Read Time:12 Minute

ഇനി നിശാകാശത്തില്‍ അസംഖ്യമായ നക്ഷത്രങ്ങളെ കണ്ട് അത്ഭുതപ്പെടുമ്പോള്‍ വെറുതെ എണ്ണുക മാത്രമല്ല അവയെ ക്രമപ്പട്ടികയില്‍ തരം തിരിച്ച ആനീയുടെ, അവള്‍ക്കൊപ്പമുണ്ടായിരുന്ന ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ, കഴിവിനുകൂടി ആ അത്ഭുതത്തിന്റെ ഒരംശം ബാക്കിവയ്ച്ചേക്കുക…! 


എണ്ണാനാകില്ല എന്ന് കവികളാദ്യം പറയുന്നതിലൊന്ന് നക്ഷത്രങ്ങളാണ്. അവര്‍ മടിയന്മാരാണെന്ന് സംശയിക്കാം; നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന നക്ഷത്രങ്ങള്‍ ചരിത്രത്തിലൊട്ടാകെ ഒരുപാട് ജ്യോതിശാസ്ത്രജ്ഞര്‍ എണ്ണിയിട്ടുണ്ട്! പക്ഷേ, ഒരുപാടുണ്ട് എന്നത് സംശയിക്കേണ്ടതില്ല. ടെലസ്കോപ്പിന്റെ സഹായമില്ലാതെ കാണാനാകുന്നത് തന്നെ മനുഷ്യബുദ്ധിയെ വെല്ലുവിളിക്കാന്‍ പാകത്തിനുണ്ടെങ്കില്‍ ടെലസ്കോപ്പുകളില്‍ നിന്ന് ഒരുപാട് ഡാറ്റ വരുന്ന ആദ്യത്തെ കാലഘട്ടത്തിലെ ബൗദ്ധികമായ വെല്ലുവിളി ഒന്നാലോചിച്ച് നോക്കൂ. ആ കാലഘട്ടത്തില്‍ നക്ഷത്രങ്ങളെ വ്യക്തമായ ഗ്രൂപ്പുകളിലേക്ക് തരം തിരിക്കാനും നിരീക്ഷണങ്ങള്‍ക്ക് പ്രസക്തമായ അര്‍ത്ഥങ്ങള്‍ വായിക്കാന്‍ സഹായിച്ചതും ആനീ ജമ്പ് കാനനാണ്. (Annie Jump Cannon) ജ്യോതിശാസ്ത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള സ്ത്രീ എന്ന് പറയാവുന്ന, നക്ഷത്രങ്ങളെ മനുഷ്യബുദ്ധിക്ക് മെരുക്കിയ സ്ത്രീ.

അമേരിക്കയിലെ ഡെലവെയറില്‍ 1863-ലാണ് ആനീ ജനിക്കുന്നത്. ആനീയുടെ അമ്മ നക്ഷത്രങ്ങളെ ചെറുപ്പത്തിലെ ആനീക്ക് പരിചയപ്പെടുത്തിയിരുന്നു; ആ താത്പര്യം ആനീയില്‍ കണ്ടപ്പോള്‍ നിര്‍ഭയം അതിനെ പിന്തുടരാനും അമ്മ ആനീയെ പ്രോത്സാഹിപ്പിച്ചു. വെല്ലെസ്ലി കോളേജില്‍ അടിസ്ഥാന സയന്‍സ് വിഷയങ്ങളും ഗണിതശാസ്ത്രവും പഠിക്കുന്നതിനൊപ്പം ജ്യോതിശാസ്ത്ര പാഠപുസ്തകങ്ങളില്‍ നോക്കി വാനനിരീക്ഷണം നടത്തുന്നതും ആനീയുടെ കൗതുകങ്ങളിലൊന്നായിരുന്നു. സാറ ഫ്രാന്‍സിസ് വൈറ്റിങ്ങ് എന്ന, അന്ന് അമേരിക്കയിലെ വിരലിലെണ്ണാവുന്ന, ഭൗതികശാസ്ത്രജ്ഞകളിലൊരാള്‍, അധ്യാപികയുടെ ശാസനത്തിലായിരുന്നു ആനീയുടെ കോളേജ് വിദ്യാഭ്യാസം. സാറയും ആനീയും തമ്മില്‍ ജീവിതമൊട്ടാകെ തുടര്‍ന്ന സുന്ദരമായൊരു ഗുരുശിഷ്യബന്ധമുണ്ടായിരുന്നു; സയന്‍സ് ജേണലില്‍ സാറയുടെ ചരമക്കുറിപ്പ് എഴുതിയത് ആനീയായിരുന്നു.

പഠനത്തിന് ശേഷം ചില കോളേജുകളില്‍ സഹായിയായി ഒക്കെ ജോലി നോക്കിയതിന് ശേഷം 1896-ല്‍ ഹാര്‍വര്‍ഡില്‍ കമ്പ്യൂട്ടറുകളിലൊരാളായി ആനീ സ്ഥിരം ജോലി നേടി. റിട്ടയര്‍ ചെയ്യുന്ന സമയമാകുമ്പോഴേക്കും ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ അനൗദ്യോഗിക, എന്നാല്‍ അനിഷേധ്യ നേതാവ് തന്നെയായിരുന്നു ആനീ. (ഔദ്യോഗികമായി ഒരാണിനെ അല്ലാതെ ഹാര്‍വര്‍ഡിന്റെ പുരുഷാധിപത്യം സ്വീകരിക്കുക എന്നത് സാധ്യമായിരുന്നില്ല) ഈ സീരീസില്‍ മുന്‍പ് സൂചിപ്പിച്ചിട്ടുള്ളത് പോലെ, ഒബ്സര്‍വേറ്ററികളില്‍ നിന്ന് വരുന്ന വലിയ അളവിലുള്ള ഡാറ്റ വായിച്ച് അതിന്റെ അര്‍ത്ഥം കണ്ടെത്തുകയായിരുന്നു കമ്പ്യൂട്ടറുകളുടെ ജോലി. പക്ഷേ, സ്ത്രീകള്‍ യന്ത്രങ്ങളോ ബുദ്ധി കുറഞ്ഞവരോ അല്ലാത്തതുകൊണ്ട് അവര്‍ ഈ ജോലിയുടെ ഭാഗമായി സയന്‍സിന് സംഭാവന ചെയ്തു എന്നതാണ് ചരിത്രം.

നിര്യാതനായ സ്വന്തം ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി നക്ഷത്രങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തില്‍ മേരി ഡ്രേപ്പര്‍ ഹാര്‍വര്‍ഡിന് കൂറച്ചധികം ഫണ്ട് സംഭാവന ചെയ്തിരുന്നു; ഇതിന്റെ ഭാഗമായി നക്ഷത്രങ്ങളെ തരം തിരിക്കുന്ന പണിയും ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകള്‍ക്ക് തന്നെയായിരുന്നു. നക്ഷത്രങ്ങളുടെ പല സ്വഭാവങ്ങളുമുപയോഗിച്ച് തരം തിരിക്കലിന് പലരും ശ്രമിച്ചു; വില്യമിന ഫ്ലെമിങ്ങ് (കുറിപ്പ് #9) ആദ്യത്തെ ജോലിയായി ഏറ്റെടുത്തതും, പരാജയപ്പെട്ടതും ഇതിലായിരുന്നു. അവസാനം, ഒരുപാട് പരാജയങ്ങളില്‍ നിന്ന് പാഠം പഠിച്ചുകൊണ്ടും, സാറയുടെ നിര്‍ദ്ദേശപ്രകാരം പഠിച്ച സ്പെക്ട്രോസ്കോപ്പി സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടും ഇന്ന് ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന തരം തിരിക്കല്‍ രീതി ആനീ രൂപീകരിച്ചു: ലളിതമാക്കി പറഞ്ഞാല്‍ നക്ഷത്രങ്ങളുടെ “നിറം” വച്ച് തരം തിരിക്കാം.

നക്ഷത്രങ്ങള്‍ക്ക് എല്ലാം ഏതാണ്ട് ഒരേ നിറമാണ്: വെള്ള. എല്ലാ നിറത്തിലുമുള്ള പ്രകാശം എല്ലാ നക്ഷത്രങ്ങളുടെ ഉള്ളില്‍ നിന്നും പുറത്തുവിടുന്നുണ്ട് എന്നതുകൊണ്ട് അവ വെളുത്തിരിക്കണം. പക്ഷേ, നക്ഷത്രത്തിന്റെ ഉള്ളില്‍ നിന്ന് ഈ “വെള്ള” മുഴുവനും പുറത്തുകടക്കുന്നില്ല; നക്ഷത്രത്തിന്റെ പുറത്തേക്ക് പോകുന്ന വഴി കുറേ നിറങ്ങള്‍ വലിച്ചെടുക്കപ്പെടും. ആ വലിച്ചെടുക്കപ്പെടുന്ന നിറം കൂടുതല്‍ ഏതാണ് എന്ന് സ്പെക്ട്രോസ്കോപ്പി വഴി നമുക്ക് പറയാനാകും. (നിറം മാത്രമല്ല, എന്ത് ആണ് ആഗിരണം ചെയ്ത വസ്തു എന്നും പറയാം. അത് നാളെ) അങ്ങനെ, വലിച്ചെടുക്കപ്പെട്ടത് ഏത് എന്നത് ഉപയോഗിച്ചാണ് തരം തിരിവ്. O-B-A-F-G-K-M എന്ന ഏഴ് ഗ്രൂപ്പുകളിലേക്കാണ് തരം തിരിച്ചത്. (സൂര്യന്‍ G ഗ്രൂപ്പിലാണ്)

ഈ തരം തിരിവ് നക്ഷത്രങ്ങളെപ്പറ്റിയുള്ള നമ്മുടെ എല്ലാ ധാരണകളുടേയും നട്ടെല്ലാണെന്ന് പറയുന്നത് അതിശയോക്തിയല്ല. (ഇതിലും പ്രാധാന്യം ഇത് കൂടി ഉള്‍പ്പെടുന്ന H-R ഡയഗ്രം എന്ന ഒരു ഗ്രാഫിനെ പറയാന്‍ കഴിയൂ) പിന്നീടുള്ള പഠനങ്ങളില്‍ നിന്ന് ഈ “നിറം” എന്ന് പറയുന്നത് നക്ഷത്രങ്ങളുടെ താപനിലയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്ന് നമുക്ക് മനസിലായി. അതായ്ത്, അറിയാതെയായിരുന്നു എങ്കിലും നക്ഷത്രങ്ങളുടെ ഒരു വ്യക്തമായ അളവെടുപ്പായിരുന്നു ആനീ നടത്തിയത്. ഇതിനെ കൂടുതല്‍ വ്യക്തമാക്കിയതും വലിച്ചെടുത്ത നിറത്തിന്റെ പ്രാധാന്യമെന്താണെന്ന് മനസിലാക്കിയത് ആനീക്കൊപ്പം ഹാര്‍വര്‍ഡില്‍ ഉണ്ടായിരുന്ന മറ്റൊരു ശാസ്ത്രജ്ഞയാണ്: സിസിലിയ പെയ്ന്‍.

O-B-A-F-G-K-M ഗ്രൂപ്പുകളിലേക്ക് മറ്റേത് മനുഷ്യനേക്കാളുമധികം നക്ഷത്രങ്ങളെ തരം തിരിക്കുകയും അഞ്ച് പുതിയ നക്ഷത്രങ്ങളെ കണ്ടുപിടിക്കുകയും മറ്റനേകം കണ്ടുപിടുത്തങ്ങള്‍ സ്വന്തമായി ചെയ്യുകയും മറ്റ് കമ്പ്യൂട്ടറുകളെ അവരുടെ താത്പര്യങ്ങളില്‍ ഗവേഷണത്തിന് സഹായിക്കുകയും ഉള്‍പ്പടെ തളര്‍ച്ചയില്ലാതെ ജോലി ചെയ്യുകയായിരുന്നു ആനീ 1940-ലെ വിരമിക്കല്‍ വരെ. അവരുടെ ജോലിയെ അംഗീകരിച്ചുകൊണ്ട് തന്നെ ആനീക്ക് 1925-ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി; ആ പദവി ലഭിക്കുന്ന ആദ്യത്തെ സ്ത്രീ.

വിരമിക്കലിന് ശേഷവും ഒരു കൊല്ലം കൂടി മറ്റുള്ളവരുടെ ജോലിയില്‍ സഹായിക്കാന്‍ ശ്രമിക്കുമായിരുന്നു ആനീ; 1941-ല്‍ ആനീയുടെ മരണം വരെ.

മുന്‍ കുറിപ്പുകളില്‍ പറഞ്ഞത് പോലെ, ഒരു ശാസ്ത്രജ്ഞ എന്ന നിലയില്‍ ഒരുപാട് സംഭാവനകള്‍ നല്‍കിയിരുന്നു ആനീ. പക്ഷേ, അതില്‍ മാത്രം ഒതുങ്ങി എന്ന് പറയാന്‍ കഴിയില്ല സയന്‍സിന് ആനീ നല്‍കിയ സംഭാവന. സ്ത്രീകള്‍ക്ക് സയന്‍സിലേക്ക് സംഭാവന ചെയ്യാന്‍ കഴിയുമെന്ന് ഒരു ജീവിതം മൊത്തം ജീവിച്ചുകാണിച്ചു എന്നതിലൂടെ ഒരുപാട് സ്ത്രീകള്‍ക്ക് അടുത്ത തലമുറയില്‍ ഈ വഴിയിലേക്ക് വരാനുള്ള സാധ്യത കൂട്ടി ആനീ; മാത്രമല്ല, ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ ജീവചരിത്രങ്ങളിലൂടേയും ചരമക്കുറിപ്പുകളിലൂടേയും അവിടെ നടന്ന സയന്‍സ് എത്രമാത്രം പ്രാധാന്യമുള്ളതായിരുന്നു എന്ന് കാര്യം ചരിത്രം എളുപ്പത്തില്‍ മറന്നുകളയില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു ആനീ. (ഇതിനെല്ലാമൊപ്പം സ്ത്രീകള്‍ക്ക് വോട്ടവകാശത്തിന് വേണ്ടി പ്രതിഷേധിക്കുന്ന പാര്‍ട്ടിയില്‍ അംഗം കൂടിയായിരുന്നു ആനീ!)

സ്വന്തം സംഭാവന മാത്രമല്ല, മറ്റുള്ളവരുടെ സംഭാവനകളും മറന്നുപോകാതിരിക്കുക എന്നത് സ്വന്തം സമയവും അധ്വാനവും എടുത്ത് (ഒരു മണിക്കൂറില്‍ ആനീ 200 നക്ഷത്രങ്ങളെ കൃത്യമായി തരം തിരിച്ചിരുന്നു!) ഉറപ്പുവരുത്തി എന്നതുകൊണ്ടാണ് ആനീ ഏറ്റവും പ്രാധാന്യമുള്ള ജ്യോതിശാസ്ത്രജ്ഞയാണ് എന്ന് ഞാന്‍ പറഞ്ഞത്. സയന്‍സ് എന്നത് ഒരു കൂട്ടധ്വാനമാണ്; ഒരാള്‍ ഒറ്റയ്ക്കല്ല സയന്‍സ് ചെയ്യുന്നത്, നമ്മളെല്ലാവരും ഒരുമിച്ചാണ്. സയന്‍സിലേക്ക് കൂടുതല്‍ സ്ത്രീകള്‍ക്ക് (മനുഷ്യജനസംഖ്യയുടെ ~50% എന്ന് മറക്കണ്ട) വരാനാകുക എന്നത് സയന്‍സിന് അനിഷേധ്യമായ ഒരു സംഭാവന തന്നെയാണ്; അത് കൂടി ഉറപ്പുവരുത്തുന്നതായിരുന്നു ആനീയുടെ ജീവിതം.

ഇനി നിശാകാശത്തില്‍ അസംഖ്യമായ നക്ഷത്രങ്ങളെ കണ്ട് അത്ഭുതപ്പെടുമ്പോള്‍ വെറുതെ എണ്ണുക മാത്രമല്ല അവയെ ക്രമപ്പട്ടികയില്‍ തരം തിരിച്ച ആനീയുടെ, അവള്‍ക്കൊപ്പമുണ്ടായിരുന്ന ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ, കഴിവിനുകൂടി ആ അത്ഭുതത്തിന്റെ ഒരംശം ബാക്കിവയ്ച്ചേക്കുക…!

കണ്ണന്‍ കീച്ചേരില്‍ എഴുതിയ ശാസ്ത്രവീഥിയിലെ പെണ്‍കരുത്തുകള്‍ – ലേഖനപരമ്പരയിലെ മറ്റുലേഖനങ്ങള്‍ വായിക്കാം

അധികവായനയ്ക്ക്

  1. The Madame Curie Complex: The Hidden History of Women in Science by Julie Des Jardins
  2. The Glass Universe by Dava Sobel
  3. https://www.nature.com/articles/147738a0
  4. https://www.sheisanastronomer.org/index.php/history/annie-cannon
  5. https://ui.adsabs.harvard.edu/abs/1925PhDT………1P/abstract
Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ആനീ ജമ്പ് കാനന്‍: നക്ഷത്രങ്ങളെ തരം തിരിച്ചവള്‍…!

Leave a Reply

Previous post നിക്കോള്‍-റെയ്നെ ലെപുട്: ആകാശത്തിന്റെ ഭാവി കണ്ടവള്‍…!
Next post സിസിലിയ പെയ്ന്‍-ഗപോച്കിന്‍: സൂര്യന്റെ ഉള്ള് കണ്ടവള്‍…!
Close