ഡോ. വി. ജിതേഷ്
പൊതുജനാരോഗ്യ വിദഗ്ദ്ധൻ
കഴിഞ്ഞ രണ്ടു ദിവസമായി നമ്മുടെ പ്രതിരോധ ഗവേഷണ സംഘടന (Defence Research and Development Organisation, DRDO) കണ്ടുപിടിച്ച പുതിയ കോവിഡ് മരുന്ന് ആണ് സാമൂഹ്യ മാധ്യമങ്ങളിലെ താരം. പൊടിപ്പും തൊങ്ങലും വെച്ച സ്ഥിരം ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തകള്‍ക്കും, DRDO എന്നു കണ്ട ഉടനെ അതെല്ലാം സ്ഥിരം പൊങ്ങച്ച പരിപാടി എന്നു മുന്‍ ധാരണയോടെ പ്രതികരിക്കുന്നവര്‍ക്കും ഒക്കെ ഇടയില്‍ എന്താണ് ഈ പറഞ്ഞ അത്ഭുത മരുന്ന് എന്നു പരിശോധിക്കുകയാണിവിടെ.
ആരാണ് / എന്താണ് ഈ DRDO ?
ഭാരത സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ – വികസന വിഭാഗമാണ് DRDO – അഥവാ Defence Research & Development Organisation. നമ്മുടെ സായുധ സേനകളെ അത്യാധുനിക ആയുധ സംവിധാനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനുള്ള പ്രതിരോധ സാങ്കേതിക വിദ്യകളിൽ സ്വാശ്രയത്വം കൈവരിക്കാനുള്ള ദൗത്യമാണ് DRDO ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുടെ തനത് പ്രതിരോധ സാങ്കേതിക വിദ്യകളുടെ പ്രതീകങ്ങളായ അഗ്നി, പൃഥ്വി ശ്രേണികളിലെ മിസൈലുകൾ, ചെറു യുദ്ധ വിമാനങ്ങൾ, തേജസ് എന്ന റോക്കറ്റ് ലോഞ്ചർ, ആകാശ് എന്ന് പേരിട്ട റഡാറുകളുടെ ശ്രേണി തുടങ്ങി DRDO യുടെ സംഭാവനകൾ ഏറെയാണ്. 1958 – ൽ ആരംഭിച്ച DRDO ക്ക് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 അത്യാധുനിക പരീക്ഷണ ശാലകളുണ്ട്.
2. എന്താണ് ഈ 2- DG ?
2- ഡീ ഓക്സി ഗ്ലൂക്കോസ് (2- Deoxy Glucose) അഥവാ 2- DG എന്നത് നമ്മുടെ സാധാരണ ഗ്ലൂക്കോസിന്റെ ഒരു വകഭേദം എന്ന് പറയാം.
നിലവിൽ 2- DG ഒരു രോഗനിർണയ ഉപാധി ആയാണ് ഉപയോഗിക്കപ്പെടുന്നത്. ചില തരം മുഴകൾ, ഹൃദ്രോഗങ്ങൾ, അൽഷിമേഴ്സ് രോഗം (അതേ – നമ്മുടെ തന്മാത്ര രോഗം) എന്നിവയിൽ രോഗനിർണയത്തിനായി നടത്തുന്ന PET സ്കാനിങ്ങിൽ റേഡിയോ ആക്ടീവ് ഫ്ലൂറിനുമായി ചേര്‍ന്ന 2- DG (FDG) ഉപയോഗിച്ചു വരുന്നുണ്ട്.
എന്നാൽ ചികിത്സയിൽ ഈ സംയുക്തത്തിന്റെ ഉപയോഗം പരീക്ഷണ ഘട്ടത്തിലാണ് – അതായത് കാൻസറിനെതിരെയും, വൈറസുകൾക്ക് എതിരെയും പ്രവർത്തിക്കാനുള്ള അതിന്റെ ശേഷി പഠന വിധേയമായി കൊണ്ടിരിക്കുകയാണ്.
- കാൻസർ ചികിത്സയിൽ 2- DG: കീമോതെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയ കാൻസർ ചികിത്സകൾക്കുള്ള ഒരു അനുബന്ധ ചികിത്സ ആയാണ് നിലവിൽ 2- DG പരീക്ഷണവിധേയമാക്കുന്നത്.
- വൈറസിനെതിരെ 2-DG: ഹെർപിസ് സിംപ്ലക്സ് എന്ന വൈറസിനെതിരെ ഇത് ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ കാണുകയുണ്ടായി.
നിലവിൽ ഒരു രോഗത്തിന്റെ യും ചികിത്സക്ക് ഉപയോഗിക്കാൻ പൂർണ അനുമതി ഈ സംയുക്തത്തിന് ലഭിച്ചിട്ടില്ല.
3. കോവിഡിനെതിരെ 2- DG ?
മുകളിൽ സൂചിപ്പിച്ച പോലെ ഹെർപിസ് സിംപ്ലക്സിനെതിരെ ഫലപ്രദമാണെന്ന് കണ്ടിരുന്ന ഈ സംയുക്തം കോവിഡിനെതിരെയും ഫലപ്രദമായേക്കാമെന്ന അനുമാനത്തിൽ 2020 ഏപ്രിലിൽ തന്നെ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു.
- കോശങ്ങൾക്കകത്ത് കോവിഡ് വൈറസ് പെരുകുന്നത് തടയാൻ 2-DG ക്ക് സാധിക്കുന്നു എന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ മനുഷ്യരിലേക്ക് ( Phase 2 – രണ്ടാം ഘട്ട) പരീക്ഷണങ്ങൾ വ്യാപിപ്പിക്കാൻ കേന്ദ്ര ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതിക്കായി സമീപിച്ചു. DRDO ക്ക് കീഴിലെ INMAS (Institute of Nuclear Medicine and Allied Sciences, New Delhi ) എന്ന ഗവേഷണ സ്ഥാപനം ഡോ. റെഡ്‌ഢീസ് ലബോറട്ടറി എന്ന സ്വകാര്യ മരുന്ന് കമ്പനിയുമായി ചേർന്നാണ് പരീക്ഷണങ്ങൾക്ക് അനുമതി തേടിയത്.
- 2020 മെയ് മാസത്തിൽ മനുഷ്യ പരീക്ഷണങ്ങൾക്ക് അനുമതി ലഭിക്കുകയും, 110 രോഗികളിൽ രണ്ടാം ഘട്ട പരീക്ഷണങ്ങൾ 2020 ഒക്ടോബറോടെ പൂർത്തിയാവുകയും ചെയ്തു.
- ആശാവഹമായ ഫലങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ 2020 നവമ്പറിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് അനുമതി ലഭിക്കുകയും, വിവിധ സംസ്ഥാനങ്ങളിലെ (ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാനാ രാജസ്ഥാൻ, തമിഴ്നാട്, കർണാടക) 27 കോവിഡ് ആശുപത്രികളിലായി 220 രോഗികളിൽ ഇത് പരീക്ഷിക്കുകയും ചെയ്തു.
- രണ്ടും, മൂന്നും ഘട്ട പരീക്ഷണങ്ങളിൽ കണ്ട ഫലങ്ങളുടെ അടിസ്ഥാനത്തിൽ ആണ് 2021 മെയ് 9 ന് ഇന്ത്യയിലെ മരുന്നുപയോഗത്തിന് അനുമതി നൽകുന്ന ഉന്നതാധികാര സമിതി ആയ DCGI അനുമതി നൽകിയത്.
- രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളില്‍ വളരെ ചുരുങ്ങിയ എണ്ണം ആളുകളില്‍ മാത്രമാണ് പരീക്ഷണം നടന്നത് എന്നത് നാം പരിഗണിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ കൂടുതല്‍ വിപുലം ആയ ഉപയോഗത്തില്‍ ഇതേ ഫലങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നും പറയാറായിട്ടില്ല
4. എന്ത് തരം അനുമതിയാണ് നിലവിൽ 2- DG ക്ക് ലഭിച്ചിരിക്കുന്നത്?
- കോവിഡ് പോലുള്ള – ഇനിയും ഫലപ്രദമായ മരുന്നിനായി പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്ന – വ്യാപകമായി രോഗാതുരതയും, മരണങ്ങളും ഉണ്ടാക്കുന്ന ഒരു മഹാമാരി എന്ന നിലക്കാണ് 2-DG ക്ക് അടിയന്തിര അനുമതി നൽകിയിരിക്കുന്നത്.
- നിലവിൽ അംഗീകരിക്കപ്പെട്ട മരുന്നുകൾക്കും, ചികിത്സാ രീതികൾക്കുമൊപ്പം / ഒരു അനുബന്ധ ചികിത്സാ രീതി ആയാണ് 2-DG ക്ക് അനുമതി നൽകിയിരിക്കുന്നത്.
5. അനുബന്ധ ചികിത്സ എന്നാൽ എന്താണ്?
- നിലവിൽ അംഗീകരിക്കപ്പെട്ട ചികിത്സാ രീതികൾക്ക് ഒപ്പം അതിന്റെ ഗുണമേൻമ വർദ്ധിപ്പിക്കാനോ, ചികിത്സ കൂടുതൽ മെച്ചപ്പെട്ടതാക്കാനോ അധികമായി ചേർക്കുന്ന ഒരു ചികിത്സയാണ് അനുബന്ധ ചികിത്സ
- ഇത് ഒരു കാരണവശാലും നിലവിൽ അംഗീകരിക്കപ്പെട്ട ചികിത്സകൾക്ക് പകരമല്ല. അത് കൊണ്ട് തന്നെ അത്തരം ചികിത്സകൾ നിർത്തി വച്ചല്ല പുതിയ ചികിത്സ നൽകേണ്ടത് – മറിച്ച് അതിനോട് കൂട്ടി ചേർത്തു കൊണ്ടാണ്.
- ഇത്തരത്തിൽ നിലവിലെ ചികിത്സൾക്ക് ഒപ്പം കൂട്ടി ചേർക്കാൻ ആണ് 2-DG ക്ക് അനുമതി ലഭിച്ചിരിക്കുന്നത് – അല്ലാതെ അതിനു പകരമായല്ല
6. എന്താണ് 2-DG കൂടെ ചേർക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ ?
പരീക്ഷണങ്ങളിൽ പ്രധാനമായും രണ്ട് ഗുണങ്ങൾ ആണ് കണ്ടെത്തിയതായി പറയുന്നത്.
- കോവിഡ് വൈറസ് കോശങ്ങളിൽ പെരുകുന്നത് തടയുക വഴി ശരീരത്തിലെ വൈറസിന്റെ അളവ് കുറയ്ക്കുകയും, രോഗം ഭേദമാകാൻ എടുക്കുന്ന സമയം കുറയ്ക്കുകയും ചെയ്യും (രണ്ടര ദിവസം വരെ എന്ന് പറയുന്നു). അതായത് – രോഗത്തിന്റെ ദൈർഘ്യം കുറയ്ക്കുകയും, അത് വഴി പകർച്ചാ സാധ്യത കുറയ്ക്കുകയും ചെയ്യും എന്ന്
- വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നത് നിയന്ത്രിക്കുക വഴി ഓക്സിജൻ ആവശ്യമായി വരുന്ന രോഗമുള്ള ആളുകളിൽ അതിന്റെ കാലാവധി കുറച്ച് മറ്റുള്ളവരെ അപേക്ഷിച്ച് ഓക്സിജൻ നൽകേണ്ട അവസ്ഥയിൽ നിന്ന് നേരത്തെ മുക്തി നേടുന്നു. അതായത് ഓക്സിജന്റെ ആവശ്യകതയും, അതിന്റെ കുറവ് കൊണ്ടുള്ള അപകട സാധ്യതയും കുറയ്ക്കുന്നു എന്നാണ് അവകാശപ്പെടുന്നത്.
7.ഏത് രൂപത്തിൽ ആയിരിക്കും ഈ മരുന്ന് ലഭ്യമാവുക? എന്നാണ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത്?
സാധാരണ ഗ്ലൂക്കോസ് പോലെ പൊടി രൂപത്തിൽ ലഭ്യമാകുന്ന മരുന്ന് നിശ്ചിത അളവിൽ വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കാവുന്ന രൂപത്തിൽ ആയിരിക്കും ലഭിക്കുക. ഏതാനും ആഴ്ചകൾക്കകം മരുന്ന് വിപണിയിൽ ലഭ്യമാകുമെന്നാണ് നിർമ്മാതാക്കൾ അവകാശപെടുന്നത്.
Disclaimer (നിരാകരണ കുറിപ്പ്):
- ഈ ലേഖനത്തിന് ആധാരമായ വിവരങ്ങൾ പ്രധാനമായും ലഭിച്ചിരിക്കുന്നത് പ്രതിരോധ മന്ത്രാലയം പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ നിന്നാണ്.
- സാധാരണ ഗതിയിൽ ഇത്തരം ഗവേഷണ ഫലങ്ങൾ കൃത്യമായി സമശീർഷരുടെ നിരൂപണങ്ങൾക്ക് (peer review) വിധേയമായ ശേഷം അംഗീകൃത ശാസ്ത്ര ജേണലുകളിൽ ആണ് പ്രസിദ്ധീകരിക്കപ്പെടാറ്. DRDO യുടെ ഗവേഷണഫലം അംഗീകൃത ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആയത് കൊണ്ട് കൂടുതൽ പരീക്ഷണങ്ങളിലൂടെ നിലവിലെ അവകാശ വാദങ്ങൾ തെറ്റാണെന്നോ, അല്ലെങ്കിൽ കണ്ടെത്തലുകൾ വെറും ഒരു യാദ്യശ്ചികത മാത്രമായിരുന്നു എന്നോ കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
വിവരങ്ങൾക്ക് കടപ്പാട് :
- https://www.drdo.gov.in/about-drdo
- https://www.drdo.gov.in/labs-establishment/about-us/institute-nuclear-medicine-allied-sciences-inmas
- https://pib.gov.in/PressReleasePage.aspx?PRID=1717007
- https://pubchem.ncbi.nlm.nih.gov/compound/Deoxyglucose#section=Structures
- https://www.sciencedirect.com/topics/neuroscience/2-deoxy-d-glucose
- https://www.businesstoday.in/latest/trends/all-you-need-to-know-about-drdos-new-anti-covid-19-drug-2-dg/story/438692.html
- https://www.news18.com/news/india/2-dg-drug-that-will-reduce-oxygen-dependence-to-be-available-in-a-month-drdo-scientist-3721130.html