ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.
നവംബറിൽ സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം ധനു, മകരം, കുംഭം, മീനം മേടം രാശികളെ നവംബറിൽ നിരീക്ഷിക്കാൻ സാധിക്കും. തെക്ക്-പടിഞ്ഞാറുമുതല്‍ വടക്ക് കിഴക്കായാണ് ഈ മാസം സൂര്യപാത അഥവാ ക്രാന്തി പഥം കാണപ്പെടുന്നത്.
സന്ധ്യയോടെ തന്നെ വൃശ്ചികം രാശി അസ്തമിച്ചു തുടങ്ങും. തെക്ക് പടിഞ്ഞാറേ ആകാശത്താണ് ധനു രാശിയുള്ളത്. ധനുവിന്റെ വലത്തേ പാതി (താഴെ ഭാഗം) പൂരാടവും ഇടത്തേ പാതി (മുകൾ ഭാഗം) ഉത്രാടവുമാണ്. ധനുവിന് കിഴക്ക് മാറി മകരം, അതിനും കിഴക്കായി കുംഭം തുടർന്ന് മീനം, മേടം എന്നീ രാശികൾ സ്ഥിതി ചെയ്യുന്നു. ഇതോടൊപ്പമുള്ള നക്ഷത്രമാപ്പ് ഉപയോഗിച്ച് നക്ഷത്രസമൂഹങ്ങളെ തിരിച്ചറിയാവുന്നതാണ്.
[box type=”info”]സൗരരാശികള്‍ കഴിഞ്ഞാല്‍ സന്ധ്യാകാശത്തുള്ള പ്രധാനപ്പെട്ട നക്ഷത്രഗണമാണ് പെഗാസസ് (Pegasus). ഭാദ്രപഥം, പറക്കുംകുതിര എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. തലയ്ക്കുമുകളിൽ വടക്ക് കിഴക്കായാണ് നവംബറിൽ സന്ധ്യയ്ക്ക് ഭാദ്രപഥം കാണപ്പെടുന്നത്. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇതില്‍ പടിഞ്ഞാറുള്ള രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന് പൂരുരുട്ടാതി, കിഴക്കുള്ള രണ്ടെണ്ണം ചേര്‍ന്ന് ഉത്രട്ടാതി എന്നീ ചാന്ദ്രഗണങ്ങള്‍ ഉണ്ടാകുന്നു.[/box]
ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും കിഴക്കായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും. ഭാദ്രപഥത്തിനു പടിഞ്ഞാറായി സിഗ്നസ്സ്, അതിനും പടിഞ്ഞാറുമാറി ലൈറ എന്നീ നക്ഷത്ര സമൂഹങ്ങളാണുള്ളത്. സിഗ്നസ്സിലെ ദെനബ്, ലൈറയിലെ വീഗ എന്നിവ പ്രഭയേറിയ നക്ഷത്രങ്ങളാണ്. സന്ധ്യയ്ക്ക് 7 മണിയോടെ തലയ്ക്കുമുകളില്‍ കുറച്ച് പടിഞ്ഞാറ് മാറി കാണുന്ന പ്രഭയേറിയ നക്ഷത്രം ശ്രവണനാണ് (Altair). ഇത് അക്വില എന്ന നക്ഷത്ര സമൂഹത്തില്‍ പെടുന്നു. ശ്രവണനും, ശ്രവണന്റെ ഇരുഭാഗത്തുമായി കാണുന്ന പ്രഭകുറഞ്ഞ രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് തിരുവോണം. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം‘ എന്നൊരു ചൊല്ല് മലയാളത്തില്‍ ഉണ്ട്.
പടിഞ്ഞാറേ ആകാശത്ത് ചക്രവാളത്തിന് മുകളിലായി ഒഫ്യൂക്കസ്; വടക്ക് പടിഞ്ഞാറായി ഹെര്‍ക്കുലീസ്, സിഗ്നസ്; വടക്ക് സെഫിയുസ്, കാസിയോപ്പിയ; വടക്ക് കിഴക്കായി പെഴ്സിയസ്, ആൻഡ്രോമിഡ, പെഗാസസ്; തെക്ക് കിഴക്കായി ഫീനിക്സ് എന്നിവയാണ് മറ്റ് പ്രധാന നക്ഷത്രസമൂഹങ്ങള്‍.
ഗ്രഹങ്ങള്‍
ചൊവ്വ, ശനി എന്നീ ഗ്രഹങ്ങളെ 2018 നവംബറിൽ സന്ധ്യാകാശത്ത് നിരീക്ഷിക്കാൻ സാധിക്കും. തലയ്ക്ക് മുകളില്‍, അല്പം തെക്ക് മാറി ഇളം ചുവപ്പ് നിറത്തിൽ പ്രഭയേറിയ ചൊവ്വയെ മകരം രാശിയുടെ തുടക്കത്തിലായി എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. ധനുരാശിയുടെ മധ്യത്തിലായി ശനി നിലകൊള്ളുന്നു. പടിഞ്ഞാറേ ചക്രവാളത്തിന് അല്പം തെക്ക് മാറി ഏകദേശം 20 ഡിഗ്രി മുകളിലായി ശനിയെ മാസത്തിന്റെ ആദ്യ പകുതിയിൽ സന്ധ്യാനേരത്ത് കാണാം. മാസാവസാനം ആകുമ്പോഴേക്കും സന്ധ്യയോടെ പൂര്‍ണ്ണമായും ശനി അസ്തമിച്ചുപോകും. ശുക്രനെ പുലര്‍ച്ചെ കിഴക്ക് ചക്രവാളത്തിന് മുകളില്‍ കാണാം. ബുധൻ, വ്യാഴം എന്നിവ സൂര്യസമീപത്തായതിനാൽ നിരീക്ഷണം സാധ്യമല്ല.