വിജയകുമാർ ബ്ലാത്തൂർ
കേൾക്കാം
കുഴിയാന – തുമ്പികളുടെ ലാർവയാണ് എന്ന് ആരാണ് പറഞ്ഞ് പരത്തിയതാവോ! പലരും ഇപ്പഴും അങ്ങിനെ തന്നെയാണ് കരുതുന്നത്.
സാധാരണയായുള്ള ഉശിരൻ കല്ലൻ തുമ്പികളോ – (dragonflies -Anisoptera) സാധു സൂചി തുമ്പികളോ (damselflies- Zygoptera) കുഴിയാനയുടെ രൂപാന്തരം വഴി ഉണ്ടാകുന്നവയല്ല. തുമ്പികളോട് ബന്ധമില്ലാത്ത Myrmeleontidae കുടുംബത്തിലെ മറ്റൊരു വിഭാഗം ഷഡ്പദങ്ങളായ antlion lacewings ആണിവ. പണ്ടാരോ ഇവയ്ക്ക് മലയാളത്തിൽ “കുഴിയാനത്തുമ്പി” എന്ന് പേരിട്ടതാണ് പ്രശ്നമായത്.

വല്ലാത്തൊരു ശരീരപ്രകൃതിയാണ് കുഴിയാന്യ്ക്ക്. വീർത്തുരുണ്ട ഒരു മേലും കുഞ്ഞ് തലയും, മുന്നിൽ രണ്ട് കൊമ്പും. വാരിക്കുഴിയിൽ വീണ ആനയെപ്പോലെ കുഴിയാന കരകയറാൻ പറ്റാതെ കുഴിയിൽ കഴിയുന്നതൊന്നുമല്ല മണലിലും മിനുസമുള്ള പൊടിയിലും ചോർപ്പിന്റെ ആകൃതിയിൽ കുഴിഒരുക്കി ഇരയും കാത്ത് കഴിയുകയാണവർ. സത്യത്തിൽ പൂർണ്ണവളർച്ചയെത്തിയ ഒരു ജീവിയല്ല കുഴിയാന. ‘ആന്റ് ലയേൺ’ (Antlion) എന്നറിയപ്പെടുന്ന ഒരിനം ഷഡ്പദത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവയാണത്. (ഉറുമ്പ്പിടിയനായ പരാക്രമി എന്നർത്ഥത്തിലാകാം ‘ഉറുമ്പ് സിംഹം’ എന്ന പേര് വന്നത്). പിറകോട്ട് സഞ്ചരിക്കുന്ന ഇവയുടെ നടത്തം നല്ല രസമുള്ളതാണ്. കുഴിയൊരുക്കാൻ നല്ല സ്ഥലം തപ്പി ചറപറ മണലിലൂടെ നടന്നു നീങ്ങുമ്പോഴുണ്ടാകുന്ന അടയാളം കണ്ടാണ് വടക്കേ അമേരിക്കക്കാർ ഇതിന് “ഡൂഡിൽ ബഗ്” എന്ന് പേരിട്ടത്. നമ്മൾ ആർക്കെങ്കിലും ഫോൺ ചെയ്തുകൊണ്ടിരിക്കുമ്പോൾ കൈയിലെ പേനകൊണ്ട് അറിയാതെ അർത്ഥരഹിതമായി കടലാസിൽ കുത്തിവരക്കുന്ന ചിത്രം പോലെയുണ്ടാകും ആ നടത്ത ചിത്രം..

പിൻ കാലുകൾ കൊണ്ട് മണൽ വട്ടത്തിൽ തെറിപ്പിച്ച് മാറ്റി ആണ് കുഴിപണിയുക. കുഴിയുടെ ചെരിവ് ഏറ്റവും അപകടകര അളവിലായിരിക്കും. എന്നിട്ട് കുഴിയുടെ നടുവിൽ മണലിനുള്ളിൽ ഒളിച്ച് നിൽക്കും. ശരിക്കും ഒരു മരണക്കിണർ ആണത് . വക്കിൽ ഉറുമ്പോ ചിലന്തിയോ മറ്റേതെങ്കിലും ചെറുപ്രാണികളോ എത്തിപ്പെട്ടാൽ നിമിഷം കൊണ്ട് താഴോട്ട് ഇടിയും. മുകളിലേക്ക് കയറാൻ ശ്രമിക്കും തോറും മേൽഭാഗത്ത് നിന്ന് മണൽ അടർന്ന് വീണുകൊണ്ടിരിക്കും. രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇരയ്ക്ക് നേരെ ശക്തിയിൽ മണൽ തെറിപ്പിച്ച് താഴോട്ട് വീഴ്ത്താൻ അതിനിടയിൽ കുഴിയാന ശ്രമം നടത്തുന്നുണ്ടാകും. അവസാനം ഇരയെ പിടികൂടി അതിന്റെ ശരീരം മുഴുവൻ ദഹിപ്പിക്കാൻ കഴിയുന്ന സ്രവങ്ങൾ കുത്തിച്ചെലുത്തി സത്ത് വലിച്ച് കുടിക്കും. കുഴിയിലെ അവശിഷ്ടങ്ങൾകണ്ട് ഇനി വരുന്ന ഉറുമ്പുകൾക്ക് സംശയം തോന്നാതിരിക്കാൻ അവയൊക്കെ പിങ്കാലുകൊണ്ട് തട്ടിദൂരേക്ക് മാറ്റും. കുഴിയുടെ ചെരിവുകളെല്ലാം പഴയതുപൊലെ കുത്തനെയാക്കി. വീണ്ടും ഭാഗ്യം വന്ന് വീഴുന്നതും കാത്ത് കാത്തങ്ങനെ ഇരിക്കും. മൂന്നു നാലുമാസമൊക്കെ ഒരിരയും കിട്ടാതെ തനിപ്പട്ടിണിയിൽ കഴിയും. അതുകൊണ്ട് തന്നെ ലാർവാവസ്ഥ ഒരോരോ സാഹചര്യമനുസരിച്ച് പല കാലദൈർഘ്യത്തിലായിരിക്കും. ചിലപ്പോൾ അത് നീണ്ട് വർഷങ്ങൾ വരെ എടുക്കും.

കുഴിയാന തിന്നതൊന്നും പുറത്ത് കളയില്ല. കളയാൻ അങ്ങിനെ ഒരു അവയവവും ഇല്ല എന്നതാണ് കാര്യം. വിസ്ർജ്ജ്യങ്ങളെല്ലാം ഉള്ളിൽ തന്നെ സൂക്ഷിച്ച് വെക്കും . ലാർവ പൂർണ്ണവളർച്ചയെത്തി പിന്നീട് പ്യൂപ്പാവസ്ഥയിൽ കഴിയുന്ന സമയത്താണ് ടാർപോലുള്ള പഴയകാഷ്ടം പുറത്തേക്ക് കളയുന്നത്.

മണലും സിൽക്ക്പോലുള്ള നൂലുകളും കൂട്ടിക്കുഴച്ചുള്ള ഗോളാകൃതിയിലുള്ള കൂടിനുള്ളിൽ പിന്നെ ഏറെനാൾ സുഷുപ്തി .പ്യൂപ്പാവസ്ഥ കഴിഞ്ഞ് അവസാനം കൂട് പൊളിച്ച് ചിറക് വിരിച്ച് പറന്നുപോകും. കാഴ്ചയിൽ സൂചിത്തുമ്പികളോട് ചെറിയ സാമ്യം തോന്നുന്ന ഇവ ഗോത്രപരമായിപോലും തുമ്പികളുമായി ഒരു ബന്ധവുമില്ല. എങ്കിലും ഇവയ്ക്ക് ‘കുഴിയാനത്തുമ്പി ‘ എന്നാണ് മലയാളത്തിൽ ആരോ പേരിട്ടത്. രണ്ട് ജോഡി ചിറകുകൾ , നീണ്ട ആന്റിനകൾ.എന്നിവയൊക്കെ ആയി കാഴ്ചക്ക് ഒരു ആനച്ചന്തമൊക്കെയുണ്ട്. ലാർവ ചെറുതാണെങ്കിലും വിരിഞ്ഞ് വരുന്ന ജീവിക്ക് നല്ല വലിപ്പമുണ്ടാകും. പകൽ സമയങ്ങളിൽ ചെടിപ്പടർപ്പുകൾക്കിടയിലും മറ്റും വിശ്രമിക്കുന്ന ഇവ സന്ധ്യയോടെ ഇരതേടാനും ഇണചേരാനും പറന്നുതുടങ്ങും. പെൺകുഴിയാനത്തുമ്പികൾ മണലിൽ മുട്ടയിടുന്നു. അവ വിരിഞ്ഞ് പുതിയ കുഴിയാനകൾ ഉണ്ടാകുന്നതോടെ ജീവിതചക്രം പൂർത്തിയാകുന്നു.

ആന സ്വന്തമായുണ്ടാകുന്നത് വലിയ ഗമയായി കരുതിയിരുന്ന ബഷീറിന്റെ കുഞ്ഞുതാത്തുമ്മയുടെ “ന്റുപ്പാപ്പാക്കൊരാനയുണ്ടാർന്നു” എന്ന പറച്ചിൽ അവസാനം “അത് കുയ്യാന ആയിരുന്നു” എന്ന് തിരുത്തുമ്പോഴുള്ള ഗദ്ഗദം ഒന്നും പാവം നമ്മുടെ കുഴിയാന അറിയുന്നില്ലല്ലോ.അത് തന്റെ മണൽ കുഴിയിൽ ഇരയും തേടി കാലങ്ങളായി കാത്തിരിക്കുകയല്ലെ.
കുഴിയാനയുടെ ജീവിതചക്രം വീഡിയോ കാണാം
കേരള സിലബസ് 5-ാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം ബുക്കിൽ കുഴിയാന എന്നത് ഒരിനം തുമ്പിയുടെ ലാർവയാണെന്ന് പറയുന്നുണ്ട്. അപ്പോൾ അത് തെറ്റാണോ?