ഡോ. എൻ ഷാജി
നല്ലൊരു ഫേക്ക് ന്യൂസ് കണ്ടിട്ട് കുറച്ചു നാളായല്ലോ എന്നു കരുതിയിരിക്കുമ്പോഴാണ് താഴെ കൊടുക്കുന്ന വാട്ട്സ് അപ്പ് സന്ദേശം ഒരാൾക്കു പിന്നാലെ മറ്റൊരാളായി നാലു സുഹൃത്തുക്കൾ അയച്ചു തന്ന് അഭിപ്രായം ചോദിച്ചത്. സന്ദേശം ഇപ്രകാരമാണ്
നാളെ 05.27 മുതൽ എന്നു പറഞ്ഞുതുടങ്ങുന്ന പോസ്റ്റിൽ നിന്ന് നാളെ എന്നത് എന്നാണെന്ന് കണ്ടുപിടിക്കാൻ വഴിയൊന്നും കാണുന്നില്ല. മലയാളത്തിൽ ഈ പോസ്റ്റ് വന്നത് അടുത്ത കാലത്താണെങ്കിലും ഇംഗ്ലീഷിൽ 2022 ഏപ്രിൽ മുതൽ ഇങ്ങനെയൊന്ന് കാണുന്നുണ്ട്. മറ്റു ചില ഭാഷകളിൽ 2022 ജനുവരി മുതലേ സമാന പോസ്റ്റ് കാണുന്നുണ്ട്. ഇനി കാര്യത്തിലേക്ക് വരാം.
അഫെലിയോൺ (aphelion) എന്ന വാക്ക് ജ്യോതിശ്ശാസ്ത്രം പഠിച്ചിട്ടുള്ളവർക്ക് പരിചിതമാണ്. 17-ാം നൂറ്റാണ്ടിൽ ജോഹന്നാസ് കെപ്ലെർ കണ്ടെത്തിയ ഒരു കാര്യമായിരുന്നു ഭൂമിയടക്കമുള്ള സൗരയൂഥ ഗ്രഹങ്ങൾ സൂര്യനെ ചുറ്റി ദീർഘവൃത്ത പഥങ്ങളിൽ (ellipse) സഞ്ചരിക്കുന്നുവെന്നത്. ആ പഥത്തിൽ സൂര്യന് ഏറ്റവും അടുത്തു വരുന്ന ബിന്ദുവിനെ perihelion എന്നും ഏറ്റവും അകലെ വരുന്ന ബിന്ദുവിനെ aphelion എന്നും വിളിക്കുന്നു. ഭൂമിയുടെ കാര്യത്തിൽ ഈ ദീർഘ വൃത്തം യഥാർത്ഥ വൃത്തത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ശരാശരി ദൂരം ഏകദേശം 15 കോടി കിലോമീറ്റർ ആണ്. പ്രകാശം ഏതാണ്ട് 500 സെക്കൻഡുകൊണ്ട് (ഏതാണ്ട് 8 മിനിട്ട്) സഞ്ചരിക്കുന്ന ദൂരം. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ 14 കോടി 96 ലക്ഷം കിലോമീറ്റർ. പെരിഹീലിയൻ ദൂരം ഏകദേശം 14.7 കോടി കിലോമീറ്ററും അഫീലിയൻ ദൂരം 15.2 കോടി കിലോമീറ്ററും ആണ്. അതായത് ഏതാണ്ട് 1.7 ശതമാനം വ്യത്യാസം ഉണ്ടാകും. ഇതു കൊണ്ടാണ് ഭൂമിയിൽ വേനലും മഞ്ഞും മാറി മാറി വരുന്നതെന്നു വിചാരിച്ചാൽ നമുക്കു തെറ്റി. അതിൻ്റെ കാരണം വേറെയാണ്. ഋതുക്കൾ മാറി വരുന്നതിനു കാരണം ഭൂമിയുടെ ഭ്രമണപഥതലവും ഭൂമദ്ധ്യരേഖാതലവും തമ്മിലുള്ള 23.5 ഡിഗ്രിയുടെ ചരിവാണ്. ഭൂമിയുടെ അച്ചുതണ്ടിൻ്റെ ചരിവ് എന്നു പറയുന്നതും ഇതിനെ തന്നെയാണ്. ഉത്തരായനം, ദക്ഷിണായനം എന്നീ തോന്നലുകൾ ഉണ്ടാക്കുന്നതും ഇതുതന്നെയാണ്. ജൂൺ- ആഗസ്റ്റ് കാലഘട്ടത്തിൽ ഉത്തരാർദ്ധഗോളത്തിൽ പൊതുവെ വേനൽക്കാലമാണ്. ദക്ഷിണാർദ്ധഗോളത്തിൽ ഇതു തണുപ്പുകാലമാണ്. അക്കാലത്ത് വടക്കൻ പ്രദേശത്താണ് തെക്കിനെ അപേക്ഷിച്ച് കൂടുതൽ സൂര്യതാപം വീഴുക. ഡിസംബർ- ഫെബ്രുവരി കാലത്ത് ഇതു തിരിച്ചാകും; അതായത് ദക്ഷിണാർദ്ധഗോളത്തിൽ വേനൽക്കാലവും ഉത്തരാർദ്ധഗോളത്തിൽ തണുപ്പുകാലവും. എന്നാൽ ഭൂമി അഫീലിയോണിൽ എത്തുന്നത് ജൂലൈ ആദ്യ ആഴ്ചയാണ്. 2022-ൽ ഇതു സംഭവിക്കുന്നത് ജൂലൈ 4-ന് 12.42 PM-നാണ്. ആ സമയത്ത് സൂര്യനിൽ നിന്നുള്ള ദൂരം 152,098,455 കി.മീ. 2023 – ൽ അത് ജൂലൈ 7-ന് രാവിലെ 01.36 നാണ്. ആ സമയത്ത് ദൂരം 152,093,251 കി.മീ. ആയിരിക്കും. ഇത്തരം ചെറിയ മാറ്റങ്ങളും ഇന്ന് നമുക്ക് കൃത്യമായി വിശദീകരിക്കാം. ഭൂമിയുടെ ചലനം കണക്കാക്കുമ്പോൾ സൂര്യൻ്റെ ആകർഷണത്തിനു പുറമേ ചന്ദ്രൻ്റെ ആകർഷണവും പരിഗണിക്കണം എന്നതാണ് പ്രധാന കാര്യം. നല്ല കൃത്യത വേണമെങ്കിൽ മറ്റു ഗ്രഹങ്ങളുടെ ആകർഷണം ഉൾപ്പടെ ധാരാളം കാര്യങ്ങൾ പരിഗണിക്കണം. ഇതേ പോലെ ജനുവരി ആദ്യവാരത്തിലാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരിക. പക്ഷേ അക്കാലത്ത് ഉത്തരാർദ്ധഗോളത്തിൽ തണുപ്പുകാലമാണെന്നതും ഓർക്കുക.
എന്നാൽ ഇതെല്ലാം പരിഗണിച്ചാലും ഈ വർഷത്തെ അഫിലിയോണിന് മുമ്പില്ലാത്ത തരം പ്രത്യേകതകൾ ഒന്നുംതന്നെയില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞർ പറയുന്നതുപോലെയുള്ള പ്രത്യേകതകൾ ഒന്നുമില്ല. അതു കൊണ്ട് പ്രത്യേകിച്ച് വേവലാതിപ്പെടേണ്ട.
6 thoughts on “അഫിലിയോൻ എന്ന ‘ഫീകരൻ’”