Read Time:13 Minute

ആര്യഭട്ട @ 50

ഇന്ത്യൻ ഉപഗ്രഹ സാങ്കേതിക വിദ്യയുടെ 50 വർഷങ്ങൾ

ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചിട്ട് ഇന്നേയ്ക്ക് കൃത്യം 50 വ‍ഷം പിന്നിടുന്നു. അമ്പതാണ്ട് കാലത്തെ ഇന്ത്യയുടെ ഉപഗ്രഹ സാങ്കേതികവിദ്യാരംഗത്തെ മുന്നേറ്റങ്ങളെക്കുറിച്ച് പി.എം.സിദ്ധാ‍ര്‍ത്ഥൻ എഴുതുന്നു


ഇന്ത്യയുടെ ബഹിരാകാശ പദ്ധതി തുടക്കം മുതൽ തന്നെ മറ്റ് ബഹിരാകാശ ഏജൻസികളുടെ മാർഗ്ഗത്തിൽ നിന്നും വ്യത്യസ്‍തമായിരുന്നു. അമേരിക്ക, സോവിയറ്റ് യൂണിയൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരൊക്കെ ആദ്യം മിസൈൽ ഉപയോഗത്തിനായി റോക്കറ്റുകളും, പിന്നീട് ഉപഗ്രഹങ്ങളും അതിന്ന് ശേഷം അവയുടെ ആപ്ലിക്കേഷനുകളും എന്ന മാർഗം സ്വീകരിച്ചപ്പോൾ ഇന്ത്യ മൂന്ന് രംഗങ്ങളിലും ഒരേസമയം പ്രാഗത്ഭ്യം നേടാനാണ് ശ്രമിച്ചത്. അങ്ങനെയാണ് സൈറ്റ് പരീക്ഷണവും സ്റ്റെപ്പ് പരീക്ഷണവും, ആര്യഭട്ട, ഭാസ്കര എന്നീ ഉപഗ്രഹങ്ങളും എസ്.എൽ.വി റോക്കറ്റിന്റെയും വികസനം ഒന്നിച്ച് മുന്നേറിയത്. ഭാഗ്യവശാൽ നമുക്ക് വിക്രം സാരാഭായിയെയും സതീഷ് ധവനെയും പോലെയുള്ള വളരെ ദീർഘദർശികളായ നേതൃത്വവും ഉണ്ടായിരുന്നു. 

ഇന്ത്യയുടെ ബഹിരാകാശ രംഗത്തേക്കുള്ള പ്രവേശനം 1960-കളിൽ തുമ്പയിൽ നിന്നും സൗണ്ടിങ് റോക്കറ്റുകൾ  വിക്ഷേപിച്ച് കൊണ്ടാണ് തുടങ്ങുന്നത്. പിന്നീട് 1974 ൽ ലോകപ്രസിദ്ധമായ സൈറ്റ് (Satellite Instructional Television Experiment) നടന്നു. ഇന്ത്യയിലെ ആറ് സംസഥാനങ്ങളിലായി കിടക്കുന്ന 20 ജില്ലകളിൽ ടെലിവിഷൻ ഉപയോഗിച്ച് വിദ്യാഭ്യാസ-സശക്തീകരണ പരിപാടികളിലൂടെ ജനങ്ങളെ ശാസ്ത്ര-സാമൂഹ്യ വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകുന്ന ഒരു വര്‍ഷം നീണ്ട പരിപാടിയായിരുന്നു ഇത്. ഇതിന്ന് ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജൻസികളും നാസയും ഒക്കെ സഹായം നൽകി. ലോകത്താദ്യമായും അവസാനമായും ആണ് ഒരു രാഷ്ട്രം ഇത്ര ബൃഹത്തായ ഒരു സാങ്കേതിക പരീക്ഷണം നടത്തിയത്. (വിശദമായി വായിക്കാം)

അതേസമയം ബാംഗളൂരിലെ പീനിയയിൽ ഉപഗ്രഹങ്ങളുടെ ഡിസൈനും നിർമാണവും തിരുവന്തപുരത്ത് ഇന്ത്യയുടെ ആദ്യത്തെ വിക്ഷേപണവാഹിനിയായിരുന്ന എസ്.എൽ.വി.-3 യുടെ വികസനവും നടക്കുന്നുണ്ടായിരുന്നു. ഈ ലേഖനത്തിൽ നമ്മൾ ഉപഗ്രഹസാങ്കേതിക വിദ്യയും ഉപഗ്രഹങ്ങളും എങ്ങനെ വികസിച്ച് ഇന്നത്തെ നിലവാരത്തിൽ എത്തി എന്നാണ് വിവരിക്കുന്നത്. ഉപഗ്രഹങ്ങളുടെ വികസനത്തിനായി വിക്രം സാരാഭായ് കണ്ടെത്തിയത് യു.എസ്.എ.-യിൽ പ്രൊഫസ്സറായി ജോലിചെയ്യുകയായിരുന്ന പ്രൊഫ. യു.ആർ.റാവുവിനെയായിരുന്നു.

പ്രൊഫ. യു.ആർ.റാവു

അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചുവരികയും വളരെ അധികം സാങ്കേതിക വ്യവസായ ശാലകൾ ഉള്ള ബാംഗ്ലൂർ ഉപഗ്രഹ വികസനത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്തെ പീനിയ എന്ന സ്ഥലത്തെ വ്യവസായ ഷെഡ്ഡുകളിൽ നാലെണ്ണത്തിൽ അവർ പ്രവർത്തനം തുടങ്ങി. 1975 ആയപ്പോഴേക്കും അവർ ആര്യഭട്ട ഉപഗ്രഹം നിർമിച്ചു. ഉപഗ്രഹത്തിന്ന് സ്പേസ് ക്വാളിഫൈഡ് ആയ സോളാർ പാനലുകളും, നിക്കൽ-കാഡ്മിയം ബാറ്ററിയും ഉപഗ്രഹത്തിന്റെ സ്ഥിരത നില നിർത്താൻ ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും സോവിയറ്റ് യൂണിയൻ നൽകി. ആദ്യം അമേരിക്കയുടെ സ്‌കൗട്ട് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കാനായിരുന്നു ശ്രമമെങ്കിലും അമേരിക്ക വളരെ താല്പര്യം കാണിക്കാതിരുന്നതിനാൽ ചെലവില്ലാതെ ആര്യഭട്ട വിക്ഷേപിക്കാമെന്ന സോവിയറ്റ് ഓഫർ സ്വീകരിക്കുകയായിരുന്നു. 1974 നടന്ന ഇന്ത്യയുടെ പൊഖ്‌റാനിലെ അണുവിസ്ഫോടനം കാരണമാകാം അമേരിക്കയുടെ താല്പര്യം കുറഞ്ഞത് എന്ന പറയപ്പെടുന്നു.

ആര്യഭട്ട എന്ന പേര് വന്നതെന്ന് പിന്നിലും ഒരു കഥയുണ്ട് ന്നു പലരും പറയുന്നു. ഉപഗ്രഹം നിര്‍മ്മിക്കുവാനും വിക്ഷേപണത്തിന്ന് ശേഷമുള്ള മറ്റ് പ്രവർത്തങ്ങൾക്കുമായി ഏകദേശം അന്നത്തെ അഞ്ച് കോടി രൂപയായിരുന്നു പ്രൊഫ .റാവുവിന്റെ ബജറ്റ്. ഇത്രയും തുക സർക്കാർ അനുവദിക്കുമോ എന്ന ഭയവും ഉണ്ടായിരുന്നതായി പറയുന്നു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ഇന്ത്യയുടെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞനും ഗണിതജ്ഞനും ആയ ആര്യഭട്ടയുടെ പേരും, സോവിയറ്റ്-ഇന്തോ സൗഹൃദത്തെ കാണിക്കാനായി മിത്ര എന്ന പേരും ഇന്ദിരാഗാന്ധിയുടെ അച്ഛനും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ആയിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ഓർമ്മക്കായി ജവഹർ എന്നപേരും ഉൾക്കൊള്ളിച്ചിരുന്നു. ഇന്ദിരാഗാന്ധി ആര്യഭട്ട എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു.

ആര്യഭട്ടക്ക് ശേഷം ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്കര 1 ഉം 2 ഉം പീനിയയിൽ തന്നെ നിർമ്മിക്കുകയും കപ്പൂസ്റ്റീൻയാർ നിന്നും കോസ്മോസ് റോക്കറ്റുകളിൽ വിക്ഷേപിക്കുകയും ചെയ്തു. അവക്ക് യഥാക്രമം 442 ഉം 444 ഉം കിലോഗ്രാം ഭാരവും രണ്ടിലും ഭൗമനിരീക്ഷണത്തിനായുള്ള ടെലിവിഷൻ ക്യാമറകളും സമീർ എന്ന് പേരുള്ള റേഡിയോമീറ്ററും പേലോഡുകൾ ആയി ഉണ്ടായിരുന്നു.

അങ്ങനെ 1975 ൽ അന്നത്തെ 5 കോടി രൂപ ചെലവിൽ ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ആര്യഭട്ട തയ്യാറായി. അതിന്റെ ഭാരം 360 കിലോഗ്രാം ആയിരുന്നു.1975 ഏപ്രിൽ 18 ന് റഷ്യയിലെ വോൾഗാഗോറോഡിന്ന് അടുത്തുള്ള കപ്പൂസ്റ്റീൻയാർ എന്ന വിക്ഷേപണകേന്ദ്രത്തിൽ നിന്നും ആര്യഭട്ട ഒരു കോസ്മോസ് റോക്കറ്റിൽ ബഹിരാകാശത്ത് എത്തി. അതിലെ ഉപകരണങ്ങൾ അഞ്ച് ദിവസമേ പ്രവർത്തിച്ചുവുള്ളുവെങ്കിലും വിലപ്പെട്ട അറിവുകൾ അത് നമുക്ക് നൽകി. ഇന്ത്യൻ എൻജിനീയർമാർ ചുരുങ്ങിയ ചെലവിൽ വലിയ പരിമിതിക്കുള്ളിൽ ഉപഗ്രഹങ്ങൾ എങ്ങനെ നിർമ്മിക്കാമെന്നുംഎങ്ങനെ അവ ഉപയോഗിക്കാമെന്നും അവയെ എങ്ങനെ നിയന്ത്രിക്കണമെന്നുമൊക്കെ പഠിച്ചത് ആര്യഭട്ടയിലൂടെ ആയിരുന്നു.

Bhaskara IBhaskara II
MissionExperimental Remote Sensing
Weight442 Kg444 Kg
LaunchJun 07, 1979Nov 20, 1981
Orbit519 x 541 kms541 x 557 kms
Inclination50.650.7
PayloadTV Cameras, 3 band SAMIR

1979 ൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഒരു വിജ്ഞാപനം വന്നു.1981 ന് മുൻപ് ഏതെങ്കിലും രാഷ്ട്രം ഒരു കമ്മ്യൂണിക്കേഷൻ ഉപഗ്രഹം ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ അതിനെ അവർ 1981 ൽ വിക്ഷേപിക്കാൻ പ്ലാനിടുന്ന ഏരിയൻ റോക്കറ്റിന്റെ മൂന്നാമത്തെ വികസന ഫ്ലൈറ്റിൽ ചെലവില്ലാതെ വിക്ഷേപിക്കാൻ ഒരുക്കമാണ് എന്നതായിരുന്നു വിജ്ഞാപനം. വെറും രണ്ട് വർഷമാണ് ഉപഗ്രഹനിര്‍മ്മാതാക്കൾക്ക് ലഭിച്ചിരുന്നത്. അപ്പോഴേക്കും രൂപീകൃതമായിരുന്ന ഐ.എസ്.ആർ.ഒ. ആ വെല്ലുവിളി ഏറ്റെടുത്ത് ഉപഗ്രഹവും തയ്യറാക്കാമെന്ന് വാക്കുകൊടുത്തു . അങ്ങനെയാണ് ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണ കമ്മ്യൂണിക്കേഷൻ ഉപഗ്രഹമായ ആപ്പിൾ  (APPLE -Ariane Passenger Pay Load Experiment) ന്റെ  പ്രവർത്തനം തുടങ്ങുന്നത്. 1981 ജൂൺ 19 ന്ന് തെക്കേ അമേരിക്കയിലെ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സ്പേസ്പോർട്ട് ആയ കോരുവിൽ വെച്ച്  ഏരിയൻ റോക്കറ്റിൽ ആപ്പിൾ ബഹിരാകാശത്ത് ഒരു ഭൂസിംക്രണ  ട്രാൻസ്ഫർ ഓർബിറ്റിൽ എത്തി. പിന്നീട്  ഐ.എസ്.ആർ.ഒ. യിലെ എൻജിനീയർമാർ അതിനെ മെല്ലെ ഒരു ഭൂ സിംക്രണ ഓർബിറ്റിൽ 102 ഡിഗ്രി രേഖാംശത്തിൽ ഇന്തോനേഷ്യക്ക് മുകളിലുള്ള സ്ലോട്ടിൽ എത്തിച്ച് രണ്ടു വർഷത്തോളം കമ്മ്യൂണിക്കേഷൻ പരീക്ഷണങ്ങൾ നടത്തി.

ആര്യഭട്ട  , ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്കര 1, 2 ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണ കമ്മ്യൂണിക്കേഷൻ ഉപഗ്രഹമായ ആപ്പിൾ  (APPLE -Ariane Passenger Pay Load Experiment) എന്നിവയോടെ ഇന്ത്യക്ക് സ്വയം ഉപഗ്രഹങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാനും അറിയാമെന്ന് .എസ്.ആർ. ലോക രാഷ്ട്രങ്ങൾക്ക് കാണിച്ചുകൊടുത്തു

അടുത്ത ഘട്ടത്തിൽ നമ്മുടെ രാഷ്ട്രത്തിന്ന് ആവശ്യമായ സാങ്കേതിക വിദ്യകൾ നൽകുന്ന ആപ്ലിക്കേഷൻ ഉപഗ്രഹങ്ങളുടെ വികസനവും വിന്യാസവും ഉപയോഗവുമാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിട്ടത്. അവയെക്കുറിച്ച് അടുത്ത ലക്കത്തിൽ പ്രദിപാദിക്കാം. പക്ഷെ ആര്യഭട്ട,  ഭാസ്കര 1, 2, ആപ്പിൾ എന്നിവയാണ് അത്തരത്തിൽ രണ്ടാം ഘട്ടത്തിലേക്ക് പ്രേവേശിക്കുവാനുള്ള ആത്മധൈര്യം  ഐ.എസ്.ആർ.ഒ-വിന് നൽകിയത്.


ചിത്രങ്ങൾക്ക് കടപ്പാട് :ഐ എസ്.ആർ.ഒ



Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പോസ്റ്റ്മോർട്ടം പരിശോധന
Close