Read Time:24 Minute

ഡോ.ടി.എസ്. ശ്യാംകുമാർ

“സയൻസ് എന്നാൽ മറ്റൊരർത്ഥത്തിൽ രാഷ്ട്ര വ്യവഹാരമാണ് “ഡോ മീരാ നന്ദ

Prophets facing backwards എന്ന ഗ്രന്ഥത്തിൻറെ ആമുഖത്തിൽ ശാസ്ത്ര ചരിത്രകാരി യും ചിന്തകമായ മീരാ നന്ദ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്. ” തെളിയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളെ സംശയത്തോടെ സമീപിക്കുക എന്നത് ആധുനിക ശാസ്ത്രം സ്ഥാപനവൽക്കരിച്ചു കഴിഞ്ഞിട്ടുള്ള രീതിയാണ്. അതു തന്നെയായിരിക്കണം മർദ്ദിത ജനവിഭാഗങ്ങളുടെയും ജ്ഞാനാന്വേഷണ ശൈലി”. ഇന്ത്യൻ ജാതിവ്യവസ്ഥയുടെയും അതിന്റെ മർദ്ദിത വ്യവസ്ഥയുടെയും കൊടിയ പീഡകൾക്ക് വിധേയപ്പെടേണ്ടിവന്ന കോടിക്കണക്കായ മർദ്ദിത ജനവിഭാഗങ്ങളുടെ സുസ്ഥിരഭാവിയുടെ സൃഷ്ടിക്ക് അടിയന്തിരമായി സ്വീകരിക്കേണ്ട, അനുയോജ്യമായ ജ്ഞാനാന്വേഷണ രീതിയായി ശാസ്ത്രത്തിന്റെ രീതിയെ മീരാനന്ദ വിലയിരുത്തുന്നു. ശാസ്ത്രീയ യുക്തിവിചാരത്തിന്റെ പരീക്ഷണങ്ങൾക്കു മുമ്പിൽ പരാജയപ്പെടുന്ന പാരമ്പര്യ ഘടകങ്ങളെ നിരാകരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന പാരമ്പര്യവുമായുള്ള അഭിമുഖീകരണത്തിന്റെ ജ്ഞാനോദയ ശൈലിയാണ് അംബേദ്കർ പ്രതിനിധീകരിക്കുന്നതെന്ന് രേഖപ്പെടുത്തുന്നതിലൂടെ അംബേദ്കറുടെ ജാതി വിമർശനത്തെയും സായൻസിക യുക്തി വിചാരത്തെയും ബന്ധപ്പെടുത്തി മനസ്സിലാക്കുകയാണ് മീര നന്ദ. സയൻസിന്റെ രീതിശാസ്ത്രവും (methodology of science) ജ്ഞാനോദയ യുക്തിചിന്താ ശൈലിയും ഇന്ത്യൻ ജാതിവ്യവസ്ഥയെയും തദനുബന്ധമായ വിശ്വാസജീവിത മൂല്യങ്ങളെയും പാരമ്പര്യ ശൈലികളെയും നിശിതമായി വിമർശിക്കുന്നതിന് ഡോ. ബി ആർ അംബേദ്കർ ഉപയുക്തമാക്കിയെന്ന് മീരനന്ദ നിരീക്ഷിക്കുന്നു.

സയൻസും യുക്തിവിചാരവും അംബേദ്കറും

ഇന്ത്യൻ പാരമ്പര്യക്രമത്തെ ജാതിബോധ്യങ്ങളിൽ നിന്ന് ഇഴപിരിച്ചെടുക്കുക അസാധ്യമാണ്. ഇതിൽ ഉൾച്ചേർന്ന് കിടക്കുന്ന ശ്രേണീകൃത അസമത്വ വ്യവസ്ഥ രാഷ്ട്രീയ-ഭരണക്രമങ്ങളെയും സാമൂഹിക-സാംസ്കാരിക ജീവിതത്തെയും ആഴത്തിൽ സ്വാധീനിക്കുകയും ചെയ്തിരിക്കുന്നു. ഈ പാരമ്പര്യ വ്യവസ്ഥയെ സാധൂകരിക്കുകയും നീതിയായി നിലനിർത്തുകയും ചെയ്യുന്ന ഒന്നായി വേദ സംഹിതകളും ഇതിഹാസ പുരാണ പാഠങ്ങളും ധർമ്മ ശാസ്ത്രങ്ങളും നിലകൊള്ളുന്നു. ജാതിവ്യവസ്ഥയുടെ അസമത്വ സാമൂഹ്യ ബോധ്യങ്ങളെ സ്വാഭാവിക ക്രമമായി വിലയിരുത്തുന്ന ഗ്രന്ഥ പാഠങ്ങളെ യുക്തിയുക്തമായി പരിചിന്തനം ചെയ്ത് പരിശോധിച്ചു കൊണ്ടുമാത്രമേ ഈ വേദ വ്യവസ്ഥയുടെ അനീതിയും അസമത്വവും അനാവരണം ചെയ്യാൻ കഴിയൂ. ഇത്തരമൊരു ചിന്തയുടെ തിളക്കമാർന്ന വിധ്വംസക ജ്ഞാനപ്രകാശമാണ് ജാതി ഉന്മൂലനത്തിൽ (Annihilation of Caste)  നിറഞ്ഞിരിക്കുന്നത്. “ഏതൊരു യുക്തിചിന്തയെയും നിഷേധിക്കുന്ന ധാർമികതയുടെ ഏതൊരു ഭാഗവും നിഷേധിക്കുന്ന വേദങ്ങളും ശാസ്ത്രങ്ങളും (ധർമ്മ ശാസ്ത്രങ്ങൾ എന്ന അർത്ഥത്തിലാണ് അംബേദ്കർ ശാസ്ത്രം എന്ന് പ്രയോഗിക്കുന്നത് സയൻസ് എന്ന അർത്ഥത്തിലല്ല) ഡൈനാമിറ്റ് വച്ച് തകർക്കണം എന്ന പ്രബോധനാത്മകമായും പ്രായോഗികമായും പ്രഖ്യാപിച്ചതിലൂടെ യുക്തി വിചാരത്തിലൂന്നിയുള്ള ഗവേഷണ പഠനങ്ങളുടെ പ്രാധാന്യത്തെയാണ് ഡോ. അംബേദ്കർ വിളംബരം ചെയ്തത്. ” വിശ്വാസങ്ങളുടെ പതിര് സത്യത്തിന്റെ ധാന്യമണികളിൽ നിന്ന് വേർതിരിച്ചെടുക്കുമ്പോഴാണ് ശാസ്ത്രീയ യുക്തിവിചാരം സർഗ്ഗ ധന്യമാകുന്നതെന്ന് “മീരാനന്ദ നിരീക്ഷിക്കുന്നുണ്ട്. ഡോ. ബി ആർ അംബേദ്കർ സാമൂഹ്യശാസ്ത്രപരമായും ചരിത്രപരമായും ഇന്ത്യൻ പാരമ്പര്യത്തെയും ജാതിവ്യവസ്ഥയെയും അതിന്റെ ഗ്രന്ഥ പാഠങ്ങളെയും കർക്കശമായ പഠനത്തിന് വിധേയമാക്കിയത് ശാസ്ത്രീയ യുക്തിവിചാരത്തിന്റെ ഭൂമികയിലൂന്നി നിന്നുകൊണ്ടാണ്.

കർമ്മ സിദ്ധാന്ത ബന്ധിതമായ ദൈവ- പ്രകൃതി- മനുഷ്യ- പ്രവാചകാദി ബ്രാഹ്മണ്യ ധാരണകളുടെ സ്വാഭാവികമായ പ്രത്യയശാസ്ത്ര സൃഷ്ടിയാണ് ആചാരണവും ജാതിവ്യവസ്ഥയും. ഈ ധാരണകളെ സാധൂകരിക്കുന്ന ബ്രാഹ്മണ്യ അതിഭൗതിക വാദവും അതിന്റെ ഗ്രന്ഥ പാഠങ്ങളും അനീതിയെ സയുക്തികമാക്കുകയും അനീതിയെ പ്രകൃതി നിയമത്തിന്റെ പരിണതഫലം എന്ന നിലയിൽ നീതി വൽക്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ അസമത്വ വ്യവസ്ഥയുടെ ആശയ കേന്ദ്രങ്ങളായ വേദേതിഹാസപുരാണ പാഠങ്ങളെ ആധുനികമായ രീതി വിചാരത്തിൽ നിലയുറപ്പിച്ചുകൊണ്ട് യുക്തിവിചാരം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഡോ. അംബേദ്കർക്ക് പൂർണ ബോധ്യമുണ്ടായിരുന്നു. ഹിന്ദുമതത്തിലെ പ്രഹേളികകൾ അനാവരണം ചെയ്യുന്നതിലൂടെയും ഇതിഹാസ വിമർശനം നടത്തുന്നതിലൂടെയും ഗീതാ വിമർശനം രചിക്കുന്നതിലൂടെയും ബ്രാഹ്മണ്യ തത്വഗ്രന്ഥങ്ങളെ വിമർശന വിധേയമാക്കുന്നതിലൂടെയും അംബേദ്കർ പരമ്പരാഗതമായ ബ്രാഹ്മണ്യം തത്വസംഹിതകളെയും അതിന്റെ  ജ്ഞാനസിദ്ധാന്തങ്ങളെയും ആധുനികശാസ്ത്രത്തിന്റെ സംയുക്തികവിചാര രീതി അനുസരിച്ച് വിമർശനവിധേയമാക്കുകയായിരുന്നു. ഇന്ത്യൻ അസമത്വ വ്യവസ്ഥയുടെ ആധാരശിലയായ ബ്രാഹ്മണ്യത്തെയും അതിന്റെ ഗ്രന്ഥ പാഠങ്ങളുടെയും വിമർശന പഠനങ്ങൾക്ക് വിധേയമാക്കുന്നതിലൂടെ തുല്യ പൗരത്വത്തിൽ അധിഷ്ഠിതമായ ഒരു ദേശരാഷ്ട്രത്തെയാണ് ഡോ. ബി ആർ അംബേദ്കർ വിഭാവനം ചെയ്തത്.

ഹിന്ദുത്വ ദേശീയ വൈറസിന്റെ വിനാശകരമായ സാന്നിധ്യത്തെ എതിർക്കാൻ കഴിയണമെങ്കിൽ അംബേദ്കറുടെ ആശയങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവണമെന്ന് മീരാനന്ദ ആഹ്വാനം ചെയ്യുന്നതിലൂടെ അംബേദ്കർ വികസിപ്പിച്ചു കൊണ്ടുവന്ന സാമൂഹ്യ ശാസ്ത്രപരവും ചരിത്രപരവും ധൈഷണികവുമായ യുക്തിചിന്തയുടെ നവയാനം ഏറ്റെടുക്കേണ്ടതിന്റെ അടിയന്തിര ദൗത്യത്തെ ആണ് പ്രകാശിപ്പിക്കുന്നത്. ജാതി ഉന്മൂലനം എന്നതുകൊണ്ട് അംബേദ്കർ വിവക്ഷിച്ചത് യുക്തി വൽക്കരണവും സാംസ്കാരിക സാമാന്യബോധത്തിന്റെ മതനിരപേക്ഷ വൽക്കരണവും ആണെന്ന് മീരാ നന്ദ സുചിന്തിതമായി പ്രസ്താവിക്കുന്നു. ഇന്ത്യൻ ധാരണയുടെ ഹൃദയഭാവമായി ജാതിവ്യവസ്ഥയും അതിന്റെ മൂല്യ വിചാരങ്ങളും തുടരുന്നിടത്തോളം ഇന്ത്യക്ക് ഒരു ജനാധിപത്യ രാജ്യമായി നിലനിൽക്കാൻ കഴിയുകയില്ല എന്ന് അംബേദ്കർ ഉദ്ബോധിപ്പിച്ചു. സമത്വ പൂർണമായ ഉൾക്കൊള്ളൽ – പ്രാതിനിധ്യ ജനാധിപത്യത്തെ ഭരണവ്യവസ്ഥയായും സാമൂഹിക രാഷ്ട്രീയ ജീവിതമായും ഭാവനപ്പെടുത്തി പ്രയോഗവൽക്കരിക്കാൻ കഴിയണമെങ്കിൽ ജാതി ബോധ്യങ്ങളുടെ മർദ്ദന രൂപങ്ങൾ സമ്പൂർണമായി സമൂഹത്തിൽ നിന്നും കൊഴിഞ്ഞു പോകേണ്ടത് അനിവാര്യമാണ്. ഇത്തരമൊരു അനിവാര്യതയെ സാധ്യമാക്കുന്ന സാംസ്കാരിക രാഷ്ട്രീയദൗത്യമാണ് ആധുനികമായ യുക്തിവിചാരത്തിലൂടെ ഇന്ത്യൻ പാരമ്പര്യത്തെ പഠനവിധേയമാക്കുന്നതിലൂടെ ഡോ. ബി ആർ അംബേദ്കർ നിർവഹിച്ച അതിബൃഹത്തായ പദ്ധതിയുടെ ഒരു സവിശേഷ തലം.

സഹോദരനും യുക്തിവിചാരവും

ഇന്ത്യയിലെ ജ്ഞാനോദയ പ്രസ്ഥാനത്തിന്റെയും മതനിരപേക്ഷ വൽക്കരണത്തിന്റെയും മുഖ്യ ദൗർബല്യം പ്രതിലോമ ആധുനികതയുടെയും സയൻസ് വിരുദ്ധതയുടെയും സജീവസാന്നിധ്യം ആണെന്ന് മീരാ നന്ദ അഭിപ്രായപ്പെടുന്നുണ്ട്. ബ്രാഹ്മണാധിഷ്ഠിത പ്രപഞ്ച വീക്ഷണത്തെയും അതിന്റെ സാമൂഹിക ജ്ഞാന സിദ്ധാന്തങ്ങളെയും ദർശനങ്ങളെയും വാദങ്ങളെയും വിമർശപഠനത്തിന് വിധേയമാക്കുന്നതിലൂടെ മാത്രമേ ഒരു പരിധിവരെയെങ്കിലും ഇന്ത്യയെ ആശയപരമായി മതേതരമായി നിലനിർത്താൻ കഴിയൂ. ഇതിനാകട്ടെ ഇന്ത്യൻ പാരമ്പര്യത്തെയും ചരിത്രത്തെയും സംസ്കാരത്തെയും പഠനവിധേയമാക്കുന്ന ശാസ്ത്രീയമായ അന്വേഷണോത്സുകത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. നിർഭാഗ്യവശാൽ ചാണക – ഗോമൂത്ര ചികിത്സകളിലും കോവിഡ് പ്രതിരോധത്തിനുള്ള  മണിയടിയിലും പാത്രം കൊട്ടലിലും  മറ്റ് യജ്ഞ പൂജാനുഷ്ഠാനങ്ങളിലും വിശ്വാസമർപ്പിക്കുകയും അവയെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ഭരണവർഗത്തെയാണു നാം കണ്ടുവരുന്നത്. യുക്തി വിചാരത്തിന്റെ അഭാവമാണ് ഇവിടെ തെളിഞ്ഞുകാണുന്നത്. സയൻസിന്റെ സ്ഥാനത്ത് ജീവിത ബോധ്യമായി ബ്രാഹ്മണ്യം മാറിക്കഴിഞ്ഞതിന്റെ അനന്തര ഫലം കൂടിയാണിത്. ” ശാസ്ത്രീയമായ അന്വേഷണോത്സുകത ലക്ഷ്യം വയ്ക്കുന്നത് വസ്തുനിഷ്ഠമായ ഘടകങ്ങളുടെ സത്തയാണ്. യുക്തിവിചാരത്തിലൂടെയാണ് അത് സാധ്യമാകുന്നത്. സമൂഹ ഘടന യുടെ സാംസ്കാരിക സ്വത്വത്തെ പുനർ നിർവചിക്കുന്നതും ഈ രീതിയിലാണ്. ഭൂതകാല അനുഭവിക ധാരണകളെ പുനർനിർണയം ചെയ്യുന്നത് ശാസ്ത്രീയമായ യുക്തിവിചാരത്തിലൂടെയാണ് എന്നത് അർത്ഥമാക്കുന്നത് പ്രത്യയശാസ്ത്രപരമായ പൊളിച്ചെഴുത്താണ്” മീര നന്ദ പ്രസ്താവിക്കുന്നു. മീര നന്ദ സൂചിപ്പിച്ചതും പോലെ ശാസ്ത്രീയ യുക്തി വിചാരത്തിന്റെ കേരളത്തിലെ പതാകവാഹകനും അടയാളവാക്യവുമാണ് സഹോദരൻ അയ്യപ്പൻ. ശാസ്ത്രീയ യുക്തി വിചാരത്തെ, അസമത്വ പൂർണമായ സാമൂഹ്യവ്യവസ്ഥയെ നീതിയിലധിഷ്ഠിതമായ സാമൂഹമായി പരിവർത്തിപ്പിക്കുന്നതിനുള്ള പ്രധാന ആശയ സ്രോതസ്സായി സഹോദരൻ ദർശിച്ചു. യുക്തിവാദിയുടെ പ്രഥമ ലക്കത്തിൽ അയ്യപ്പൻ എഴുതി: ” അറിവാണ് ഏറ്റവും വലിയ അഭിവൃദ്ധി മാർഗം. നാനാ ദേശക്കാരുടെയും നോക്കെത്താത്ത കാലം മുതൽക്കുള്ള വിവിധ അന്വേഷണങ്ങളുടെ ഫലമായി അറിവിന്റെ ഒരു പ്രവാഹം ലോകത്തിൽ മുന്നോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്. നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള യുക്ത്യാധിഷ്ഠിതമായ ചിന്തനവും മാത്രമാണ് ഈ പ്രവാഹത്തെ ത്വരിപ്പിക്കുന്നത്”. “നിരീക്ഷണവും ചിന്തനവും എത്ര നിർബന്ധവും സ്വതന്ത്രവും ആകുന്നുവോ അത്രയ്ക്ക് അറിവിന്റെ വളർച്ചയ്ക്ക് സൗകര്യമധികമാകുന്നു എന്നും സഹോദരൻ സുചിന്തിതമായി പ്രസ്താവിക്കുന്നു. അറിവെല്ലാം പരിപൂർണ്ണമായി ആദ്യം ലഭിച്ചു പോയി എന്നും യുക്തിക്കും അനുഭവത്തിനും വിരുദ്ധമായിട്ടുള്ള ശ്രുതി- വിശ്വാസം ജനങ്ങളുടെ അന്വേഷണ ബുദ്ധിയെ സ്തംഭിപ്പിക്കുന്നു എന്നും അയ്യപ്പൻ പറയുന്നു.

ശാസ്ത്രീയ യുക്തി വിചാരത്തെ സാമൂഹിക നീതിക്കായുള്ള സമരത്തിലെ എക്കാലത്തെയും വലിയ അടയാളമായി സഹോദരൻ മാറ്റിത്തീർത്തു എന്നത് അയ്യപ്പനെ കേരളത്തിലെ നവോത്ഥാന ആധുനികത എന്ന് വിശേഷിപ്പിക്കുന്ന ചരിത്രഘട്ടത്തിലെ തിളക്കമാർന്ന ജ്യോതിസ്സായി പരിവർത്തിപ്പിക്കുന്നുണ്ട്.
മിശ്രഭോജനത്തിൽ സഹോദരൻ ചൊല്ലിക്കൊടുത്ത സത്യവാചകം ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണ്. ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവും ആയതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ നിയമവിരുദ്ധമല്ലാത്ത വിധം കഴിയുന്നതൊക്കെ ചെയ്യാമെന്നാണ് പ്രതിജ്ഞ. “ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധമാണ്” എന്ന് സഹോദരൻറെ ഉൾക്കിടിലമാർന്ന പരിചിന്തനം ആവർത്തിച്ച് വായിക്കേണ്ട ഒന്നാണ്. ഇന്ത്യൻ സമൂഹം ജീവിത ബോധ്യമായി കൊണ്ടുനടക്കുന്ന ജാതിഭേദങ്ങൾ സയൻസ് രീതിശാസ്ത്രത്തിലൂടെയും സായൻസിക ബോധ്യത്തിലൂടെയും പരിശോധിക്കുമ്പോൾ സമ്പൂർണ്ണ അസംബന്ധവും മനുഷ്യവിരുദ്ധവും ആണ് എന്നാണ് ഇവിടെ തെളിയുന്നത്. ആർഷഭാരത ധർമ്മമാണ് ഇന്ത്യയെ ഇന്ന് കാണുന്ന ഇന്ത്യയാക്കി പരിവർത്തിപ്പിച്ചത് എന്നും ധ്യാനനിമഗ്നരായ മഹർഷിമാരുടെ കണ്ടുപിടുത്തങ്ങൾ അത്ഭുതകരമാണെന്നുമുള്ള പ്രചാരണ കോലാഹലങ്ങൾ നടക്കുമ്പോൾ യുക്തിവാദി മാസികയുടെ ആപ്തവാക്യമായി സഹോദരൻ എഴുതിയ ഒരു ശ്ലോകം പ്രത്യേകം ശ്രദ്ധാർഹമാണ് –

“യുക്തിയേന്തി മനുഷ്യന്റെ 

ബുദ്ധിശക്തി ഖനിച്ചതിൽ 

ലഭിച്ചതല്ലാതില്ലൊന്നും 

ലോക വിജ്ഞാന രാശിയിൽ”

സഹോദരൻ അയ്യപ്പൻ തന്റെ ഈ വിമർശന ചിന്താ പദ്ധതിയിലൂടെ ഇന്ത്യൻ പാരമ്പര്യത്തെ അഭിമുഖീകരിക്കുകയും വിധ്വംസാത്മകമായി ആക്രമിക്കുകയും ചെയ്തു. “ബുക്കുകൾക്കും പൂർവീകർക്കു / മർത്ത്യരെ ദാസരാക്കിടും / സമ്പ്രദായം തകർക്കുന്ന / സയൻസിന്നു തൊഴുന്നു ഞാൻ” എന്ന് പറയുന്നതിലൂടെ പാരമ്പര്യ ബന്ധമായ ബ്രാഹ്മണ്യ ജ്ഞാനഹിംസയാണ് സഹോദരൻ വിമർശന വിധേയമാക്കുന്നത്. ഇതിഹാസ പുരാണ പാഠങ്ങളിലെ ജീവിക്കുന്ന വൈരുദ്ധ്യങ്ങളെ കണ്ടെത്തി മതേതര മണ്ഡലത്തിലേക്ക് പുനരാനയിക്കണമെന്ന് ആഹ്വാനം ചെയ്യപ്പെടുന്ന വർത്തമാനകാല പരിസരത്തിൽ സഹോദരന്റെ ചിന്തകൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. അധ:കൃതർ ആവശ്യപ്പെടുന്നത് അവർക്ക് പറ്റിപ്പിടിച്ചു കിടക്കാൻ ഉള്ള പുതിയതരം അമ്മായിക്കഥകളോ അന്ധതകളോ ഏതെങ്കിലും പുതിയ പേരോ അല്ല. പ്രത്യുത ഉയർന്ന ജാതിക്കാർ എന്നു പറയപ്പെടുന്നവരോടൊപ്പം സാമുദായികവും സാമ്പത്തികവുമായ അടിമത്വത്തിൽ നിന്നുള്ള മോചനവും അവരുടെ മനുഷ്യത്വത്തിന്റെ അംഗീകരണവും പരിഷ്കാരത്തിന്റെ നേട്ടങ്ങളിൽ തുല്യ അവകാശവും, രാഷ്ട്രീയ അവകാശങ്ങളുമാണ് “. ഇതിഹാസ പുരാണ പാഠങ്ങളിലെ വിപ്ലവം കണ്ടെത്തുന്നതിലും പ്രധാനം രാഷ്ട്രീയ അവകാശങ്ങൾ ആർജ്ജിക്കലാണെന്ന് സഹോദരന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

ആധുനികമായ യുക്തിവിചാരത്തിലൂടെ ഇന്ത്യയുടെ സാംസ്കാരിക സാമൂഹിക പാരമ്പര്യത്തെ വിമർശന വിധേയമാക്കുന്നതിലൂടെ സാമൂഹ്യനീതിയിലധിഷ്ഠിതമായ പ്രാതിനിധ്യ ജനാധിപത്യമാണ് സഹോദരൻ ഭാവന ചെയ്തത്. മിശ്ര ബോധനവും മിശ്രവിവാഹവും എല്ലാം ഇത്തരം ചിന്തകളുടെ തേജസ്സുറ്റ ചരിത്ര സന്ദർഭങ്ങൾ ആണ്. ..ശ്രുതികളും സ്മൃതികളും നിർമ്മിച്ചത് സർവ്വജ്ഞരും ത്രികാല വേദികളുമായ അതിമാനുഷന്മാർ അല്ലെങ്കിൽ ദൈവം തന്നെയാണ് എന്നുള്ള അന്ധവിശ്വാസം പരിഷ്കാരികൾക്ക് ഇനിയും മാറിയിട്ടില്ല. അതാണ് ഇന്ത്യയിലെ സമുദായ പരിഷ്കരണത്തിന് ഒരു വലിയ പ്രതിബന്ധം എന്ന് സഹോദരൻ കുറിക്കുന്നു. ഇന്ത്യയിൽ ഏഴെട്ടു കോടി ജനങ്ങളെ അധകൃതർ ആക്കിയത് ഈ വർണാശ്രമ ധർമ്മം എന്ന നിഷ്ഠൂര ധർമ്മമാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞിരുന്നു. മിശ്രവിവാഹം വർണ്ണാശ്രമത്തിന്റെ വേരറുക്കും എന്നും സഹോദരൻ പ്രത്യാശിച്ചു. സിവിൽ മാരേജ് ബില്ല് അവതരിപ്പിച്ചു കൊണ്ട് അയ്യപ്പൻ പറഞ്ഞു: “...ജാതി അടിസ്ഥാനമാക്കിയുള്ള നമ്മുടെ സമൂഹ ബോധത്തോളം ദേശാടിസ്ഥാനമായുള്ള നമ്മുടെ സമൂഹ ബോധത്തിന് ശക്തിയില്ലെന്നാണ്. ജാതിയോടാണ് നമുക്ക് ദേശത്തോടുള്ളതിലുമധികം മമത.”  ‘ഇന്ത്യക്ക് ലോകത്തിനാകെയുള്ള ഒരു സന്ദേശമുണ്ട്. ഇന്ത്യയുടെ അദ്ധ്യാത്മ ജ്ഞാനസമ്പത്തും  എല്ലാ രാജ്യങ്ങൾക്കും ആശ്വാസം കൊടുക്കാനുള്ളതാണെന്ന’ ഡോ. എസ് രാധാകൃഷ്ണന്റെ പ്രസ്താവത്തെ സാമൂഹ്യശാസ്ത്ര ചരിത്രപരമായ വിമർശനത്തിലൂന്നിയാണ് സഹോദരൻ നേരിട്ടത്. ഇന്ത്യയുടെ അധ്യാത്മജ്ഞാനം കൊണ്ട് ഇന്ത്യക്ക് ഇതേവരെ ആശ്വാസം ഉണ്ടായിട്ടില്ല. പിന്നെ അതുകൊണ്ട് മറ്റ് രാജ്യങ്ങൾക്കും ആശ്വാസം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. നശിച്ച തറവാട്ടിലെ അംഗങ്ങൾ പൂർവ്വ മഹിമ നുണയുന്നത് പോലെയുള്ള ഒരു വന്ധ്യമായ ആശ്വാസം കൊള്ളലാണ് ഇന്ത്യയിലെ നേതാക്കന്മാർ ഇന്ത്യയുടെ ആധ്യാത്മിക ജ്ഞാനം ലോകത്തിനുള്ള സന്ദേശമാണെന്ന് വീരവാദം മുഴക്കുന്നത് എന്ന് അയ്യപ്പൻ ജ്ഞാനാത്മകമായി പ്രതികരിച്ചു. ജാതിവ്യവസ്ഥയിൽ ആണ്ടു കിടക്കുന്ന ഇന്ത്യൻ സമൂഹത്തെ അല്പംപോലും ഉയർത്താൻ ഇന്ത്യയുടെ അദ്ധ്യാത്മിക പദ്ധതികൾക്ക് സാധിക്കുകയില്ല എന്ന് സൂക്ഷ്മ വിമർശനമാണ് സഹോദരൻ ഇവിടെ ഉന്നയിക്കുന്നത്. കൂടാതെ ഈ ആധ്യാത്മികജ്ഞാന പദ്ധതികൾ പോലും ജാതി ബന്ധമാണെന്നും സഹോദരൻ തിരിച്ചറിഞ്ഞിരുന്നു.

അതി പ്രാക്തനമെന്ന് കരുതപ്പെടുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ വൈദിക പുരാണ ബ്രാഹ്മണ്യ പാരമ്പര്യം വീണ്ടെടുത്ത് ഇന്ത്യയെ നവീകരിക്കാൻ ശ്രമിക്കുന്ന യുദ്ധോത്സുകവും ഹിംസാത്മകവും ദേശാതിർത്തികളെ ഉല്ലംഘിക്കുന്നതുമായ ശാസ്ത്ര വിരുദ്ധവും മനുഷ്യ വിരുദ്ധവുമായ കാഴ്ചപ്പാടുകൾക്ക് സമൂഹത്തിൽ പിന്തുണ വർധിച്ചു വരുന്ന സമകാലീന സാഹചര്യത്തിൽ അംബേദ്കറുടെയും സഹോദരന്റെയും ചിന്താ വെളിച്ചങ്ങൾക്ക് പ്രസക്തി ഏറെയാണ്. വൈദിക അദ്വൈതചിന്താപദ്ധതികളും ഇതിഹാസ പുരാണ പാഠങ്ങളെ കേന്ദ്രീകരിച്ചുള്ള ബ്രാഹ്മണ്യാഖ്യാനങ്ങളും ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത യായ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും കടപുഴക്കിയെറിയുന്നവയാണ്. ഇന്ത്യൻ പാരമ്പര്യത്തിന്റെ കേന്ദ്രാശയമായും സാമൂഹിക-രാഷ്ട്രീയ ബലതന്ത്രമായും പ്രവർത്തിച്ചുപോരുന്ന ജാതിവ്യവസ്ഥയെയും അതിന്റെ മൂല്യ വിചാരങ്ങളെയും നിശിതമായി ഡോ. അംബേദ്കറും സഹോദരൻ അയ്യപ്പനും വിമർശനപരമായി നേരിട്ടത് ആധുനികമായ യുക്തിചിന്തയിലൂന്നിയാണ്. “ബ്രാഹ്മണിസത്തിന്റെ മതാത്മകത ആശയവാദത്താൽ ദീർഘകാലമായി നിശ്ചേതനമാക്കപ്പെട്ട യുക്തിവാദത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ പുനർജനിക്കു വേണ്ട യത്നത്തിന് അംബേദ്കർ ബുദ്ധനിലേക്ക് തിരിയുകയായിരുന്നു” എന്ന് മീര നന്ദ വിവക്ഷിക്കുന്നതിന്റെ അർത്ഥവും മറ്റൊന്നല്ല. എന്തു ചെയ്യണമെന്ന് വിപ്ലവകാരികൾ അഭിമുഖീകരിക്കുന്ന ക്ലാസിക് ചോദ്യത്തിന് അംബേദ്കർ ഉത്തരം നൽകുന്നു – “ജാതിയെ നീതി വൽക്കരിക്കുന്ന പ്രപഞ്ച വീക്ഷണത്തെ ഉന്മൂലനം ചെയ്യുക. (മീര നന്ദ)” അതിനായി സയൻസിനെ ജാതി വിരുദ്ധ പോരാട്ടത്തിലെ പ്രത്യയശാസ്ത്ര രീതിയായി കൂടുതൽ വികസിപ്പിക്കുക.


മറ്റു ലേഖനങ്ങൾ



Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “സയൻസും ജാതിവിരുദ്ധ പോരാട്ടവും അംബേദ്കർ – സഹോദരൻ പരിചിന്തനകൾ

  1. ശരിയാണ് ഇന്ത്യയിലെ ജാതിവിരുദ്ധ പേരാട്ടങ്ങൾക്ക് ശക്തിപകരേണ്ടത് സയൻസിന്റെ രീതിയും ശാസ്ത്രബോധവും മുറുകെപിടിച്ചുകൊണ്ടാണ് സാധ്യമാകേണ്ടത്.. ജോൺ ഡെവി ശിഷ്യനായിരുന്ന അംബേദ്കറുടെ കാഴ്ചപ്പാടിലും വിശകലനങ്ങളിലും സയൻസിന്റെ രീതിയും ഉൾച്ചേർന്നിരുന്നു. ശ്യാം കുറിപ്പ് നന്നായി.

Leave a Reply

Previous post കണിക്കൊന്ന നേരത്തെ പൂക്കുന്നതെന്തേ ?
Next post പ്രൊഫ.എം.കെ.പ്രസാദ് അനുസ്മരണ പ്രഭാഷണം – മാധവ് ഗാഡ്ഗിൽ
Close