2023 ലെ വാനനിരീക്ഷണം
എന്തെല്ലാം, എപ്പോഴൊക്കെ കാണാം?
സൂര്യഗ്രഹണം
അപൂർവമായ ജ്യോതിശ്ശാസ്ത്ര പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ വരുന്ന അപൂർവ സന്ദർഭങ്ങളിലാണ് സൂര്യഗ്രഹണം നടക്കുന്നത്. വർഷത്തിൽ ഒന്നുമുതൽ അഞ്ചുവരെ സൂര്യഗ്രഹണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും വർഷത്തിൽ അഞ്ച് സൂര്യഗ്രഹണങ്ങൾ സംഭവിക്കുന്നത് അത്യപൂർവമാണ്.
1935ൽ അഞ്ച് സൂര്യഗ്രഹണങ്ങൾ ഉണ്ടായിരുന്നു. ഇനി 2206ൽ മാത്രമാണ് അഞ്ച് സൂര്യഗ്രഹണങ്ങൾ ഉണ്ടാവുക. ഒരു നൂറ്റാണ്ടിൽ അറുപത്തിയാറ് സൂര്യഗ്രഹണങ്ങൾ വരെ ഉണ്ടാകാറുണ്ട് എന്നാണ് ഏകദേശ കണക്ക്. സൂര്യഗ്രഹണത്തിന്റെ അപൂർവത ബോധ്യപ്പെടുത്താനാണ് ഇത്രയും പറഞ്ഞത്.
വരുന്നൂ ഹൈബ്രിഡ് സൂര്യഗ്രഹണം.
പൂർണഗ്രഹണം , വലയഗ്രഹണം, ഭാഗികഗ്രഹണം എന്ന് മൂന്നായി സൂര്യഗ്രഹണങ്ങളെ തരംതിരിക്കാം. ഈ മൂന്ന് ഗ്രഹണങ്ങളെ കൂടാതെ പൂർണ സൂര്യഗ്രഹണവും വലയ ഗ്രഹണവും ചേർന്നുവരുന്ന ഹൈബ്രിഡ് സൂര്യഗ്രഹണങ്ങളും ഉണ്ടാകാറുണ്ട്. കാഴ്ചക്കാരി നിൽക്കുന്ന സ്ഥലത്തിനും സമയത്തിനും അനുസരിച്ച്, ചിലപ്പോൾ കാഴ്ചക്കാരിക്ക് , പൂർണ ഗ്രഹണവും വലയ ഗ്രഹണവും കാണാൻ സാധിക്കുന്നതാണ് ഹൈബ്രിഡ് സൂര്യഗ്രഹണം.
ഈ വർഷം ഏപ്രിൽ 20ന് നടക്കുന്നത് ഒരു ഹൈബ്രിഡ് സൂര്യഗ്രഹണമാണ്. ഈ ഗ്രഹണം (ഇന്ത്യയിൽ ദൃശ്യമായിരിക്കുകയില്ല ) പടിഞ്ഞാറൻ ആസ്ട്രേലിയ, കിഴക്കൻ ടിമോർ , ഇൻഡോനേഷ്യയിലെ പപ്പുവ എന്നീ പ്രദേശങ്ങളിലുള്ളവർക്കാണ് ദൃശ്യമാവുക.
ഒക്ടോബർ 14ന് വലയഗ്രഹണം.
സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ വന്നാൽതന്നെയും ചിലപ്പോൾ സൂര്യനെ പൂർണമായി മറയ്ക്കാൻ ചന്ദ്രന് സാധിക്കാതെ വരും . ഈ സമയത്ത് സൂര്യനെ ഒരു വലയം പോലെ കാണുന്നതിനെ വലയസൂര്യഗ്രഹണം എന്ന് പറയും. ഒക്ടോബർ 14 ന് ഉണ്ടാകാൻ പോകുന്നത് ഒരു വലയ ഗ്രഹണമാണ്. അമേരിക്കൻ ഭൂഖണ്ഡ പ്രദേശത്തുകൂടിയാണ് ചന്ദ്രന്റെ നിഴൽ കടന്നു പോകുക എന്നതിനാൽ ഈ ഗ്രഹണവും ഇന്ത്യയിൽ ദൃശ്യമാകില്ല.
ചന്ദ്രഗ്രഹണങ്ങൾ, ഒന്നല്ല രണ്ടെണ്ണം.
സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്നതാണ് ചന്ദ്രഗ്രഹണം. ഈ വർഷം മെയ് 5 , ഒക്ടോബർ 28-29 തീയതികളിലായി രണ്ട് ചന്ദ്ര ഗ്രഹണങ്ങൾ ഉണ്ടാകും. ഭൂമിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ദൃശ്യമാകുന്ന ഈ രണ്ട് ഗ്രഹണങ്ങളും പൂർണ ഗ്രഹണങ്ങളല്ല.
കൂടാതെ, ആകാശ ഗോളങ്ങളുടെ ഒളിച്ചുകളികളും ആലിംഗനങ്ങളും നിരവധി ഉൽക്കാപതനങ്ങളും ഈ വർഷമുണ്ടാകും. വിശദമായ ലേഖനങ്ങൾ എല്ലാ മാസവും ലൂക്കയിൽ വായിക്കാം.
Please publish calendar for 2024.