2023 – ലെ ആബെൽ പുരസ്കാരത്തിന് പ്രസിദ്ധ ഗണിതജ്ഞൻ ലൂയിസ് കഫറെലി (Louis Kafferelli) അർഹനായിരിക്കുന്നു. അർജന്റീനക്കാരനായ ഇദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ടെക്സാസ് സർവ്വകലാശാലയിലാണ്. ഒരു ലാറ്റിനമേരിക്കൻ നാട്ടുകാരന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.
നോബെൽ സമ്മാനത്തിന്റെ ചുവടുപിടിച്ച് നോർവേയിലെ നോർവിജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സ് ആണ് ഇതു നൽകുന്നത്. ഗണിതശാസ്ത്രത്തിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്കാരം. 19-ാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് ജീവിച്ചിരുന്ന, 27-ാം വയസ്സിൽ അന്തരിച്ച, പ്രശസ്ത ഗണിതജ്ഞൻ നീൽസ് ഹെൻറിക് ആബെലിന്റെ (Niels Henrik Abel) പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ പുരസ്കാരം 2003 മുതൽ നൽകപ്പെടുന്നു. 2007-ൽ ഇന്ത്യൻ വംശജനായ ശ്രീനിവാസ വരദനു ഇതു ലഭിച്ചിട്ടുണ്ട്. 75 ലക്ഷം നോർവീജിയൻ ക്രോണെ (ഏകദേശം 6 കോടി ഇന്ത്യൻ രൂപ) യാണ് സമ്മാനത്തുക.
1948 ൽ അർജന്റീനയിൽ ബ്യൂണസ് അയേഴ്സിൽ ജനിച്ചു വളർന്ന ലൂയിസ് കഫറെലി അവിടുത്തെ സർവ്വകലാശാലയിൽ നിന്ന് ഗണിതത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം അമേരിക്കയിൽ (USA) ഗവേഷണം തുടർന്നു. ഇപ്പോൾ 74ാം വയസ്സിലും ഗവേഷണത്തിൽ സജീവമാണ്. വിദ്യാർത്ഥികളെ ഗണിത ഗവേഷണത്തിൽ ഗൈഡു ചെയ്യുന്നതിലും സഹപ്രവർത്തകരോടൊപ്പം ഒരുമിച്ചു പ്രവർത്തിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന കഫറെലി ഇതിനകം 130-ലധികം പേരോടൊപ്പം ഗവേഷണം നടത്തിയിട്ടുണ്ട്. 320-ലധികം ഗവേ ഷണ പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കഫറെലിയുടെ ഗവേഷണ ഫലങ്ങൾ 19000 തവണ മറ്റുള്ളവർ അവരുടെ ഗവേഷണത്തിന് ആധാരമാക്കിയതായി (citations) കണക്കുകൾ ഉണ്ട്. സന്ദർശിക്കാം – https://abelprize.no/