാകാശയാത്രികർ ഭക്ഷണം, ഉറക്കം, ശുചിത്വ കർമങ്ങൾ ആദിയായവ ഭാരമില്ലാ അവസ്ഥയിൽ എ ങ്ങിനെ നിർവ്വഹിക്കുന്നു എന്നും പീക്ക് വിശദമായും സരസമായും വിവരിക്കുന്നുണ്ട്. മനുഷ്യമൂത്രം ശു ദ്ധീകരിച്ച് പുന:ചക്രണം ചെയ്ത് കുടിവെള്ളമായി ഉപയോഗിക്കുന്നു എന്നത് നമ്മെയൊക്കെ അത്ഭുത പ്പെടുത്തുന്ന കാര്യമാണ്. ബഹിരാകാശത്തിൽ അ ത്രയും ദുർലഭവും വിലപ്പെട്ടതുമാണ് കുടിവെള്ളം.
ഭൂമിയിൽ പോലും നാം ഒരു അർദ്ധഗോളത്തിൽ നിന്ന് മറ്റൊരു അർദ്ധഗോളത്തിലേക്ക് വിമാനത്തിൽ സഞ്ചരിക്കുമ്പോൾത്തന്നെ നമ്മുടെ ജൈവതാളം(circadian rhythm) തെറ്റും. അപ്പോൾ 400 കി. മീ ഉയര ത്തിൽ, ദിനം പ്രതി 16 സൂര്യോദയങ്ങൾ അനുഭവപ്പെ ടുന്ന ബഹിരാകാശത്തിലെത്തിപ്പെടുന്ന പാവം മനു ഷ്യ ശരീരത്തെപ്പറ്റി ഒന്നാലോചിച്ചുനോക്കൂ! മാത്ര മല്ല, ഒന്നുറങ്ങേണ്ട സമയത്ത് ജനാലയ്ക്കപ്പുറം തിള ങ്ങുന്ന സൂര്യവെളിച്ചമായിരിക്കും. സൂര്യനിൽ നിന്നു ള്ള അൾട്രാവയലറ്റ് രശ്മികളുടെ പ്രഭാവത്താൽ ന മ്മുടെ ശരീരം ഉറക്കത്തെ ഉത്തേജിപ്പിക്കുന്ന മെലാ റ്റോനിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കാതാവും. അങ്ങിനെ ജൈവതാളം തെറ്റി നമ്മുടെ ഉറക്കം നഷ്ട പ്പെടും. പേടക ഭിത്തിയുമായി ബന്ധിപ്പിച്ച, അല്ലെങ്കിൽ പേടകത്തിനുള്ളിൽ ഒഴുകിനടക്കുന്ന ഉറക്ക സഞ്ചിയിലാണ് ഉറക്കം.
ISS-ന് പുറത്തിറങ്ങി ബഹിരാകാശത്ത് നടക്കുന്നതെങ്ങിനെ എന്നതിനെക്കുറിച്ചാണ് അടുത്ത അധ്യാ യം(Space Walking). ഒരു ചെറിയ തുള വഴിയാണ് അകത്തേക്കും പുറത്തേക്കും കടക്കുക. പേടകത്തിന്റെ പുറം ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കാനാണ് മിക്കപ്പോഴും സഞ്ചാ രികൾക്ക് ബഹിരാകാശത്തേക്കിറങ്ങേണ്ടി വരിക. ക യ്യിലുള്ള ഉപകരണങ്ങളെല്ലാം ചരട് വഴി സ്‌പേസ് സ്യൂട്ടുമായി ബന്ധിപ്പിക്കും. സഞ്ചാരിയുടെ ദേഹം നീണ്ട ചരട് വഴി ISS-മായും ബന്ധിപ്പിച്ചിരിക്കും. ക യ്യിൽ നിന്ന് എന്തെങ്കിലും വീണുപോയാൽ പിന്നെ നോക്കണ്ട, അത് പറന്ന് അനന്തതയിലേക്ക് പോകും. ബഹിരാകാശനടത്തത്തിന്റെ സമയത്ത് പെട്ടെന്ന് പകൽ രാത്രിയായി മാറിയപ്പോൾ പ്രകൃതിയൊരുക്കിയ IMAX-ൽ മുൻസീറ്റിലിരിക്കുന്നതുപോലെ തോന്നിയെന്ന് ടിം പീക്ക് ഭംഗിയായി ആ അഭൗമാനുഭൂതിയെ വരച്ചുകാണിക്കുന്നു.
ഭൂമിയിലേക്കുള്ള മടക്കയാത്രയാണ് ആ പേരുള്ള അധ്യായം(Return to Earth) സൂചിപ്പിക്കുന്നത്. ISS-ൽ നിന്ന് സോയൂസ് റോക്കറ്റിലേക്ക് പ്രവേശിക്കൽ, താ ഴോട്ടുള്ള യാത്ര, ഭൗമാന്തരീക്ഷവുമായുള്ള കൂട്ടി മുട്ടൽ, നിലത്തിറങ്ങൽ തുടങ്ങി ചെറിയൊരു പാളിച്ച പറ്റിയാൽ അപകടകരമാകാവുന്ന ഒരോ ഘട്ടവും വി ജയകരമായി പൂർത്തിയാക്കിയാണ് ബഹിരാകാശ സഞ്ചാരി തിരിച്ചെത്തുന്നത്. പേടകത്തിൽ നിന്ന് പുറ ത്തുവരുന്ന മനുഷ്യശരീരത്തിന് ഭൂഗുരുത്വവും അന്ത രീക്ഷമർദ്ദവും താങ്ങാൻ പ്രയാസമായിരിക്കും. അതു കൊണ്ടുതന്നെ ഓരോരുത്തർക്കുമായുണ്ടാക്കിയ ഇരിപ്പിടങ്ങളിലാണ് അവരെ എടുത്തുകൊണ്ട് പോ വുക. തനിയെ നടക്കാനുള്ള ബാലൻസും, ഭാരം, അ ന്തരീക്ഷമർദ്ദം എന്നിവ സഹിക്കാനുള്ള കഴിവും ശ രിയായി വരാൻ ആഴ്ചകളോളമെടുക്കും. പേശീക്ഷ യം, എല്ല് ദ്രവിക്കൽ, അന്ധത, പുറം വേദന, കഴു ത്ത്‌വേദന, പ്രതിരോധശക്തി കുറയൽ, വിവിധതരം വികിരണങ്ങളേൽക്കുന്നത് മൂലമുള്ള ആഘാതങ്ങൾ തുടങ്ങിയ പലതരം ആരോഗ്യപ്രശ്‌നങ്ങൾ ബഹിരാകാശ സഞ്ചാരിക്ക് അനുഭവപ്പെടാം
വാണിജ്യാടിസ്ഥാനത്തിൽ സഞ്ചാരികളെ ബഹി രാകാശത്ത് കൊണ്ടുപോയി കൊണ്ടുവരിക, മൈ ക്രോ ഗ്രാവിറ്റി നിരീക്ഷണ, പരീക്ഷണ, ഗവേഷണങ്ങൾ വികസിപ്പിക്കുക, ചാന്ദ്രപര്യവേക്ഷണം, ചൊ വ്വാപര്യവേക്ഷണം തുടങ്ങിയവയൊക്കെയാണ് നാസ യുടെ ഭാവിപരിപാടികൾ. ഇവയെപ്പറ്റിയാണ് അവസാന അധ്യായം(Looking to the future).
ശാസ്ത്രകാര്യങ്ങൾ അങ്ങേയറ്റം ശാസ്ത്രീയമാ യിത്തന്നെ പ്രതിപാദിക്കുകയും അതേസമയം അതിന് ഒരു കാല്പനികഭാവം കൊടുക്കുകയും ചെയ്യുന്നുണ്ട് രചയിതാവായ ടിം പീക്. ബഹിരാകാശത്ത് എന്താണ് ഏറ്റവുമധികം നഷ്ടപ്പെട്ടതായി അനുഭവപ്പെട്ടത് എന്ന ചോദ്യത്തിന് ടിം മറുപടി പറയുന്നത് മഴച്ചാറൽ, മഴച്ചാറലേറ്റുകൊണ്ട് പുറത്ത് വ്യായാമം ചെയ്യുന്നത് എന്നാണ്. എത്ര മനോഹരമായ മറുപടി യാണെന്ന് നോക്കൂ! ഈ പുസ്തകത്തിലുടനീളം ഒ രു നനുത്ത നർമബോധത്തിന്റെ സ്പർശവുമുണ്ട്. ഇതെല്ലാം വായനയെ രസകരമാക്കുന്നു. ബഹിരാകാ ശത്ത് നിന്നുള്ള ഭൂമിക്കാഴ്ച്ചകൾ അത്യന്തം സുന്ദര മാണെന്ന് പറയുന്നുണ്ട് പീക്. ധ്രുവങ്ങൾക്കടുത്ത് കാണുന്ന അറോറ എന്ന പ്രകാശപ്രതിഭാസം, റഷ്യ യിലെ അഗ്‌നിപർവ്വതം, ചൈനയിലെ നാംകൊ തടാകം തുടങ്ങിയ അത്തരം കാഴ്ച്ചകളുടെ കുറേ നല്ല ഫോട്ടോകളും ഈ പുസ്തകത്തെ മനോഹരമാക്കുന്നു. പുസ്തകം വായിച്ചുതീരുമ്പോൾ ബഹിരാകാശ ത്ത് പോയിവന്ന പ്രതീതിയാണ് വായനക്കാർക്കുണ്ടാവുക.