കരാർ സിദ്ധാന്തം (Contract Theory)
ഹർട്ടിന്റെയും ഹോൾസ്ട്രോമിന്റെയും ഗവേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് കരാർ സിദ്ധാന്തം (ContractTheory) എന്ന പുതിയൊരു ശാഖയിലാണ്. ഇത് ജനങ്ങളുടെയും അവരുടെ ചുറ്റുപാടിന്റെയും ജീവിതത്തെപ്പറ്റി പ്രതിപാദിക്കുന്ന തരത്തിലുള്ള ധനശാസ്ത്രമല്ല. മറിച്ച് ഇന്ന് അതിസങ്കീർണമായിക്കൊണ്ടിരിക്കുന്ന കമ്പോളബന്ധിത പ്രവർത്തനങ്ങളിൽ ചില നിബന്ധനകൾ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ഗണിത/സാംഖ്യിക പ്രാധാന്യമുള്ള ശാഖയാണ്. പുരസ്കാരജേതാക്കളായ രണ്ട് പേരുടെയും അടിസ്ഥാനപഠനശാഖ, ധനശാസ്ത്രമല്ല; മറിച്ച് ഗണിതമാണ്.
കമ്പോളം പ്രവർത്തിക്കുന്നത് ചെറുതും പഴയതുമായ ധാരാളം കരാറുകളെ അടിസ്ഥാനമാക്കിയാണ്. തൊഴിലാളി, മുതലാളി, ബാങ്കുകൾ, ഇടപാടുകരാർ, സ്ഥലം ഉടമകൾ, വാടകക്കാർ, വിദഗ്ദ്ധ തൊഴിലാളി, അവിദഗ്ധതൊഴിലാളി എന്നിവയ്ക്കൊപ്പം, ഇൻഷുറൻസ്, ദല്ലാൾമാർ, കരാറുകാർ എന്നിങ്ങനെ പലവിധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർ തമ്മിൽ വിവിധതരം കരാറുകൾ (Contracts) ഉണ്ടാക്കണം. പണ്ടൊക്കെ ഇത്തരം കരാറുകൾ അനൗപചാരികമോ അലിഖിതമോ ആയിരുന്നു. കാരണം ബന്ധപ്പെട്ട പ്രക്രിയകൾ ഋജുവും ലളിതവുമായിരുന്നു. എന്നാൽ ഇന്ന് സമ്പത്തുൽപ്പാദന പ്രക്രിയകളെക്കാൾ, ധനകാര്യ ഉരുപ്പടികളുടെ വിനിയോഗ പ്രക്രിയയ്ക്കാണ് കമ്പോളത്തിൽ മുൻതൂക്കം. അതുകൊണ്ടുതന്നെ, പണ്ടത്തേതുപോലെ സുഗമവും സുതാര്യവും സുനിശ്ചിതവും അല്ല പ്രവർത്തനം. ധാരാളം അപായ സാധ്യതകൾ(Risks) ഉള്ളതാണ്. അതിനാൽ അനിശ്ചിതത്വവും അതാര്യതയും വളരെ കൂടുതലാണ്. ഇത് പ്രവർത്തങ്ങളുടെ ഘടന, ചേരുവ എന്നിവ നിർണയിക്കുന്നതിലും ലാഭം പങ്കുവെയ്ക്കുന്നതിലും സഹകരണം ഉറപ്പാക്കുന്നതിനും ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
ഈ സാഹചര്യത്തിൽ വിവിധ ഏജൻസികൾക്കിടയിൽ പ്രവർത്തനരീതി, സംഘാടനരീതി, ലാഭവിഹിതം പങ്ക് വെക്കൽ എന്നിവ സംബന്ധിച്ചൊക്കെ കൃത്യമായ ധാരണ ലിഖിതരൂപത്തിൽ പരസ്പരസമ്മതമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഉണ്ടായേ മതിയാകൂ. അത്തരം മാനദണ്ഡങ്ങൾ തയ്യാറാക്കി, [highlight color=”blue”]കമ്പോള ഏജൻസികൾ സുഗമമായ, കൂടുതൽ സുതാര്യമായ പ്രവർത്തനം ഉറപ്പാക്കുന്ന രംഗത്തെ ഗവേഷണമാണ് ഹാർട്ടും, ഹോൾസ്ട്രോമും 1970കളിലും 1980ലും നടത്തിയത്. അതുവഴി കരാർ സിദ്ധാന്ത(Contract theory) ത്തിന് ശക്തമായ അടിത്തറ പണിയാനും അതിനെ പുതിയൊരു തലത്തിലേക്ക് ഉയർത്താനും ഇവർക്കു കഴിഞ്ഞതായി കണക്കാക്കുന്നു. ഈ സംഭാവനകളെ മുൻനിർത്തിയാണ് നൊബേൽ പുരസ്കാരം നൽകിയിരിക്കുന്നത്.[/highlight]
ഇക്കാലത്തെ ഒരു പ്രധാന കമ്പോള പ്രതിഭാസമാണ് കമ്പനികളോ സ്ഥാപനങ്ങളോ വിലയ്ക്ക് വാങ്ങുക, ഏറ്റെടുക്കുക തുടങ്ങിയ പ്രക്രിയകൾ. സാങ്കേതികമായി ഇതിന് Merger & Acquisition- (M&A) എന്ന് പറയും. കേരളത്തിൽ ഇപ്പോഴിതിന് ഏറ്റവും നല്ല ഉദാഹരണമാണ് SBl, SBT ലയനം. ഇവിടെ സേവന – വേതന വ്യവസ്ഥകൾ, ഓഹരി വിലകൾ, മൂലധന അടിത്തറ, ബാങ്ക് ബ്രാഞ്ചുകൾ നിലനിർത്തൽ തൊഴിലാളികളെ പിരിച്ചുവിടൽ, പുതിയ നിയമനം, യോഗ്യത അവരെ വിന്യസിക്കൽ എന്നിവയൊക്കെ വളരെ സങ്കീർണമായ പ്രശ്നമാണ്. ഇതിന് കൃത്യമായൊരു നിയമാവലിയും നിബന്ധനയും ആവശ്യമാണ്. പൊതു – സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്കെല്ലാം ഇത് വേണ്ടിവരും. അത്രയും നല്ലത്.
വീണ്ടും കമ്പോളത്തിലേക്ക്
നവലിബറൽ നയങ്ങൾ ശക്തിപ്പെട്ടതോടെ ധനശാസ്ത്രരംഗം ഒരു വാണിജ്യ/കമ്പോള ശാസ്ത്രമായി തരംതാണിരിക്കയാണ്. അതിലെ ഉദാത്ത ഘടകമായ മനുഷ്യബന്ധങ്ങൾ, മാനവികത എന്നിവയെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. ഇത് നൊബേൽ പുരസ്കാരജേതാക്കളുടെ സംഭാവനകളിൽ നിന്ന് വളരെ പ്രകടമാണ്. 1969ലാണ് ധനശാസ്ത്ര നൊബേൽ ആദ്യമായി ഏർപ്പെടുത്തിയത്. വളരെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവർക്കാണ് 1990 വരെ നൊബേൽ പുരസ്കാരം നൽകിയിരുന്നത്. എന്നാൽ, നവലിബറലിസം കരുത്താർജിച്ച തുടങ്ങിയ 1991 ന് ശേഷം പിന്നിട്ട കാൽ നൂറ്റാണ്ടിനിടയിൽ പുരസ്കാരജേതാക്കളായവരിൽ 22 പേർ ആധുനിക കമ്പോളത്തിന്റെ മാസ്മരികതയിലേക്ക് സംഭാവന നൽകിയവരാണ്. അമർത്യാസൈൻ, ജോസഫ് സ്റ്റിഗ്ലിറ്റസ്, അഗസ്റ്റസ് ഡീറ്റൺ എന്നിങ്ങനെ രണ്ട് മൂന്ന് പേരെ മാറ്റിനിർത്തിയാൽ ഇത് ഏറെ പ്രകടമാണ്. ഈ വർഷത്തെ നൊബേൽ പുരസ്കാരവും നീങ്ങിയത് നവലിബറൽ സൈദ്ധാന്തികരെ ആദരിക്കുന്ന രീതിയിലേക്ക് തന്നെയാണ്.