കമ്പ്യൂട്ടറിന്റെ ചരിത്രത്തില്‍ഏറെ പ്രധാന്യമുള്ള വനിതയായ അഡ അഗസ്റ്റ കിംഗിന്റെ അനുസ്മരണ ദിനമാണ് നവംബര്‍ 27. ചാള്‍സ് ബാബേജിന്റെ അനലറ്റികല്‍ എഞ്ചിന്റെ രൂപരേഖ തയ്യാറാക്കാന്‍ സഹായിച്ചതും ബാബേജിന്‍റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി പരിഗണിക്കപ്പെടുന്നത് ലേഡി അഡയാണ്.
ആന്‍ ഇസബെല്ല ബൈറന്റെയും പ്രശസ്ത കവി ബൈറന്‍ പ്രഭുവിന്റെയും പുത്രിയായി 1815 ഡിസംബര്‍ 10-നു അഡ അഗസ്റ്റ കിംഗ് ജനിച്ചു. ആണ്‍കുട്ടി ജനിക്കണം എന്ന ആഗ്രഹിച്ച ബൈറന്‍ ഒരു പെണ്‍കുട്ടി പിറന്നതില്‍ നിരാശനായിരുന്നു. ഏകദേശം 4 മാസങ്ങള്‍ക്ക് ശേഷം ബൈറന്‍ അവരെ ഉപേക്ഷിച്ച് ഇംഗ്ലണ്ടില്‍നിന്ന് യാത്ര തിരിച്ചു. ഗ്രീസില്‍ വച്ച് അദ്ദേഹം മരണപ്പെട്ടു ചെയ്തു. അന്ന് അഡയ്ക്ക് 8 വയസ്സായിരുന്നു. അച്ഛന്റെ ഭ്രാന്തന്‍ കവിതാജീവിതത്തിലേക്ക് തന്റെ മകള്‍ കടക്കുന്നതില്‍ അമ്മയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. അവര്‍ അഡയ്ക്ക് കണക്കിലും ശാസ്ത്രത്തിലും പ്രത്യേകം അധ്യാപകരെ ഏര്‍പ്പെടുത്തി. സാമൂഹ്യ പരിഷ്ക്കര്‍ത്താവായിരുന്ന വില്യം ഫ്രെന്‍ഡ്, കുടുംബ ഡോക്ടര്‍ ആയിരുന്ന വില്യം കിംഗ്, സ്കോട്ട് ലാന്റുകാരിയായ ഗണിതശാസ്ത്രജ്ഞയും വാനശാസ്ത്രജ്ഞയുമായ മറി സൊമര്‍വില്ലെ തുടങ്ങിയവര്‍ അഡയുടെ അദ്ധ്യാപകരായിരുന്നു.
1833 ല്‍ അതായത് 17ആം വയസ്സില്‍ ആണ് അഡ, ചാള്‍സ് ബാബേജിനെ ഇരുവരുടെയും സുഹൃത്തായ മറി സൊമര്‍വില്ലെ വഴി പരിചയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെ പിതാവായി ഇന്ന് കണക്കാക്കപ്പെടുന്ന ബാബേജ് കേംബ്രിഡ്ജ് യൂണിവേസിറ്റിയിലെ ഒരു ഗണിതശാസ്ത്ര പ്രൊഫസറായിരുന്നു. ബാബേജ് തന്റെ ഡിഫെറെന്‍സ് എഞ്ചിന്‍ എന്ന ഗണിതക്രിയകള്‍ ചെയ്യാന്‍ സഹായിക്കുന്ന യന്ത്രത്തെ പറ്റിയുള്ള ആശയം അഡയുമായി പങ്കുവച്ചു. ബാബേജ് അതിന്റെ പ്രാരംഭ രൂപം കാണുന്നതിന് അഡയെ ക്ഷണിച്ചു. അഡ അതില്‍ അത്യന്തം ആകൃഷ്ടയായി. ബാബേജ് അഡയ്ക്ക് ഒരു സുഹൃത്തും വഴികാട്ടിയുമായി മാറി. ബാബേജ് വഴി ലണ്ടന്‍ യൂനിവേര്‍സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായ അഗസ്ടസ് ഡീ മോര്‍ഗനെ അഡ പരിചയപ്പെടുകയും അദ്ദേഹത്തില്‍ നിന്ന് ഗണിതശാസ്ത്ര തുടര്‍പഠനത്തിന് സഹായം ലഭിക്കുകയും ചെയ്തു.
1835 ജൂലൈ 8ന് ലവ്ലേസ് പ്രഭുവുമായിള്ള വിവാഹശേഷം ബാബേജുമൊത്തുള്ള ഗവേഷണപ്രവര്‍ത്തനം ഒരു പരിധിവരെ അവസാനിച്ചെങ്കിലും കത്തുകള്‍ വഴി അവര്‍ ആശയവിനിമയം നടത്തിവന്നു. ബാബേജ് 1837 ല്‍ ആയിരുന്നു അനലറ്റിക്കല്‍ എഞ്ചിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. ഡിഫെറെന്‍സ് എഞ്ചിനേക്കാള്‍ സങ്കീര്‍ണമായ ക്രിയ്യകള്‍ ചെയ്യാന്‍ കെല്പ്പുള്ളതായിരുന്നു ഈ അനലറ്റിക്കല്‍ എഞ്ചിന്‍.
അതില്‍ പ്രവര്‍ത്തനകേന്ദ്രമായ (CPU) മില്‍, പഞ്ച്ഡ് കാര്‍ഡുകള്‍ കൊണ്ടുള്ളട സ്ടോര്‍ എന്ന പേരില്‍ ഒരു മെമ്മറി ഭാഗവും വിഭാവനം ചെയ്തിരുനു. ഇറ്റാലിയന്‍ എഞ്ചിനീയറായ ലുയിഗി ഫെഡെരികൊ മെനബ്രിയ (Luigi Federico Menabrea) യുടെ അനലറ്റിക്കല്‍ എഞ്ചിനെപ്പറ്റി എഴുതിയ കുറിപ്പുകള്‍ തര്‍ജജമ ചെയ്യാന്‍ ബാബേജ് ആവശ്യപ്പെട്ടതനുസരിച്ച് അഡ ആ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയുണ്ടായി. 9 മാസങ്ങള്‍ക്ക് ശേഷം ഈ തര്‍ജ്ജമ കൈമാറിയപ്പോള്‍ അതില്‍ തന്റേതായ ചില കുറിപ്പുകള്‍ കൂടി ലവ്ലേസ് ചേര്‍ത്തിരുന്നു.
ബാബേജിന്റെ ചില പിഴവുകള്‍ തിരുത്തുന്നതിനോടൊപ്പം പുതിയ യന്ത്രം ഉപയോഗിച്ച് ബെര്‍ണുള്ളീ നമ്പറുകള്‍ എന്നറിയപ്പെടുന്ന സംഖ്യാശ്രേണീ നിര്‍മിക്കാം എന്നും അഡ കണ്ടെത്തി. ചിത്രങ്ങളൂം ചാര്‍ട്ടുകളും ഉപയോഗിച്ച് അത് എങ്ങിനെയെന്ന് അവര്‍ വിശദീകരിക്കുകയും ചെയ്തു. ആദ്യത്തെ കമ്പ്യൂട്ടര്‍ അല്‍ഗോരിതമായി ഇതിനെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറെന്ന് അഡയെ വിശേഷിപ്പിക്കുന്നവരുമുണ്ട്.
ബാബേജിന്റെ അനലറ്റിക്കല്‍ എഞ്ചിന്‍ പക്ഷേ നിര്‍മിക്കപ്പെട്ടില്ല. ലവ്ലേസിന്റെ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ശാസ്ത്രസമൂഹത്തില്‍ അവ വന്‍തോതില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രശസ്ത ശാസ്ത്രജ്ഞനായ മൈക്കല്‍ ഫാരഡെ താന്‍ അഡയുടെയുടെ ആരാധകനായി എന്ന് പറയുകയുണ്ടായി. 1852 ല്‍, 36ആം വയസ്സില്‍ അഡ ലവ്ലേസ്, കാന്‍സര്‍ ബാധിതയായി ഈ ലോകത്തോട് വിട പറഞ്ഞു. ലവ്ലേസിന്റെ ആഗ്രഹപ്രകാരം ഇംഗ്ലണ്ടിലെ നോട്ടിംഹാമിലെ സെന്റ് മേരി ദേവാലയത്തില്‍ ലോര്‍ഡ് ബൈറന്റെ കുഴിമാടത്തിന് സമീപം തന്നെ അവരെ അടക്കി. അവരുടെ കുറിപ്പുകള്‍ പുനഃപ്രസിദ്ധീകരിക്കപ്പെടുന്നതിനും ആധുനീക കമ്പ്യൂട്ടറുകള്‍ നിര്‍മിച്ചുതുടങ്ങുന്നതിനും വീണ്ടും ഏകദേശം 100 വര്‍ഷങ്ങള്‍ വരെ എടുത്തു. ബാബേജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അഡ ലവ്ലേസ് സംഖ്യാമാന്ത്രികയായിരുന്നു. ആദ്യകാല പ്രോഗ്രാമിംഗ് ഭാഷയായ അഡ (ADA) ഇവരുടെ ഓര്‍മ്മയ്ക്കായി നാമകരണം ചെയ്യപ്പെട്ടു.
അനലറ്റിക്കല്‍ എഞ്ചിനെക്കുറിച്ച് അഡ പറഞ്ഞ ചില വാചകങ്ങള്‍:
“ഒരു നെയ്ത്ത് യന്ത്രം ഇലകളും പൂക്കളും തുണിയില്‍ നെയ്യുന്നത് പോലെയാണ് അനലറ്റിക്കല്‍ എഞ്ചിന്‍ ബീജഗണിത ക്രമവിന്യാസങ്ങള്‍ നെയ്യുന്നത്.”
“ഗണിതശാസ്ത്രത്തില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തവര്‍ കരുതും, അനലറ്റിക്കല്‍ എഞ്ചിന്റെ ലക്ഷ്യം ഉത്തരങ്ങള്‍ അക്കങ്ങളുടെ രൂപത്തില്‍ നല്‍കുന്നതാണ്, ആയതിനാല്‍ ബീജഗണിതപരവും വിശ്ലേഷണ സംബന്ധിയായതുമല്ല അതിന്റെ പ്രവര്‍ത്തനം എന്നും, സംഖ്യകളും ഗണനക്രിയ്യകളും ഉപയോഗിച്ചുള്ളതുമാണെന്നും കരുതും, അത് തെറ്റാണ്. ഈ എഞ്ചിന് അക്ഷരങ്ങളെയും സാമാന്യ ചിഹ്നരൂപങ്ങളെയും ചെയ്യുന്നത് പോലെ സംഖ്യകളെ വിന്യസിക്കാനും കൂട്ടിച്ചേര്‍ക്കുവാനും കഴിയും. ഒരുപക്ഷേ, വേണ്ടവിധം സജ്ജീകരണങ്ങള്‍ ഉണ്ടെങ്കില്‍ ഉത്തരം ബീജഗണിഛിഹ്നങ്ങളിലും ഇതിനു നല്‍കാനാവും.”
അവലംബങ്ങള്‍
[1] ജീവചരിത്രക്കുറിപ്പ്http://www.biography.com/people/ada-lovelace-20825323 [2] അഡ ലവ്ലേസിന്റെ അനലറ്റിക്കല്‍ എഞ്ചിനെപ്പറ്റിയുള്ള കുറിപ്പുകള്‍
http://www.fourmilab.ch/babbage/sketch.html [divider] [author ]തയ്യാറാക്കിയത് : Abida Rahman
[email protected][/author]