ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ജൂലൈ മാസം 27,28 തീയതികളിലാണ്. ഇന്ത്യയുള്‍പ്പെടുന്ന കിഴക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.44ന് ഇന്ത്യയില്‍ ആരംഭിക്കും. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നതുമൂലമാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്. പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രമുഖം ഇളം ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നതിനാല്‍ ഇതിനെ രക്തചന്ദ്രന്‍ എന്നും വിളിക്കുന്നു.
ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എങ്ങനെ?
പൗര്‍ണമിയില്‍ മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗര്‍ണമി ദിവസം സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഭൂമിയ്ക്ക് ഇരുവശങ്ങളിലുമായിരിക്കുകയും ഇവ മൂന്നും ഏകദേശം ഒരു നേര്‍രേഖയില്‍ വരികയും ചെയ്യുന്നു. എന്നാല്‍ എപ്പോഴെങ്കിലും ഇവ മൂന്നും കൃത്യം നേര്‍ രേഖയില്‍ വന്നാല്‍, ചന്ദ്രനില്‍ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. എല്ലാ പൗര്‍ണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാകാത്തതിനു കാരണം ഭൂമി, സൂര്യന്‍, ചന്ദ്രന്‍ ഇവ കൃത്യം നേര്‍ രേഖയില്‍ വരാത്തതാണ്. അങ്ങനെ വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കാതെ അല്പം മാറിയാകും പതിക്കുക.[box type=”info” align=”” class=”” width=””]നക്ഷത്രനിരീക്ഷകര്‍ക്ക് അന്നേദിവസം, ഗ്രഹണ സമയത്തുതന്നെ, അധിക പ്രഭയിലും വലിപ്പത്തിലും ചൊവ്വയെയും നിരീക്ഷിക്കാം എന്ന സൗകര്യവുമുണ്ട്. ഈ സമയത്ത് ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തുകൂടിയാണ് കടന്നുപോകുന്നത്.[/box]
രക്തചന്ദ്രന്‍ (Blood Moon)
ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുമ്പോഴാണല്ലോ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോള്‍ ചന്ദ്രമുഖം പൂര്‍ണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായും പ്രവേശിക്കുന്ന ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഇതിനെയാണ് രക്തചന്ദ്രന്‍ (Blood Moon) എന്ന് വിളിക്കുന്നത്. ചുവപ്പ് ചന്ദ്രന്‍ (Red Moon), ചെമ്പന്‍ ചന്ദ്രന്‍ (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.
ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവര്‍ത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴല്‍ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനില്‍ പതിയ്ക്കുന്നു. ഈ പ്രകാശ രശ്മികള്‍ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയില്‍ പതിയ്ക്കുമ്പോള്‍ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാല്‍ ദൃശ്യപ്രകാശത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയില്‍ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല. തരംഗ ദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ മാത്രം ചന്ദ്രനില്‍ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളില്‍ എത്തുമ്പോള്‍ ചന്ദ്രനെ നാം ചുവന്ന നിറത്തില്‍ കാണുന്നു. അതായത് പൂര്‍ണ്ണ ഗ്രഹണ സമയത്ത് അദൃശ്യമാകുന്നതിന് പകരം മങ്ങിയ ചുവപ്പ് നിറത്തില്‍ ചന്ദ്രന്‍ ദൃശ്യമാവുകയാണ് ചെയ്യുക. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാന്‍ കഴിയില്ല.
സമയക്രമം
ഇന്ത്യയുൾപ്പെടുന്ന കിഴക്കൻ രാജ്യങ്ങളിലാണ് ഗ്രഹണം നന്നായി ദൃശ്യമാകുക. കിഴക്കൻ ആഫ്രിക്ക, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പൂർണ്ണസമയവും തെക്കേ അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ചന്ദ്രോദയ ഉദയസമയത്തും, കിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലും ചന്ദ്രാസ്തമന സമയത്തും ഇത് ദൃശ്യമാകും.
കേരളത്തില്‍ 27ന് രാത്രി 11 മണിയോടെ ചന്ദ്രന്‍ ഭൂമിയുടെ ഭാഗിക നിഴല്‍ പ്രദേശത്തേക്ക് കടക്കുന്നതായി നിരീക്ഷിക്കാം. അര്‍ദ്ധരാത്രി 12.05-ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. 28 ന്1 മണിയോടെ ചന്ദ്രന്‍ പൂര്‍ണ്ണമായി ഭൂമിയുടെ നിഴലിലാകും. പൂര്‍ണ്ണ ഗ്രഹണം സംഭവിക്കും. പുലര്‍ച്ചെ 2.45 വരെ ഈ നില തുടരും. പിന്നീട് ചന്ദ്രന്‍ ഭാഗിക നിഴല്‍ പ്രദേശത്തേക്ക് പ്രവേശിക്കുകയം 3.45ഓടെ ഗ്രഹണത്തില്‍ നിന്നും പൂര്‍ണ്ണമായും പുറത്ത് വരികയും ചെയ്യും.ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് സുരക്ഷിതമാണോ?
നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ല എന്ന് അറിയാമല്ലോ. സൗരവികിരണം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രന്‍ ചെയ്യുന്നത്. ഇപ്രകാരം പ്രതിഫലിച്ചുവരുന്ന വെളിച്ചം വളരെ തീവ്രത കുറഞ്ഞതും നിര്‍ദ്ദോഷവുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നു. അതിനാൽ ചന്ദ്രഗ്രഹണം നേരിട്ട് കാണുന്നതിന് യാതൊരു ദോഷവും ഇല്ല.
ഈ വര്‍ഷം സംഭവിക്കുന്ന രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രഗ്രഹണമാണ് ജൂലൈയിലേത്. ആദ്യത്തേത് ജനുവരി 31ന് ആയിരുന്നു. വളരെ ആഘോഷപൂര്‍വ്വമാണ് അന്ന് കേരള ജനത അതിനെ ഏറ്റെടുത്തത്.ചാന്ദ്രദിനം ആഘോഷിക്കുന്ന ജൂലൈ മാസം തന്നെ പൂര്‍ണ്ണ ചന്ദ്രഗ്രഹണവും എത്തിയിരിക്കുന്നത് േജ്യാതിശ്ശാസ്ത്രകുതുകികൾക്ക് ഏറെ സന്തോഷം നല്‍കുന്നു. ചാന്ദ്രദിനമായ ജൂലൈ 21 മുതല്‍ ഗ്രഹണ ദിവസമായ 27 വരെ ഒരു ചന്ദ്രോത്സവ വാരാഘോഷം തന്നെ ഒരുക്കി ഈ പ്രതിഭാസത്തെ അവിസ്മരണീയമാക്കാം.