സിബി ജോൺ തൂവൽ
—
—
ശാസ്ത്രഗതി ശാസ്ത്രകഥാമത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ച കഥ. സിബി ജോൺ തൂവൽ എഴുതിയ എയർ ബബിൾ ക്യാബിൻ എന്ന കഥ കേൾക്കാം. അവതരണം : മണികണ്ഠൻ കാര്യവട്ടം
കേൾക്കാം
തിയതി: എ ഡി 2074
ലൊക്കേഷൻ: ഡോക്ടർ വർമ്മയുടെ ക്ലിനിക്.
അർധരാത്രിയോട് അടുക്കുന്ന സമയത്താണ് ടെഡി എന്നു പേരിട്ടിരിക്കുന്ന മുന്തിയയിനം ഓട്ടമേറ്റഡ് എസ് യു വി കാർ ഡോ. വർമ്മയുടെ ക്ലിനിക്കിന്റെ മുറ്റത്തേയ്ക്കു കയറിച്ചെന്നു നിന്നത്. പിന്നിലെ സീറ്റിൽ ചാരിക്കിടന്നു ടാബിൽ ഓഫീസ് ഫയലിൽത്തന്നെ തലപൂഴ്ത്തിയിരിക്കുകയായിരുന്നു മുകുന്ദൻ അപ്പോഴും.
“വി റീച്ച്ഡ് ഓർ ഡെസ്റ്റിനേഷൻ…’
കാറിന്റെ ശബ്ദം മുകുന്ദനെ ഉണർത്തി. ജി പി എസ് നിയന്ത്രിത അത്യാധുനിക വാഹനമാണ് ടെഡി. ഡോർ സ്വയം തുറന്നു പിടിച്ചു ടെഡി പുറത്തിറങ്ങാൻ മുകുന്ദനു വഴിയൊരുക്കി. മുകുന്ദൻ പുറത്തിറങ്ങി. അപ്പോഴും ഓഫീസ് ടാബ് അയാൾ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു. ടെഡി കൂട്ടിൽ കയറ്റിയിട്ടൊരു വളർത്തുപട്ടിയെപോലെ നിർദിഷ്ട പാർക്കിങ് സ്ലോട്ടിലേക്കു കയറിക്കിടന്നു.
ഇന്നലെയാണു മുകുന്ദൻ ക്ലിനിക്കിലേക്കുളള സന്ദർശനം എടുത്തത്. കമ്പ്യൂട്ടറിൽ ഇന്നത്തെ തന്റെ ഷെഡ്യൂളിന്റെ ഇൻപുട്സ് നൽകിയതേയുള്ളൂ, അനുയോജ്യമായ ടൈംസ്ലോട്ട് തെളിഞ്ഞു – രാത്രി 12 മണി.
സാങ്കേതികവിദ്യയുടെ വളർച്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നവയായി ഓഫീസുകളും മനുഷ്യരും മാറിക്കഴിഞ്ഞതിനാൽ അതിൽ ആർക്കും അസ്വഭാവികത തോന്നിയില്ല.
ടെഡിക്കു പാർക്ക് ചെയ്യാനുള്ള സ്ഥലവും അപ്പോൾത്തന്നെ ക്ലിനിക്ക് വളപ്പിൽ ഫിക്സ് ചെയ്തിരുന്നു.
അർധരാത്രിയിൽ ഒരു ഡോക്ടറെ കാണൽ.. പണ്ടായിരുന്നെങ്കിൽ ആരെങ്കിലും സമ്മതിക്കുമോ. അല്ല, എന്തെല്ലാം മാറിയിരിക്കുന്നു.
ഇങ്ങനെ ചിന്തിച്ചു കൊണ്ടാണു മുകുന്ദൻ കാറിൽ നിന്നിറങ്ങിയത്. വഴികളിൽ ഇരുട്ടുവീണു കിടക്കുന്നു. എന്നാൽ, മുകുന്ദൻ മുന്നോട്ടു കാൽവച്ചപ്പോൾത്തന്നെ മുറ്റത്തിന്റെ കോണിൽ നിന്നിരുന്ന മരം പ്രകാശിക്കാൻ തുടങ്ങി. ഇലകൾ ബൾബുപോലെ പ്രകാശിക്കുന്നു. പ്രകാശം പരത്തുന്ന ഒരു മനോഹര അരയാൽ വൃക്ഷം.
ചെറുപ്പത്തിൽ നാട്ടുകുളത്തിൽ മുങ്ങിക്കുളിച്ചുകയറി സമീപത്തെ അരയാൽ ചുവട്ടിൽ ശാന്തതയോടെ ഇരുന്നതൊക്കെ ഒരു നിമിഷം മുകുന്ദൻ കുളിരോടെ ഓർത്തു.
ഇവിടെ ഒരു അരയാൽ അർധ രാത്രി പ്രകാശം പരത്തി നിൽക്കുന്നു.
കൗതുകത്തിന്, മുകുന്ദൻ കൈ യ്യിലിരുന്ന ടാബ് ഉപയോഗിച്ച് മരത്തെ സ്കാൻ ചെയ്തു.
അപരിചിതമായ എന്തിനെയും സ്കാൻ ചെയ്തു മനസ്സിലാക്കിയ ശേഷം മാത്രമാണിപ്പോൾ മനുഷ്യർ പരസ്പരം ഇടപെടുന്നത്. മരമായാലും മൃഗമായാലും മനുഷ്യനായാലും.
മുകുന്ദന് ഉത്തരം വേഗം കിട്ടി.
റികോംമ്പിന്റ് ഡി എൻ എ ടെക്നോളജിയാണു ആൽമരത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
സവിശേഷ സ്വഭാവമുള്ള ഒരു ജീവിയുടെ ഡി എൻ എയിൽ നിന്നു മുറിച്ചെടുക്കുന്ന ജീൻ മറ്റൊരു ജീവിയിൽ ഘടിപ്പിക്കുന്നു. 1986-ൽ കലിഫോർണിയ സർവകലാശാലയിലുണ്ടായിരുന്ന ഡോ. ഡോണൾഡ് ഹെലിൻസ്ക്കിയാണ് ഇതിനു തുടക്കമിട്ടത്. മിന്നാമിനുങ്ങുകൾക്കു സ്വയം പ്രകാശിക്കാൻ ശേഷി നൽകുന്ന ലൂസിഫെറേയ്സ് (Luciferase) എന്ന ജീൻ അവയുടെ ക്രോമസോമിൽനിന്നു വേർതിരിച്ചെടുത്ത് പുകയിലച്ചെടിയിൽ ഘടിപ്പിച്ചു. ജനിതക വ്യതിയാനം വരുത്തിയ പുകയിലച്ചെടിയുടെ ഇലകൾ രാത്രിയിൽ പ്രകാശിക്കുവാൻ തുടങ്ങി. വ്യവസായിക അടിസ്ഥാനത്തിൽ അതിപ്പോൾ നടപ്പിലാക്കുന്നു. അരയാലുകൾ രാത്രിയിൽ ഇങ്ങനെ വെളിച്ചം പൊഴിക്കുന്നു.
ചെറുചിരിയോടെ മുകുന്ദൻ ഡോ. വർമ്മയുടെ ക്ലിനിക്കിലേക്കുള്ള ചവിട്ടുപടി കയറി. മുകുന്ദൻ മുമ്പിലെത്തിയയുടൻ ഡോർ തനിയെ തുറന്നു. ശബ്ദ നിർദേശങ്ങൾ അയാൾക്കു സ്വീകരണമൊരുക്കി. ആളുകളാരുമില്ലാതെ പ്രവർത്തിക്കുന്ന ഹൈടെക് ഓഫീസ്.
ക്ലിനിക്കിനുള്ളിൽ കയറി നിർദിഷ്ട കസേരയിൽ മുകുന്ദൻ ഇരുന്നു.
പെട്ടെന്നു മുമ്പിലെ മോണിറ്റ റിൽ ഡോ. വർമ്മ തെളിഞ്ഞു.
“ഹായ് മുകുന്ദൻ…” “ഹായ് ഡോ. വർമ്മ…” “മുകുന്ദൻ…ഞാനിപ്പോൾ അമേരിക്കയിലാണ്. നൈസ് ടു മീറ്റ് യു.’
ഡോക്ടർ അമേരിക്കയിലും രോഗി ഇങ്ങ് ഇന്ത്യയിലും. എങ്കിലും കൺസൾട്ടിങ് മുഖാമുഖം ഇരുന്ന് ചെയ്യുന്നതുപോലെ. ‘നേരെ വിഷയത്തിലേക്കു വരാം, നിങ്ങളുടെ ബി പി, ബി സി ജി, ബ്ലഡ് കൗണ്ട് സ്, ബയോമെട്രിക്സ് ഇൻപുട്സ് എല്ലാം നിങ്ങൾ വാതിലിലൂടെ കടന്നപ്പോൾ സ്കാൻ ചെയ്തു. റിസൾട്ട് ഞാൻ നോക്കി, പ്രശ്നങ്ങളൊന്നും കാണുന്നില്ലല്ലോ’.
ആമുഖമായി വർമ്മ പറയുന്നത് അതിശയത്തോടെ മുകുന്ദൻ കേട്ടിരുന്നു.
ലോകത്തെ തന്നെ ഏറ്റവും മികച്ച കൺസൾട്ടിങ് മെഡിക്കൽ പ്രാക്ടീഷണറാണ് ഡോ. വർമ്മ. അവിശ്വസിക്കേണ്ട കാര്യമില്ല.
“ഐ ആം റസ്റ്റസ് ഡോക്ടർ. സം ടൈം ഐ ഫീൽ..ടു ഡൈ”
“സ്വയം നശിക്കാൻ.. മരിക്കാൻ തോന്നുന്നു. തലവേദന..ഭാരം. ചിലപ്പോൾ നെഞ്ചുവേദന..ഉറക്കമില്ലാ ത്ത രാത്രികൾ…” ക്ഷുഭിതനായാണു മുകുന്ദൻ ഇതെല്ലാം പറഞ്ഞത്. നിയന്ത്രിക്കാൻ അയാൾക്കു കഴിഞ്ഞില്ല.
ലോകത്തെ ഏറ്റവും മുന്തിയ കമ്പനിയാണ് എ ക്യൂ ടെക്. അതിന്റെ സി ഇ ഒ ആയി അതിവേഗം വളർന്ന മികച്ച ഐ ടി പ്രഫഷണ ലായ മുകുന്ദൻ അഗ്നിപർവതം പോലെ തന്റെ മുമ്പിലിരുന്നു പൊട്ടിയൊഴുകുന്നത് ഡോ. വർമ്മ കണ്ടു.
“ശാന്തമായിരിക്കൂ…എല്ലാം ശരിയാക്കാം” ആശ്വാസ ഭാവത്തിലായിരുന്നു ഡോ. വർമ്മ.
“അനങ്ങാതെ ഇരിക്കൂ ആ ഇലക്ട്രോ മാഗ്‌നറ്റിക് ചെയറിൽ.”
ഡോ. വർമ്മയുടെ സ്വരം മൃദു ലമായിരുന്നു.
“നിങ്ങൾ പറയുന്നതിലും ചിന്തിക്കുന്നതിലും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ എന്റെ യന്ത്രങ്ങൾക്ക് അറിയാം. നിങ്ങളെ, നിങ്ങളെക്കാൾ കൂടുതൽ അവ അറിയുന്നു…” ഡോ. വർമ്മ ചിരിച്ചു.
“ഡോക്ടർ ഞാനെന്താണിപ്പോൾ ചെയ്യേണ്ടത്?”
“ഒന്നും ചെയ്യേണ്ട. വെറുതെയിരുന്നാൽ മതി. നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാവാത്ത നാനോ റോബട്ടുകൾ ഇപ്പോൾ നിങ്ങളുടെ രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും നീന്താൻ തുടങ്ങിക്കഴിഞ്ഞു. നിങ്ങളുടെ ശരീരത്തെ അളന്നുമുറിച്ച സ്‌കാനിങ് റിസൾട്ട് ഉടൻ നിങ്ങളുടെ സ്മാർട്ട് ഫോണിലെത്തും. ഇപ്പോൾ കുറച്ചുസമയം നിങ്ങൾക്കിഷ്ടമുള്ള എന്തെങ്കിലും ചിന്തിച്ചുകൊണ്ട് ഇരുന്നോളൂ.”
ഓഫീസ് കാര്യങ്ങൾ ആദ്യമായി അയാൾ മറക്കാൻ ശ്രമിച്ചു.
ചെറുപ്പക്കാലത്തെ ഓർമ്മകൾ അയാളിലേക്കു വന്നു. സ്കൂളിലേക്കുള്ള യാത്ര. കൂട്ടുകാർക്ക് ഒപ്പമുള്ള കളിചിരികൾ. വായനശാലയിലെ ഒത്തുചേരലുകൾ.
അവധിക്കാലത്തു ബന്ധുവീടുകളിലേക്കുള്ള യാത്ര. മധുര പലഹാരങ്ങളൊരുക്കി കാത്തിരുന്ന അമ്മാവനും അമ്മായിയും. തലയിൽ എണ്ണതേച്ചു കുളിപ്പിക്കുന്ന അവരുടെ സ്നേഹം. ചേർത്തു പിടിച്ചു തരുന്ന ഉമ്മകൾ…
പഠനത്തിൽ മിടുക്കനായിതിനാൽ പെട്ടെന്നാണു മെട്രോ നഗരത്തിലേക്കു പറിച്ചു നട്ടത്. ഒന്നാമനായി പഠിച്ചിറങ്ങിയതിനാൽ ക്യാമ്പസ് സെലക്ഷനിലൂടെ ജോലി കിട്ടി.
അനുപമ…!
ഒപ്പം പഠിച്ചിരുന്ന അനുപമയോട് പ്രണയം. വൈകാതെ അവളുടെ അച്ഛനാണു ആലോചനയുമായി വന്നത്. വിവാഹം അതിവേഗം നടന്നു. ആദ്യദിനങ്ങൾ കുഴപ്പമില്ലായിരുന്നു.
പിന്നെ, ആദ്യം മനസ്സും പിന്നെ ശരീരവും അകന്നു.
അവളെ എത്രമാത്രം സ്നേഹിച്ചിരുന്നു. അവളും…
എന്താകും എനിക്ക് പറ്റിയത്.
അമ്മാവനും അമ്മായിയും കൂടപ്പിറപ്പുകളും അനുപമയും…എല്ലാവരും എന്തിനാവും എന്നെ ഉപേക്ഷിച്ചത്. മുകുന്ദന്റെ കണ്ണുകൾ നിറഞ്ഞു.
‘ഫിനീഷ്ഡ്….’ പരിശോധന കഴിഞ്ഞുവെന്നു യന്ത്രങ്ങൾ മന്ത്രിച്ചു.
ഓർമ്മകളിൽ കുറച്ചുനേരംകൂടി മുഴുകിയിരിക്കാൻ അയാൾ കൊതിച്ചു. ഒത്തിരിനാളായി ശ്രമിച്ചിട്ടും ഈ ചിന്തകളൊന്നും വരുന്നുണ്ടായിരുന്നില്ല.
സ്വിച്ചുകളിൽ നിന്നു മോചിതനായി മുകുന്ദൻ തിരിച്ചിറങ്ങി. ടെഡി അയാളെ വാതിൽ തുറന്നു സ്വീകരിച്ചു. തിരികെ അയാളുടെ അപ്പാർട്ട്മെന്റിലെത്തി.
കിടക്കയിലെത്തി അയാൾ സ്മാർട്ട് ഫോണിലേക്കു തുറിച്ചു നോക്കി.
യേസ്..റിസൾട്ട് എത്തിക്കഴിഞ്ഞു.
എയർ ബബിൾ സിൻഡ്രോം…!
വായിച്ചിട്ടു മുകുന്ദനു ഒന്നും മനസ്സിലായില്ല. എയർ ബബിൾ സിൻഡ്രോം… അത് എന്താവും.?
ഡോ. വർമ്മ തന്നെയായിരുന്നു മുകുന്ദന് അതിനുമാശയം.
മിസ്റ്റർ മുകുന്ദൻ…മറ്റുള്ളവരെ വെട്ടിതോൽപ്പിച്ചു കമ്പിനിയിൽ മികച്ച പ്രകടനം നടത്തി തസ്തികകളിൽ നിങ്ങൾ കുതിച്ചുകയറി. ഇതിനിടെ നിങ്ങൾ ഒരു കാര്യം മറന്നു.
നിങ്ങൾ ഒപ്പിട്ടു നൽകിയതു പ്രകാരം എയർ ബബിൾ ക്യാബിനിലാണു നിങ്ങളുടെ ജീവിതം.
എയർ ബബിൾ ക്യാബിനോ..? മുകുന്ദന് ഒന്നും മനസ്സിലായില്ല.
‘പറയാം ശ്രദ്ധിച്ചു കേട്ടോളൂ…” ഡോ. വർമ്മ തുടർന്നു. ‘കോവിഡ് കാലത്ത് ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയപ്പോൾ കളിക്കാരെ മറ്റുള്ളവരിൽ നിന്നു വേർതിരിച്ചു നിർത്തിയതു എയർ ബബിൾ എന്ന വിദ്യ ഉപയോഗിച്ചാണ്. പരസ്പരം സമ്പർക്കമില്ലാത്ത വാസം. അതുപോലെ നിങ്ങളുടെ കമ്പനി നിങ്ങളെ ഇപ്പോൾ എയർ ബബിൾ ക്യാബിനിൽ ആക്കിയിരിക്കുകയാണ്.’
‘എന്താണത് ..?’
ഇലക്ട്രോ മാഗ്‌നറ്റിക് വേവ്സ് കൊണ്ടുള്ള ഒരു ആവരണം. അതു എപ്പോഴും നിങ്ങളുടെ ചുറ്റുമുണ്ട്. ആ ആവരണം ഒരു ക്യാബിൻ പോലെ നിങ്ങളെ പൊതിഞ്ഞിരിക്കുന്നു.
അത് എന്തിനാണ്..?
നിങ്ങളുടെ കുടുംബം, കൂട്ടുകാർ, ഹോബികൾ, വ്യക്തി ബന്ധങ്ങൾ, ഓർമ്മകൾ ഒന്നും നിങ്ങളെ സ്പർശിക്കാതെ എയർ ബബിൾ ക്യാബിൻ നിങ്ങളെ അകറ്റിനിർത്തും.
അപ്പോൾ നിങ്ങളുടെ സമയം മുഴുവൻ കമ്പനിക്കു ലഭിക്കും. നിങ്ങൾ കമ്പനിക്കാര്യങ്ങളല്ലാതെ മറ്റൊന്നും ചിന്തിക്കില്ല. കുടുംബത്തിനും വ്യക്തി ബന്ധങ്ങൾക്കും നിങ്ങൾ സമയം ചെലവിടേണ്ടി വരുന്നില്ല. കമ്പനിയെ സംബന്ധിച്ച് നിങ്ങളുടെ ഉൽപാദനക്ഷമത പൂർണ്ണമായും ലഭിക്കും.”
“എന്ത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.?”
“അതാണു പുതിയ ലോകം. നിങ്ങൾ പലതും മനസ്സിലാക്കുന്നില്ല, മനസ്സിലാക്കാൻ നിങ്ങളെ അനുവ ദിക്കുന്നില്ല. മുന്തിയ പാക്കേജ് നിങ്ങൾക്കു ഓഫർ ചെയ്തുകൊണ്ടു കമ്പനി നീട്ടിയ ലെറ്ററിനൊപ്പം എയർബബിൾ ക്യാബിനുള്ള സമ്മതപത്രവും നിങ്ങൾ ഒപ്പിട്ടു നൽകി. ശമ്പള പാക്കേജിന്റെ വലുപ്പത്തിൽ നിങ്ങളതു കാണാതെപോയി എന്നുമാത്രം.
“ഞാൻ കണ്ടില്ല… ഡോക്ടർ..
“അതുമാത്രമല്ല, നിങ്ങൾ കാണാത്തത്. ആരും നിങ്ങളെ ഉപേക്ഷിച്ചതല്ല. നിങ്ങളാണ് അനുപമയെയും അമ്മാവനെയും അവരുടെ സ്നേഹത്തെയും നിങ്ങളുടെ ഗ്രാമത്തെയും ഇളംകാറ്റടിക്കുന്ന സായാഹ്നങ്ങളെയുമെല്ലാം ഉപേക്ഷിച്ച് എയർ ബബിൾ ക്യാബിനിൽ കയറിയത്. അവരുടെ അന്വേഷണങ്ങൾ… സ്നേഹചുംബനങ്ങൾ.. നിങ്ങൾക്കായുള്ള കാത്തിരിപ്പ് ഒന്നും നിങ്ങൾ കണ്ടില്ല. സത്യത്തിൽ നിങ്ങളുടെ ജീവിതം നിങ്ങൾ തൂക്കി വിറ്റു. കോർപ്പറേറ്റ് കമ്പനികളുടെ ലാഭത്രാസ്സിൽ നിങ്ങൾ തൂങ്ങിയാടുന്നു.
എന്തു വേണമെന്നു നിങ്ങൾ തീരുമാനിക്കൂ. സാങ്കേതികവിദ്യ നല്ലതാണ്. നന്മയ്ക്കും തിന്മയ്ക്കും ഉപയോഗിക്കപ്പെടുന്നു. തീരുമാനം നിങ്ങളുടേത്. ശരിയായ തീരുമാനം എടുക്കാനുള്ള കഴിവ് അടിയറവച്ചാൽ മനുഷ്യൻ യന്ത്രമാകും. അതു ചെയ്യുന്നില്ലെങ്കിൽ മനുഷ്യനു മനുഷ്യനായി തുടരാം.” ഡോ. വർമ്മ സംഭാഷണം അവസാനിപ്പിച്ചു.
തന്റെ ശീലങ്ങൾ, ആഗ്രഹങ്ങൾ എല്ലാം ഡേറ്റയിലൂടെ ടെക് കമ്പനി മനസ്സിലാക്കി. തന്റെ ഇഷ്ടങ്ങൾ, സമയം ചെലവിടുന്ന പ്രിയമുള്ളവ.. എല്ലാം വെട്ടിയകറ്റി. ഒടുവിൽ, ഒരു കറവപ്പശുവിനെപ്പോലെ തന്നെ എയർ ബബിൾ ക്യാബിനിൽ വളർത്തി. ഓർത്തപ്പോൾ മുകുന്ദനു തല പെരുക്കുന്നതുപോലെ തോന്നി.
ടാബ് തുറന്നു അയാൾ കമ്പനിയിലേക്കു തിടുക്കത്തിൽ ഒരു മെയിൽ ടൈപ്പ് ചെയ്യാൻ ആരംഭിച്ചു. അയാളുടെ ഓവർഹെഡ് ഫോണിൽ എച്ച് ആർ മാനേജരുടെ ശബ്ദം എത്തി.
“നിങ്ങൾ ചെയ്യാൻ പോകുന്നതു മണ്ടത്തരമാണ് മിസ്റ്റർ മുകുന്ദൻ. നിങ്ങളെ കാത്ത് ഇതിലും വലിയ ഓഫറാണു നിൽക്കുന്നത്. അനേകർ കൊതിക്കുന്ന ഒരു പൊസിഷനിലാണ് നിങ്ങളിപ്പോൾ…”
“പ്ലീസ് സ്റ്റോപ്പ്…” എയർ ബബിൾ ക്യാബിനിൽ നിന്നു പുറത്തിറക്കാനുള്ള മെയിൽ അയച്ചശേഷം മുകുന്ദൻ വാതിൽ തുറന്നു. മുട്ടത്തോട് പൊട്ടിച്ചിറങ്ങുന്ന പക്ഷിക്കുഞ്ഞിനെപ്പോലെ പുറത്തിറങ്ങി. ചിലർ അതിശയത്തോടെയും മറ്റു ചിലർ അസൂയയോടെയും അയാളെ നോക്കിനിന്നു.