റേഷന്‍ കാര്‍ഡ് നമുക്ക് സ്വന്തമല്ല; വിവരങ്ങള്‍ ചോരുന്ന സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ സ്വകാര്യതയ്ക്ക് ഭീഷണി
കേരളത്തിലെ എല്ലാ വോട്ടര്‍മാരുടെയും, റേഷന്‍കാര്‍ഡില്‍ പേരുള്ളവരുടെയും സകല വിവരങ്ങളും പുറത്തുവിടുകവഴി സര്‍ക്കാര്‍ വളരെ വലിയ സുരക്ഷാവീഴ്ചക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ ഡാറ്റ ഉപയോഗിച്ച് ഇനി എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് കാത്തിരുന്നു കാണാം. എന്തായാലും വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ അലംഭാവം സർക്കാർ സംവിധാനങ്ങൾ വെടിഞ്ഞേ മതിയാകൂ. അതിനായി ശക്തമായ ശബ്ദമുയർത്തേണ്ട അവസരമാണിത്. റേഷന്‍ കാര്‍ഡിന്റെ ഇന്റര്‍നെറ്റ് വിവരസംഭരണി ഒരുദാഹരണം മാത്രമാണ്. നമ്മുടെ സര്‍ക്കാരുകളുടെ ഒട്ടുമിക്ക ഓണ്‍ലൈന്‍ സംവിധാനങ്ങളും യാതൊരുവിധ സുരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ദുര്‍ബലമായ സംവിധാനങ്ങളാണെന്നതാണ് വാസ്തവം.