ഡോ.ദീപ.കെ.ജി

ആഗോളതാപനം വരുത്തുന്ന അപകടങ്ങളിലൊന്നാണ് ആർട്ടിക്കിലെ മഞ്ഞ് ഉരുകുന്നത്. എന്നാൽ, ഇതിനു ഗൗരവമായ പ്രത്യാഘാതങ്ങൾ വേറെയുമുണ്ടെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

2013-ൽ അലാസ്കയിലെ പോയിന്റ് ലോൺലിക്ക് സമീപം ആർട്ടിക് സമുദ്രത്തിലെ ബ്യൂഫോർട്ട് കടലിൽ അടുത്തിടെ ഉരുകിയ ആർട്ടിക് പെർമാഫ്രോസ്റ്റും തീരദേശ മണ്ണൊലിപ്പും. കടപ്പാട്: വിക്കിപീഡിയ

പെർമാഫ്രോസ്റ്റ് (Permafrost, രണ്ട് വർഷത്തിൽക്കൂടുതലായി മരവിച്ചു കിടക്കുന്ന) എന്നറിയപ്പെടുന്ന ആർട്ടക്കിലെ മഞ്ഞുരുകുന്നത് അപകടകരമായ റേഡിയോ ആക്ടീവ് വസ്തുക്കളെയും ഉറങ്ങിക്കിടക്കുന്ന വൈറസുകളെയും ബാക്ടീരിയകളെയും പുറത്തേക്ക് വിടാനും കാരണമാകും എന്നു പഠനങ്ങൾ. 2100 ആകുമ്പോഴേക്കും പെർമാഫാസ്റ്റിന്റെ ഉപരിതലത്തിലെ 65 ശതമാനവും ഉരുകും എന്നാണ് കണക്കുകൂട്ടൽ. ആണവ പരീക്ഷണങ്ങളുടെയും ആണവ അന്തർവാഹിനികളുടെയും അവശിഷ്ടങ്ങളെക്കൂടാതെ മെർക്കുറി, ആർസെനിക്, DDT, HCH, PCB, ലെഡ് മുതലായ ഹാനികരമായ പദാർഥങ്ങളും ഇതിലൂടെ പുറത്തേക്ക് വരാം. ഒരു ഗ്രാം പെർമാഫാസ്റ്റിൽ നൂറ് മുതൽ ആയിരക്കണക്കിന് സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്. വളരെ താഴ്ന്ന താപനിലയുമായി പൊരുത്തപ്പെട്ട് ആയിരം വർഷത്തോളം ജീവിക്കുവാൻ ഇവയ്ക്കു സാധ്യമാണ്. മഞ്ഞുരുകി വരുന്ന ജലാംശത്തിലുള്ള വൈറസ്, മറ്റുള്ള വൈറസിനെ ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നവയായി മാറ്റുവാനും സാധ്യതയുണ്ട്.

1980 (താഴെ), 2012 (മുകളിൽ) ലെ കടൽ ഹിമപാതം. Multi-year ഐസ്, തിളങ്ങുന്ന വെള്ള നിറത്തിൽ കാണിക്കുന്നു, അതേസമയം ശരാശരി കടൽ ഐസ് ഇളം നീല മുതൽ ക്ഷീര വെള്ള വരെ കാണിക്കുന്നു. കടപ്പാട്: വിക്കിപീഡിയ

സൈബീരിയയിലെ ആഴത്തിലുള്ള പെർമാഫാസ്റ്റിൽ നിന്നും കണ്ടെത്തിയ നൂറിലധികം സൂക്ഷ്മാണുക്കൾ ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുതിയതരം രോഗാണുക്കൾ രൂപപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഉദാഹരണത്തിന് അലാസ്കൻ ആർട്ടിക്കിൽ പുതിയതായി രൂപപ്പെട്ട അലാസ്കപോക്സ് വൈറസ് (Alaskapox virus). 2016-ൽ, സൈബീരിയയിൽ നിരവധി ആളുകളെ ബാധിച്ച ആന്ത്രാക്സ് (Anthrax), പെർമാഫാസ്റ്റ് ഉരുകി ഉണ്ടായതാണെന്നും അഭിപ്രായമുണ്ട്.


നവംബർ 2021 ലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്

അവലംബം

Nature Climate Change, Vol. 11, October 2021, 809-819.

അധിക വായനയ്ക്ക്

 

Leave a Reply

Previous post കേവലപൂജ്യത്തിലേക്ക്
Next post എലിസബത്ത് ഫുൾഹേമും കറ്റാലിസിസും
Close