Read Time:21 Minute

വേട്ടക്കാരൻ, ചിങ്ങം, സപ്ത‍ർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും 2024 ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളാണ്. ലൈറിഡ്സ് ഉൽക്കാവർഷവും നിഴലില്ലാദിനവും ഈ മാസമാണ്.

പ്രധാന നക്ഷത്രങ്ങളും താരാഗണങ്ങങ്ങളും.

സൗരരാശികള്‍

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി എന്നീ സൗരരാശികളെ ഏപ്രിലില്‍ നിരീക്ഷിക്കാൻ സാധിക്കും. ക്രാന്തിപഥത്തിലായാണ് ഇവയെ കാണാൻ കഴിയുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തിപഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു് ചുറ്റുമുള്ള സാങ്കല്പിക വളയമാണ് രാശിചക്രം (Zodiac). രാശിചക്രത്തെ 12 സമഭാഗങ്ങളാക്കി, ഓരോന്നിനും അവിടെയുള്ള ഓരോ നക്ഷത്രഗണത്തിന്റെ പേരു നൽകിയിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നിരീക്ഷിക്കാനാകും.

ഇടവം (Taurus)

ഏപ്രിൽ സന്ധ്യയ്ക്ക്, പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും 15°-45° മുകളിലായാണ് ഇടവത്തിനെ (Taurus) കാണാനാകുക. പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 30° മുകളിലായി കാണുന്ന തിളക്കമുള്ള ചുവന്ന നക്ഷത്രവും അതിനു മുകളിൽ (അല്പം വടക്കുകിഴക്കായി) കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ഉള്‍പ്പെടുന്ന രാശിയാണിത്. ഒരു കാളയുടെ ആകൃതിയാണ് ഇടവത്തിനു സങ്കല്പിച്ചിട്ടുള്ളത്. കാളയുടെ കണ്ണിന്റെ സ്ഥാനത്താണ് ബ്രഹ്മഹൃദയം (Aldebaran) എന്നുപേരുള്ള ചുവന്ന നക്ഷത്രമുള്ളത്. ബ്രഹ്മഹൃദയവും അതിനടുത്തുള്ള നക്ഷത്രങ്ങളും ചേർന്ന് V എന്ന ആകൃതിയിൽ ഒരു നക്ഷത്രക്കൂട്ടത്തെ കാണാം. ഇതാണ് ചാന്ദ്രഗണമായ രോഹിണി. രോഹിണിയും അതിനു മുകളിൽ കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് ഇടവം എന്നും പറയാം.

മിഥുനം (Gemini)

ശീർഷബിന്ദുവിൽനിന്നും ഏകദേശം 20°-30°വടക്ക്-പടിഞ്ഞാറായി തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളെ കാണാം. ഇതിൽ വടക്കുപടിഞ്ഞാറായുള്ളത് കാസ്റ്ററും (Castor) തെക്കുകിഴക്കായുള്ളത് പോളക്സും (Pollux) ആണ്. കാസ്റ്ററും പോളക്സും പ്രധാന നക്ഷത്രങ്ങളായി വരുന്ന നക്ഷത്രഗണമാണ് മിഥുനം (Gemini). ഏവർക്കും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വേട്ടക്കാരൻ(Orion) നക്ഷത്രഗണത്തിന്റെ വടക്കുകിഴക്കായണ് മിഥുനത്തിന്റെ സ്ഥാനം. ഇരട്ടകളുടെയോ യുവ മിഥുനങ്ങളുടെയോ മിഥുനത്തിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

കർക്കിടകം (Cancer)

ശീർഷബിന്ദുവിനോട് ചേർന്ന് 20°തെക്കുവരെ വ്യാപിച്ചുകിടക്കുന്ന മങ്ങിയ ഒരുകൂട്ടം നക്ഷത്രങ്ങൾ ചേർന്നതാണ് കര്‍ക്കിടക (Cancer) രാശി. തെളിഞ്ഞ നക്ഷത്രങ്ങളൊന്നും തന്നെ ഈ രാശിയിലില്ല. മിഥുനം, ലഘുലുബ്ധകൻ (Canis Minor) എന്നീ നക്ഷത്രഗണങ്ങൾക്ക് മധ്യത്തിൽ നിന്നും അല്പം കിഴക്ക്മാറി നോക്കിയാൽ കർക്കിടകത്തിലെ മങ്ങിയ നാലു നക്ഷത്രങ്ങളെ നല്ല ഇരുട്ടുള്ള രാത്രിയിൽ തിരിച്ചറിയാം. ഞണ്ടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന നക്ഷത്രരാശിയാണ് കർക്കിടകം.

നമ്മളുടെ തലയ്ക്കു നേരെ മുകളിലായി ആകാശത്തുള്ള സ്ഥാനമാണ് ശീർഷബിന്ദു (Zenith)

ചിങ്ങം (Leo)

ശീർഷബിന്ദുവിൽ നി നിന്നും 15° മുതൽ 40° വരെ കിഴക്കുമാറി സന്ധ്യയ്ക്ക് ചിങ്ങം (Leo) രാശിയെ കാണാനാകും. ചിങ്ങം രാശിയുടെ തലഭാഗത്ത്, അരിവാൾ പോലെ (ചോദ്യചിഹ്നം പോലെ) തോന്നിക്കുന്ന നക്ഷത്രക്കൂട്ടത്തിൽ ഏറ്റവും തെക്കുഭാഗത്തായി കാണുന്ന റെഗ്യുലസ് (Regulus) ആണ് ചിങ്ങത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം. റെഗുലസും അതോടു ചേര്‍ന്ന് തോൾ ഭാഗത്തുള്ള നക്ഷത്രവും ചേര്‍ന്നതാണ് മകം എന്ന ചാന്ദ്രഗണം. കാലിന്റെയും അരക്കെട്ടിന്റെയും ഭാഗത്തുള്ള രണ്ടു നക്ഷത്രങ്ങൾ ചേര്‍ന്നത് പൂരവും വാൽ ഭാഗത്തുള്ള നക്ഷത്രം ഉത്രവും (Denebola) ആണ്.

കന്നി (Virgo)

കിഴക്കെ ചക്രവാളത്തിൽ നിന്നും ആരംഭിച്ച് 40° വരെ മുകളിലായി ഈ മാസം കന്നിരാശി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര അഥവ ചിത്തിര (Spica) ആണ്. മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര അഥവാ ചിത്തിര.

മറ്റു താരാഗണങ്ങൾ

ശബരൻ എന്ന വേട്ടക്കാരൻ (Orion)

ഏപ്രിലെ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്ര സമൂഹമാണ് ശബരൻ എന്ന വേട്ടക്കാരന്‍. സന്ധ്യയ്ക്ക് ശീർഷബിന്ദുവിനും പടിഞ്ഞാറെ ചക്രവാളത്തിനും മദ്ധ്യത്തിലായാണ് വേട്ടക്കാരന്റെ സ്ഥാനം. ഖഗോള മദ്ധ്യ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗണത്തിന് ബാബിലോണിയൻ-ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റെ (Orion the Hunter) രൂപമാണുള്ളത്. ഇന്ത്യൻ പേര് ശബരൻ.

മുകളിലെ ചാർട്ടിൽ വേട്ടക്കാരനെ കാണിച്ചിരിക്കുന്ന ഭാഗത്തേക്ക് സന്ധ്യക്ക് നോക്കുക. ഒരു ചതുര്‍ഭുജത്തിന്റെ നാല് കോണുകളിൽ സ്ഥാപിച്ചവ എന്നപോലെ നാലു നക്ഷത്രങ്ങളെ കാണാം. ഇതിൽ വടക്ക് കിഴക്കായി കാണുന്ന ചുമപ്പ് നിറത്തിലുള്ള നക്ഷത്രമാണ് തിരുവാതിര (Betelgeuse). വടക്ക് പടിഞ്ഞാറായി കാണുന്ന നീല നക്ഷത്രം ബെല്ലാട്രിക്സാണ് (Bellatrix). തിരുവാതിരയും ബെല്ലാട്രിക്സും വേട്ടക്കാരന്റെ തോളുഭാഗത്തായാണുള്ളത്. ചതുർഭുജത്തിന്റെ തെക്കുഭാഗത്ത്, കാൽ മുട്ടിന്റെ ഭാഗത്തുള്ള നക്ഷത്രങ്ങൾ റിഗലും (Rigel) സെയ്ഫും (Saiph) ആണ്. പടിഞ്ഞാറുള്ളത് റിഗലും കിഴക്കുള്ളത് സെയ്ഫും. ഈ ചതുര്‍ഭുജത്തിന്റെ മദ്ധ്യത്തിലായി, ഒരു വരിയിൽ എന്നപോലെ, തിളക്കമുള്ള മൂന്ന് നക്ഷത്രങ്ങളുണ്ട്. ഇവയെ വേട്ടക്കാരന്റെ അരപ്പട്ടയായി (belt) സങ്കല്പിച്ചിരിക്കുന്നു. മിന്താക (Mintaka), അൽനിനം (Alninam), അൽനിനാക് (alninak) എന്നിവയാണ് അരപ്പട്ടയിലെ നക്ഷത്രങ്ങൾ (യഥാക്രമം പടിഞ്ഞാറുനിന്നും കിഴക്കോട്ട്). തിരുവാതിര-ബല്ലാട്രിക്സ് നക്ഷത്രങ്ങളുടെ മദ്ധ്യത്തിൽനിന്നും അല്പം വടക്ക് മാറി തിളക്കം കുറഞ്ഞ മൂന്ന് നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്ന നിലയിൽ കാണുന്നു. ഇതാണ് മകയിരം എന്ന ചാന്ദ്രഗണം (ചിത്രം നോക്കുക). അരപ്പട്ടയിലെ മധ്യനക്ഷത്രത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളായി സങ്കല്പിച്ചിരിക്കുന്നു. ഒറൈൻ, ഓട്ടക്കാരൻ (Running Man Nebula) എന്നീ നെബുലകൾ ഈ ഭാഗത്ത് കാണാം. വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും.

ഓറിയോണ്‍ – ഒരു വഴികാട്ടി

വേട്ടക്കാരന്റെ ബെല്‍റ്റിൽ നിന്നും വടക്കു പടിഞ്ഞാറേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് രോഹിണിയിലും തുട‍ർന്നു കാര്‍ത്തികയിലും എത്തും. ബെൽറ്റിൽ നിന്നും തെക്കുകിഴക്കു ദിശയിലേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് സിറിയസ് എന്ന നക്ഷത്രത്തിലേക്ക് നീളും.

ബൃഹച്ഛ്വാനം (Canis Major)

സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഭയോടെ കാണപ്പെടുന്ന നക്ഷത്രമായ സിറിയസ് (Sirius – രുദ്രൻ) ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമാണ് ബൃഹച്ഛ്വാനം അഥവ ബൃഹദ് ശ്വാനൻ (Canis Major). വേട്ടക്കാരന് തെക്കു കിഴക്കായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ്. ഏപ്രിൽ സന്ധ്യക്ക് ശീർഷബിന്ദുവിൽ നിന്നും 40°തെക്കുപടിഞ്ഞാറായി സിറിയസ്സിനെ കാണാം. രോഹിണിയിലെ ചുവന്ന നക്ഷത്രവും വേട്ടക്കാരന്റെ ബെല്‍റ്റും ചേര്‍ത്ത് ഒരു രേഖ സങ്കല്പിച്ച് അത് തെക്കുകിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ സിറിയസിനെ കണ്ടെത്താം (മുകളിലെ ചിത്രം നോക്കുക).

ലഘുലുബ്ധകൻ (Canis Minor)

തിരുവാതിരയ്ക്ക് കിഴക്കായി, സിരിയസ്സിനു വടക്കായി തിളക്കമേറിയ ഒരു നക്ഷത്രത്തെയും ഒപ്പം തിളക്കം കുറഞ്ഞ ഒരു നക്ഷത്രത്തെയും കാണാം. ഇവ ചേർന്നുണ്ടാകുന്ന നക്ഷത്രഗണമാണ് ലഘുലുബ്ധകൻ (Canis Minor). ഇതിലെ തിളക്കമേറിയ നക്ഷത്രം പ്രോസിയോണും (Procyon) തിളക്കം കുറഞ്ഞ നക്ഷത്രം ഗൊമൈസയും (Gomeisa) ആണ്.

കാര്‍ത്തിക (Pleiades)

വേട്ടക്കാരന്റെ ബെല്‍റ്റ്, രോഹിണി എന്നിവ യോജിപ്പിച്ച് സങ്കല്‍പ്പിക്കുന്ന രേഖ വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ മുന്തിരിക്കുലപോലെയുള്ള നക്ഷത്രങ്ങളുടെ ഒരുകൂട്ടം കാണാം. ഏഴോ എട്ടോ നക്ഷത്രങ്ങളെ ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. ഈ നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക (Pleiades / seven sisters). ഇതൊരു തുറന്ന താരവ്യൂഹം (Open cluster) ആണ്.

ഒരു ഭീമൻ തന്മാത്രാ മേഘത്തിൽ നിന്ന് ഏതാണ്ട് ഒരേ കാലത്ത് രൂപം കൊണ്ട നക്ഷത്രങ്ങളുടെ കൂട്ടമാണ് തുറന്ന താരവ്യൂഹം.

പ്രാജിത (Auriga)

വേട്ടക്കാരന്റെ നേരേ വടക്കായി വിഷമ ഷഡ്ഭുജാകൃതിയിൽ 6 നക്ഷത്രങ്ങളും ഉള്ളിലായി ഒരു നക്ഷത്രവും ചേര്‍ന്ന നക്ഷത്രഗണമാണ് പ്രാജിത (Auriga). അതിലെ ഏറെ പ്രഭയുള്ള നക്ഷത്രമാണ് ഷഡാസ്യൻ (Capella).

സപ്തർഷിമണ്ഡലം (Ursa Major)

സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും
സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും

വടക്കേ ചക്രവാളത്തിൽ നിരീക്ഷിക്കാൻ സാധിക്കുന്ന പ്രധാന താരാഗണമാണ് സപ്തർഷിമണ്ഡലം (വലിയ കരടി / Big Bear / Big dipper). ഏപ്രിൽ മാസത്തിലെ സന്ധ്യയ്ക്ക് ഇത് വടക്കുകിഴക്കെ ചക്രവാളത്തിൽ നിന്നും 15°-55° മുകളിലായി കാണപ്പെടും. സപ്തര്‍ഷി മണ്ഡലത്തിലെ തിളക്കമേറിയ ഏഴു നക്ഷത്രങ്ങള്‍ ഒരു തവിയുടെ (dipper) ആകൃതിയിൽ കാണപ്പെടുന്നു. ഇവയുടെ പേരുകൾ യഥാക്രമം ക്രതു (Dubhe), പുലഹൻ (Merkel), പുലസ്ത്യൻ (Phecda), അത്രി (Megrez), ആംഗിരസ് (Alioth), വസിസ്ഠൻ (Mizar), മരീചി (Benetnasch) എന്നിവയാണ്.

  • സപ്തർഷികളിലെ പുലഹൻ, ക്രതു എന്നീ നക്ഷത്രങ്ങളെ ചേർത്ത് ഒരു രേഖ സങ്കല്പിച്ച് നീട്ടിയാൽ അത് ധ്രുവനക്ഷത്രത്തിൽ എത്തും.
  • അത്രി, പുലസ്ത്യൻ എന്നീ നക്ഷത്രങ്ങൾ യോജിപ്പിക്കുന്ന രേഖ തെക്കുപടിഞ്ഞാറ് ദിശയിൽ നീട്ടിയാൽ അത് ചിങ്ങത്തിലെ റെഗ്യുലസ് എന്ന നക്ഷത്രത്തിൽ എത്തും.
  • അംഗിരസ്-വസിഷ്ഠ-മരീചി നക്ഷത്രങ്ങളെ ചേര്‍ത്ത് ഒരു വളഞ്ഞവര നീട്ടുകയാണെങ്കിൽ അത് അവ്വപുരുഷൻ (Boötes) എന്ന നക്ഷത്രഗണത്തിലെ ചോതി (Arcturus)നക്ഷത്രത്തിലെത്തും.

മറ്റുള്ളവ

  • തെക്കുകിഴക്കു ദിശയിൽ, ചക്രവാളത്തിൽ നിന്നും ഏകദേശം 20°-30° ഉയരത്തിൽ, ചിത്രയ്ക്ക് തെക്കുമാറി കാണുന്ന നാലു നക്ഷത്രങ്ങൾ ചേര്‍ന്ന താരാഗണമാണ് അത്തം (അത്തക്കാക്ക – Corvus).
  • തെക്ക്-തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 20° ഡിഗ്രി ഉയരത്തിൽ കാണാൻ കഴിയുന്ന പ്രഭയേറിയ നക്ഷത്രമാണ് അഗസ്ത്യൻ (Canopus). പപ്പിസ് (Puppis) എന്ന നക്ഷത്രസമൂഹത്തിന്റെ ഭാഗമാണിത്.
  • തെക്ക്-തെക്കുകിഴക്കെ ചക്രവാളത്തിനു തൊട്ടുമുകളിലായി നാലു നക്ഷത്രങ്ങൾ ചേർന്ന തെക്കൻകുരിശ് അഥവ ത്രിശങ്കു (Crux) എന്ന നക്ഷത്രഗണം കാണാം.
  • കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തൽ നിന്നും ഏകദേശം 10° മുകളിലായി ചോതി (Arcturus) നക്ഷത്രം സന്ധ്യയോടെ ഉദിച്ചുയരും. ഇളം ചുവപ്പ് നിറമുള്ള നക്ഷത്രമാണിത്. ചോതി ഉൾപ്പെടുന്ന താരാഗണമാണം അവ്വപുരുഷൻ (Bootis /ബൂ വൂട്ടിസ്.)

ഗ്രഹങ്ങള്‍

ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണ് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. വ്യാഴത്തെ മാത്രമാണ് ഈ മാസം സന്ധ്യക്ക് നിരീക്ഷിക്കാനാവുക. പുലർച്ചെ ശുക്രൻ, ചൊവ്വ, ശനി എന്നീ ഗ്രഹങ്ങളെ നിരീക്ഷിക്കാം.

ഏപ്രിൽ 11ന് ചൊവ്വ ശനി എന്നീ ഗ്രഹങ്ങൾ അടുത്തടുത്തായി എത്തിച്ചേരും. സംയുഗ്മനം (Conjunction) എന്നാണ് ഇതിനു പറയുന്നത്.

വ്യാഴം (Jupiter)

മാസാദ്യം സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 25° മുകളിലായി മേടം രാശിയിൽ വ്യാഴത്തെ (Jupiter) കാണാം. സന്ധ്യക്ക് പടിഞ്ഞാറെ ചക്രവാളത്തോട് ചേർന്ന് കാണുന്ന തിളക്കമുള്ള നക്ഷത്രസമാനമായ വസ്തു വ്യാഴമാണ്. മാസാവസാനത്തോടെ ചക്രവാളത്തോട് ചേർന്നു വരുന്നതിനാൽ നിരീക്ഷണം അസാധ്യമാകും.

ചൊവ്വ (Mars)

രാവിലെ 5.30നു നോക്കുകയാണെങ്കിൽ കിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 15° മുകളിലായി കുംഭം രാശിയിൽ ചൊവ്വയെ (Mars) കാണാം. കുഭം രാശിയിൽ നോക്കുമ്പോൾ, നക്ഷത്രസമാനമായി തോന്നുന്നതും ഇളം ചുവപ്പ് നിറത്തിൽ ഏറ്റവും ശോഭയോടെ കാണുന്നതുമായ വസ്തുവാണ് ചൊവ്വ.

ശനി (Saturn)

രാവിലെ 5.30നു നോക്കുകയാണെങ്കിൽ കിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 10° മുകളിലായി കുംഭം രാശിയിൽ ശനിയെ (Mars) കാണാം. കുഭം രാശിയിൽ നോക്കുമ്പോൾ, നക്ഷത്രസമാനമായി തോന്നുന്നതും ചൊവ്വയ്ക്ക് അടുത്തായി ശോഭയോടെ കാണുന്നതുമായ വസ്തുവാണ് ശനി.

ശുക്രൻ (Venus)

പുലർച്ചെ കിഴക്കെ ചക്രവാളത്തിനോടു ചേർന്ന് കാണാവുന്ന തിളക്കമേറിയ നക്ഷത്രസമാനമായ ഖഗോളവസ്തുവാണ് ശുക്രൻ (Venus). മീനം രാശിയിലാണ് ഇപ്പോൾ ശുക്രന്റെ സ്ഥാനം. മാസാദ്യം രീവിലെ 5.45 നു നോക്കുകയാണെങ്കിൽ കിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 5° മുകളിലായാണ് ശുക്രന്റെ സ്ഥാനം. മാസാവസാനത്തോടെ സൂര്യസമീപത്തേക്ക് നീങ്ങുന്നതിനാൽ നിരീക്ഷണം സാധ്യമല്ലാതെ വരും. സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്തു കാണാൻ കഴിയുന്ന ഏറ്റവും തിളക്കമേറിയ വസ്തുവാണ് ശുക്രൻ.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്. മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചതും ഈ ഗ്രഹത്തെയാണ്.

ബുധൻ

സൂര്യസമീപമായതിനാൽ നിരീക്ഷണം സാധ്യമല്ല.


കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • ഏപ്രിൽ 15നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.

വരുന്നു, നിഴലില്ലാ ദിനങ്ങൾ – കാണാം, മത്സരത്തിൽ പങ്കെടുക്കാം

LUCA ASTRO CAMP

Happy
Happy
50 %
Sad
Sad
17 %
Excited
Excited
17 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
17 %

Leave a Reply

Previous post കാലാവസ്ഥാനീതിയും മനുഷ്യാവകാശ പ്രശ്നങ്ങളും 
Next post നിർമ്മിതബുദ്ധി “സുരക്ഷിത”മായാൽ എല്ലാമായോ ?
Close