Read Time:28 Minute


ഡോ.പ്രസാദ് അലക്സ്

കേൾക്കാം

എഴുതിയത് : ഡോ.പ്രസാദ് അലക്സ് അവതരണം : രാജു കെ.എൻ

‘ലൂസിയും’ ‘ആർഡിയും’; നരവംശചരിത്രം മാറ്റിയെഴുതിയ പൂർവകാലനാരികൾ എന്ന് നമുക്കവരെ വിളിക്കാം. പൗരാണിക നരവംശപ്രതിനിധികൾ എന്നും പറയാം.  അസ്ഥിപഞ്ജരാവശിഷ്ടങ്ങളുടെ രൂപത്തിൽ ഏത്യോപ്യയിൽ പ്രത്യക്ഷരായ അവർ നമ്മോട് മനുഷ്യകുലത്തിന്റെ ഉദയത്തെക്കുറിച്ച് അതുവരെ അജ്ഞേയമായിരുന്ന കാര്യങ്ങൾ പറയുന്നു. മനുഷ്യോദയ കാലത്തിന്റെ മാഞ്ഞു പോകാതിരുന്ന അടയാളമായാണ് പൊതുവെ ലൂസിയെ പരിഗണിക്കുന്നത്. പക്ഷേ ആർഡി അത്ര പ്രശസ്തയല്ല. എന്നാൽ നരവംശ ചരിത്രത്തിൽ ലൂസിയെപ്പോലെതന്നെ പ്രാധാന്യം ആർഡിക്കുണ്ട്.  യഥാർത്ഥത്തിൽ മനുഷ്യപരിണാമ ചരിത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ആർഡിയിലൂടെ വെളിപ്പെടുന്നു.

ലൂസിയെ കണ്ടെത്തുന്നു

ഫോസിൽ ലഭ്യതയാൽ പ്രസിദ്ധമാമാണ് എത്യോപ്യയിലെ അഫാർ (Afar ) പ്രദേശം. രണ്ട് ഭൂഗർഭപഫലകങ്ങൾ (contnental plates) തമ്മിൽ ചേരുന്ന കിഴക്കനാഫ്രിക്കൻ വിടവിൽ (rift valley) സ്ഥിതിചെയ്യുന്ന, മിക്കവാറും മരുപ്രദേശമായ ഊറൽ താഴ്‌വാരം (sedimentary basin), പുരാജീവിശാസ്ത്ര-നരവംശശാസ്ത്ര ഗവേഷകർ ഇഷ്ടപ്പെടുന്ന സുപ്രധാനപഠനലക്ഷ്യമാണ്.

നരവംശഫോസിലുകളുടെ സാന്നിദ്ധ്യം ധാരാളമായുണ്ടാകാൻ  പ്രദേശത്തിന്റെ ഭൗമസവിശേഷതകൾ കരണമാവുന്നു. ജിയോളജിസ്റ്റായ മൗറിസ് തയ്ബ് (Maurice Taieb) പൗരാണികമായ അസ്ഥികളുടെ ശേഖരം 1972-ൽ കണ്ടെത്തുമ്പോഴാണ് പ്രദേശത്തിന്റെ ഫോസിൽ സാദ്ധ്യതയെക്കുറിച്ച് ആദ്യമായി മനസ്സിലാക്കിയത്.  അദ്ദേഹം മറ്റ് ശാസ്ത്രജ്ഞരുമായി ചേർന്ന് ഹദാർ(Hadar) മേഖലയിൽ നടത്തിയ പരിവേഷണത്തിൽ ധാരാളം ഫോസിലുകൾ കണ്ടെടുത്തു. തുടർന്ന് 1974-ൽ നരവംശശാസ്ത്രജ്ഞനായ ഡൊണാൾഡ് ജൊഹാൻസണും(Donald Johanson) സഹഗവേഷകനായ ടോം ഗ്രേയുമാണ് (Tom Gray)

നരവംശശാസ്ത്രജ്ഞനായ ഡൊണാൾഡ് ജൊഹാൻസണും(Donald Johanson) ആസ്ത്രലോപപിതേക്കസ് ഫോസിലുമായി മുഖാമുഖം

32 ലക്ഷം വർഷത്തോളം പഴക്കമുള്ള ‘ലൂസി’യുടെ അസ്ഥിപഞ്ജരാവശിഷ്ടം കണ്ടെത്തുന്നത്. യഥാർത്ഥത്തിൽ അസ്ഥികൂടത്തിന്റെ 40 ശതമാനമാണ് ഫോസിലിൽ നിന്ന് ലഭിച്ചത്. മറുഭാഗത്തിന്റെ പ്രതിബിംബം ഉണ്ടാക്കിയെടുക്കാവുന്ന അസ്ഥികൾ അങ്ങനെ പരിഗണിച്ചാൽ 70 ശതമാനമെന്ന് കണക്കാക്കാം. ഇവ ചേർത്ത് വെച്ചാൽ കിട്ടുന്ന പഞ്ജരം ഒരു മീറ്ററിൽ അല്പമധികം മാത്രം പൊക്കമുള്ള കൃശഗാത്രയായ നാരിയുടേതാണ്. ആൾക്കുരങ്ങുകളുടേതിന് സമാനമായ വലിപ്പം മാത്രമേ ലൂസിയുടെ തലച്ചോറിനുണ്ടായിരുന്നുള്ളൂ.

 

തുടർന്ന് ഹദാർ മേഖലയിൽ നടത്തിയ പര്യവേഷണത്തിൽ ലൂസിയുടെ സ്പീഷീസിൽ നിന്ന് നൂറുകണക്കിന് ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ആസ്ത്രലോപപിതേക്കസ് അഫാറൻസിസ് (Australopithecus afarensis) എന്നാണ് സ്പീഷീസിന്റെ സാങ്കേതികനാമം. ലൂസിയുടെ അസ്ഥിപഞ്ജരത്തിൽ ഇല്ലാതിരുന്ന ഭാഗങ്ങൾ മറ്റുള്ളവയിൽ പലതിലുമുണ്ടായിരുന്നു. അങ്ങനെ കൈകൾ, തലയോട്ടി പാദങ്ങൾ തുടങ്ങിയവയെല്ലാം ലഭിച്ചു. നരവംശത്തിൽ പര്യവേഷണങ്ങളും പഠനങ്ങളും നടന്നിട്ടുള്ള ഫോസിൽ സ്പീഷീസ് ആണ് ആസ്ത്രലോപിതേക്കസ് അഫാറൻസിസ്. ഇവയുടെ, 30 മുതൽ 37 ലക്ഷം വർഷങ്ങൾ വരെ പഴക്കമുള്ള 400-ൽ അധികം ഫോസിൽ സ്‌പെസിമിനുകൾ ലഭിച്ചിട്ടുണ്ട്.

Australopithecus afarensis. – Maurice Wilson ന്റെ ചിത്രീകരണം

ധാരണകൾ തിരുത്തുന്നു

അഫാറൻസിസിന്റെ കണ്ടെത്തൽ നരവംശവിജ്ഞാനീയത്തെ വളരെയധികം മുന്നോട്ട് നയിച്ചു. നമ്മുടെ പൂർവ്വികർ ഇരുകാലിൽ നടന്ന് തുടങ്ങിയത്, എങ്ങനെ ഏത് കാലയളവിൽ എന്നതൊക്കെ ഒരു പ്രഹേളികയായിരുന്നു. അതിലേക്ക് ലൂസിയും വംശജരും വെളിച്ചം വീശി. മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിൽ ശരീരഘടനയിൽ വലിയ സാമ്യമുണ്ട്. പക്ഷേ ഇരുകാലിൽ  നിവർന്ന് നില്ക്കുന്ന രീതിയും അതിനനുയോജ്യമായ ഘടനാസവിശേഷതകളും മനുഷ്യന് മാത്രം സ്വന്തം. ഡാർവിന്റെ സിദ്ധാന്തപ്രകാരം നമ്മുടെ പൂർവികർ ശിലായുധങ്ങൾ ഉപയോഗിച്ച് തുടങ്ങിയതും ഇരുകാലിൽ നടന്ന് തുടങ്ങിയതും ഒരേ കാലയളവിലാണ്. അതോടൊപ്പം തന്നെയാണ് തലച്ചോർ വികസിച്ചതും കോമ്പല്ലുകൾ ചെറുതായതുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ലൂസി ഉൾപ്പെടുന്ന അഫാറൻസിസ് സ്പീഷീസിന്റെ കണ്ടെത്തൽ ഈ സിദ്ധാന്തം തിരുത്തി. മുൻപറഞ്ഞ സവിശേഷതകൾ എല്ലാമൊരുമിച്ച് ഒരേ കാലയളവിൽ വികസിച്ചുവന്നുവെന്ന ധാരണയാണ് തിരുത്തപ്പെട്ടത്. ഇരുകാലിൽ നിവർന്ന് നടക്കുന്ന രീതി  യഥാർത്ഥത്തിൽ കല്ലുകൊണ്ടുള്ള ആയുധങ്ങൾക്കും വലിയ തലച്ചോറിനും മുൻപ് തന്നെ ഉരുത്തിരിഞ്ഞതായി വെളിപ്പെട്ടു.

കൂടാതെ മനുഷ്യകുലത്തിന്റെ ഫോസിൽ തെളിവുകൾ ‘അഫാറൻസിസ്’ കാലരേഖയിലൂടെ പിറകോട്ട് കൊണ്ടുപോയി. ‘ഹോമോ സാപിയൻസ്’ എന്ന നമ്മുടെ മനുഷ്യവർഗം ഉൾപ്പെടുന്ന ‘ജീനസായ’ ഹോമോയുടെ പൂർവ്വികരാണ് ആസ്ത്രലോപിതേക്കസ് എന്ന കാര്യവും ഉറപ്പായി. (സമാനമായ സ്പീഷീസുകൾ ഉൾപ്പെടുന്ന ഒരു വർഗ്ഗീകരണമാണ് ജീനസ്. പരിണാമപരമായ പൊതു സവിശേഷതകൾ ഒരു ജീനസിലെ എഷ്ടാ സ്പീഷീസുകൾക്കും ഉണ്ടാകും) വളരെയധികം  സംവാദങ്ങൾക്ക് ശേഷമാണ് ലൂസിയുടെ സ്പീഷീസ് ഇരുകാലിൽ നടന്നവരായിരുന്നു എന്ന് ശാസ്ത്രലോകം ഉറപ്പിച്ചത്. കാൽവിരലുകൾ  നിവർന്നതും വലിപ്പമുള്ളതുമായിരുന്നു; മരത്തിൽ പിടിച്ച് കയറാൻ സഹായിക്കുന്നതുപോലെ നീണ്ടു വളഞ്ഞതല്ല. അതുപോലെ തന്നെ പാദത്തിന്റെ ഉൾവശം ആർച്ച് ആകൃതി സ്വീകരിച്ചുതുടങ്ങിയിരുന്നു; ആധുനിക മനുഷ്യരുടേത് പോലെ ആകൃതി പൂർണമായിരുന്നില്ലെങ്കിലും. പാദത്തിന്റെ അനുപാതം പക്ഷേ കുറേക്കൂടി പൌരാണികമാണ്. ടാൻസാനിയായിലെ (Tanzania)  ലെറ്റോളി(Laetoli) അഗ്നിപർവ്വതത്തിന്റെ  36 ലക്ഷം വർഷം പഴക്കമുള്ള ഫോസിൽഭസ്മാവശിഷ്ടങ്ങളിൽ മനുഷ്യനോട് സാമ്യമുള്ള പാദമുദ്രകൾ കണ്ടെത്തിയിട്ടുണ്ട്്. ആസ്ത്രലോപിതേകസ് അഫാറൻസിസ സിന്റേതാണിവയെന്നാണ് കരുതുന്നത്. മരം കയറുന്ന ശീലം പൂർണ്ണമായി ഉപേക്ഷിച്ചിരുന്നു എന്ന് മുൻ പറഞ്ഞതിന് അർത്ഥമില്ല. മരം കയറ്റത്തിന് സഹായിക്കുന്ന കുറെ സവിശേഷതകൾ ഇവർക്കുണ്ടായിരുന്നു. വളയ്ക്കാവുന്ന കൈകാൽ വിരലുകൾ, എല്ലാ ദിശയിലേക്കും വഴങ്ങുന്ന തോളിലെ സന്ധി, നീളമുള്ള കൈത്തണ്ട ഇവയൊക്കെ മരം കയറ്റത്തിന് സഹായിച്ചിരുന്നു.

ആർഡി പ്രത്യക്ഷമാവുന്നു

പക്ഷേ ലൂസിക്ക് മുമ്പ് കാര്യങ്ങൾ എങ്ങനെയായിരുന്നു? പൂർവികർ എപ്പോളാണ് ഇരുകാലിൽ നിവർന്ന് നടന്ന് തുടങ്ങിയത്? മുതലായ കര്യങ്ങൾ അജ്ഞാതമായി തുടർ ന്നു. 40 ലക്ഷം വർഷങ്ങൾക്കപ്പുറം പഴക്കമുള്ള പൂർവ്വികരുടെ ഫോസിൽ അവശിഷ്ടങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. ഹാദറിലെ കണെ്ടത്തലിനുശേഷം തൽസ്ഥിതി രണ്ട് പതിറ്റാണ്ടുകൾ തുടർന്നു. പിന്നീട് 1992-ൽ അഫാർ താഴ്‌വരയിലെ മദ്ധ്യ അവാശ് (Middle Awash) എന്നറിയപ്പെടുന്ന പ്രദേശത്ത് നിന്നാണ് പുതിയ കണ്ടെത്തലുകൾ വന്നത്. കാലിഫോർണിയാ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ അമേരിക്കക്കയിലേയും എത്യോപ്യക്കയിലേയും ഗവേഷകരുടെ  സംഘമാണ് പര്യവേഷണം നടത്തിയത്. ലൂസിയേക്കാൾ പത്ത് ലക്ഷം വർഷം പഴക്കമുള്ള ആദിമ സ്പീഷീസിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ആദ്യം ലഭിച്ച അവശിഷ്ടങ്ങളിൽ വജ്രാകൃതിയിലുള്ള (Diamond shaped) ചെറിയ കോമ്പല്ലുകൾ ഉൾപ്പെട്ടിരുന്നു. അവ ആൾക്കുരങ്ങുകളുടെ നീണ്ട് കൂർത്ത കോമ്പല്ലുകളിൽ നിന്നും വ്യത്യസ്തമാണ്. എന്നാൽ ആധുനിക മനുഷ്യരുടേത് പോലെയല്ലതാനും. ചെറിയ പല്ലുകൾ, അവശിഷ്ടങ്ങൾ നരവംശത്തിലെ പൗരാണിക പൂർവ്വികരുടേതാവുമെന്ന് സാക്ഷ്യപ്പെടുത്തുന്നു.

1994-ൽ അവാശിൽ നിന്ന് തന്നെ നിർണ്ണായകമായ മറ്റൊരു കണ്ടെത്തൽ നടന്നു. 44 ലക്ഷം വർഷം പഴക്കമുള്ള പൂർവ്വികമനുഷ്യാസ്ഥിപഞ്ജരം ലഭിച്ചു.  കൈയിലെ പൊട്ടിയ എല്ലുകളാണ് ആദ്യം ലഭിച്ചത്. എത്യോപ്യൻ ഗവേഷകനായ യോഹനസ് ഹെയ്‌ലി സലേസിയുടെ (Yohannes Haile-Selassie) നേതൃത്വത്തിലായിരുന്നു പര്യവേഷണം. പിന്നീട് നടത്തിയ   ശ്രദ്ധാപൂർവമായ അന്വേഷണങ്ങളിൽ 125 അസ്ഥികഷണങ്ങൾ ലഭിച്ചു. ഇവ കൂട്ടി യോജിപ്പിച്ചപ്പോൾ 1.2 മീറ്ററോളം പൊക്കമുള്ള പൂർവനാരിയുടേതണെന്ന് മനസ്സിലായി. തലച്ചോറിന് ചെറിയ മധുര നാരങ്ങയുടെ വലിപ്പം. 300 സി.സിയോളം മാത്രം. ഈ മനുഷ്യജീവിക്ക് ‘ആർഡി'(Ardi) എന്ന് നാമകരണം ചെയ്തു. ആർഡി ഉൾപ്പെടുന്ന സ്പീഷീസിനെ ആർഡിപിതേക്കസ് റാമിഡസ് (Ardipithecus ramidus) എന്നാണ് വിളിക്കുന്നത്.

ലൂസിയും ആർഡിയും – പുനസ്യഷ്ടിക്കപ്പെട്ട തലയോട്ടികൾ കടപ്പാട് വിക്കിമീഡിയ

 

വെളിപ്പെടുന്ന സങ്കീർണതകൾ

ആർഡിയുടെ അസ്ഥിപഞ്ജരം പരീക്ഷണശാലയിലേക്ക് മാറ്റിയശേഷം നടത്തിയ വിശകലനപഠനങ്ങളിൽ പുരാനരവംശശാസ്ത്രജ്ഞനായ ടിം വൈറ്റ് (Tim White) കൗതുകകരമായ കണ്ടെത്തൽ നടത്തി. ആർഡിയുടെ കാലിലെ പെരുവിരലിന്റെ ഘടന മരത്തിൽ പിടിച്ച് കയറാൻ സഹായിക്കുന്ന രീതിയിലാണ്. പക്ഷേ മറ്റ് കാൽവിരലുകളുടെ ഘടന നിവർന്ന് നടക്കാൻ സഹായകരമായ രീതിയിൽ ആയിരുന്നു. ആർഡിക്ക് ഒരേ സമയം മരം കയറി സഞ്ചരിക്കയും തറയിൽ നിവർന്ന് നടക്കുകയും ചെയ്യുന്ന ശീലമുണ്ടായിരുന്നെന്നാണ് അനുമാനം.

പുരാനരവംശശാസ്ത്രജ്ഞനായ ടിം വൈറ്റ് (Tim White)

മറ്റ് തെളിവുകളും നിഗമനം ശരിവെയ്ക്കുന്നു. ആർഡിയുടെ ഇടുപ്പെല്ല്  ചില കേടുപാടുകളോടു കൂടിയാണ് ലഭിച്ചത്. പക്ഷേ ഇടുപ്പെല്ലിലെ പേശീബന്ധനം ഇരുകാലിൽ നിവർന്ന് നടക്കാൻ സഹായിക്കുന്ന രീതിയിലാണ്. പക്ഷേ മറ്റ്  ചില ഘടനാ സവിശേഷതകൾ പൗരാണികമായ ആൾക്കുരങ്ങുകളുടേത് പോലെ ആയിരുന്നു. നേരിട്ട് ഫോസിൽ തെളിവുകൾ ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള ശരീരഘടന അവിശ്വസനീയമായി കരുതാനേ കഴിയുമായിരുന്നുള്ളൂ.അന്നു വരെയുണ്ടായിരുന്ന പല ധാരണകളും നിഗമനങ്ങളും ആർഡിയുടെ വരവോടെ തിരുത്തപ്പെട്ടു.

ആർഡിയെ കണ്ടെത്തുന്ന സമയമെത്തിയപ്പോഴേക്കും ജനിതകവിജ്ഞാനവും തന്മാത്രജീവശാസ്ത്രവും വളരെയധികം മുന്നോട്ട് പോയിരുന്നു. ചിമ്പാൻസിയും മനുഷ്യനും വളരെ അടുത്ത ജനിതകബന്ധം പുലർത്തുന്നതിന്റെ തന്മാത്രാതലത്തിലുള്ള ശക്തമായ തെളിവുകൾ വന്നു കഴിഞ്ഞിരുന്നു. (അഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇവരുടെ ശാഖകൾ വേർപിരിയാൻ തുടങ്ങിയിരുന്നു എന്നതായിരുന്നു അക്കാലത്തെ ധാരണ. ഇപ്പോഴത്തെ പുതിയ തെളിവുകൾ പ്രകാരം വേർപിരിയൽ കുറേക്കൂടി മുമ്പ് സംഭവിച്ചിട്ടുണ്ടാവണം.) അതിനാൽ പുരാതന ഫോസിലുകൾ കാലദൈർഘ്യം അനുസരിച്ച് കൂടുതലായി ഇപ്പോഴത്തെ ചിമ്പാൻസികളോട് സാമ്യം പുലർത്തുമെന്ന് വിദഗ്ദ്ധർ കരുതിയിരുന്നു.

കടപ്പാട് വിക്കിമീഡിയ

ആർഡി ഇപ്പോഴത്തെ ആഫ്രിക്കൻ ആൾക്കുരങ്ങുകളെപ്പോലെ കൈപ്പത്തി മടക്കിപ്പിടിച്ച് നിലത്ത് കുത്തി നാല് കാലിൽ നടക്കുന്ന ശീലമുണ്ടായിരുന്നില്ലെന്ന് അസ്ഥിപഞ്ജരഘടന വ്യക്തമാക്കുന്നു. അത്തരക്കാരായ പൂർവ്വികരിൽ നിന്നുള്ള പിൻതുടർച്ചയുടെ തെളിവുകളും കാര്യമായി ഉണ്ടായിരുന്നില്ല. അത് പോലെ ആർഡിക്ക് ചാട്ടുളിപോലെയുള്ള കോമ്പല്ലുകൾ ഉണ്ടായിരുന്നില്ല. വായയും മുഖവും ആൾക്കുരങ്ങുകളുടേതിൽ നിന്ന് വ്യത്യസ്തതയുള്ളതായിരുന്നു; മുന്നോട്ട് കൂർത്ത് നീണ്ടതായിരുന്നില്ല.  ആർഡി അന്നുവരെയുള്ള കെണ്ടത്തലുകളിൽ നിന്ന് വളരെ ഭിന്നമായിരുന്നു.   ചിമ്പാൻസിയുമല്ല മനുഷ്യനുമല്ല എന്നാണ് ആർഡിയെ കണ്ടെത്തിയവർ പറഞ്ഞത്.

വലുതാകുന്ന ഹോമിനിൻ മനുഷ്യകുടുംബം

ആർഡി മനുഷ്യകുടുംബത്തിലെ അംഗമാണെന്ന് നരവംശവിജ്ഞാന മേഖലയിലെ ഒരു വിഭാഗം അക്കാലത്ത് കരുതിയില്ല. അനന്തരനിഗമനങ്ങളിലെ സങ്കീർണതകൾ ഒഴിവാക്കുക കൂടിയവാം അവർ ചെയ്തത്. അങ്ങനെ പല സംവാദങ്ങൾക്കും ചർച്ചകൾക്കും ആർഡി തുടക്കമിട്ടു. ചിമ്പാൻസികളോടാണ് കൂടുതൽ സാമ്യമെന്നാണ് ഒരു കൂട്ടർ കരുതിയത്. എന്നാൽ കഴിഞ്ഞ ചില ദശകങ്ങളിൽ വിവിധ മേഖലകളിലുള്ള വിദഗ്ദ്ധർ ഫോസിലുകൾ സ്വതന്ത്രമായി പരിശോധിക്കയും ആർഡി യഥാർത്ഥത്തിൽ ‘ഹോമിനിൻ’ (hominin) ശാഖയിലെ അംഗമാണെന്ന് സ്ഥിരീകരിക്കയും ചെയ്തു. മുമ്പ് ‘ഹോമിനിഡ് (hominid) എന്നാണ് ഈ ശാഖ അറിയപ്പെട്ടിരുന്നത്. ‘ഹോമോ സപിയൻസ്’ ഉൾപ്പെടുന്ന മനുഷ്യകുടംബശഖയാണിത്. അനുമാനങ്ങളെല്ലാം വ്യപകമായ സ്വീകാര്യത നേടിയിരുന്നില്ല. പക്ഷേ നമ്മുടെ ഉത്ഭവത്തെക്കുറിച്ചുള്ള വിചിന്തനത്തിന് ആർഡി കാരണമായി. ക്രമേണ മനുഷ്യകുടുംബത്തിലേക്ക് ആർഡിയെ സ്വീകരിക്കണമോ വേണ്ടയോ എന്ന നിലയിലുള്ള ചർച്ചകൾ അവസാനിച്ചു. എങ്ങനെ എതു രീതിയിൽ ഉൾപ്പെടുത്തണം എന്ന നിലയിലേക്ക് ചർച്ചകൾ മാറി.

നിലവിലുണ്ടായിരുന്ന വർഗീകരണങ്ങളിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്ന സ്ത്രീയായിരുന്നില്ല ആർഡി. മനുഷ്യകുലത്തിന്റെ ചരിത്രത്തിൽ കൂടുതൽ കൂടുതൽ പിന്നോട്ട് പോകുമ്പോൾ നമ്മുടെ പൂർവ്വികർ പ്രാചീനആൾക്കുരങ്ങുകളോട് കൂടുതൽ സാമ്യം പുലർത്തുന്നു. (ഇപ്പോഴത്തെ ആൾക്കുരങ്ങുകളെപ്പോലെയെന്നല്ല). ഇരു ശാഖകളെ വേർതിരിക്കുന്ന കണ്ണികളും ഘടകങ്ങളും സൂക്ഷ്മവും അവ്യക്തവുമാവുന്നു. ചിലപ്പോഴൊക്കെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഇത് കാരണമാവുന്നു. ചെറിയ വജ്രാകൃതിയിലുള്ള കോമ്പല്ലുകൾ, ഇരുകാലിൽ നടക്കാൻ സഹായിക്കുന്ന ഇടുപ്പെല്ലും പാദങ്ങളും,  ആധുനികമനുഷ്യരുടേത് പോലെയുള്ള തലയോട്ടിയുടെ പിൻഭാഗത്തിന്റെ ഘടന ഇവയൊക്കെ ആർഡിയെ മനുഷ്യകുലത്തിൽ ഉൾപ്പെടുത്താൻ സഹായിക്കുന്ന സവിശേഷതകളാണ്.

മനുഷ്യകുടുംബത്തിൽ അന്നേവരെ അറിയാത്ത ഒരു ജീവിവർഗ്ഗത്തെയാണ് ആർഡി പ്രതിനിധാനം ചെയ്തത്. മരം കയറാനും നിവർന്ന് നിൽക്കാനും കഴിയുന്ന ജീവി. വ്യത്യസ്തമായ സ്പീഷീസും ജീനസുമാണ് ആർഡിയുടേത്. അന്നുവരെ അറിയാതിരുന്ന മനുഷ്യജാതി. ലൂസിയുടെ കണ്ടെത്തലിൽ ഇങ്ങനെയുള്ള അത്ഭുതകരമായ കൗതുകങ്ങൾ ഉണ്ടായിരുന്നില്ല. മുമ്പ് അറിയാമായിരുന്ന അസ്ത്രലോപിതേക്കസ് എന്ന ജീനസിന്റെ സവിശേഷതകൾ ഒക്കെ ലൂസിക്ക് ഉണ്ടായിരുന്നു. കുറെക്കൂടി പൗരാണികമായ ഘടന സവിശേഷതകളായിരുന്നു എന്നുമാത്രം. ‘മനുഷ്യരുടെ പൂർവ്വിക’ എന്ന നിലയിൽ പ്രശസ്തിയും സ്വീകാര്യതയും ലൂസിക്കാണ് ലഭിച്ചത്. ലൂസിയെ കെണ്ടത്തിയ ജൊഹാൻസൺ അതേക്കുറിച്ച് ധാരാളം എഴുതുകയും വിവരങ്ങൾ മാധ്യമങ്ങളിൽ പങ്ക് വെയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ലൂസി എന്ന പേര് സാധാരണക്കാർക്ക് പോലും പരിചിതമായി.

ആർഡിയുടെ കാര്യത്തിൽ സംഗതികൾ വ്യത്യസ്തമായിരുന്നു. തങ്ങളുടെ നിഗമനങ്ങൾ ഉറപ്പിക്കാനും പ്രസിദ്ധീകരിക്കാനും ഗവേഷകർ 15 വർഷമെടുത്തു. മനുഷ്യന്റെ ഉൽപ്പത്തിയെക്കുറിച്ച് നിലവിലുണ്ടായിരുന്ന ധാരണകളെ ആർഡി ഗവേഷകർ വെല്ലുവിളിച്ചു. പൂർവ്വിക മനുഷ്യർ ആധുനിക ചിമ്പാൻസികളെപ്പോലെ ആയിരുന്നു എന്ന ധാരണയിൽ നിന്നുളവായ, മനുഷ്യപരിണാമത്തിൽ ആഫ്രിക്കൻ പുൽമേടുകൾ ഏറ്റവും നിർണായകമായ പങ്ക് വഹിച്ചു എന്ന പരികല്പനയും വെല്ലുവിളിക്കപ്പെട്ടു. അതുകൊണ്ട് തന്നെ തുടക്കത്തിൽ ആർഡി ഗവേഷകരുടെ സിദ്ധാന്തങ്ങൾക്ക് സ്വീകാര്യത ലഭിച്ചില്ല. ലൂസിയുടെയും ആർഡിയുടെയും അസ്ഥിപഞ്ജരങ്ങൾ ഫോസിലുകളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നവയാണ്. സിദ്ധാന്തങ്ങളും വിശകലനമാതൃകകളും ശാസ്ത്രത്തിന്റെ സുപ്രധാന ഘടകങ്ങളാണ്. പക്ഷേ നേരിട്ടുള്ള തെളിവുകൾ ഇവയെക്കാൾ പ്രധാനമാണ്. തെളിവുകൾ വരുമ്പോൾ മുൻ നിഗമനങ്ങൾ തിരുത്തേണ്ടി വരും. വലിയ കണ്ട്ത്തലുകൾ വമ്പിച്ച വാർത്താപ്രാധാന്യം നേടും. വിപുലമായ ചർച്ചകൾ നടക്കും. പക്ഷേ ഏതെങ്കിലും ഒറ്റഫോസിൽ മനുഷ്യരാശിയുടെ തുടക്കം എന്ന് പറയാനാവില്ല. മനുഷ്യകുലത്തിന്റെ മാതാവ് എന്നോ വിട്ടുപോയ കണ്ണിയെന്നോ ഒരു പ്രത്യേക ഫോസിലിനെ വിളിക്കാൻ ആവില്ല. ഫോസിലുകൾ അതിപൗരാണിക ജനതയുടെ യാദൃശ്ചികമായ അവശിഷ്ടങ്ങൾ മാത്രമാണ്. ചിലതൊക്കെ കണെ്ടത്താൻ നമുക്ക് ഭാഗ്യമുണ്ടായി എന്നേയുള്ളൂ. കാലം മായ്ച്ച് കളഞ്ഞതിന്റെ തുമ്പുകളും അവശിഷ്ടങ്ങളുമാണ് അവ.

ആർഡിയുടെ കെണ്ടത്തലിനുശേഷം നടന്ന അന്വേഷണങ്ങളിലൂടെ മനുഷ്യകുലത്തിലെ അംഗങ്ങളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി. ഹോമിനിൻ ജീനസിൽ രണ്ട് ഡസനിൽ അധികം സ്പീഷീസുകൾ ഉണെ്ടന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. ഇവയിൽ മൂന്ന് സ്പീഷീസുകൾ ആർഡിയേക്കാൾപഴക്കം ഉള്ളവയാണ്. ആറ് ദശലക്ഷം  വർഷം പഴക്കമുള്ള തലയോട്ടിയുടെ  ഫോസിൽ അവശിഷ്ടം ചാഡിൽ (Chad) നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള  ഹോമിനിൻ സ്പീഷീസ് ആണിത്. സാങ്കേതികനാമം സഹലാന്ത്രോപിസ് ചാഡൻസിസ് (Sahelanthropus tchadensis)  എന്നാണ്. നിർഭാഗ്യവശാൽ ഇപ്പറഞ്ഞ പൌരാണിക സ്പീഷിസുകളുടെ ലഭ്യമായ ഫോസിലുകൾ എല്ലാം അപൂർണമാണ്. അസ്ഥിപഞ്ജരം പുനസൃഷ്ടിക്കാൻ അവയൊന്നും പര്യാപ്തമല്ല.

എത്യോപ്യയിൽ നിന്ന് ലൂസിയുടെ സ്പീഷീസിലെ വേറെയും അസ്ഥിപഞ്ജരങ്ങൾ കിട്ടിയിരുന്നു. കൂട്ടത്തിൽ സെലാം (‘Selam’ – Peace) എന്ന പേര് നല്കിയ ഒരു കുട്ടിയുടെയും ബിഗ് ഗയ് (Big Guy) എന്ന് വിളിച്ച പുരുഷ ജീവിയുടെയും ഫോസിലുകളാണ് പ്രധാനം. പുരുഷ ജീവിക്ക് ലൂസിയേക്കാൾ പൊക്കമുണ്ടായിരുന്നു. 34 ദശലക്ഷം വർഷം മുമ്പ് ലൂസിയുടെ സ്പീഷീസിന്റെ കാലത്തുതന്നെ മറ്റൊരു ഹോമിനിൻ സ്പീഷീസ് ജീവിച്ചിരുന്നു. അതിന്റെയും ഫോസിൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. മരത്തിൽ പിടിച്ച് കയറാൻ സഹായിക്കുന്ന തരത്തിലൂള്ള ശരീരഘടനാസവിശേഷതകൾ അവയ്ക്കുണ്ടായിരുന്നു. കാൽ വിരലുകൾ മരത്തിൽ അള്ളിപ്പിടിക്കാൻ പാകത്തിൽ ഉള്ളവയായിരുന്നു.  മരം കയറി നടന്നിരുന്നതും തറയിൽ നിവർന്ന് നടന്നിരുന്നതുമായ രണ്ട് ഹോമിനിൻ സ്പീഷീസുകൾ ഒരേ കാലത്ത് സമീപ്യത്തിൽ നിലനിന്നിരുന്നു എന്നാണ് മനസ്സിലാകുന്നത്. കെനിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ചില സമാനജീവികളുടെ പുതിയ ഫോസിൽ തെളിവുകൾ പിന്നീട് ലഭിച്ചു. മനുഷ്യന്റെ ഉത്ഭവം മുൻ ധാരണയേക്കാൾ സങ്കീർണ്ണമാണെന്ന് വ്യക്തമായി. കൂട്ടിച്ചേർക്കേണ്ട കണ്ണിക്കൾ അധികമായി.

എത്യോപ്യൻ പാലിയന്റോളജിസ്റ്റായ Zeresenay Alemseged സേലേം തലയോട്ടിയുമായി

പൂർവമനുഷ്യവർഗങ്ങളുടെ ശാഖകകൾ വർദ്ധിച്ചു വന്നപ്പോൾ, കുടുംബവൃക്ഷം (Family tree) എന്ന മട്ടിലുള്ള ചിത്രീകരണമല്ല അനുയോജ്യം, നേരെ മറിച്ച് കുറ്റിച്ചെടികളുടെ കൂട്ടം എന്ന് പറയുന്നതാണ് കൂടുതൽ ഉചിതമെന്ന് നരവംശശാസ്ത്രജ്ഞർ പറഞ്ഞു തുടങ്ങി. പക്ഷേ ജനിതശവിജ്ഞാനീയത്തിലെ മുന്നേറ്റങ്ങൾ രൂപകങ്ങ രൂപകങ്ങൾ രണ്ടും അത്ര കൃത്യമല്ലെന്ന് വ്യക്തമാക്കുന്നു. വ്യത്യസ്ത മനുഷ്യശാഖകൾ പലപ്പോഴും ഇടകലരുകയും ഇണചേരുകയും ചെയ്തിട്ടുണ്ടെന്ന് അനിഷേധ്യമായ ജനിതകതെളിവുകൾ ഇപ്പോൾ ലഭ്യമാണ്. നിയാണ്ടർത്താൽ മനുഷ്യരും ഹോമോസാപിയൻസും സങ്കരപ്പെട്ടതിന്റെ തെളിവുകൾ  മനുഷ്യന്റെ സമകാലിക ജീനോമുകളിലുണ്ട്. മനുഷ്യകുല ചരിത്രത്തിൽ ശാഖകളും ഉപശാഖകളും വേർപിരിയുക മത്രമല്ല, പുനഃസംയോജനം നടത്തുകയും ചെയ്തിട്ടുണ്ട്. മനുഷ്യകുലത്തിന്റെ ചിത്രം ശാഖകളായി  പിരിയുന്ന വൃക്ഷം പോലെയോ കുറ്റിച്ചെടികളുടെ കൂട്ടംപോലെയോ അല്ല. കെട്ടുപിണഞ്ഞ വല പോലെയാണത്. ഇങ്ങനെ മിശ്രണം ചെയ്ത കൂട്ടങ്ങളാണ് പല ഭാഗത്തേക്കും കൂട്ടം പിരിഞ്ഞ് പോയത്. പ്രാദേശികമായ പരിതസ്ഥിതികളോട് അവർ പൊരുത്തപ്പെടും. ഇടയ്‌ക്കൊക്കെ പിരിഞ്ഞ് പോയവർ വീണ്ടും കൂടിച്ചേർന്നു. അത് കൊണ്ടാണ് പൗരാണിക ഫോസിലുകൾക്ക് കൃത്യമായി ഒരു കുടുംബവൃക്ഷത്തിൽ സ്ഥാനം നിർണ്ണയിക്കാൻ കഴിയാത്തത്. പുതിയ കെത്തലുകൾ പലപ്പോഴും വൈരുദ്ധ്യങ്ങളിലേക്ക് നയിക്കു ന്നു. സങ്കീർണ്ണമായ പിൻതുടർച്ചയുടെ അവസാന കണ്ണികളാണ് നാം. നമ്മുടെ സങ്കീർണ്ണ ചരിത്രം കൃത്യമായി പുനർനിർണ്ണയിക്കുക്കുക ദുഷ്‌കരമായ കൃത്യമാണ്. ആഫ്രിക്കയിൽ നിന്ന് പുറപ്പെട്ട് വിവിധദേശങ്ങളിൽ പലകാലങ്ങളായി പാർപ്പുറപ്പിച്ച ഹോമോസാപിയൻസിന്റെ കഥയും വേർപിരിയലിന്റെയും മിശ്രണത്തിന്റെയും കഥ തന്നെയാണ്. അതിനിടയിൽ വംശശുദ്ധിയുടെയും ജാതി-കുലശ്രേഷ്ടതകളുടെയും കഥനങ്ങൾ, സൃഷ്ടിച്ചെടുത്ത ‘മിത്തുകൾ’ മാത്രം.


റഫറൻസ്

  1. Lisa Hendry, Human Evolution- Australopithecus afarensis, Lucy’s species, https://www.nhm.ac.uk/discover/australopithecus-afarensis-lucy-species.html
  2. William H. Kimbel and Lucas K. Delezene, ‘‘Lucy’’ Redux: A Review of Research on Australopithecus afarensis, YEARBOOK OF PHYSICAL ANTHROPOLOGY 52:2–48 (2009)
  3. Lovejoy, Owen. (2014). Ardipithecus and Early Human Evolution in Light of Twenty-First-Century Developmental Biology. Journal of Anthropological Research. 70. 337. 10.3998/jar.0521004.0070.301.
  4. A New Kind of Ancestor: Ardipithecus Unveiled, News Focus, 2 OCTOBER 2009 VOL 326 SCIENCE
  5. Van Holstein, Laura & Foley, Robert. (2017). Hominin Evolution. 10.1007/978-3-319-16999-6_3416-1.
  6. Kermit Pattison, Lucy and Ardi: The two fossils that changed human history, March, 2021, Science Focus.
  7. Villanea, F.A., Schraiber, J.G. Multiple episodes of interbreeding between Neanderthal and modern humans. Nat Ecol Evol 3, 39–44 (2019). https://doi.org/10.1038/s41559-018-0735-8

Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

2 thoughts on “ലൂസിയും ആർഡിയും: രണ്ട് പൂർവനാരികളുടെ കഥ

Leave a Reply

Previous post മെയ് 28 – ആർത്തവ ശുചിത്വ ദിനം – പാഠം ഒന്ന് ആർത്തവം
Next post മെയ് 31 ലോക പുകയില വിരുദ്ധ ദിനം – പുകവലിയുടെ രാഷ്ട്രീയം 
Close