അഖില്‍ പി
സാധാരണ ഓസോൺ ദ്വാരങ്ങളെ സംബന്ധിച്ച ചർച്ചകളെല്ലാം ദക്ഷിണ ധ്രുവപ്രദേശങ്ങളിലെ ഓസോൺ പാളിയുമായി ബന്ധപ്പെട്ടാണ്. എന്നാൽ ഇപ്പോൾ വാർത്തയിലുള്ളത് ഉത്തരധ്രുവത്തിന് മുകളിലെ ഉയരങ്ങളിലുള്ള ഓസോൺ പാളിയാണ്. അവിടെ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതും, അത്യപൂർവ്വവുമായ വിള്ളൽ രൂപപ്പെട്ട് ആഴ്ചകൾക്കുള്ളിൽത്തന്നെ അത് തനിയെ അടഞ്ഞതായി യൂറോപ്യൻ യൂണിയന്റെ “കോപ്പർനിക്കസ്സ് അറ്റ്മോസ്ഫിയർ മോണിറ്ററിംഗ് സർവീസിലെ (CAMS)’’ ശാസ്ത്രജ്ഞർ 2020 ഏപ്രിൽ അവസാനവാരം അറിയിക്കുകയുണ്ടായി.
മനുഷ്യരിലെ ചർമ്മ കാൻസറിനുള്ള പ്രധാന കാരണമായ സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 15-35 കിലോമീറ്റർ ഉയരത്തിലാണ് ഇത് നിലനില്കുന്നത്.
ഓസോൺ പാളിയിൽ കഴിഞ്ഞ മാർച്ചിൽ രൂപപ്പെട്ട ഈ വിള്ളൽ മനുഷ്യവാസമുള്ള തെക്ക് ദിശയിലേക്ക് നീങ്ങിയിരുന്നെങ്കിൽ വലിയ ഭീഷണിയാകുമായിരുന്നു. എന്നാൽ, 2020 ഏപ്രിൽ 23 ന് “CAMS” ഓസോൺ പാളിയിലെ ഈ ദ്വാരം തനിയെ അടഞ്ഞതായി കണ്ടെത്തുകയായിരുന്നു.
COVID-19 മൂലമുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി ലോകത്തിന്റെ ഭൂരിഭാഗവും അടഞ്ഞ് കിടക്കുന്നതുകാരണം അന്തരീക്ഷ മലിനീകരണത്തിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ ഈ കുറവിന് ഓസോൺ പാളിയിലെ വിള്ളൽ അടഞ്ഞതുമായി ബന്ധമില്ല എന്നു ശാസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് സാധാരണയായി ധ്രുവപ്രദേശങ്ങളിലേക്ക് തണുത്ത വായുവിനെ എത്തിക്കുന്ന ഉയരത്തിൽ കാണപ്പെടുന്ന ഒഴുക്ക് കൊണ്ടുണ്ടാകുന്ന ശക്തമായ ധ്രുവീയ ചുഴി (polar vortex) മൂലമാണ് സംഭവിച്ചത്.
എന്തുകൊണ്ടാണ് ഉത്തരധ്രുവ പ്രദേശത്ത് ഓസോൺ പാളിയിൽ വിള്ളൽ രൂപപ്പെട്ടത്?
ഈ വർഷം ധ്രുവീയ ചുഴി അസാധാരണമായ രീതിയിൽ ശക്തവും കുറഞ്ഞ താപനിലയിലുള്ളതുമായിരുന്നു. ഇത് 1987 ലെ മോൺട്രിയൽ പ്രോട്ടോക്കോൾ പ്രകാരം നിരോധിച്ച സിഎഫ്‌സി (ക്ലോറോഫ്ലൂറോകാർബൺ) വാതകങ്ങളുമായി പ്രവർത്തിച്ച് ഓസോൺ പാളി നശിപ്പിക്കുന്നതരം സ്ട്രാറ്റോസ്ഫെറിക് മേഘങ്ങൾ രൂപപ്പെടാൻ കാരണമാകുന്നു.
എന്നാൽ ഈ ശക്തമായ ധ്രുവീയ ചുഴി, വിഘടിച്ച് ദുർബലമായി എന്നാണ് അടുത്ത് നടത്തിയ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. എന്നിരുന്നാലും ഭാവിയിൽ ഓസോൺ പാളിയെ അത്രയധികം ബാധിക്കാത്തവിധം ഇത് വീണ്ടും രൂപപ്പെടുമെന്നും ഒരു യൂറോപ്യൻ കാലാവസ്ഥാ കേന്ദ്രം (European Centre for Medium-Range Weather Forecasts – ECMWF) പ്രവചിക്കുന്നുണ്ട്.
ഉത്തരാർദ്ധഗോളത്തിൽ ഭീമമായ രീതിയിൽ ഓസോൺ പാളിയിൽ വിള്ളൽ കാണപ്പെടുന്നത് ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അസാധാരണമായ കാര്യമാണ്. കൂടാതെ ഈ വർഷത്തെ ധ്രുവീയ ചുഴി (polar vortex) ശക്തവും സ്ഥിരതയുള്ളതുമായിരുന്നു. സ്ട്രാറ്റോസ്ഫെറിക് മേഘങ്ങളെ രൂപം കൊള്ളാൻ അനുവദിക്കുന്നരീതിയിൽ അവയിലെ താപനില കുറവായിരുന്നു എന്നതുമാണ് ഇങ്ങനെയൊരു പ്രതിഭാസത്തിന് കാരണമായത്.
ഈ പ്രതിഭാസം അപൂർവ്വമെന്ന് കണക്കാക്കുന്നത് എന്തുകൊണ്ട്?
ദക്ഷിണധ്രുവത്തിൽ അന്റാർട്ടികയ്ക്ക് മുകളിലായാണ് സാധാരണയായി ഓസോൺ ദ്വാരം കാണപ്പെടാറുള്ളത്. തെക്കൻ വസന്തകാലത്ത് (ജൂലൈ മുതൽ സെപ്റ്റംബർ വരെ) സ്ട്രാറ്റോസ്ഫിയർ സ്വാഭാവികമായും കൂടുതൽ തണുക്കുമ്പോളാണ് ഇത് സംഭവിക്കാറുള്ളത്.
എന്നാൽ, ഈ രീതിയിൽ ഓസോൺ പാളിയിൽ വിള്ളൽ വരാൻകാരണമാകുന്ന പ്രവർത്തനങ്ങൾ സാധാരണയായി ഉത്തരധ്രുവത്തിൽ സംഭവിക്കുന്നില്ല.
പക്ഷേ ഈ വർഷം രേഖപ്പെടുത്തിയ ശക്തവും സുസ്ഥിരവുമായ ധ്രുവീയ ചുഴി (polar vortex) സാധാരണയുണ്ടാവുന്നതിനേക്കാൾ കൂടുതൽ അളവിൽ ഓസോൺ പാളികളിൽ വിള്ളലുണ്ടാക്കുന്ന രാസവസ്തുക്കളുടെ അളവ് ഒരു നിശ്ചിത പ്രദേശത്ത് വർധിക്കാൻ കാരണമായി.
ഇതിനോടൊപ്പം ശക്തമായ തണുപ്പുകൂടിയുണ്ടായപ്പോൾ അത് അത്യപൂർവ്വമായ രീതിയിൽ ഉത്തരധ്രുവത്തിന് മേലെ ഓസോൺ പാളിയിൽ വലിയ വിള്ളൽ ഉണ്ടാക്കാനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയുമാണുണ്ടായത്.
ഇതിനുമുൻപ് ഉത്തരധ്രുവത്തിന് മുകളിൽ ഇത് പോലെ ഓസോൺ പാളിയിൽ ദ്വാരം കണ്ടെത്തിയത് 2011 ജനുവരിയിലാണ്. എന്നാൽ അത് ഈ വര്‍ഷമുണ്ടായതിനെ അപേക്ഷിച്ച് വളരെ ചെറുതായിരുന്നു. ആയതിനാൽ തന്നെ, ഈ പ്രതിഭാസത്തെ വളരെ സൂക്ഷ്മമായാണ് ശാസ്ത്രലോകം നിരീക്ഷിച്ചിരുന്നത്.
കാലാവസ്ഥാ വ്യതിയാനവുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഇതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയാണ്?
ഈ പ്രതിഭാസത്തെ കാലാവസ്ഥാ വ്യതിയാനത്തിനോട് ബന്ധിപ്പിച്ച് നിലവിൽ കണ്ടെത്തലുകൾ ഇല്ല. ആയതിനാൽ തന്നെ ഈ പ്രതിഭാസത്തിന്റെ ഹ്രസ്വമോ, ഇടക്കാലാടിസ്ഥാനത്തിലോ അല്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിലോ ആയ ഫലങ്ങൾ വിലയിരുത്തുന്നതിന് ശാസ്ത്രജ്ഞർ പലവിധത്തിലുള്ള പഠനങ്ങളും ആരംഭിച്ചുകഴിഞ്ഞു. അത്തരം പദ്ധതികൾ ഇപ്പോഴേ തുടങ്ങി എന്നത് വളരെ വല്ല കാര്യവുമാണ്.
അലാസ്ക, കാനഡ, ഗ്രീൻലാൻഡ്, റഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതാണ് ഈ പ്രതിഭാസത്തിന്റെ പ്രധാന പ്രശ്നം.
ഓസോണിലുണ്ടായ വിള്ളൽ എത്രത്തോളം വലുതാണ്?
ആർട്ടിക് മേഖലയിൽ രൂപപ്പെട്ട ഏറ്റവും വലിയ ഈ ഓസോൺ ദ്വാരം ഏകദേശം പത്തുലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതായിരുന്നു.
ചിത്രത്തിൽ നീല നിറത്തിൽ കാണുന്നതാണ് ഓസോൾ പാളിയിൽ ഉണ്ടായ വിള്ളൽ. 2020 മാർച്ച് 26 ന് പകർത്തിയ ഭൂമിയുടെ ചിത്രത്തിൽ ഓസോൺ പാളിയിലെ വിള്ളൽ നീല നിറത്തിൽ നമുക്ക് കാണാൻ കഴിയും. എന്നാൽ ഏപ്രിൽ 26 ലെ ചിത്രത്തിൽ ആ വിള്ളൽ അടഞ്ഞതായി കാണാം.
അധികവായനയ്ക്ക്:
- https://www.livescience.com/arctic-ozone-hole-closes.html
- https://www.natureworldnews.com/articles/43750/20200430/polar-vortex-ozone-hole-north-pole.htm
- https://weather.com/en-IN/india/news/news/2020-04-28-largest-ozone-layer-hole-formed-arctic-last-month-now-closed