Read Time:14 Minute

എസ് സി പക്രാഷി

ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയാണ് അസിമ ചാറ്റര്‍ജി.

[dropcap]1938[/dropcap]ല്‍ കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓര്‍ഗാനിക് കെമിസ്ട്രി പ്രത്യേക വിഷയമായി എം.എസ്‌സിയും 1944ല്‍ അതേ യൂണിവേഴ്‌സിറ്റിയില്‍ നിന്നു തന്നെ ഡോക്ടറേറ്റും നേടിയ അസിമ ചാറ്റര്‍ജി അന്നേ ശാസ്ത്രലോകത്തിന് ഒരു വാഗ്ദാനമായിരുന്നു. പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ സംബന്ധിച്ച് പഠിച്ചിരുന്ന ഇന്ത്യന്‍ രസതന്ത്രജ്ഞരില്‍ പ്രമുഖനായിരുന്ന പി കെ ബോസിന്റെ കീഴിലാണ് അവര്‍ ഗവേഷണം നടത്തിയത്. ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയാണ് അസിമ ചാറ്റര്‍ജി.
കൊല്‍ക്കത്തയിലെ ലേഡി ബ്രാബോണ്‍ കോളേജില്‍ രസതന്ത്രവിഭാഗത്തിന്റെ സ്ഥാപക-മേധാവി എന്ന നിലയില്‍ 1940ല്‍ അസിമ ചേര്‍ന്നു. 1944ല്‍ കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ രസതന്ത്രത്തില്‍ ഓണററി ലക്ചററായി നിയമിക്കപ്പെട്ടു. അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയിലെ എല്‍ എം പാര്‍ക്ക്‌സിനോടൊപ്പം (1947) പ്രകൃതിദത്തമായ ഗ്ലൈക്കോസൈഡ്‌സിനെപ്പറ്റിയും, അമേരിക്കയിലെ തന്നെ പസദേനയില്‍ കാലിഫോര്‍ ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (1948-49) എല്‍ സെമൈസ്റ്ററോടൊപ്പം കരോട്ടിനോയ്ഡുകളെപ്പറ്റിയും പ്രോവിറ്റാമിനുകളെപ്പറ്റിയും അസിമ പഠനം നടത്തി. ജീവശാസ്ത്രപരമായി സജീവമായ ആല്‍ക്കലോയ്ഡുകളെപ്പറ്റി സൂറിച്ചിലെ എന്‍ എല്‍ യൂണിവേഴ്‌സിറ്റിയിലെ പോള്‍ കററോടൊപ്പം 1949-50 കാലത്ത് നടത്തിയ പഠനങ്ങള്‍ ജീവിതകാലം മുഴുവന്‍ അവര്‍ക്ക് പ്രചോദനമായി. 1950ല്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയ അവര്‍ ഇന്ത്യന്‍ ഔഷധ സസ്യങ്ങളുടെ രസതന്ത്രത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്.

പ്രൊഫ.അസിമ ചാറ്റർജി ഇന്ത്യൻ സയൻസ് കോൺഗ്രസിൽ 1975 | കടപ്പാട്‌: © Prof. Julie Banerji, personal familly archive

1954ല്‍ അസിമ ചാറ്റര്‍ജിക്ക് കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്യുവര്‍ കെമിസ്ട്രിയില്‍ റീഡറായി നിയമനം ലഭിച്ചു. മരണം വരെ അവര്‍ ഈ ജോലിയില്‍ തുടര്‍ന്നു. 1962ല്‍ അവര്‍ ഖൈര പ്രൊഫസര്‍ ഓഫ് കെമിസ്ട്രി എന്ന പദവിയിലെത്തി. കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും അന്തസ്സാര്‍ന്നതും ബഹുമാനിക്കപ്പെടുന്നതുമായ പദവിയായിരുന്നു അത്. 1982 വരെ അസിമ ഈ പദവിയില്‍ തുടര്‍ന്നു. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഒരു ചെയര്‍ പദവിയിലെത്തുന്ന ആദ്യത്തെ വനിതയായിരുന്നു അവര്‍. 1972ല്‍ പ്രകൃതിദത്ത ഉല്‍പന്ന രസതന്ത്രത്തില്‍ ഗവേഷണവും അധ്യാപനവും ശക്തമാക്കുന്നതിനുള്ള യുജിസിയുടെ പ്രത്യേക സഹായപദ്ധതിയുടെ കോഡിനേറ്റര്‍ ആയിരുന്നു അസിമ. പിന്നീട്, 1985 മുതല്‍ ഇത് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഓണ്‍ നാച്വറല്‍ പ്രൊഡക്റ്റ്‌സ് ആയി അംഗീകാരം നേടി.

ഇന്ത്യന്‍ ഔഷധങ്ങളെക്കുറിച്ച് ഗവേഷണം നടത്താനും ആയുര്‍വേദമരുന്നുകളുടെ വികസനത്തിന് സഹായിക്കുന്ന ഒരു മേഖലാഗവേഷണ കേന്ദ്രം സ്ഥാപിക്കുക എന്ന ജീവിതാഭിലാഷം നിറവേറ്റാനും അസിമ ചാറ്റര്‍ജിക്ക് തന്റെ അക്ഷീണപ്രയത്‌നം കൊണ്ട് സാധിച്ചു. അതോടൊപ്പം തന്നെ കേന്ദ്ര-സംസ്ഥാനസഹകരണത്തോടെ ഒരു ആയുര്‍വേദ ആശുപത്രി സ്ഥാപിക്കാനും കഴിഞ്ഞു. കൊല്‍ക്കത്തയിലെ സോള്‍ട്ട് ലെയ്ക് സിറ്റി യിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദ ആന്റ് സിദ്ധയുടെ കീഴിലായിരുന്നു ഈ ആയുര്‍വേദ ആശുപത്രി. മുഖ്യകോഡിനേറ്റര്‍ എന്ന നിലയില്‍ അസിമ ചാറ്റര്‍ജി തന്റെ മരണം വരെയും ആ സ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിച്ചു.

അപസ്മാരത്തിനെതിരെയുള്ള ആയുഷ്-56 എന്ന മരുന്ന്, മലമ്പനി ക്കെതിരെയുള്ള മരുന്ന് എന്നിവ വിവിധ സസ്യങ്ങളില്‍ നിന്ന് അസിമ ചാറ്റര്‍ജി വികസിപ്പിച്ചെടുത്തു. പേറ്റന്റ് ലഭിച്ച ഈ മരുന്നുകള്‍ വിവിധ കമ്പനികള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്. ഔഷധ രസതന്ത്രത്തില്‍ ഗണ്യമായ സംഭാവനകളാണ് അസിമ ചാറ്റര്‍ജി നല്‍കിയിട്ടുള്ളത്, പ്രത്യേകിച്ച് ആല്‍ക്കലോയ്ഡുകള്‍, കൂമറിനുകളും (coumarins), ടെര്‍പ്പനോയ്ഡുകളും
(terpenoids), അനലിറ്റിക്കല്‍ രസതന്ത്രം, മെക്കനിസ്റ്റിക് ഓര്‍ഗാനിക് രസതന്ത്രം തുടങ്ങിയ മേഖലകളില്‍. ദേശീയ- അന്തര്‍ദേശീയ ജേണലുകളിലായി നാനൂറോളം പ്രബന്ധങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത ജേണലുകളില്‍ ഇരുപതിലേറെ റിവ്യൂകളും എഴുതിയിട്ടുണ്ട്. അവരുടെ പ്രബന്ധങ്ങള്‍ വ്യാപകമായി ഉദ്ധരിക്കപ്പെടുകയും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ‘ഭരതുത്ഗ ബനൗഷധി’ (Bharatutga Banoushodhi)യുടെ ആറ് വോള്യവും എഡിറ്റ് ചെയ്തത് അസിമയാണ്. സി എസ് ഐ ആര്‍ പ്രസിദ്ധീകരിച്ച ആറ് വോള്യമുള്ള ‘ദി ട്രീറ്റീസ് ഓഫ് ഇന്ത്യന്‍ മെഡിസിനല്‍ പ്ലാന്റ്‌സ്’ (The treatise of Indian Medicinal Plants) എന്ന സീരീസിന്റെ ചീഫ് എഡിറ്ററും അസിമ ചാറ്റര്‍ജിയായിരുന്നു.

 

1960ല്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി ഫെല്ലോ ആയി അസിമ ചാറ്റര്‍ജി തെരഞ്ഞെടുക്കപ്പെട്ടു. 1961ല്‍ ശാന്തിസ്വരൂപ് ഭട്‌നഗര്‍ അവാര്‍ഡ് ലഭിച്ചു. 1975ല്‍ അവരെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്റെ ജനറല്‍ പ്രസിഡണ്ടായി 1975ല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ പദവിയിലെത്തുന്ന ആദ്യത്തെ വനിതാ ശാസ്ത്രജ്ഞയായി അവര്‍. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അസിമ, 1982 ഫെബ്രുവരി മുതല്‍ 1990 മെയ് വരെ ആ പദവിയിലും പ്രവര്‍ത്തിച്ചു.

സസ്യശാസ്ത്രജ്ഞനും ഭിഷഗ്വരനുമായിരുന്ന പിതാവ് ഡോ.ഇന്ദ്രനാരായം മുഖര്‍ജിയില്‍ നിന്നാകാം അസിമയ്ക്ക് ഔഷധസസ്യങ്ങളോടുള്ള താല്‍പര്യം ലഭിച്ചത്. പോസ്റ്റ്ഗ്രാജ്വേറ്റ് പഠനകാലത്ത് പ്രമുഖ അധ്യാപകരും വിദ്യാഭ്യാസവിദഗ്ധരുമായ ആചാര്യ പി സി റേ, പി സി മിത്തര്‍, പി റായ്, പി ബി സാര്‍ക്കെര്‍, ജെ എന്‍ മുഖര്‍ജി, പി കെ ബോസ്, ജെ സി ബര്‍ദാന്‍ തുടങ്ങിയവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് അസിമയുടെ ഭാവിജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

1983 ൽ ജോർജിയയിൽ നടന്ന ഇൻഡോ-സോവിയറ്റ് സിംപോസിയത്തിൽ നിന്നുള്ള ദൃശ്യം |കടപ്പാട്‌:© Prof. Julie Banerji, personal familly archive

അസിമ ചാറ്റര്‍ജിയുടെ കീഴില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക്, സ്വന്തം മേഖലയില്‍ കഴിവിനനുസൃതമായ ഒരു സ്ഥാനം ലഭിക്കാന്‍ അവര്‍ക്ക് ആദ്യകാലത്ത് നടത്തേണ്ടി വന്ന പോരാട്ടം അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഗവേഷണരംഗത്ത് ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കാലമായിരുന്നു അത്; പ്രത്യേകിച്ച്, വേണ്ടത്ര സജ്ജീകരണങ്ങളും രാസപദാര്‍ഥങ്ങളും ധനശേഷിയും ഇല്ലാത്ത യൂണിവേഴ്‌സിറ്റി ലബോറട്ടറികളില്‍ ഡി എസ് ടി, ഡി ബി ടി എന്നിവ രൂപീകരിച്ചിരുന്നില്ല. സി എസ് ഐ ആര്‍ ആകട്ടെ രൂപീകരണഘട്ടത്തിലുമായിരുന്നു.

അസിമചാറ്റർജിയും ഗവേഷകവിദ്യാർത്ഥികളും ലിനസ് പോളിംഗിനൊപ്പം 1967 |കടപ്പാട്‌:© Prof. Julie Banerji, personal familly archive

കെമിക്കലുകള്‍ക്കും പരീക്ഷണ ഉപകരണങ്ങള്‍ക്കും വേണ്ടി മാത്രമല്ല, പ്രാഥമികഅപഗ്രഥനങ്ങള്‍ക്കു പോലും പണം നല്‍കേണ്ടിയിരുന്നു. അതൊക്കെ വിദേശങ്ങളിലേ ഉണ്ടായിരുന്നുള്ളൂ. സ്‌കോളര്‍ഷിപ്പുകള്‍ വളരെ പരിമിതമായിരുന്നു. മിക്കവാറും വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈമായി ഗവേഷണം ചെയ്യേണ്ടി വരും. ഗവേഷണത്തോടുള്ള താല്‍പര്യം കൊണ്ടുമാത്രം, സ്‌കോളര്‍ഷിപ്പൊന്നുമില്ലാതെ തന്നെ പലരും പഠനം തുടര്‍ന്നു. തിസീസ് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വരുന്ന ചെലവുകള്‍ – പ്രിന്റിങ്, പരീക്ഷാഫീസ്, വിദേശ എക്‌സാമിനര്‍മാര്‍ക്ക് തിസീസ് അയയ്ക്കാനുള്ള തപാല്‍ ചാര്‍ജ് എന്നിവ വരെ – അവര്‍ക്ക് സ്വയം വഹിക്കേണ്ടി വന്നിരുന്നു.

അസിമചാറ്റർജി -പത്മഭൂഷൺ അവാർഡ് വേദി 1975 |കടപ്പാട്‌:© Prof. Julie Banerji, personal familly archive

ഞാന്‍ ഗവേഷണത്തിന് ചേരുന്നതിന് മുന്‍പ്, അസിമ ചാറ്റര്‍ജിക്ക് പ്രതിവര്‍ഷം 300 രൂപയായിരുന്നു ഗ്രാന്റ്. പാര്‍ട്ട് ടൈം ഗവേഷണവിദ്യാര്‍ത്ഥികളായി മൂന്ന് കോളേജ് അധ്യാപകരുണ്ടായിരുന്നു. പൂര്‍ണസമയ ഗവേഷണ വിദ്യാര്‍ത്ഥിയായി അവര്‍ക്ക് ആദ്യം ലഭിച്ചത് എന്നെയാണ്. എനിക്ക് ലബോറട്ടറി ഗ്രാന്റായി പ്രതിവര്‍ഷം ആയിരം രൂപയും പശ്ചിമബംഗാള്‍ ഗവണ്‍ മെന്റിന്റെ സ്റ്റൈപെന്റായി പ്രതിമാസം 150 രൂപയും ലഭിച്ചിരുന്നു. ഗവേഷണാവശ്യങ്ങള്‍ക്കായി സസ്യഭാഗങ്ങള്‍ പൊടിക്കാന്‍ ഞങ്ങള്‍ക്ക് പലപ്പോഴും ദൂരെയുള്ള ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ വര്‍ക്ക്‌ഷോപ്പിലും അള്‍ട്രാവയലറ്റ് ഉപയോഗിച്ചുള്ള അളവുകളെടുക്കാന്‍ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടിലും പോകേണ്ടി വന്നിരുന്നു. ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ അസിമ ചാറ്റര്‍ജിയെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ബി സി ഗുഹയുടെ ലബോറട്ടറിയില്‍ നിന്ന് ഞങ്ങള്‍ ലായകങ്ങള്‍ കടം വാങ്ങുമായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍ക്കു പോലും 1200 രൂപയാണ് ഗ്രാന്റ് ലഭിച്ചിരുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെ കടം വാങ്ങേണ്ടി വന്നത്.

വിഷമം നിറഞ്ഞ ഈ ദിനങ്ങളില്‍ അസിമ ചാറ്റര്‍ജിക്ക് പ്രോത്സാഹനം ലഭിച്ചിരുന്നത് പ്രൊഫസര്‍മാരായ സത്യേന്‍ ബോസ്, മേഘനാഥ് സാഹ, എസ് കെ മിത്ര, ബി സി ഗുഹ, ജെ സി ഘോഷ് എന്നിവരില്‍ നിന്നും കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍മാരില്‍ നിന്നുമാണ്. അസിമ ചാറ്റര്‍ജിയുടെ ഭര്‍ത്താവ് പ്രൊഫസര്‍ ഭരതാനന്ദ ചാറ്റര്‍ജി പ്രശസ്തനായ ഭൗതികരസതന്ത്രജ്ഞനും ഹൗറയിലെ ബംഗാള്‍ എഞ്ചിനീയറിങ് കോളജിന്റെ (ഇന്നത് കല്‍പിത സര്‍വകലാശാലയാണ്) വൈസ് പ്രിന്‍സിപ്പാളും ആയിരുന്നു. അദ്ദേഹം എപ്പോഴും അസിമയ്ക്ക് പിന്തുണ നല്‍കിയിരുന്നു. സ്വന്തം ഉദാഹരണത്തിലൂടെ അസിമ ചാറ്റര്‍ജി തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനവും ശക്തിയും പകര്‍ന്നുനല്‍കി.

പി.സി. ചന്ദ്ര പുരസ്‌കാരം സ്വീകരിക്കുന്നു 2001 |കടപ്പാട്‌:© Prof. Julie Banerji, personal familly archive

അതേസമയം, അവര്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് കഠിനമായി പ്രയത്‌നിപ്പിക്കും. എത്ര ചെയ്താലും മതിയാവാത്ത, ഗവേഷണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ഗൈഡായിരുന്നു അവര്‍. ”ജീവിക്കുന്നിടത്തോളം പ്രവര്‍ത്തിക്കാനാണ് എനിക്കാഗ്രഹം” ഇതായിരുന്നു അസിമ ചാറ്റര്‍ജിയുടെ ദര്‍ശനവും സമീപനവും. അതവര്‍ അക്ഷരം പ്രതി പിന്തുടരുകയും ചെയ്തു.

[box type=”note” align=”” class=”” width=””]

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച ലീലാവതിയുടെപെൺമക്കൾ എന്ന ശാസ്ത്രകാരികളെ കുറിച്ചുള്ള പുസ്തകത്തിൽ നിന്നും. വിവർത്തനം കെ..രമ)

[/box]
Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജ്യോതിശ്ശാസ്ത്രം- വളര്‍ച്ചയുടെ പടവുകള്‍
Next post നയോബിയം – ഒരു ദിവസം ഒരു മൂലകം
Close