[/author]
ഇത്തവണ ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഗവേഷണത്തിനും കണ്ടെത്തലുകൾക്കുമാണ് പുരസ്കാരം.
2019ലെ ഫിസിക്സ് നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു
- ജയിംസ് പീബിൾസ് (പ്രിൻസ്ടൺ സർവകലാശാല, യു.എസ്.എ)
- മിഷേൽ മേയർ (ജനീവ സർവകലാശാല, സ്വിറ്റ്സർലൻഡ്; കേംബ്രിഡ്ജ് സർവകലാശാല, ബ്രിട്ടൻ)
- ദിദിയെ ക്വിലോസ് (ജനീവ സർവകലാശാല, സ്വിറ്റ്സർലൻഡ്; കേംബ്രിഡ്ജ് സർവകലാശാല, ബ്രിട്ടൻ)
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് ഇന്ന് ( 8-10 – 19) 3 – 20-ന് ഫിസിക്സ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ആൽഫ്രെഡ് നോബെലിന്റെ ചരമദിനമായ ഡിസംബർ 10-ന് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
പ്രപഞ്ചത്തിന്റെ ഉത്പത്തിപരിണാമങ്ങളെക്കുറിച്ചു പഠിക്കുന്ന പ്രപഞ്ചവിജ്ഞാനീയത്തിലെ (കോസ്മോളജി) സമഗ്രസംഭാവനക്കാണ് 84 വയസ്സുകാരനായ ജയിംസ് പീബിൾസിനു പുരസ്കാരം ലഭിക്കുന്നത്. സമ്മാനത്തുകയുടെ പകുതി ഇദ്ദേഹത്തിനു ലഭിക്കും. കാനഡയിൽ ജനിച്ച പീബിൾസ് ഇപ്പോൾ അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിൽ ആൽബെർട് ഐൻസ്റ്റൈൻ പ്രൊഫസറാണ്.
പുരസ്കാരത്തിന്റെ രണ്ടാം പകുതി രണ്ടുപേർക്ക് പങ്കിട്ടു നൽകുകയാണ്. 1995 ൽ സൗരയൂഥത്തിനു പുറത്ത് സൂര്യസമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെ (എക്സോ പ്ലാനറ്റ്) കണ്ടെത്തിയവർക്കാണ് ഇതു ലഭിക്കുക. ഇതു് ഗവേഷണ മേഖലയിൽ ഒരു വിപ്ലവത്തിനു തുടക്കമിട്ടു. ഇതിനകം 4000 എക്സോ പ്ലാനറ്റുകളെ സൗരയൂഥത്തിനുമപ്പുറത്തു കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകൾക്ക് തുടക്കമിട്ടവർ എന്ന നിലയിൽ സ്വറ്റ്സർലൻഡിലെ ജനീവ സർവകലാശാലയിലെ ഗവേഷകരായ മിഷേൽ മേയർ (Michel Mayor), ദിദിയെ ക്വിലോസ് (Didier Queloz) എന്നിവർക്കാണ് നോബെൽ പുരസ്കാരത്തുകയുടെ ഒരു പകുതി ലഭിക്കുക.
ജെയിംസ് പീബിൾസ് James Peebles, 1935ൽ ജനനം. അമേരിക്കയിലെ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും 1962 ൽ ഡോക്ടറേറ്റ്. പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ആൽബർട്ട് ഐൻസ്റ്റൈൻ പ്രൊഫസർ പദവിയിൽ ഗവേഷണം തുടരുന്നു.
മിഷൽ മേയർ Michel Mayor, 1942 ൽ സ്വിറ്റസർലന്റിലെ ലോസനിൽ ജനിച്ചു. 1971 ജനീവ യൂണിവേഴ്‌സിറ്റിയിൽ നിന്നും പി.എച്ച്.ഡി. ബിരുദം. ഇപ്പോൾ ജനീവ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ.
ദിദിയർ ക്വിലോസ് Didier Queloz, 1966ൽ ജനനം. ജനീവ യൂണിവേഴ്‌സിറ്റിയിൽ നിന്നും പി.എച്ച്.ഡി. ജനീവ (സ്വിറ്റ്‌സർലൻഡ്), കേംബ്രിഡ്ജ് (ബ്രിട്ടൻ) സർവകലാശാലകളിലെ പ്രൊഫസർ.
അധിക വായനയ്ക്ക്