
2025ലെ അക്ഷയ തൃതീയ ഏപ്രില്‍ മുപ്പതിനാണ്. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഫെബ്രുവരി 10ന് മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ ജോസ്കോ ജുവല്ലേഴ്സിന്‍റെ തിരുവനന്തപുരം കിഴക്കേക്കോട്ട ഷോറൂമിന്‍റേതായി ഒരു പരസ്യം പ്രമുഖ പത്രങ്ങളുടെ തിരുവനന്തപുരം എഡിഷനില്‍ വന്നു. “അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ്ണം വാങ്ങാനായി സ്പെഷല്‍ അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. പവന് 800 രൂപ മാത്രം നല്‍കി സ്വര്‍ണ്ണാഭരണങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്. അഞ്ച് പവന് മുകളിലുളള സ്വര്‍ണ്ണാഭരണ
ബുക്കിംഗ് പര്‍ച്ചേസുകള്‍ക്ക് സ്വര്‍ണ്ണ വിലയില്‍ ഗ്രാമിന് 100 രൂപയുടെ കിഴിവ് ലഭിക്കും”

അക്ഷയ തൃതീയ എന്ന അന്ധവിശ്വാസത്തെ സ്വര്‍ണ്ണ വില്പനയിലൂടെ ലാഭക്കൊയ്ത്ത് നടത്താനുളള ദീര്‍ഘവീക്ഷണത്തോടെയുളള തന്ത്രമാണ് ഈ പരസ്യം.

2024ല്‍ മെയ് 10നായിരുന്നു അക്ഷയ തൃതീയ.പല ജ്വല്ലറികളും ഇതിന് മുമ്പ് രണ്ട് തവണകളായി ഗ്രാമിന് 100 രൂപയില്‍ കൂടുതല്‍ സ്വര്‍ണ്ണ വില വര്‍ധിപ്പിച്ചു. ഇതിന് പിറകിലെ ചൂഷണത്തെക്കുറിച്ച് മാധ്യമങ്ങളൊന്നും ശബ്ദിച്ചില്ല.എന്നാല്‍ 2024 മെയ് 12ന് കേരള സംസ്ഥാന ആഭരണ നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ ( സി െഎ ടി യു) ഒരു വാര്‍ത്താ കുറിപ്പ് പുറത്തിറക്കി.
” അക്ഷയ തൃതീയ ദിനത്തില്‍ വിശ്വാസത്തിന്റെ പേരില്‍ മലയാളികളെ വന്‍ തട്ടിപ്പിന് ഇരയാക്കിയ ജ്വല്ലറികളുടെ പേരില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ആഭരണ നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ (സി ഐ ടി യു) ആവശ്യപ്പെട്ടു. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം വരുമെന്ന വിശ്വാസത്തെ ചൂഷണം ചെയ്ത് 2 തവണയായി ഗ്രാമിന് 100 രൂപയില്‍ കൂടുതല്‍ വര്‍ധിപ്പിച്ചു. ഇതിലൂടെ മാത്രം കോടികളാണ് ജനങ്ങളില്‍ നിന്ന് തട്ടിയെടുത്തത്. ഇതുപോലുളള തട്ടിപ്പുകള്‍ നടത്താന്‍ ധൈര്യപ്പെടുന്ന സംഘങ്ങളുടെ പേരില്‍ ശക്തമായ നിയന്ത്രണങ്ങളും നടപടികളും കൈക്കൊളളാന്‍ തയ്യാറാവണമെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ മനോഹരനും ജനറല്‍ സെക്രട്ടറി വി പി സോമസുന്ദരനും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു”
പ്രമുഖ പത്രങ്ങളില്‍ വാര്‍ത്താകുറിപ്പ് പ്രസിദ്ധീകരിച്ചത് ദേശാഭിമാനി മാത്രമാണ്. അരിക്കും പച്ചക്കറിക്കും എണ്ണയ്ക്കും പാചകവാതകത്തിനും വില കൂടിയാല്‍ പ്രതികരിക്കുന്ന മാധ്യമങ്ങള്‍ സ്വര്‍ണ്ണവില വര്‍ധനവിനെ വിമര്‍ശിക്കാറില്ല. മാധ്യമങ്ങളുടെ പ്രധാനവരുമാന സ്രോതസ്സുകളിലൊന്ന് സ്വര്‍ണ്ണമാണ്. അക്ഷയ തൃതീയ എന്ന അന്ധവിശ്വാസത്തിന്‍റെ പേരില്‍ സ്വര്‍ണ്ണ വില വര്‍ധിപ്പിക്കുമ്പോള്‍ ആരും ഇതൊന്നും അറിഞ്ഞ ഭാവം പോലും പ്രകടിപ്പിക്കില്ല.
സ്ത്രീകളുടെ ആഭരണഭ്രമത്തെ പണമാക്കിമാറ്റുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച ഒരു അന്ധവിശ്വാസമാണ് അക്ഷയ തൃതീയ. കേരളത്തിലെ ആദ്യകാല ജ്യോതിഷ മാസികകളായ ജ്യോതിഷ മാസികയുടേയും കേരളീയ ജ്യോതിഷ മാസികയുടേയും ആദ്യകാല ലക്കങ്ങളില്‍ ജ്യോതിഷം, ഗ്രഹനില, വാസ്തു, മഷിനോട്ടം, കൈനോട്ടം തുടങ്ങിയവയെപ്പറ്റിയെല്ലാം ലേഖനങ്ങളും പംക്തികളും വാര്‍ത്തകളുമുണ്ട്. പക്ഷെ അക്ഷയ ത്രിതീയയെപ്പറ്റി പരാമര്‍ശം ഇല്ല. കാരണം ഈ അന്ധവിശ്വാസം അന്നൊന്നും പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല.

അക്ഷയതൃതീയയുടെ കേരളസമൂഹത്തിലെ വികാസ പരിണാമങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച പ്രൊഫസര്‍ കെ പാപ്പൂട്ടി. ജ്വല്ലറിക്കാരുടെ കച്ചവടാസക്തിയില്‍ വളര്‍ന്ന് വികസിച്ച ഈ അന്ധവിശ്വാസം കേരള സമൂഹത്തില്‍ വേരൂന്നിയതിനെക്കുറിച്ച് പ്രൊഫ.പാപ്പൂട്ടി വിശദീകരിക്കുന്നതിങ്ങനെ
“ഒരു കാലത്ത് അക്ഷയതൃതീയ പൂര്‍ണ്ണമായും ഒരു ഉത്തരേന്ത്യന്‍ ആഘോഷമായിരുന്നു. ആ ദിനത്തില്‍ ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയാല്‍ ജീവിതം ക്ലേശരഹിതവും സന്തോഷരകരവുമാകുമെന്നാണ് വിശ്വാസം. ദക്ഷിണേന്ത്യയില്‍ കച്ചവടാധിഷ്ഠിതമായ സവിശേഷതകളോടെ അക്ഷയതൃതീയ മുളച്ച് പൊങ്ങിയത് ചെന്നൈയിലാണ്. രണ്ടായിരത്തിന്റെ ആരംഭത്തില്‍ ചെന്നൈ നഗരത്തിലെ വ്യാപാരികള്‍ ആത്മീയ ചേരുവകളോടെ കച്ചവടം കുത്തനെ വര്‍ധിപ്പിക്കാനുളള ഒരു ആഘോഷമായി അക്ഷയതൃതീയയെ പരുവപ്പെടുത്തി. ഇതിന്റെ സ്വാധീനം കേരളത്തിലും ഉണ്ടായി. അശാസ്ത്രീയതയും അന്ധവിശ്വാസവും സ്വര്‍ണ്ണാസക്തിയും മലയാളിയുടെ യുക്തിബോധത്തെ നിഷ്പ്രഭമാക്കുന്ന ദിനമായി അക്ഷയതൃതീയ മാറിയിരിക്കുന്നു”

2024ലെ അക്ഷയ തൃത്രീയ മെയ് 10 നായിരുന്നു. മെയ് 16ലെ മനോരമ ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഇങ്ങനെ “അക്ഷയ തൃതീയ ദിനത്തിലെ സ്വര്‍ണാഭരണ വില്പനയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് മികച്ച നേട്ടം കൈവരിച്ചു. 1361 കോടി രൂപയുടെ സ്വര്‍ണ്ണാഭരണമാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 39% വര്‍ധന രേഖപ്പെടുത്തിയതായി മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു “മലബാര്‍ ഗോള്‍ഡ് മാത്രമല്ല, കേരളത്തിലെ എല്ലാ വന്‍കിട ജ്വല്ലറികളും അക്ഷയ തൃതീയ ദിനത്തില്‍ വില്പനയില്‍ റെക്കോര്‍ഡിട്ടു. 2023ലെ അക്ഷയ തൃതീയ ദിനത്തിലെ സ്വര്‍ണ്ണ വില്പനയേക്കാള്‍ 33% അധികം സ്വര്‍ണ്ണം ജോസ്കോ ജ്വല്ലറി ഗ്രൂപ്പിന് കീഴിലുളള സ്ഥാപനങ്ങള്‍ വിറ്റഴിച്ചു. സ്വര്‍ണ്ണ വില്പനയിലുണ്ടായ വന്‍ നേട്ടം ഇവരെല്ലാം വാര്‍ത്താകുറിപ്പുകളിലൂടെ മാധ്യമങ്ങളെ അറിയിച്ചു.
നൂറ്റാണ്ടിന്റെ സ്വര്‍ണ്ണ ക്കുതിപ്പ് 13.75 രൂപയിൽ നിന്ന് 71,560 രൂപയിലേക്ക്
വര്‍ഷം | വില രൂപയിൽ |
---|---|
1925 മാർച്ച് 31 | 13.75 രൂപ |
1935 മാർച്ച് 31 | 22.65 രൂപ |
1945 മാർച്ച് 31 | 45.49 രൂപ |
1955 മാർച്ച് 31 | 58.11 രൂപ |
1965 മാർച്ച് 31 | 90.20 രൂപ |
1975 മാർച്ച് 31 | 396 രൂപ |
1985 മാർച്ച് 31 | 1,573 രൂപ |
1995 മാർച്ച് 31 | 3,432 രൂപ |
2005 മാർച്ച് 31 | 4550 രൂപ |
2015 മാർച്ച് 31 | 19,760 രൂപ |
2025 മാർച്ച് 31 | 67,400 രൂപ |
2025 ഒക്ടോബർ 19 | 71,560 രൂപ |
പണം വേണ്ട; സ്വര്‍ണ്ണം മതി
2024 മെയ് മാസം രണ്ടാം വാരത്തില്‍ കേരളത്തിലെ പത്ര, ദൃശ്യമാധ്യമങ്ങളെ കീഴടക്കിയത് അക്ഷയ ത്രിതീയ ദിനത്തില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ ലഭിക്കുന്ന അഭിവൃദ്ധികള്‍ കൊട്ടിഘോഷിക്കുന്ന പരസ്യപെരുമ്പറകള്‍ തന്നെയായിരുന്നു. വെറുതെ പരസ്യം കിട്ടില്ല, ഒപ്പം വായനക്കാരെ സ്വര്‍ണ്ണം വാങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന വാര്‍ത്തകള്‍ ചമയ്ക്കണം. മറ്റൊരു നിബന്ധനകൂടി ജ്വല്ലറികള്‍ക്കുണ്ട്. അക്ഷയ തൃതീയ അന്ധവിശ്വാസവും തട്ടിപ്പുമാണെന്ന സന്ദേശം നല്‍കുന്ന വാര്‍ത്തകളോ ലേഖനങ്ങളോ കൊടുക്കരുത്. എല്ലാം തികഞ്ഞ് വന്നാല്‍ മാധ്യമമുതലാളിമാരുടെ കീശയില്‍ ജ്വല്ലറിപരസ്യങ്ങളിലൂടെ കോടികളെത്തും.
അക്ഷയ തൃതീയയെന്നാല്‍ ജ്വല്ലറിമുതലാളിമാര്‍ക്കും മാധ്യമമുതലാളിമാര്‍ക്കും കൊയ്ത്തുകാലമാണ്.
അക്ഷയ തൃതീയയെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കഥകള്‍ നിരവധിയുണ്ട്.വൈശാഖമാസത്തിലെ ഏറ്റവും വിശിഷ്ട ദിനം,വനവാസ കാലത്ത് പാണ്ധവര്‍ക്ക് അക്ഷയപാത്രം ലഭിച്ച ദിനം, അക്ഷയ പാത്രത്തിലൂടെ ദുര്‍വാസാവ് മഹര്‍ഷിക്കും പരിവാരങ്ങള്‍ക്കും ചീരയില കഷ്ണത്തിലൂടെ മൃഷ്ടാന്ന ഭോജനം നല്‍കിയ ദിനം, ശ്രീശങ്കരന്‍ കനക ധാരാസ്ഥവംകൊണ്ട് ദരിദ്ര കുടുംബത്തില്‍ സ്വര്‍ണ്ണ മഴപെയ്യിച്ച ദിനം, വേദവ്യാസന്‍ മഹാഭാരതരചന ആരംഭിച്ച ദിനം എന്നിങ്ങനെ പ്രത്യേകതകള്‍ പലതുമുണ്ടത്രെ.
ഈ ദിനത്തെ സ്വര്‍ണ്ണ വില്പനയുമായി എങ്ങനെ ബന്ധിപ്പിക്കും? ഈ ചോദ്യത്തിന് മറുപടി നല്‍കുന്നതിനായി ജന്മഭൂമി അക്ഷയ തൃതീയ ദിനമായിരുന്ന മെയ് 10ന് ഒരു പേജ് മുഴുവന്‍ നീക്കിവെച്ചിരിക്കുന്നു.”സ്വര്‍ണ്ണത്തിന്റെ സുഗന്ധം” എന്ന തലക്കെട്ടില്‍ “ശ്രീ” എന്ന തൂലികാ നാമത്തില്‍ ഒരു വിദ്വാന്‍ സ്വര്‍ണ്ണകച്ചവടക്കാരെ സഹായിക്കാനായി സൃഷ്ടിച്ചെടുത്ത ദൈവ സിദ്ധാന്തം ഇങ്ങനെ “ഈ പുണ്യദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതും ദാനം ചെയ്യുന്നതും ഏറെ വിശേഷമത്രെ. അതിന് കാരണം സ്വര്‍ണം വിലകൂടിയ വസ്തുവായതല്ല. അതുപരിശുദ്ധമായ ലോഹമാണ് എന്നതാണ്. ഭഗീരഥ മഹാരാജാവിന്‍റെ നീണ്ട കാല തപസിന്‍റെ ഭാഗമായി ഭൂമിയില്‍ അവതരിപ്പിച്ച ഗംഗാ ഭഗവതി ഹിമവല്‍ സാനുക്കളില്‍ നിക്ഷേപിച്ച അമൂല്ല്യമായ ധാതുസമ്പത്തുകളില്‍ ആദ്യത്തേതായിരുന്നുവത്രെ സ്വര്‍ണ്ണം.വെളളി, ചെമ്പ്, നാകം തുടങ്ങി പലതും പിന്നാലെ വന്നു.ഇവയില്‍ ഏറ്റവും െഎശ്വര്യപ്രദവും പരിശുദ്ധവുമാണ് സ്വര്‍ണ്ണം. മറ്റുളളവ ക്രമത്തില്‍ അതിനുപിന്നില്‍ വരും.അതുകൊണ്ട് ദേവകാര്യങ്ങള്‍ക്ക് സ്വര്‍ണ്ണം ഏറെ വിശേഷം തന്നെ”
സ്വര്‍ണ്ണമെന്ന വിലപിടിപ്പേറിയ ലോഹത്തെ കെട്ടുകഥകളിലൂടെ ദൈവികതയുമായി ബന്ധിപ്പിച്ച് വിശ്വാസികളെ വായനക്കാരെ അക്ഷയ തൃതീയ ദിനത്തില്‍ ജ്വല്ലറികളില്‍ എത്തിക്കുന്നു. ഇതിന് പ്രതിഫലമായി ജന്മഭൂമിക്ക് ആ ദിനത്തില്‍ ലഭിച്ചത് കേരളത്തിലെ 5 ജ്വല്ലറികളുടെ വമ്പന്‍ പരസ്യങ്ങളാണ്. ജന്മഭൂമിയോളം വരില്ലെങ്കിലും മറ്റ് മുഖ്യധാരാമാധ്യമങ്ങള്‍ അക്ഷയതൃതീയ സ്വര്‍ണ്ണംവാങ്ങാന്‍ ഉചിതമായ ഒരു ദിവസമാണെന്ന മിഥ്യാധാരണ സൃഷ്ടിക്കുന്നു. ജ്വല്ലറികളുടെ അഹിതം ഭയന്ന് ആരും ഈ അന്ധവിശ്വാസത്തിനെതിരെ ബോധവല്‍ക്കരണ വാര്‍ത്തകള്‍ നല്‍കില്ല. ഒരു അന്ധവിശ്വാസം ഒരൊറ്റ ദിനംകൊണ്ട് മലയാളിയുടെ പോക്കറ്റില്‍ നിന്ന് കവര്‍ന്നെടുക്കുന്നത് മൂവായിരം കോടിയിലേറെ രൂപയാണ്.
മലയാളിയുടെ സ്വര്‍ണ്ണാസക്തി
സ്വര്‍ണ്ണ വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ 2025 ഏപ്രില്‍ മധ്യത്തോടെ സ്വര്‍ണ്ണവില പവന് എഴുപത്തയ്യായിരം രൂപയോളം ഉയര്‍ന്നു. 2025 അവസാനമാകുമ്പോഴേയ്ക്കും സ്വര്‍ണ്ണ വില പവന് ഒരു ലക്ഷം രൂപയില്‍ എത്തിയാലും ഒട്ടും അത്ഭുതമില്ല.2022ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നത്. ഉപരോധം മൂലമുളള ആശങ്കകളെ തുടര്‍ന്ന് കേന്ദ്ര ബാങ്കുകള്‍ കൂട്ടത്തോടെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങി.
വിവിധരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ പക്കലുളള സ്വര്‍ണ്ണത്തിന്‍റെ അളവില്‍ ഒന്നാമത് അമേരിക്കയാണ്-8,133.5 ടണ്‍, ജര്‍മനി- 3,359. 1ടണ്‍, ഇറ്റലി-2,451.8 ടണ്‍, ഫ്രാന്‍സ് -2,400 ടണ്‍, ചൈന-2200ടണ്‍,ഇന്ത്യ – 876 ടണ്‍ എന്നിങ്ങനെയാണ് കണക്കുകള്‍. അത്ഭുതപ്പെടുത്തുന്ന മറ്റൊരു കണക്കുണ്ട്. നേരത്തെപ്പറഞ്ഞ ആറ് രാജ്യങ്ങളുടെ സ്വര്‍ണ്ണ ശേഖരത്തേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം ഇന്ത്യയിലെ സ്ത്രീകളുടെ പക്കല്‍ ആഭരണങ്ങളായുണ്ട്. “കൃത്യമായ” കണക്കുകള്‍ ഇല്ല. എങ്കിലും 25,000- 27,000 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയിലെ സ്ത്രീകളുടെ പക്കല്‍ ഉണ്ടെന്നാണ് ഏകദേശ അനുമാനം’ ( വാസുദേവ ഭട്ടതിരി ,തുടരും സ്വര്‍ണ്ണ കുതിപ്പ്, മലയാള മനോരമ സാമ്പത്തികം, മാര്‍ച്ച് 26 )
കേരളത്തില്‍ ഒരു വര്‍ഷം എത്ര സ്വര്‍ണ്ണം വിറ്റഴിക്കപ്പെടുന്നുണ്ട്?
ഇതിന് വ്യക്തമായ കണക്കില്ല. നിലവിലെ നിയമങ്ങളില്‍ പഴുതുകള്‍ നിരവധിയുണ്ട്. ലോകത്ത് സ്വര്‍ണ്ണ ഭ്രമത്തിന്റെ കേന്ദ്രം തെക്കനേഷ്യന്‍ മേഖലയാണ്. തെക്കനേഷ്യന്‍ മേഖലയില്‍ മുന്നില്‍ ജനസംഖ്യയിലും ഭൂവിസ്തൃതിയിയിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യതന്നെ. രാജ്യത്ത് സ്വര്‍ണ്ണക്കടത്തും അനധികൃത വില്പനയും സജീവമാണ്. അതുകൊണ്ടുതന്നെ വിറ്റഴിക്കപ്പെടുന്ന സ്വര്ണ്ണത്തിന്റെ വ്യക്തമായ കണക്ക് എവിടെയും ലഭ്യമല്ല. ഏതാണ് 700 ടണ്‍ മുതല്‍ 750 ടണ്‍വരെ സ്വര്‍ണ്ണം ഓരോ വര്‍ഷവും ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് അനുമാനം. രാജ്യത്തെ ആകെ ജനസംഖ്യയുടെ 2.76% മാത്രമാണ് കേരളത്തിലുളളത്. എന്നാല്‍ സ്വര്‍ണ്ണം വാങ്ങുന്നതിലും വിറ്റഴിക്കുന്നതിലും നിക്ഷേപമായി സൂക്ഷിക്കുന്നതിലും കേരളം രാജ്യത്ത് ഒന്നാമതാണ്. രാജ്യത്ത് ആകെ വില്പന നടക്കുന്ന സ്വര്ണ്ണത്തിന്റെ 20 ശതമാനം വരെ കേരളത്തിലാണ് വിറ്റഴിക്കുന്നതെന്നതാണ് അനൗദ്യോഗിക കണക്ക്. ഇത് ഏതാണ് 120 ടണ്‍ സ്വര്‍ണ്ണം വരെ വരും.
പണം , ഭൂമി എന്നിവയിലുമെല്ലാം ഉപരിയായി സ്വര്‍ണ്ണത്തെ ഏറ്റവും സുരക്ഷിതമായ ധന നിക്ഷേപമായാണ് മലയാളി കാണുന്നത്. ഇന്ധനങ്ങള്‍ക്ക് സാധാരണ ധ്രൂതഗതിയിൽ വിലവര്ധിക്കാറുണ്ട്. എന്നാല്‍ ഇന്ധനവിലയെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് സ്വര്‍ണ്ണ വില കുതിച്ചുയരുന്നത്. 2005 മാര്‍ച്ച് 31ന് ഒരു പവന് സ്വര്ണ്ണത്തിന്റെ വില 4550 രൂപയായിരുന്നു. 2015 മാര്‍ച്ച്31ന് 19,760 രൂപയായും 2025 മാര്‍ച്ച് 31ന് 67,400 രൂപയായും ഉയര്‍ന്നു. 2025 ഏപ്രില്‍ 23 ന് ഒരു ഗ്രാം സ്വര്ണ്ണത്തിന്റെ വില 9,290. ഒരു പവന് സ്വര്ണ്ണത്തിന്റെ വില 74,320 രൂപ.2024ല്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണ്ണവിലയില്‍ 38% വര്‍ധന ഉണ്ടായി. ഈ വര്‍ഷം ഇതുവരെയുണ്ടായ വര്‍ധന 33% .
വില എത്ര ഉയര്‍ന്നാലും പെട്രോളും ഡീസലും പാചകവാതകവും ഭക്ഷ്യവസ്തുക്കളും ഔഷധങ്ങളും വാങ്ങിയേ തീരു. പക്ഷെ സ്വര്‍ണ്ണം അങ്ങനെയല്ല.സ്വര്‍ണ്ണം മനുഷ്യ ജീവിതത്തിലെ ഒരു അവശ്യവസ്തുവല്ല. പക്ഷെ സ്വര്‍ണ്ണത്തെ വിശ്വാസത്തിന്റെ ചേരുവകളോടെ ഒരു അത്യാവശ്യവസ്തുവാക്കി മാറ്റിയാല്‍ മാത്രമേ ജ്വല്ലറികള്‍ക്കും അവരുടെ പരസ്യവരുമാനത്തെ ആശ്രയിക്കുന്ന മാധ്യമങ്ങള്‍ക്കും നിലനില്ക്കാനാവൂ. ഇരുവരും പരസ്പര സഹകരണത്തോടെ പരുവപ്പെടുത്തിയെടുത്ത ഒരു വാണിജ്യാധിഷ്ടിത അന്ധവിശ്വാസമാണ് അക്ഷയ ത്രിതീയ.
അക്ഷയ ത്രിതീയയുടെ ഉദ്ഭവവും വളര്‍ച്ചയും നിരീക്ഷിക്കാറുളള സാമ്പത്തിക മാധ്യമ പ്രവര്‍ത്തകനാണ് ജോര്‍ജ് ജോസഫ്. അന്ധവിശ്വാസത്തിന്‍റെ വികാസത്തിലുണ്ടായ സവിശേഷതകള്‍ ജോര്‍ജ് ജോസഫ് ഇങ്ങനെ നിരീക്ഷിക്കുന്നു..”ആരംഭകാലത്ത് അക്ഷയ തൃതീയ ദിനത്തില്‍ പുണ്യ സമയം ഉണ്ടായിരുന്നു. ഒരു മണിക്കൂര്‍ നല്ല സമയം നിശ്ചയിക്കും. ആ സമയത്തുതന്നെ സ്വര്‍ണ്ണം വാങ്ങണം.ഓരോ വര്‍ഷം ചെല്ലുന്തോറും സമയദൈര്‍ഘ്യം കൂടിക്കൂടിവന്നു.രണ്ട് മണിക്കൂര്‍ ,മൂന്ന് മണിക്കൂര്‍, നാല് മണിക്കൂര്‍ എന്നിങ്ങനെ സമയ പരിധി നീണ്ട് ഒരു ദിവസത്തില്‍ എപ്പോള്‍ സ്വര്‍ണ്ണം വാങ്ങിയാലും പുണ്യമെന്ന അവസ്ഥയിലെത്തി. ഒരു ദിവസം എന്നതും മാറി ഒരു അക്ഷയതൃതീയ സീസണ് എന്നതിലേയ്ക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.”
സ്വര്‍ണ്ണത്തിന് വില കൂടിയാലും സ്ത്രീധനം കുറയില്ല
മലയാളിയുടെ വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും ആളോഹരി വരുമാനവുമെല്ലാം കുത്തനെ ഉയര്‍ന്നു. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി തനിച്ച് ധൈര്യത്തോടെ യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കുമെല്ലാം പറക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഏത് വെല്ലുവിളികളേയും അതിജീവിക്കാന്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ ഇന്ന് പ്രാപ്തരാണ്. എന്നാല്‍ വിവാഹകാര്യമെത്തുമ്പോള്‍ സ്വര്‍ണ്ണത്തിനും സ്ത്രീധനത്തിനും ജ്യോതിഷത്തിനുമെല്ലാം മുന്നില്‍ വലിയൊരു വിഭാഗം തലകുത്തിവീഴുന്നു. നായര്‍ മാട്രിമോണിയല്‍, ഈഴവ മാട്രിമോണിയല്‍ എന്നിങ്ങനെ ജാതീയത വിളംബരം ചെയ്യുന്ന ടി വി പരസ്യങ്ങള്‍ മുതല്‍ വിവാഹത്തിനായുളള ശുഭമൂഹൂർത്തം കുറിക്കല്‍ മുതല്‍ സര്‍വ്വതിലും പ്രതിലോമകരമായ ആശയങ്ങളുടെ സന്നിവേശമാണ്.

അഭ്യസ്ഥവിദ്യരായ പെണ്‍കുട്ടികള്‍ പോലും സ്ത്രീധന പീഡനങ്ങള്‍ക്ക് ഇരയായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ പലതും സമീപകാലത്ത് കേരളത്തില്‍ ഉണ്ടായി. ഭര്‍ത്താവ് കിരണ്‍ കുമാറിന്‍റെ സ്ത്രീധന പീഡനങ്ങള്‍ സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയ എന്ന പെണ്‍കുട്ടി ആയുര്‍വേദ ഡോക്ടറായിരുന്നു. കേസില്‍ ഭര്‍ത്താവും മുന്‍ അസിസ്റ്റന്‍റ് മോട്ടോര്‍ വിഹിക്കിള്‍ ഇസ്പെക്ടറുമായിരുന്ന കിരണ്‍കുമാറിന് കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥിനിയായിരുന്ന ഡോക്ടര്‍ ഷഹാനയുടെ ആത്മഹത്യയുടെ കാരണവും സ്ത്രീധനമായിരുന്നു. സഹാപാഠിയും കാമുകനുമായിരുന്ന ഡോ റുവൈസ് ഉയര്‍ന്ന സ്ത്രീധനം ചോദിച്ചു. ഷഹാനയുടെ കുടുംബത്തിന് അത് താങ്ങാനാവുന്നതായിരുന്നില്ല. അതോടെ റുവൈസ് വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഇതില്‍ മനംനൊന്താണ് ഡോക്ടര്‍ ഷഹാന ആത്മഹത്യ ചെയ്തത്. വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ സൂരജിന്റെ ലക്ഷ്യം ഉത്തരയുടെ പക്കലുളള സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുക എന്നതായിരുന്നു, മേല്‍ പറഞ്ഞ മൂന്ന് കേസുകളിലും ശക്തമായ നിയമനടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിയമ നടപടികൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒരു വിപത്തല്ല സ്ത്രീധനം. കാരണം അക്ഷയതൃതീയയടക്കമുളള അന്ധവിശ്വാസങ്ങളുടെ വിശ്വാസപരവും സാമ്പത്തികവുമായ പിന്തുണയോടെയാണ് സ്വര്‍ണ്ണാസക്തി ഇന്ന് മലയാളി മനസ്സുകളെ കീഴടക്കുന്നത്. ഇതിനെ ചെറുക്കാന്‍ ബാധ്യത്ഥരായ മാധ്യമങ്ങള്‍ അക്ഷയ തൃതീയ എന്ന അന്ധവിശ്വാസത്തിന്‍റെ പ്രചാരകരായി അധഃപ്പതിക്കുന്നതാണ് ഏറ്റവും ദയനീയമായ കാഴ്ച.