ആഫ്രിക്കയിലെ ജനങ്ങള്‍ ഏകദേശം 2000 ഭാഷകള്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ ആധുനിക ശാസ്ത്രം അവരിലേക്ക് ഇതുവരെ ഇറങ്ങിച്ചെന്നിട്ടില്ല.
ദക്ഷിണാഫ്രിക്കയിലാകട്ടെ 10 ശതമാനത്തില്‍ താഴെ ആളുകളാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്, എന്നിട്ടും അവിടത്തെ പ്രധാന പഠനമാധ്യമം ഇംഗ്ലീഷാണ്. ആഫ്രിക്കന്‍ ഭാഷകള്‍ രാഷ്ട്രീയം കൈയ്യാളുന്നതിനും സ്പോര്‍ട്ട്സിനുമെല്ലാം ഉതകും. എന്നാല്‍ സയന്‍സ് കൈകാര്യം ചെയ്യുന്നതിന് തീരെ പര്യാപ്തമല്ല. പല സാങ്കേതിക പദങ്ങളുടെയും അര്‍ത്ഥം അവര്‍ക്ക് ഗ്രഹിക്കാനാകുന്നില്ല. രോഗാണു എന്നതിന് അവരുടെ ഭാഷകളില്‍ പറ്റിയ പദമുണ്ട്, എന്നാല്‍ ബാക്ടീരിയയും വൈറസും അവരുടെ ഭാഷയിലില്ല. ഡൈനസോർപോലുമില്ല. ആഫ്രിക്കന്‍ ഭാഷകള്‍ വീടുകളില്‍ ഒതുങ്ങിപ്പോകുന്നു. ബിസിനസ്സിലോ ക്ലാസ്സ് റൂമില്‍ പോലുമോ അവ കാണപ്പെടുന്നില്ല.
പരിസ്ഥിതിസംരക്ഷണത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട് ആഫ്രിക്കക്കാര്‍. എന്നാല്‍ അതുമായി ബന്ധപ്പെട്ട വാക്കുകളെല്ലാം ഇംഗ്ലീഷില്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ നടത്തുന്ന ഇടപെടലുകള്‍ മനസ്സിലാക്കാനോ അതുമായി സഹകരിക്കാനോ ജനങ്ങള്‍ക്ക് കഴിയാതെപോകുന്നു, പദ്ധതികള്‍ വിജയിപ്പിക്കാനാകുന്നില്ല.
ഈ സാഹചര്യത്തിലാണ് സയന്‍സ് അവരുടെ ഭാഷകളില്‍ പകര്‍ന്നുകൊടുക്കാനുള്ള തീവ്ര യത്നത്തില്‍ ഏതാനും സയന്റിസ്റ്റുകള്‍ മുന്നിട്ടിറങ്ങുന്നത്. അതിന്റെ ഭാഗമായി 180 ശാസ്ത്രലേഖനങ്ങള്‍ പ്രധാനപ്പെട്ട 6 ആഫ്രിക്കന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള പരിശ്രമത്തിലാണവർ. ‘സയന്‍സിന്റെ അപകോളനിവല്‍ക്കരണം’ (decolonization of science) എന്നാണ് ഈ പദ്ധതിയുടെ പേര്. ആഫ്രിക്കയിലെ 9.8 കോടി ആളുകള്‍ ഇതിലേതെങ്കിലും ഭാഷ സംസാരിക്കുന്നവരാണ്. ഗണിതം, എന്‍ജിനീയറിംഗ്, സയന്‍സ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ലേഖനങ്ങളാണ് ഇതിലുള്‍പ്പെടുത്തുന്നത്. ആവശ്യമുള്ള വാക്കുകള്‍ കണ്ടെത്തി ഉപയോഗിക്കും. വാക്കുകളുടെ പരിമിതി മറികടക്കുന്നതിന് പലപ്പോഴും പുതിയവ കണ്ടെത്തേണ്ടതായി വരും. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ നാട്ടുകാര്‍ക്ക് എളുപ്പം മനസ്സിലാകാനുതകുന്ന പദങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. അതിനായി ഇംഗ്ലീഷ് വാക്കുകളുടെ ഉല്പത്തി കണ്ടെത്തും. അത് പലപ്പോഴും ഗ്രീക്കോ ലാറ്റിനോ ആകാം. ആ വാക്കിന്റെ അര്‍ത്ഥം കണ്ടെത്തി സമാനമായ പദം ആഫ്രിക്കന്‍ ഭാഷയില്‍ നിന്നുതന്നെ തെരഞ്ഞെടുക്കും. ഉദാഹരണത്തിന് പ്ലാനെറ്റ് എന്ന പദം പുരാതന ഗ്രീക്കില്‍ നിന്നു വന്നതാണ് – പ്ലാനെറ്റെസ്. അതിന്റെ അര്‍ത്ഥം അലഞ്ഞുനടക്കുന്നവന്‍ എന്നാണ്. അതുകൊണ്ട് അത് ‘ഉംഹാമ്പി‘ എന്നാക്കി, ഇസിസൂലു ഭാഷയില്‍ അതിനര്‍ത്ഥം അലഞ്ഞുനടക്കുന്നവന്‍ എന്നുതന്നെയാണ്.
ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് പോലുള്ള സങ്കേതങ്ങളില്‍ അവ ഉപയോഗിക്കും. ഇതിനുവേണ്ടി കഴിഞ്ഞ മൂന്ന് കൊല്ലമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മസാഖാനെ. ‘നാമൊരുിച്ച് പടുത്തുയര്‍ത്തും‘ എന്നാണ് അതിനര്‍ത്ഥം. അതില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദഗ്ദ്ധയാണ് കാതലീന്‍ സിമിന്യു. മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള നാനൂറോളം പ്രവര്‍ത്തകര്‍ ഇതിലുണ്ട്. കൂടുതല്‍ ആഫ്രിക്കന്‍ ഭാഷകളിലെ പദാവലികള്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ലഭ്യമാക്കാനുള്ള നടപടിയുമുണ്ടാകും.
യൂറോപ്പിലും വടക്കേ അമേരിക്കയിലുമുള്ള സര്‍ക്കാരുകളും സേവനരംഗത്തുള്ള ചില സംഘടനകളും ഗൂഗിളും മുന്‍കൈയ്യെടുത്താണ് ഈ സംരംഭം നടപ്പാക്കുന്നത്. ആളുകള്‍ സംസാരിക്കുന്ന ഭാഷകള്‍ ഓണ്‍ലൈന്‍ വേദികളില്‍ ഉപയുക്തമാക്കിയില്ലെങ്കില്‍ കാലക്രമേണ ഇല്ലാതാകാന്‍ ഇടയുണ്ട്. അവരുടെ ഭാഷകളെ മരിക്കാനിടയാക്കരുത് എന്നതാണ് പ്രധാന കാര്യം.
Science in Action -ശാസ്ത്രമെഴുത്ത് ക്യാമ്പയിനിൽ പങ്കെടുത്ത് കൊണ്ട് എഴുതിയത്. #scienceinaction #JoinScienceChain