ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയരുന്ന ചൊവ്വ, അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2020 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.
2020 ഒക്ടോബർ 15നു രാത്രി 7.30-നു മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം. (സ്റ്റെല്ലേറിയം ഉപയോഗിച്ച് സൃഷ്ടിച്ചത്)
സൗരരാശികൾ
സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശികളെ ഒക്ടോബർ മാസം നിരീക്ഷിക്കാം. തുലാംരാശി സന്ധ്യയോടെ പകുതി അസ്തമിച്ചിട്ടുണ്ടാകും. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.
ക്രാന്തിപഥം
ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18° വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തെ 12 ഭാഗങ്ങളാക്കി വിഭജിച്ച്, ആ ഭാഗങ്ങള്‍ക്ക് അവിടെയുള്ള നക്ഷത്രഗണങ്ങളുടെ പേരു നൽകിയിരിക്കുന്നു. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും.
തുലാം
പടിഞ്ഞാറ്-തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും 15°വരെ മുകളിലായി ഒക്ടോബറിൽ തുലാം (Libra) രാശി കാണാം. സന്ധ്യയോടെ തുലാം അസ്തമിച്ചു തുടങ്ങിയിട്ടുണ്ടാകും. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോഴും നിലാവുള്ളപ്പോഴും തിരിച്ചറിയാന്‍ പ്രയാസമാണ്.
വൃശ്ചികം
തെക്കുപടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും 15°-30° മുകളിലായി ഒക്ടോബർ മാസത്തില്‍ വൃശ്ചികം രാശി (Scorpion) കാണാം. തേളിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന ഇതിലെ തിളക്കമേറിയ നക്ഷത്രം തൃക്കേട്ട (Antares) ആണ്. ഇതൊരു ചുവപ്പ് ഭീമന്‍ (Red giant) നക്ഷത്രമാണ്. ഈ ചുവപ്പ് ഭീമന്‍ നക്ഷത്രവും ഇരുവശവുമുള്ള പ്രഭകുറഞ്ഞ രണ്ടു നക്ഷത്രങ്ങളും ഉള്‍പ്പെട്ടതാണ് തൃക്കേട്ട എന്ന ചാന്ദ്രഗണം. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം. തൃക്കേട്ടയ്ക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. ഒക്ടോബറിൽ തെക്കേ ചക്രവാളത്തിനു മുകളിലായി വൃശ്ചികം രാശിയെ യാതൊരു പ്രയാസവും കൂടാതെ തിരിച്ചറിയാം. വൃശ്ചികത്തിന്റെ വാൽ ഭാഗത്തുനിന്നും വടക്ക് കിഴക്കുദിശയിലായി ആകാശഗംഗയെയും (Milky way) നിരീക്ഷിക്കാവുന്നതാണ്.
ധനു
ഒക്ടോബർ മാസത്തില്‍ സന്ധ്യയ്ക്ക് തെക്കെ ചക്രവാളത്തില്‍ നിന്നും 35°-55° മുകളിലായി ധനു രാശി (Sagittarius) കാണപ്പെടുന്നു. വില്ലിന്റെ (ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ ധനു രാശിടെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. ഇതിന്റെ പടിഞ്ഞാറേ പകുതി ചാന്ദ്രഗണമായ പൂരാടവും ബാക്കി ഉത്രാടവും ആണ്.
മകരം
ധനുരാശിക്കും കിഴക്കായി തെക്കുകിഴക്കേ ചക്രവാളത്തിൽ നിന്നും 45°- 55° മുകളിലായാണ് മകരം രാശിയെ (Capricorn) ഒക്ടോബർ മാസത്തിൽ സന്ധ്യയ്ക്കു കാണാൻ കഴിയുക. മകരമത്സ്യത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്ര രാശിയാണിത്. രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. ഈ രാശിയിൽ പ്രഭകൂടിയ നക്ഷത്രങ്ങൾ ഇല്ല.
കുംഭം
കുടത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്രരാശിയാണ് കുംഭം (Aquarius). സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളുള്ള നക്ഷത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതാണ് ഈ നക്ഷത്രഗണം. ഒക്ടോബർ മാസത്തിൽ കിഴക്കന്‍ ചക്രവാളത്തില്‍ അല്പം തെക്ക് മാറി 20° മുതല്‍ 50° വരെ ആകാശത്ത് കുംഭം രാശിയെ കാണാം.
മീനം
കിഴക്കേചക്രവാളത്തിനു മുകളിൽ ഏകദേശം 10°– 50° ഇടിയിലായി, ഖഗോളമധ്യരേഖയിൽ നിന്നും അല്പം തെക്കുമാറി വ്യാപിച്ചുകിടക്കുന്ന മീനം രാശിയെ (Pisces) ഒക്ടോബറിൽ കാണാം. പ്രഭയേറിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ഈ രാശിയിലെ നക്ഷത്രഗണത്തിന് മീനുകളുടെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.
മേടം
കിഴക്കേ ചക്രവാളത്തിൽ സന്ധ്യയ്ക്ക് ഏകദേശം 20° മുകളിൽ, 20° തെക്കുമാറി മേടം രാശി (Aries) ഉദിച്ചുയരും. ആടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന മേടം നക്ഷത്രഗണത്തിലെ പ്രധാന നക്ഷത്രം ഹമാൽ (Hamal) ആണ്. തിളക്കം കുറഞ്ഞ മറ്റുരണ്ട് നക്ഷത്രങ്ങളേയും തിരിച്ചറിയാൻ സാധിക്കും. ഈ മൂന്ന് നക്ഷത്രങ്ങളും ചേര്‍ന്ന് അശ്വതി എന്ന ചാന്ദ്രഗണം രൂപപ്പെടുന്നു.
മറ്റുള്ള നക്ഷത്രഗണങ്ങൾ
ഗരുഡന്‍
ശീർഷബിന്ദുവിൽ നിന്നും അല്പം പടിഞ്ഞാറായി (≈10°) കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് ശ്രവണന്‍ (Altair). ഗരുഡൻ (Aquila) എന്ന നക്ഷത്രസമൂഹത്തിന്റെ ഭാഗമാണിത്. ശ്രവണനും അതിന്റെ ഇരുഭാഗത്തായി കാണുന്ന മറ്റു രണ്ടു നക്ഷത്രങ്ങളും കൂടി ചേർന്നതാണ് തിരുവോണം എന്ന ചാന്ദ്രനക്ഷത്രഗണം. മൂന്നു നക്ഷത്രങ്ങള്‍ ഒരു വരിയിലെന്ന പോലെ കാണാം – അതാണ് തിരുവോണം. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്.
ഭാദ്രപഥം
സൗരരാശികള്‍ കഴിഞ്ഞാല്‍ ഒക്ടോബറിൽ സന്ധ്യാകാശത്തുകാണാൻ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്രഗണമാണ് ഭാദ്രപഥം (Pegasus). പറക്കുംകുതിര എന്നും ഇതറിയപ്പെടുന്നു. സന്ധ്യയ്ക്ക് കിഴക്ക് ദിശയില്‍, ചക്രവാളത്തില്‍ നിന്നും ഏകദേശം 45ഡിഗ്രി മുകളിലായി, അല്പം വടക്കുമാറിയാണ് ഇതിന്റെ സ്ഥാനം. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇതില്‍ മുകളിലുള്ള (പടിഞ്ഞാറ് ) രണ്ട് നക്ഷത്രങ്ങള്‍ പൂരുരുട്ടാതിയും, താഴെയുള്ള രണ്ടെണ്ണം ഉത്രട്ടാതിയുമാണ്. ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും താഴെയായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും.
കാശ്യപി
വടക്കേ ആകാശത്ത് M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാശ്യപി (Cassiopeia). സന്ധ്യയോടെ ഇത് വടക്ക് കിഴക്കായി ഉദിച്ചുതുടങ്ങും. ഏഴരയോടെ വടക്കുകിഴക്കേ ചക്രവാളത്തിൽ നിന്നും 15°-30° മുകളിലായി കശ്യപിയെ കാണാം.
മറ്റുപ്രധാന നക്ഷത്രങ്ങളും നക്ഷത്ര ഗണങ്ങളും
വടക്കൻ ആകാശത്തു കാണാവുന്ന പ്രഭയേറിയ രണ്ടു നക്ഷത്രങ്ങളാണ് വേഗ (Vega), ദെനബ് (Deneb) എന്നിവ. ശീര്‍ഷ ബിന്ദുവിൽ നിന്നും ഏകദേശം 35° വടക്കായി കാണുന്ന പ്രഭയേറിയ നക്ഷത്രമാണ് വേഗ. ലൈറ (Lyra) എന്ന നക്ഷത്രഗണത്തിലെ അംഗമാണിത്. ശീർഷബിന്ദുവിൽ നിന്നും 40° വടക്കുപടിഞ്ഞാറു ദിശയിൽ കാണുന്ന തിളക്കമുള്ള നക്ഷത്രമാണ് ദെനബ്. ജായര (Cygnus) എന്ന നക്ഷത്രഗണത്തിലെ അംഗമാണ് ദെനബ്. ഈ മാസം ശീര്‍ഷബിന്ദുവിൽ നിന്നും വടക്കുമാറി കാണാൻ കഴിയുന്ന തിളക്കമേറിയ രണ്ടു നക്ഷത്രങ്ങളാണ് വേഗയും ദെനബും. ഇതിൽ പടിഞ്ഞാറുഭാഗത്തുകാണുന്ന, തിളക്കം കൂടിയ നക്ഷത്രം വേഗയും, അതിനു കിഴക്കായി കാണുന്ന നക്ഷത്രം ദെനബും ആകുന്നു.
ഗ്രഹങ്ങൾ
നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണു ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. 2020 ഒക്ടോബറിലെ സന്ധ്യാകാശത്ത് പ്രയാസം കൂടാതെ തന്നെ ചൊവ്വ, വ്യാഴം ശനി എന്നീ ഗ്രഹങ്ങളെ തിരിച്ചറിയാൻ സാധിക്കും. തെക്കുപടിഞ്ഞാറേ ചക്രവാളത്തിനു മുകളിൽ ധനു രാശിയിലായാണ് വ്യാഴവും ശനിയും. കിഴക്കേ ചക്രവാളത്തിനു മുകളിലായി ചൊവ്വയും. പുലർച്ചെ 4മണിയോടെ കിഴക്കേ ചക്രവാളത്തിൽ ശുക്രനും ദൃശ്യമാകും.
വ്യാഴം
അസ്തമനത്തിനു് ശേഷം ശീർഷബിന്ദുവിൽ നിന്നും അല്പം തെക്കുപടിഞ്ഞാറായി ദൃശ്യമാകുന്ന ഏറ്റവും തിളക്കമേറിയ, നക്ഷത്രസമാനമായ വസ്തുവാണ് വ്യാഴം (Jupiter). ധനുരാശിയിലായാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. ധനു രാശിയിലെ ഉത്രാടത്തിനു കിഴക്കുമാറി നിലകൊള്ളുന്ന വ്യാഴത്തെ എളുപ്പത്തിൽ തിരിച്ചറിയാം. 12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്തവർഷം ഇതേ സമയം വ്യാഴം മകരം രാശിയിലായിരിക്കും.
ശനി
സന്ധ്യയ്ക്ക് ശീര്‍ഷബിന്ദുവിൽ നിന്നും ഏകദേശം 35° തെക്ക്-തെക്കുപടിഞ്ഞാറായി, വ്യാഴത്തിനടുത്ത് (കിഴക്കുഭാഗത്തായി) ധനു രാശിയിൽ ശനിയെ (Saturn) കാണാം. വ്യാഴത്തേക്കാൾ അല്പം തിളക്കം കുറഞ്ഞു കാണപ്പെടുന്ന ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. ഈ വര്‍ഷം ഡിസംബറോടെ ശനി മകരം രാശിയിലേക്ക് പ്രവേശിക്കും. അപ്പോൾ ശനിയും വ്യാഴവും അടുത്തടുത്തായി ദൃശ്യമാകും.
ചൊവ്വ
സന്ധ്യയ്ക്ക് ഏതാണ്ട് 20° മുകളിലായി കിഴക്കേ ചക്രവാളത്തിൽ ചൊവ്വ (Mars)യെ കാണാം. മീനം രാശിയിലാണ് സ്ഥാനം. സന്ധ്യാനേരത്ത് കിഴക്കേ ആകാശത്തിൽ ഏറ്റവും പ്രഭയോടെ കാണുന്ന നക്ഷത്രസമാനമായ വസ്തു ചൊവ്വയാണ്. ഇളം മഞ്ഞനിറത്തിൽ പ്രശോഭിക്കുന്ന ചൊവ്വയെ പ്രയാസം കൂടാതെ തിരിച്ചറിയാം. പുലർച്ചെ 5 മണിയോടെ നോക്കിയാൽ പടിഞ്ഞാറായി അസ്തമിക്കുന്ന ചൊവ്വയെ കാണാം.
ശുക്രൻ
വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന ഖഗോള വസ്തുവാണ് ശുക്രന്‍ (Venus). മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചത് ഈ ഗ്രഹത്തെയാണ്. ചിങ്ങം രാശിയിലാണ് ഈ മാസം ശുക്രന്റെ സ്ഥാനം. പുലര്‍ച്ചെയാണ് ഈ മാസം ഇതിനെ നിരീക്ഷിക്കാൻ കഴിയുക. പുലര്‍ച്ചെ നാലരയോടെ നിരീക്ഷിക്കുകയാണെങ്കില്‍ കിഴക്കേ ചക്രവാളത്തിൽ നിന്നും അല്പം വടക്കായി ഉദിച്ചുയരുന്ന ശുക്രനെ കാണാനാകും. പുലര്‍ച്ചെ, കിഴക്കേ ചക്രവാളത്തിൽ ഏറ്റവും തിളക്കമാര്‍ന്നു കാണുന്ന നക്ഷത്രസമാനമായ വസ്തു ശുക്രനാണ്. അതിനാൽ തിരിച്ചറിയാൻ പ്രയാസമില്ല.
ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.
ബുധൻ
സൂര്യസമീപമായതിനാൽ ഈ മാസം ബുധനെ (Mercury) നിരീക്ഷിക്കാൻ പ്രയാസമാണ്.
ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം
ഓക്ടോബര്‍ 2 മുതല്‍ നവംബര്‍ 7 വരെ ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം (The Orionid meteor shower) കാണാനുള്ള സമയമാണ്. ഹാലിയുടെ ധൂമകേതു കടന്നുപോയ വഴിയില്‍ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളാണ് ഓറിയോനിഡ് ഉല്‍ക്കകളായി ഭൂമിയില്‍ പതിക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ 21വരെയാണ് പരമാവധി ഉല്‍ക്കാപതനങ്ങള്‍ കാണാന്‍ കഴിയുന്നത്. ഓറിയോണ്‍ (വേട്ടക്കാരന്‍) നക്ഷത്രസമൂഹത്തിന്റെ ഭാഗത്ത് കാണുന്നതിനാലാണ് ഇവയ്ക്ക് ഓറിയോനിഡ് എന്ന പേര് വന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം ഓറിയോണിലെ തിരുവാതിര നക്ഷത്രത്തിനുസമീപത്തുനിന്നും എല്ലാ ദിശയിലേക്കും ഇവ നിപതിക്കും. ഈ വർഷം ഈ സമയത്ത് നിലാവ് തീരെ ഇല്ലാത്തതിനാൽ നിരീക്ഷണത്തിനു വളരെ അനുകൂലമാണ്.
കുറിപ്പ്
- ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
- 2020 ഒക്ടോബർ 15 സന്ധ്യയ്ക്ക് 7.30 നു മദ്ധ്യകേരളത്തിലെ ആകാശക്കാഴ്ച കണക്കാക്കിയാണ് (പ്രത്യേകം സൂചിപ്പിക്കാത്ത പക്ഷം) വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.