മുത്തുകള്‍ നൂലില്‍ കോര്‍ത്ത് മാലയുണ്ടാക്കും പോലെ തന്മാത്രകളെ ഒന്നിച്ച് കോര്‍ത്തെടുത്ത് നീളന്‍ മാലകള്‍ ഉണ്ടാക്കാന്‍ കഴിയുമോ? കഴിയുമെന്നു മാത്രമല്ല ഈ തന്മാത്രാ ചങ്ങലകള്‍ നമ്മുടെ ഭൗതികലോകത്തെത്തന്നെ മാറ്റിമറിച്ചിട്ടുമുണ്ട്. ചുരുങ്ങിയ കാലത്തെ ആയുസ് മാത്രമുണ്ടായിരുന്ന, വെയിലിന്റെയും, ചൂടിന്റെയും, സൂര്യപ്രകാശത്തിന്റെയും ആക്രമണത്തിന് എളുപ്പത്തില്‍ കീഴടങ്ങിയിരുന്ന വസ്തുക്കളുടെ കാലത്തിന് അന്ത്യം കുറിച്ച് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അതേസമയം കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള വസ്തുക്കളുടെ യുഗത്തിന് തുടക്കം കുറിച്ചത് നീളന്‍ ചങ്ങലകളുടെ രസതന്ത്രമാണ്. പ്രശംസക്കൊപ്പം ഇത്രയേറെ പഴിയും ഏറ്റുവാങ്ങിയ മറ്റൊരു ശാസ്ത്രശാഖയും ഉണ്ടാവാനിടയില്ല. അതെ, പോളിമറുകള്‍ എന്ന വമ്പന്‍ തന്മാത്രകളെക്കുറിച്ച് തന്നെ. നമ്മള്‍ ശരീരത്തിലണിഞ്ഞിരിക്കുന്ന കനംകുറഞ്ഞ സുഖകരമായ വസ്ത്രങ്ങള്‍ മുതല്‍ കൃത്രിമ ഹൃദയവാല്‍വുകള്‍ വരേയും, ഇരിക്കുന്ന കസേര മുതല്‍ ബഹിരാകാശ വാഹനങ്ങളുടെ ഭാഗങ്ങള്‍ വരേയും, സാനിറ്ററി നാപ്കിനുകള്‍ മുതല്‍ കാന്‍സര്‍ രോഗ ചികിത്സ വരെയും പല തലങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു ഇവയുടെ ഉപയോഗങ്ങളും സാദ്ധ്യതകളും. ഭൗതിക രൂപത്തിന്റെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്കുകള്‍, റബ്ബറുകള്‍, കൃത്രിമ നാരുകള്‍, പശകള്‍ തുടങ്ങി പലതായി ഇവയെ തരംതിരിക്കാം. ജൈവഉറവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത റബ്ബറും സെല്ലുലോസും പോലുള്ള സ്വാഭാവിക പദാര്‍ഥങ്ങളും, പോളിത്തീനും പി വി സിയും പോലുള്ള കൃത്രിമ വസ്തുക്കളും ഈ ശാസ്ത്രമേഖലയുടെ ഭാഗമാണ്. നനവ് വലിച്ചെടുക്കുന്നതും, ഒട്ടും നനയാത്തതുമായ വസ്തുക്കളും, വൈദ്യുതിയെ പ്രതിരോധിക്കുന്നവക്കൊപ്പം വിദ്യുത്ചാലകങ്ങളും ഈ വിചിത്ര കുടുംബത്തിലെ അംഗങ്ങളാണ്. മാത്രമല്ല ഇവയുടെ വൈവിധ്യവും പ്രയോഗ സാധ്യതകളും ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു.
പോളിമറുകള്‍ക്ക് ആ പേര് നല്‍കിയത് ബെര്‍സിലിയസ് (Jöns Jacob Berzelius) എന്ന ശാസ്ത്രജ്ഞനാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ഒറ്റപ്പെട്ട പഠനങ്ങള്‍ ആരംഭിക്കുന്നുണ്ടെങ്കിലും ഗൗരവമുള്ള മുന്നേറ്റങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം ദശകം തൊട്ടാണ്. 1920 ല്‍ ജര്‍മന്‍ രസതന്ത്രജ്ഞനായ ഹെര്‍മന്‍ സ്റ്റോഡിഞ്ചര്‍ (Hermann Staudinger) രചിച്ച “On Polymerization” എന്ന പഠനം പ്രസിദ്ധീകരിക്കപ്പെട്ടു. ചൂടുപിടിച്ച ചര്‍ച്ചകളുടെയും വലിയ വിവാദങ്ങളുടെയും കാലമാണ് തുടര്‍ന്നുണ്ടായത്. വമ്പന്‍ തന്മാത്രകളുടെ രസതന്ത്രവും അവയിലെ രാസബന്ധനങ്ങളുടെ സ്വഭാവവും അന്നോളം ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. സ്റ്റോഡിഞ്ചറിന്റെ ലേഖനം പുതിയൊരു പഠനമേഖലക്ക് തുടക്കം കുറിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പോളിമര്‍ സയന്‍സിന്റെ പിതാവായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. അങ്ങനെ നോക്കുമ്പോള്‍ പോളിമറുകളുടെ ശാസ്ത്രത്തിന് ഈ വർഷം നൂറു തികയുകയാണ്. നൂറുവർഷം കൊണ്ട് ഈ മേഖലയില്‍ ഉണ്ടായ മുന്നേറ്റങ്ങള്‍ നിത്യജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്ന ആലോചന തന്നെ അത്ഭുതപ്പെടുത്തുന്നതാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ റബ്ബര്‍, സെല്ലുലോസ് തുടങ്ങിയ വസ്തുക്കള്‍ക്ക് സാധാരണ വസ്തുക്കളെക്കാള്‍ തന്മാത്രാഭാരം വളരെക്കൂടുതലാണ് എന്ന് ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചിരുന്നു. സെല്ലുലോസ് അടിസ്ഥാനമായുള്ള പാര്‍ക്കസീന്‍, സെല്ലുലോയ്ഡ് തുടങ്ങിയ അര്‍ദ്ധകൃത്രിമ പ്ലാസ്റ്റിക്കുകള്‍ ആണ് ആദ്യം നിര്‍മ്മിക്കപ്പെട്ടത്. വ്യാവസായികമായി ഉത്പാദിപ്പിക്കപ്പെട്ട ആദ്യത്തെ പ്ലാസ്റ്റിക് ബേക്കലൈറ്റ് ആണ്. 1907 ഹെന്‍റി ബേക്ലാന്‍റ് (Leo Hendrik Arthur Baekeland) ആണ് ഇതിന്‍റെ നിര്‍മ്മാണ രീതി വികസിപ്പിച്ചെടുത്തത്. എങ്കിലും ഇവയുടെ രാസസ്വഭാവം ശാസ്ത്രജ്ഞര്‍ക്ക് വഴങ്ങിയിരുന്നില്ല. പിന്നീട് ഹെര്‍മന്‍ സ്റ്റോഡിഞ്ചറാണ് പോളിമറുകളുടെ രാസസവിശേഷതകള്‍ വിശദീകരിച്ചത്. ഒന്നും രണ്ടും മഹായുദ്ധ കാലങ്ങളില്‍ യുദ്ധാവശ്യത്തിനായുള്ള പുതിയ വസ്തുക്കള്‍ക്കായുള്ള അന്വേഷണങ്ങള്‍ നിരവധി പുതിയ പോളിമറുകള്‍ കണ്ടെത്താന്‍ കാരണമായി. ഇന്ന് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന തെര്‍മോപ്ലാസ്റ്റിക് ആയ പോളിത്തീന്‍ യാദൃശ്ചികമായി കണ്ടുപിടിക്കപ്പെട്ടത് 1939 ലാണ്. പതിനാറാം നൂറ്റാണ്ടില്‍ തന്നെ പ്രകൃതിദത്ത റബര്‍ കണ്ടെത്തപ്പെട്ടിരുന്നെങ്കിലും കാര്യമായ ഉപയോഗം ഉണ്ടായിരുന്നില്ല. സള്‍ഫര്‍ ചേര്‍ത്ത് ചൂടാക്കിയാല്‍ ഇതിന്‍റെ സ്വഭാവങ്ങള്‍ വലിയ തോതില്‍ മെച്ചപ്പെടുത്താം എന്നും ബലം കൂട്ടാം എന്നും ഗുഡ്ഇയര്‍ (Charles Goodyear) 1839 ല്‍ കണ്ടെത്തി. വള്‍ക്കനൈസേഷന്‍ എന്ന ഈ പ്രക്രിയയാണ് ഗതാഗത രംഗത്ത് വലിയ മുന്നേറ്റത്തിനു കാരണമായത്. സ്വാഭാവിക റബ്ബര്‍ അതേരൂപത്തില്‍ ടയര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുക സാധ്യമല്ല. വള്‍ക്കനൈസേഷന്‍ ഈ പരിമിതി മറികടക്കാന്‍ സഹായിച്ചു. 1930 കൃത്രിമ റബ്ബര്‍ ആയ SBR കണ്ടുപിടിക്കപ്പെട്ടതോടെ കൃത്രിമ റബ്ബറുകളുടെ യുഗവും തുടങ്ങി. ഇന്ന്, ഉയര്‍ന്ന താപപ്രതിരോധം കാണിക്കുന്നതും, സ്വാഭാവിക വിഘടനത്തിന് വിധേയമാകുന്നതും, വൈദ്യുതി കടത്തി വിടുന്നതും അടക്കം വിചിത്രമെന്ന് തോന്നാവുന്ന സ്വഭാവ സവിശേഷതകള്‍ ഉള്ള പോളിമറുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ സജീവമായി ലോകമെമ്പാടും നടക്കുന്നു.
ഈ ചങ്ങലക്ക് കണ്ണികളെത്ര
അനേകം എന്നര്‍ത്ഥം വരുന്ന പോളി, ഭാഗങ്ങള്‍ എന്നര്‍ത്ഥം വരുന്ന മെറോസ് എന്നീ ലാറ്റിന്‍ വാക്കുകള്‍ കൂടിച്ചേര്‍ന്നാണ് പോളിമര്‍ എന്ന പേരുണ്ടായത്. പേര് സൂചിപ്പിക്കും പോലെ നിരവധി ചെറുതന്മാത്രകള്‍ രാസപ്രവര്‍ത്തനം വഴി കൂടിച്ചേര്‍ന്നാണ് പോളിമറുകളുടെ വന്‍ ചങ്ങലകള്‍ രൂപപ്പെടുന്നത്. ആയിരക്കണക്കിന് ചെറുതന്മാത്രകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ തന്മാത്രാഭാരമുള്ള പദാര്‍ത്ഥങ്ങള്‍ രൂപപ്പെടുന്നു. തന്മാത്രാഭാരവും ഇവയുടെ സ്വഭാവങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. തന്മാത്രാവലിപ്പം കൂടും തോറും രാസവസ്തുക്കള്‍ക്ക് ഇവയെ ആക്രമിക്കാന്‍ പ്രയാസമാകും. കൂടാതെ, കെട്ടുപിണഞ്ഞ ഘടനയും രാസപ്രതിരോധശേഷി കൂട്ടുന്നു. തന്മാത്രാഭാരം കൂടിയ പോളിമറുകള്‍ പൊതുവേ ലായകങ്ങളില്‍ ലയിക്കുകയുമില്ല.
കാര്‍ബണും നൈട്രജന്‍, ഓക്സിജന്‍, ഹൈഡ്രജന്‍ തുടങ്ങിയ മൂലകങ്ങളും കൂടിച്ചേര്‍ന്നുണ്ടാകുന്നവയാണ് ഓര്‍ഗാനിക് സംയുക്തങ്ങള്‍. ഈ മൂലകങ്ങളെകൂടാതെ മറ്റ് നാല് കാര്‍ബണ്‍ ആറ്റങ്ങളുമായി കൂടിച്ചേര്‍ന്ന് നീളന്‍ ചങ്ങലകളും വലയങ്ങളുമടക്കം വൈവിധ്യമാര്‍ന്ന ഘടനയുള്ള ലക്ഷക്കണക്കിന് സംയുക്തങ്ങള്‍ ഉണ്ടാക്കാന്‍ കാര്‍ബണിനു കഴിയും. കാറ്റനേഷന്‍ എന്നറിയപ്പെടുന്ന ഈ സ്വഭാവ സവിശേഷതയാണ് പോളിമറുകളുടെ ഘടനയും സാധ്യമാക്കുന്നത്. കാര്‍ബണ്‍ ആറ്റങ്ങള്‍ ഒന്നിനോടൊന്ന് ചേര്‍ന്നുണ്ടാകുന്ന നീളന്‍ ചങ്ങലകള്‍ അങ്ങനെ രൂപപ്പെടുന്നു. സിലിക്കോണ്‍ റബ്ബര്‍ പോലെയുള്ള അപൂര്‍വ്വം പോളിമറുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സാധാരണ ഉപയോഗത്തിലുള്ളവ ബഹുഭൂരിപക്ഷവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കാര്‍ബണ്‍ ചങ്ങലകള്‍ കൊണ്ടാണ്. കാര്‍ബണ്‍ ആറ്റങ്ങള്ക്കിടയിലെ സഹസംയോജക ബന്ധനമാണ് ചങ്ങലയുടെ ഘടനക്ക് ഉറപ്പുനല്‍കുന്നത്. ചങ്ങലയിലെ കാര്‍ബണ്‍ ആറ്റങ്ങളോട് വിവിധ ഫംഗ്ഷണല്‍ ഗ്രൂപ്പുകള്‍ ഘടിപ്പിക്കാം. ഉദാഹരണത്തിന് പി വി സി യിലെ ഫംഗ്ഷണല്‍ ഗ്രൂപ്പ് ക്ലോറിനും നോണ്‍സ്റ്റിക് പാത്രങ്ങളില്‍ ഉപയോഗിക്കുന്ന ടെഫ്ലൊണില്‍ ഫ്ലൂറിനുമാണ്. ഈ ഗ്രൂപ്പുകള്‍ പോളിമറിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ വ്യത്യസ്ത പോളിമര്‍ ചങ്ങലകള്‍ തമ്മിലുള്ള ദുര്‍ബലമോ, ശക്തമോ ആയ ആകര്‍ഷണങ്ങളാണ് അവ പ്ലാസ്റ്റിക് ആണോ, നാരുകളാക്കാമോ, ഉരുക്കാന്‍ കഴിയാത്ത തെര്‍മോസെറ്റ് ആണോ , വലിച്ചു നീട്ടാന്‍ കഴിയുന്ന റബ്ബര്‍ ആണോ എന്നൊക്കെ തീരുമാനിക്കുക. സാന്ദ്രത, ചങ്ങലകള്‍ അടുക്കിവെച്ച് ഉണ്ടാകുന്ന അര്‍ദ്ധ പരല്‍ ഘടനകള്‍ എന്നിവയും ഇവയുടെ സ്വഭാവത്തെ തീരുമാനിക്കുന്നു.
എന്തുകൊണ്ട് പോളിമറുകള്‍?
ലോഹങ്ങള്‍, മരം, ഗ്ലാസ്, പേപ്പര്‍, നാരുകള്‍ തുടങ്ങി എല്ലാ പരമ്പരാഗത നിർമ്മാണ വസ്തുക്കളുടെയും സ്ഥാനം ഇന്ന് പോളിമറുകള്‍ ഏറെക്കുറെ കൈയടക്കിക്കഴിഞ്ഞു. എന്താണ് ഇവയെ ഇത്രയേറെ ജനപ്രിയമാക്കുന്നത്? ഏറ്റവും ആകര്‍ഷകമായ ഒരു ഘടകം ഇവക്ക് കുറഞ്ഞ കനമേ ഉള്ളൂ എങ്കില്‍ പോലും കൂടുതല്‍ ഭാരം താങ്ങാന്‍ കഴിയും എന്നുള്ളതാണ്. ഇത് കസേര, വാതിലുകള്‍, പാത്രങ്ങള്‍ തുടങ്ങി അനവധി വസ്തുക്കളെ ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമാക്കി. കൂടാതെ ഇവ ദീര്‍ഘ കാലം ഈട് നില്‍ക്കും. ലോഹങ്ങളെ പോലെ തുരുമ്പിച്ചോ മരം കൊണ്ടുള്ള വസ്തുക്കളെപ്പോലെ ചിതല്‍ പിടിച്ചോ നശിക്കുകയില്ല. ഈര്‍പ്പം, സൂര്യപ്രകാശം, രാസവസ്തുക്കള്‍ എന്നിവയൊന്നും ഇവയെ എളുപ്പത്തില്‍ ആക്രമിക്കില്ല. വലിയ തന്മാത്രകള്‍ ആയതും കാര്‍ബണ്‍-കാര്‍ബണ്‍ ഏക ബന്ധനങ്ങള്‍ക്ക് രാസപ്രവര്‍ത്തന താല്പര്യം ഇല്ലാത്തതുമാണ് കാരണം. ഈ ഗുണം തന്നെ പ്ലാസ്റ്റിക് മലിനീകരണം എന്ന വലിയ പാരിസ്ഥിതിക പ്രശ്നത്തിനും കാരണമാകുന്നു. ലോഹങ്ങള്‍ കൊണ്ട് സങ്കീര്‍ണ്ണ ഘടനയുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുക എളുപ്പമല്ല,അവയെ ഉരുക്കി മെനഞ്ഞെടുക്കാന്‍ ആയിരത്തിലധികം ഡിഗ്രി താപനില ആവശ്യവുമാണ്. പോളിമറുകള്‍ കൊണ്ട് എത്ര സങ്കീര്‍ണ്ണമായ വസ്തുക്കളും എളുപ്പത്തില്‍ വാര്‍ത്തെടുക്കാം. നൂറോ ഇരുനൂറോ ഡിഗ്രിയില്‍ തന്നെ ഇവ ഉരുകി ദ്രാവക രൂപത്തിലാവുകയും മൂശകളില്‍ ആവശ്യമുള്ള ആകൃതി സ്വീകരിക്കുകയും ചെയ്യുന്നു. പല പ്ലാസ്റ്റിക്കുകളെയും വീണ്ടും വീണ്ടും ഉരുക്കി പുനര്‍നിര്‍മ്മിക്കാനും പുനരുപയോഗിക്കാനും കഴിയും. തീരെ കനം കുറഞ്ഞ ഷീറ്റുകളായും, കനമുള്ള വസ്തുക്കളായും, നനുത്ത നാരുകളായുമെല്ലാം രൂപപ്പെടുത്താം. മറ്റൊന്ന്ഇവക്ക് ആകര്‍ഷകമായ നിറങ്ങള്‍ നല്‍കാനും കഴിയും. ഈ നിറങ്ങള്‍ ലോഹങ്ങളിലെ പോലെ ഉപരിതലത്തില്‍ ഒതുങ്ങി നില്‍ക്കുന്നതുമല്ല. വസ്തുവില്‍ത്തന്നെ നിറം ചേര്‍ന്നിരിക്കുന്നത് കൊണ്ട് കുറേക്കാലം നിറം നിലനില്‍ക്കുകയും ചെയ്യും. മാത്രമല്ല താപം വൈദ്യുതി എന്നിവയെ കടത്തി വിടാത്തതിനാല്‍ ഇലക്ട്രിക് ഉപകരണങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കുന്നു. പണ്ടത്തെ മഴ കൊണ്ട് നനഞ്ഞിരുന്ന പുസ്തക സഞ്ചികള്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വഴിമാറിയത് എന്തുകൊണ്ടാവും? പല പോളിമറുകളും സുതാര്യമാക്കാന്‍ കഴിയുന്നതുകൊണ്ട് വിളക്കുകള്‍, സുതാര്യമായ പാത്രങ്ങള്‍ തുടങ്ങി കണ്ണിലെ ലെന്‍സ് വരെ ഉണ്ടാക്കാം. ഇതിനെല്ലാം പുറമേ പോളിമര്‍ അധിഷ്ഠിത വസ്തുക്കള്‍ക്ക് വിലയും താരതമ്യേന കുറവാണ്. പോളിമര്‍ ചങ്ങലയിലെ ഗ്രൂപ്പുകളില്‍ വ്യത്യാസം വരുത്തി ആവശ്യമുള്ള സ്വഭാവങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയുമാവാം. വൈദ്യുതി കടത്തി വിടുന്നതും, ഭക്ഷണം ഒട്ടിപ്പിടിക്കാത്തതും, നനയാത്തതും, തീ പിടിക്കാത്തതും ഒക്കെയായ വസ്തുക്കള്‍ ഇങ്ങനെ രൂപപ്പെടുത്താം. ഉയര്‍ന്ന ബലവും താപ പ്രതിരോധവും കാണിക്കുന്ന വസ്തുക്കള്‍ ഉണ്ടാക്കാനും കഴിയുന്നു. ഇപ്പോള്‍ 3Dപ്രിന്‍റിംഗ് വഴി കൊച്ചുവീടുകള്‍ അടക്കം നിര്‍മ്മിക്കാന്‍ പോളിമറുകള്‍ ഉപയോഗിക്കുന്നുണ്ട്.
ജൈവപോളിമറുകള്‍
കൃത്രിമ പോളിമറുകള്‍ കണ്ടുപിടിക്കും മുന്‍പേ ജൈവ പോളിമറുകള്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ചെടികളില്‍ കാണുന്ന അന്നജവും സെല്ലുലോസും ഗ്ലൂക്കോസ് തന്മാത്രകള്‍ കൂടിച്ചേര്‍ന്നുണ്ടായ ജൈവ പോളിമറുകളാണ്. നമ്മുടെ ശരീരത്തില്‍ അമിനോ ആസിഡുകള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന പ്രോട്ടീനുകളും ജൈവപോളിമറുകള്‍ തന്നെ. പ്രകൃതിദത്ത റബ്ബര്‍, ഹീവിയ ബ്രസീലിയന്‍സിസ് ചെടിയില്‍ നിന്നും ലഭിക്കുന്നു. കടല്‍ ജീവികളുടെ തോടില്‍ അടങ്ങിയ കൈറ്റിനും മറ്റൊരു ജൈവപോളിമര്‍ ആണ്. കൃത്രിമ പോളിമറുകളെ അപേക്ഷിച്ച് ഇവയുടെ ഉപയോഗം അത്ര വ്യാപകമല്ല. എങ്കിലും സ്വാഭാവിക വിഘടനവും, മനുഷ്യശരീരത്തില്‍ സുരക്ഷിതമായി ഉപയോഗിക്കാം എന്നതും ഇവയുടെ പ്രാധാന്യം കൂട്ടുന്നു.
പോളിമറുകള്‍, പ്രത്യേകിച്ച് പ്ലാസ്റ്റിക്കുകള്‍ സൃഷ്ടിക്കുന്ന വലിയ പ്രശ്നം പരിസ്ഥിതി മലിനീകരണമാണ്. നൂറ്റാണ്ടുകളോളം മണ്ണില്‍ കിടന്ന് അവ മണ്ണിന്‍റെ സ്വാഭാവിക ഘടന തകരാറിലാക്കുകയും, വെള്ളത്തില്‍ കലരുകയും, മണ്ണിലേക്ക് വെള്ളമിറങ്ങുന്നത് തടയുകയും ഒക്കെ ചെയ്യുന്നു. കത്തിക്കുമ്പോള്‍ പുറത്തുവരുന്ന വിഷവാതകങ്ങള്‍ ശ്വാസതടസം മുതല്‍ കാന്‍സര്‍ വരെ പല പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. അശാസ്ത്രീയമായ ഉപയോഗം മൂലം ഭക്ഷണത്തിലും, വെള്ളത്തിലും കലര്‍ന്നും രോഗങ്ങള്‍ ഉണ്ടാക്കാം.ഇത്തരം പരിമിതികളെ മറികടക്കുന്ന വിഘടന ശേഷിയുള്ളതും സുരക്ഷിതവുമായ പ്ലാസ്റ്റിക്കുകള്‍ വികസിപ്പിക്കാനുള്ള അന്വേഷണങ്ങള്‍ നടക്കുന്നു. സെല്ലുലോസ്, സ്റ്റാര്‍ച്ച്, കൈറ്റിന്‍ തുടങ്ങിയ സ്വാഭാവിക പോളിമറുകളുടെ സാധ്യതകള്‍ മെച്ചപ്പെടുത്താനുള്ള പഠനങ്ങളും നടന്നുവരുന്നുണ്ട്. പ്ലാസ്റ്റിക് മലിനീകരണത്തിന് എന്നെങ്കിലും നമ്മള്‍ ഉത്തരം കണ്ടെത്താതിരിക്കില്ല എന്നുതന്നെ പ്രതീക്ഷിക്കാം. .
One thought on “വമ്പന്‍ തന്മാത്രകള്‍ക്ക് നൂറ് തികയുമ്പോള്‍”