Read Time:11 Minute

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ വിക്ഷേപിച്ചു. സെപ്റ്റംബർ 2 രാവിലെ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയർന്നത്.

ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എൽ എത്തുക. ഇവിടെനിന്നു തടസ്സമോ മറവോ കൂടാതെ സൂര്യനെ തുടർച്ചയായി വീക്ഷിക്കാനും പഠിക്കാനും കഴിയും.

വിക്ഷേപണം തത്സമയം കാണാം – സെപ്റ്റംബര്‍ 2 , 11.20 am


ആദിത്യ L1 – അറിയേണ്ടതെല്ലാം

2023 സെപ്റ്റംബർ 2 ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ആദിത്യയേയും വഹിച്ചു കൊണ്ട് പി.എസ്.എൽ.വി. (PSLV-XL) കുതിച്ചുയർന്നു.

1500 കിലോഗ്രാം മാസ്സുള്ള ഈ പേടകം മൂന്നു മാസത്തിലധികം നീണ്ടു നില്ക്കുന്ന യാത്രയ്ക്കൊടുവിൽ 2023 ഡിസമ്പറിൽ നിർദ്ദിഷ്ട ലക്ഷ്യത്തിലെത്തും. ഭൂമിയിൽ നിന്നും സൂര്യൻ്റെ നേരെ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ചിയൻ പോയിൻ്റിൻ്റെ (L1) ചുറ്റുമായുള്ള ഒരു ഭ്രമണപഥത്തിലേക്കാണ് ഇതിനെ എത്തിക്കേണ്ടത്. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ആകെ ദൂരത്തിന്റെ ഒരു ശതമാനം മാത്രമാണിത്. എന്നാൽ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിൻ്റെ ഏതാണ്ട് നാലിരട്ടി വരും. അവിടെ അത് ഒരു പ്രത്യേക ഭ്രമണപഥത്തിൽ സൂര്യനെ ഒരു കൃത്രിമഗ്രഹ എന്ന നിലയിൽ ചുറ്റിക്കൊണ്ടിരിക്കും. ഭൂമിയെപ്പോലെ തന്നെ നമ്മുടെ ആദിത്യയും 365 ദിവസം കൊണ്ടാകും സൂര്യനെ കറങ്ങി വരിക. ഇതാണ് L1 പ്രദേശത്ത് അതിനെ എത്തിച്ചതു കൊണ്ടുണ്ടാവുന്ന ഒരു ഗുണം. അതിനാൽ അത് ഒരിക്കലും ഭൂമിയിൽ നിന്നും അധിക ദൂരത്തിലേക്കു നീങ്ങില്ല. ഇത് വാർത്താവിനിമയം എളുപ്പമാക്കും.  ആദിത്യ ഒരിക്കലും ഭൂമിയുടെയോ ചന്ദ്രൻ്റെയോ നിഴലിലേക്ക് പോവില്ല എന്നതിനാൽ വർഷത്തിൽ 365 ദിവസവും രാപകലില്ലാതെ സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കാം എന്ന ഗുണവുമുണ്ട്. ഇതിനെ അതിൻ്റെ ഭ്രമണപഥത്തിൽ നിലനിർത്താൻ ഇടയ്ക്കൊക്കെ കുറച്ച് ഇന്ധനം ഉപയോഗിക്കേണ്ടി വരും. അതിൻ്റെ അളവനുസരിച്ച് ആദിത്യക്ക് ഏതാനും വർഷം പ്രവർത്തനക്ഷമമായിരിക്കാൻ കഴിയേണ്ടതാണ്. അതിൻ്റെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും ഭൂമിയുമായി വാർത്താവിനിമയം നടത്താനുമായുള്ള വൈദ്യുതി അതിലുള്ള സോളാർ പാനലുകൾ നൽകും.

സൂര്യനെക്കുറിച്ചുള്ള പഠനവും ഇന്ത്യയും

നമ്മുടെ സ്വന്തം നക്ഷത്രമായ സൂര്യനെ നന്നായി അറിയുക എന്നത് നമുക്ക് വലിയ താത്പര്യമുള്ള കാര്യമാണ്. സൂര്യനെ പഠിക്കുന്ന കാര്യത്തിൽ ഇന്ത്യക്ക് ഒരു പാരമ്പര്യവും അവകാശപ്പെടാനുണ്ട്. 1899-ൽ സ്ഥാപിക്കപ്പെട്ട കൊഡൈക്കനാൽ സോളാർ ഒബ്സർവേറ്ററിയിൽ തുടർച്ചയായി 124 വർഷമായി സൂര്യനെ നിരീക്ഷിച്ചു വരുന്നു. ഇവിടെ നടത്തിയ പഠനങ്ങളിലൂടെയാണ് സൂര്യകളങ്കങ്ങളിലെ വാതക പ്രവാഹങ്ങളുമായി ബന്ധപ്പെട്ട എവർഷെഡ് പ്രഭാവം കണ്ടെത്തിയത്. അതിൻ്റെ തലപ്പത്ത് ഏറെ വർഷം ഉണ്ടായിരുന്ന ജോൺ എവെർഷെഡിന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. ഗുരുത്വത്തിൻ്റെ ഫലമായി സൂര്യനിൽ നിന്നു വരുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിൽ ഉണ്ടാകാവുന്ന മാറ്റത്തെ സംബന്ധിച്ച് 1915-ൽ തെളിവുകൾ കിട്ടിയതും ഇതേ എവർഷെഡ് കാഷ്മീരിലെത്തി നടത്തിയ പഠനങ്ങളിലൂടെയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഗവേഷണ കേന്ദ്രങ്ങളിൽ ഇത്തരം പഠനങ്ങൾ തുടർന്നു. രാജസ്ഥാനിലെ ഉദയ്‌പൂരിലും ഉത്തരാഖണ്ഡിലെ നൈനിറ്റാലിലുമായി സൂര്യനെ നിരീക്ഷിക്കാനുള്ള വലിയ സംവിധാനങ്ങളുണ്ട്.

എന്തിന് ആദിത്യ ?

സൂര്യനെ ഭൂമിയിൽ നിന്നു വ്യക്തമായി കാണാമല്ലോ? പിന്നെ എന്തിനാണ് വലിയ പണം മുടക്കി ബഹിരാകാശ പേടകമൊക്കെ അയക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. സൂര്യൻ പുറത്തു വിടുന്ന ദൃശ്യപ്രകാശവും താപവികിരണങ്ങളുമാണ് ഭൂമിയിൽ ജീവൻ നിലനിർത്തുന്നത് എന്നു നമുക്കറിയാം. എന്നാൽ ഇവയ്ക്കു പുറമേ ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം (wavelength) കുറഞ്ഞ അൾട്രാവയലറ്റ്, എക്സ് റേ തുടങ്ങിയ തരംഗങ്ങളേയും സൂര്യൻ പുറത്തുവിടുന്നുണ്ട്. ഇവയെ ഭൂമിയുടെ അന്തരീക്ഷം തടഞ്ഞു നിർത്തുന്നു. ഒരു തരത്തിൽ പറഞ്ഞാൽ അതു വളരെ നല്ല കാര്യമാണ്. കാരണം ഇവ നമ്മുടെ ആരോഗ്യത്തിനു നല്ലതല്ല. അതേ സമയം ജ്യോതിശ്ശാസ്ത്രജ്ഞർക്ക് ഇവയെ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ടെലിസ്കോപ്പുകൾ ഉപയോഗിച്ച് നിരീക്ഷിക്കാനുള്ള സാദ്ധ്യത നഷ്ടപ്പെടുകയാണ്. ഇതിനുള്ള ഏക പരിഹാരം ഭൂമിയുടെ അന്തരീക്ഷത്തിനു മുകളിൽ ഉപകരണങ്ങളെത്തിച്ച് പഠനങ്ങൾ നടത്തുകയെന്നതാണ്. ഇന്ത്യ 2015-ൽ വിക്ഷേപിച്ച – ഇപ്പോഴും പ്രവർത്തനക്ഷമമായ – അസ്ട്രോസാറ്റ് ഇത്തരം ഉപകരണങ്ങളും ടെലിസ്കോപ്പുകളും അടങ്ങിയ നിരീക്ഷണ നിലയമാണ്. അതു സൂര്യനെ നിരീക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. ചൂടൻ നക്ഷത്രങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, തമോദ്വാരങ്ങൾ (black holes) തുടങ്ങിയവയെ പഠിക്കുക എന്നതാണ് അതിൻ്റെ ലക്ഷ്യം. എന്നാൽ ആദിത്യ എന്നത് സൂര്യനെ നിരീക്ഷിക്കാൻ ഉദ്ദേശിച്ച് രൂപകല്പന ചെയ്തിട്ടുള്ളതാണ്. സൂര്യനിൽ നിന്ന് വിദ്യുത്കാന്തിക തരംഗങ്ങളെ കൂടാതെ പ്രോട്ടോൺ, ആൽഫാ കണങ്ങൾ തുടങ്ങി വിവിധ തരം ചാർജിത കണങ്ങളും പുറത്തു വരുന്നുണ്ട്. ഇതു കൂടാതെ സൂര്യൻ്റെ കാന്തിക രേഖകളും പഠിക്കാൻ ശാസൂജ്ഞർക്ക് താത്പര്യമുണ്ട്. എന്നാൽ ഇവയെ ഭൂമിയുടെ കാന്തിക മണ്ഡലം കുറച്ചൊക്കെ വഴിതിരിച്ചു വിടും. ആദിത്യ ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയായിരിക്കും. അവിടെ ഭൂമിയുടെ കാന്തിക മണ്ഡലം  പ്രശ്നങ്ങൾ ഉണ്ടാക്കില്ല. ഇതു പ്രയോജനപ്പെടുത്തി അവിടെ നിലവിലുള്ള സൂര്യൻ്റെ കാന്തിക മണ്ഡലത്തെ അളക്കുക എന്നതും ആദിത്യയുടെ ഒരു ലക്ഷ്യമാണ്.

ആദിത്യയിൽ എന്തുണ്ട് ?

ആദിത്യയിൽ പ്രധാനമായും ഏഴു വ്യത്യസ്ത നിരീക്ഷണ ഉപകരണങ്ങളാണുള്ളത്. ഇതിൽ ആദ്യത്തെ നാലെണ്ണം സൂര്യനെ അകലെ നിന്ന് നിരീക്ഷിക്കാനുള്ള വിദൂര സംവേദന (Remote Sensing) ഉപകരണങ്ങളാണ്. അതിലൊന്ന് സൂര്യൻ്റെ പുറം ഭാഗത്തെ കൊറോണയിൽ നിന്നു വരുന്ന ദൃശ്യപ്രകാശം രേഖപെടുത്താനുള്ള കൊറോണ ഗ്രാഫ് (Visible Emission Line Coronagraph – VELC) ആണ്. ഭൂമിയിൽ നിന്നു സൂര്യനെ നോക്കുമ്പോൾ നാം കാണുന്ന ഭാഗം ഫോട്ടോസ്ഫിയർ. അതിൻ്റെ ചുറ്റുമുള്ള ഭാഗമാണ് കൊറോണ. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യൻ്റെ ഉജ്വല പ്രഭയാൽ കൊറോണ നമുക്കു സാധാരണ സന്ദർഭങ്ങളിൽ കാണാൻ കഴിയില്ല. പൂർണ സൂര്യഗ്രഹണം നടക്കുന്ന അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ് ഇതു വ്യക്തമായി കാണാൻ കഴിയുക. എന്നാൽ ബഹിരാകാശത്ത് സൂര്യബിംബത്തെ ഒരു മറ കൊണ്ട് അദൃശ്യമാക്കിയാൽ കൊറോണ ദൃശ്യമാകും ഇതാണ് കൊറോണഗ്രാഫിലെ സൂത്രം.

സൂര്യൻ്റെ ചിത്രം അൾട്രാവയലറ്റ് പ്രകാശം ഉപയോഗിച്ച് പകർത്താനുദ്ദേശിച്ച് രൂപകല്പന ചെയ്തിട്ടുള്ള ടെലിസ്കോപ്പ് (Solar Ultraviolet Imaging Telescope – SUIT) ആണ് ഇതിലെ മറ്റൊരു ഉപകരണം. പൂനെയിലെ ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സിലെ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. എ. എൻ. രാമ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന്റെ ശില്പികൾ. സൂര്യനിൽ നിന്നു വരുന്ന ഊർജം കുറഞ്ഞതും കൂടിയതുമായ എക്സ്-റേ കളെക്കുറിച്ച് പഠിക്കാനുള്ള രണ്ടു സ്പെക്ട്രോമീറ്ററുകളും (Solar Low Energy X-ray Spectrometer – SoLEXS, High Energy L1 Orbiting X-ray Spectrometer – HEL1OS) ആദിത്യയിലുണ്ട്.

ഈ നാല് ഉപകരണങ്ങൾക്കു പുറമേ സൂര്യനിൽ നിന്നു വരുന്ന കണങ്ങളെ നിരീക്ഷിക്കാനുള്ള രണ്ട് ഉപകരണങ്ങളും (Aditya Solar wind Particle Experiment – ASPEX, Plasma Analyser Package for Aditya -PAPA) കാന്തികക്ഷേത്രം അളക്കാനുള്ള ഒരു മാഗ്നെറ്റോ മീറ്ററും (Advanced Triaxial High Resolution Digital Magnetometer) ഇതിലുണ്ട്. ഇവയിൽ പലതും സൂര്യനെ നിരീക്ഷിച്ചിട്ടുള്ളവരൊന്നും ഇതുവരെയും പരീക്ഷിക്കാത്ത സംവിധാനങ്ങളാണ്.  ശാസ്ത്രലോകത്തിനു മുഴുവൻ ആദിത്യയിലെ ഉപകരണങ്ങളുടെ നിരീക്ഷണങ്ങൾ മുതൽകൂട്ടാകുമെന്നു കരുതുന്നു. ഈ ഉപകരണങ്ങളെല്ലാം ഇന്ത്യയിൽ രൂപകല്പന ചെയ്ത് നിർമ്മിച്ചവയാണെന്നത് അഭിമാനകരമായ ഒരു കാര്യമാണ്. ഈ സംരംഭം ഗംഭീരവിജയമാകട്ടെ എന്നു നമുക്ക് ആശംസിക്കാം.

തയ്യാറാക്കിയത് : ഡോ.എൻ.ഷാജി


ADITYA MISSION BOOKLET


മറ്റു ലേഖനങ്ങൾ

Happy
Happy
73 %
Sad
Sad
0 %
Excited
Excited
10 %
Sleepy
Sleepy
3 %
Angry
Angry
3 %
Surprise
Surprise
13 %

One thought on “ആദിത്യ L1 – അറിയേണ്ടതെല്ലാം

Leave a Reply

Previous post സൗര ശ്വാനന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടോ?
Next post ഹാലോ – സൂര്യന് ചുറ്റും പ്രകാശവലയം
Close