Read Time:9 Minute

എഴുത്ത് : ഡോ.ആര്യ എസ്. അവതരണം : താഹ കൊല്ലേത്ത്

കേൾക്കാം


ആവാസവ്യവസ്ഥയും പ്രകൃതിയിലെ സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ സസ്യങ്ങൾ വഹിക്കുന്ന പങ്ക് പ്രധാനപ്പെട്ടതാണ്. ഭക്ഷണം പ്രാണവായു  ഔഷധം എന്നിങ്ങനെ ജീവൻ നിലനിർത്താൻ അനിവാര്യമായ ഘടകങ്ങൾ എല്ലാം നൽകിയാണ് ചെടികൾ ആവാസവ്യവസ്ഥയിലെ സന്തുലനം സാധ്യമാക്കുന്നത്. ഏതാണ്ട് 3.9 ലക്ഷത്തിൽ പരം സസ്യ സ്പീഷീസുകൾ ഭൂമിയിൽ ഉള്ളതിൽ 94% വും പുഷ്പിത സസ്യങ്ങളാണ്.

സസ്യങ്ങളെ ആഹാരം ആക്കുന്ന പ്രാണികൾക്കും പുഴുക്കൾക്കും പക്ഷികൾക്കും മറ്റ് സസ്യഭുക്കുകൾക്കും എതിരെ സസ്യങ്ങൾ പരിണമിച്ചെടുത്ത മാരക ആയുധങ്ങളാണ് അവയിൽ ഉണ്ടായിവരുന്ന വ്യത്യസ്ത തരം രാസവസ്തുക്കൾ. ഇത്തരം രാസവസ്തുക്കൾ തന്നെയാണ് സസ്യങ്ങൾക്ക് അവയുടെ ഔഷധഗുണവും മറ്റും നൽകുന്നത്. ഇങ്ങനെ ഉരുത്തിരിഞ്ഞു വരുന്ന രാസവസ്തുക്കൾ പലപ്പോഴും കൂടിയ അളവിൽ മനുഷ്യർക്ക് അപകടകരമായേക്കാം.

ചെടികളിൽ കാണപ്പെടുന്ന രാസവസ്തുക്കളെ പൊതുവേ രണ്ടായി തിരിക്കാം. Primary Metabolites എന്നും Secondary Metabolites എന്നും

ഔഷധത്തിനും അലങ്കാരത്തിനുമായി പൂന്തോട്ടത്തിലും പറമ്പിലും വളർത്തുന്ന ചില സസ്യങ്ങളിൽ കൊടിയ വിഷം ആയിരിക്കാം പതിയിരിക്കുന്നത്. ചില സസ്യങ്ങളിൽ വിഷാംശം ചില ഭാഗങ്ങളിൽ മാത്രമേ കാണുകയുള്ളൂ. ബാക്കി ഭാഗങ്ങൾ ഭക്ഷ്യയോഗം ആയിരിക്കാം. ചെടിയുടെ പേര് പുഷ്പം തണ്ട് ഇല കായ കറ പശ കിഴങ്ങ് ഇവയൊക്കെ വ്യത്യസ്ത ആവശ്യങ്ങൾക്കായി മനുഷ്യൻ പ്രാചീനകാലം മുതൽക്കേ ഉപയോഗിക്കുന്നു.

ഒരു സസ്യത്തിന്റെ ഒരു ഭാഗം വിഷം ആണെങ്കിൽ മുഴുവൻ ഭാഗവും വിഷം ആയിരിക്കണം എന്നില്ല. സസ്യത്തിൽ അടങ്ങിയിരിക്കുന്ന ചിലയിനം ഗ്ലൂക്കോസൈഡുകൾ ആൽക്കലോയിഡുകൾ റസീനുകൾ ടാനിനുകൾ തുടങ്ങിയ രാസ ഘടകങ്ങളാണ്  ചെടിയുടെ വിഷസ്വഭാവത്തിന് കാരണക്കാർ. ചെടികളിലെ വിഷഘടകങ്ങൾ ശുദ്ധീകരിച്ചതിനു ശേഷം മാത്രമേ ഇവ ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയുള്ളൂ.

അരളി. Nerium oleander

അരളി

മഞ്ഞ വെള്ള പിങ്ക് ചുവപ്പ് എന്നിങ്ങനെ പല നിറത്തിലുള്ള വർണാഭമായ പൂക്കളോട് കൂടി ഒട്ടുമിക്ക ഉദ്യാനങ്ങളെയും റോഡ്സൈഡുകളെയും അലങ്കൃതമാക്കുന്ന ഒരു ചെടിയാണ് അരളി. Nerium oleander എന്ന ശാസ്ത്രനാമം ഉള്ള അരളി പാലമരത്തിന്റെ സസ്യകുടുംബമായ അപ്പോസൈനസൈയിൽ ഉൾപ്പെടുന്നു. ഓണക്കാലത്തെ പൂമാർക്കറ്റിൽ പ്രധാനി, ക്ഷേത്രത്തിലെ ഹാരങ്ങളിലും പൂജകളിലും മുൻപൻ എന്നാൽ മനോഹരിയായ അരളി അത്ര പാവമല്ല. Oliandrin Neriin എന്ന രാസവസ്തുക്കൾ ഈ ചെടിയെ വിഷമയമാക്കുന്നു. ഒരുപക്ഷേ അലങ്കാര ചെടികളിൽ പൂവിലും തണ്ടിലും വേരിലും എല്ലാം ഇത്രയും കൂടിയ വിഷം നിൽക്കുന്ന മറ്റൊരു ചെടി ഇല്ല എന്നു തന്നെ പറയാം. കൊഴിഞ്ഞുവീഴുന്ന ഇലയും ഉണങ്ങിയ പൂവും കത്തിക്കുന്ന വായുപോലും വിഷം കലർന്നതാണെന്ന് പഠനങ്ങൾ പറയുന്നു. പൂവുകൾ വർണ്ണാഭമായതിനാൽ കുട്ടികൾ ഇവ അടർത്തിയെടുക്കുക സ്വഭാവികമാണ്. അറിയാതെ ഒന്നോ രണ്ടോ പൂവുകൾ ഉള്ളിൽ ചെല്ലുകയാണെങ്കിൽ മരണം വരെ സംഭവിക്കാം. അരളിച്ചെടിയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും വേർ തിരിച്ചെടുക്കാൻ കഴിയുന്ന രണ്ട് ശക്തമായ കാർഡിയാക്ക് ഗ്ലൈക്കോസ്ഡുകളായ Oliandrin Neerin എന്നിവയാണ് വിഷഘടകങ്ങൾ. ഇവ രണ്ടും Fox glove (Digitalis spp) ന്റെ വിഷത്തോട് സാമ്യം ഉള്ളതാണ്. ഉള്ളിൽ ചെന്ന് നാലു മണിക്കൂറിനുള്ളിൽ വിഷബാധയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഹൃദയത്തെയും ദഹന നാളത്തെയും പ്രതികൂലമായി ബാധിക്കാനുള്ള വീര്യം ഈ വിഷത്തിനുണ്ട്. ഇതുകൂടാതെ ഉള്ളിൽ ചെന്നാൽ തലകറക്കം മയക്കം ബലഹീനത കാഴ്ച വൈകല്യങ്ങൾ എന്നിവയും ഉണ്ടാവാം. ചില പഠനങ്ങൾ അനുസരിച്ച് നാല് ഗ്രാം ഇല ഉള്ളിൽ ചെന്നാൽ തന്നെ വിഷബാധയുണ്ടാവാം. അരളിയുമായി ബന്ധപ്പെട്ട് വിഷബാധയുണ്ടായി എന്ന് സംശയിക്കുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. പിങ്ക് ചുമന്ന അരളിക്കുപുറമെ സുലഭമായി നമ്മുടെ തൊടിയിലും പറമ്പിലും കാണുന്ന മറ്റൊരു ഇനമാണ് മഞ്ഞ അരളി  (Cascabela thevetia). ഇവയിലും ചുമന്നരളിയിൽ എന്നപോലെ തന്നെ വിഷാംശം അടങ്ങിയിരിക്കുന്നു. Thevetin A Thevetin B എന്നിങ്ങനെ മാരകമായ വിഷം തന്നെയാണ് ഈ ചെടിയിലെയും വില്ലൻ.

മഞ്ഞ അരളി  Cascabela thevetia

കൊടിയ വിഷമുള്ള ചെടിയാണെങ്കിലും ഇവയെ പരിപൂർണ്ണമായി വെട്ടി നശിപ്പിക്കേണ്ട ആവശ്യമില്ല. കൊടിയ വിഷമുള്ള കുന്നിക്കുരുവും ഒതളങ്ങയും കാണുമ്പോൾ ഉള്ള അവബോധം നമുക്ക് അരളി കാണുമ്പോഴും ഉണ്ടാകണം. അശാസ്ത്രീയമായി ചെടിയുടെ ഒരു ഭാഗവും ഉപയോഗിക്കാൻ പാടില്ല എന്നു മാത്രമല്ല സ്കൂളുകളിലും മറ്റും ഒരു അലങ്കാര സസ്യമായി ഇത് നട്ടുവളർത്തുന്നത് അപകടം ക്ഷണിച്ചുവരുത്തും എന്നുള്ളത് കൊണ്ട് തന്നെ അത് നമുക്ക് ഒഴിവാക്കാം. പലതരം ക്യാൻസറിന്റെയും ഹെമറോയിഡുകളുടെയും കുഷ്ഠരോഗത്തിന്റെയും മരുന്നുകളിൽ ഈ ചെടിയിൽ നിന്നുള്ള ഘടകങ്ങൾ ശാസ്ത്രീയമായി ഉപയോഗിക്കുന്നതായി പഠനങ്ങൾ പറയുന്നു. ആയതിനാൽ പൂർണ്ണമായും നശിപ്പിച്ചു കളയാതെ അരളിയെയും നമ്മുടെ ഭൂമിയിലെ ലക്ഷങ്ങളിൽ ഒരു ചെടിയായി കണ്ടു അത്യധികം കരുതലോടുകൂടി സംരക്ഷിക്കാം.

അനുബന്ധ വായനയ്ക്ക്

Happy
Happy
34 %
Sad
Sad
9 %
Excited
Excited
17 %
Sleepy
Sleepy
2 %
Angry
Angry
2 %
Surprise
Surprise
36 %

Leave a Reply

Previous post ലക്ഷദ്വീപിലെ മായുന്ന വസന്തങ്ങൾ
Next post ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ
Close