എന്‍. സാനു, അമച്ച്വർ അസ്ട്രോണമർ
വേനൽ മഴയും മേഘങ്ങളും മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് മെയ്. തലയ്ക്കുമുകളിൽ ചിങ്ങം രാശി, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ് എന്നിവ കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെയും പടിഞ്ഞാറെ ആകാശത്തു ചൊവ്വഗ്രഹത്തെയും 2021 മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.
സൗരരാശികള്‍
സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം രാശികളെ മെയ്‍മാസം നിരീക്ഷിക്കാൻ സാധിക്കും. വടക്കുപടിഞ്ഞാറു നിന്നും തെക്കുകിഴക്കായാണ് ജൂണിൽ സൂര്യപാത അഥവാ ക്രാന്തിവൃത്തം (Ecliptic) കാണപ്പെടുന്നത്. മുകളിൽ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.
ക്രാന്തിവൃത്തം
ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം അഥവാ ക്രാന്തിവൃത്തം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക വലയമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 ഗണങ്ങളാക്കി വിഭജിച്ചവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.
മിഥുനം (Gemini)
രാശിചക്രത്തിൽ ഇടവം രാശിയ്ക്കും കര്‍ക്കിടകം രാശിയ്ക്കും ഇടയിലായി കാസ്റ്റർ, പോള്ളക്സ് എന്നീ പ്രഭയേറിയ രണ്ടു നക്ഷത്രങ്ങളാൽ അലംകൃതമായ നക്ഷത്രരാശിയാണ് മിഥുനം. ഭാരതീയ സങ്കല്പപ്രകാരം യുവമിഥുനങ്ങളുടെ ആകൃതി നൽകിയിരിക്കുന്നു. വേട്ടക്കാരൻ എന്ന നക്ഷത്രഗണത്തിന്റെ വടക്കുകിഴക്കായാണ് മിഥുനം കാണപ്പെടുന്നത്. മെയ്മാസം പടിഞ്ഞാറെ ചക്രവാളത്തില്‍ നിന്നും ഏകദേശം 30°-50° മുകളിലായി (അല്പം വടക്കു മാറി) ഈ രാശിയെ കാണാനാകും.
കര്‍ക്കിടകം (Cancer)
ശീർഷബിന്ദുവിൽ നിന്നും ഏകദേശം 30 ഡിഗ്രി പടിഞ്ഞാറുമാറിയും മിഥുനം രാശിയ്ക്കു മുകളിലായുമാണ് മെയ് മാസം സന്ധ്യയ്ക്ക് കര്‍ക്കിടകം രാശിയെ കാണാൻ കഴിയുന്നത്. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. ഞണ്ടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.
ചിങ്ങം (Leo)
മെയ് മാസത്തിൽ സന്ധ്യയ്ക്ക് ശീര്‍ഷബിന്ദുവിലായാണ് (തല്ക്ക് നേർമുകളിൽ ആകാശത്തുള്ള സ്ഥാനം) ചിങ്ങം രാശിയുടെ സ്ഥാനം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗുലസ് (α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് ദെനെബോല (β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങൾ ചേർന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതാണ് മകം എന്ന ചാന്ദ്രഗണം. (ചിലർ റഗുലസിനെ മാത്രമായും മകം എന്നു വിളിക്കും.) നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ പൂരം ചാന്ദ്രഗണമാണ്. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്ന് ഉത്രം രൂപപ്പെടുന്നു.
കന്നി (Virgo)
ചിങ്ങത്തിനും കിഴക്കു മാറി സന്ധ്യക്ക്, കിഴക്കേ ആകാശത്തിന്റെ ഏകദേശം മധ്യഭാഗത്തായി മെയ്‍മാസം കന്നിരാശി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര (Spica) ആണ്. മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര അഥവാ ചിത്തിര.
തുലാം (Libra)
മെയ് മാസത്തിൽ കിഴക്കേ ചക്രവാളത്തിൽ നിന്നും ഏകദേശം 10°-20° മുകളിൽ (അല്പം തെക്കുമാറി) കന്നി രാശിക്കും താഴെയായാണ് തുലാം രാശിയുടെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാൽ മഴക്കാറുള്ളപ്പോൾ തിരിച്ചറിയാൻ പ്രയാസമാണ്.
മറ്റു താരാഗണങ്ങൾ
ബൃഹദ്ച്ഛ്വാനം (Canis Major)
വേട്ടക്കാരന് തെക്ക് കിഴക്കായി, മെയ് മാസം തെക്കുപടിഞ്ഞാറ് ചക്രവാളത്തിൽ ഏകദേശം 25° മുകളിലായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ് (Sirius – രുദ്രൻ). സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഭയോടെ കാണപ്പെടുന്ന നക്ഷത്രമാണ് സിറിയസ്. സിരിയസ് ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമാണ് ബൃഹദ്ച്ഛ്വാനം. വലിയ വേട്ടപ്പട്ടി എന്നും അറിയപ്പെടുന്നു.
പ്രാജിത (Auriga)
വേട്ടക്കാരന്റെ നേരേ വടക്കായി ഒരു വിഷമ ഷഡ്ഭുജാകൃതിയിൽ 6 നക്ഷത്രങ്ങളും ഉള്ളിലായി ഒരു നക്ഷത്രവും ചേര്‍ന്ന ഗണമാണ് പ്രാജിത. മെയ്മാസം വടക്കുപടിഞ്ഞാറെ ചക്രവാളത്തിൽ ഏകദേശം 10°-25° മുകളിലായാണ് ഇതിന്റെ സ്ഥാനം. അതിലെ ഏറെ പ്രഭയുള്ള നക്ഷത്രമാണ് ഷഡാസ്യൻ (Capella).
സപ്തർഷിമണ്ഡലം (Ursa Major)
വടക്കേ ചക്രവാളത്തിൽ നിരീക്ഷിക്കാൻ സാധിക്കുന്ന പ്രധാന താരാഗണമാണ് സപ്തർഷി മണ്ഡലം (വലിയ കരടി). മെയ് മാസത്തിലെ സന്ധ്യയ്ക്ക് ഇത് വടക്കേ ചക്രവാളത്തിനു മുകളിൽ, വടക്കേ ആകാശത്തിന്റെ മദ്ധ്യഭാഗത്തായി കാണപ്പെടുന്നു. സപ്തര്‍ഷി മണ്ഡലത്തിലെ തിളക്കമേറിയ ഏഴു നക്ഷത്രങ്ങള്‍ ഒരു തവിയുടെ (Dipper) ആകൃതിയിൽ കാണപ്പെടുന്നു. ഇവയുടെ പേരുകൾ യഥാക്രമം ക്രതു (Dubhe), പുലഹൻ (Merkel), പുലസ്ത്യൻ (Phecda), അത്രി (Megrez), ആംഗിരസ് (Alioth), വസിസ്ഠൻ (Mizar), മരീചി (Benetnasch) എന്നിവയാണ്. ആംഗിരസ്-വസ്ഷ്ഠ-മരീചി നക്ഷത്രങ്ങളെ ചേര്‍ത്ത് ഒരു വളഞ്ഞവര നീട്ടുകയാണെങ്കിൽ അത് അവ്വപുരുഷൻ (Boötes) എന്ന നക്ഷത്രഗണത്തിലെ ചോതി (Arcturus)നക്ഷത്രത്തിലെത്തും.
മറ്റുള്ളവ
- പടിഞ്ഞാറെ ആകാശത്ത് മധ്യത്തിലായി (ചക്രവാളത്തിൽ നിന്നും ഏകദേശം 45° മുകളിലായി) കാണുന്ന തിളക്കമുള്ള നക്ഷത്രമാണ് പ്രോസിയോൺ (Procyon). ലഘുച്ഛ്വാനം (Canis Minor) എന്ന താരാഗണത്തിലെ പ്രഭയേറിയ നക്ഷത്രമാണ് പ്രോസിയോൺ.
- തെക്കുകിഴക്കു ദിശയിൽ, ഏകദേശം 50° ഉയരത്തിൽ, ചിത്രയ്ക്ക് തെക്കുമാറി കാണുന്ന നാലു നക്ഷത്രങ്ങൾ ചേര്‍ന്ന താരാഗണമാണ് അത്തം (അത്തക്കാക്ക – Corvus).
- കിഴക്കേ ആകാശത്തിൽ അല്പം വടക്കുമാറി ചക്രവാളത്തിൽ നിന്നും 45° ഉയരത്തിൽ കാണുന്ന പ്രഭയേറിയ നക്ഷത്രമാണ് ചോതി. ചോതി ഉൾപ്പെടുന്ന താരാഗണമാണ് അവ്വപുരുഷൻ (Boötes)
- തെക്കേ ആകാശത്ത്, ചക്രവാളത്തിൽ നിന്നും 10°-20° ഉയരത്തിൽ നാലു നക്ഷത്രങ്ങള്‍ ചേർന്ന് കുരിശ് ആകൃതിയിൽ കാണുന്ന നക്ഷത്രഗണമാണ് തെക്കൻ കുരിശ്. തെക്കുദിശ കണ്ടെത്തുന്നതിനു സഹായിക്കുന്ന ഒരു നക്ഷത്രരാശിയാണിത്.
ഗ്രഹങ്ങള്‍
മെയ്‍മാസം സന്ധ്യാകാശത്ത് ചൊവ്വയെ (Mars) മാത്രമാണ് കാണാൻ കഴിയുക. പടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും ഏകദേശം 35° ഉയരത്തിലായി മിഥുനം രാശിയുടെ മദ്ധ്യത്തിൽ ചുവപ്പുനിറത്തിൽ ചൊവ്വയെ കാണാം. വ്യാഴം (Jupiter) ശനി (Saturn) എന്നീ ഗ്രഹങ്ങളെ പുലര്‍ച്ചെ കാണാം. തെക്കു കിഴക്കേ ആകാശത്ത്, ചക്രവാളത്തിൽനിന്നും 40°-50° മുകളിലായി മകരം-കുഭം രാശികളിലായാണ് ഇവയുടെ സ്ഥാനം. സൂര്യ സമീപകമാകയാൽ ബുധനെയും ശുക്രനെയും നിരീക്ഷിക്കാനാകില്ല.
കുറിപ്പ്
- ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
- മെയ് 15നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.