Read Time:17 Minute

Asif

ഡോ. മുഹമ്മദ് ആസിഫ് എം

ജന്തുജന്യരോഗവ്യാപനം തടയുന്നതിന് സമൂഹത്തിന്റെ ഒന്നായ ജാഗ്രത അനിവാര്യമാണ്.മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യ രോഗനിയന്ത്രണം സാധ്യമല്ല.

ക്രിസ്തുവർഷം 1853 ലെ ക്രിമിയൻ യുദ്ധകാലം. ക്രിമിയൻ ഉപദ്വീപിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ബ്രിട്ടീഷ്-ഫ്രഞ്ച് സഖ്യവും, റഷ്യൻ സാമ്രാജ്യവും തമ്മിലുണ്ടായ രക്തരൂക്ഷിതമായ ഏറ്റുമുട്ടലിനാണ് അന്ന് മെഡിറ്ററേനിയൻ തീരം സാക്ഷ്യം വഹിച്ചത്. യുദ്ധാവശ്യാർത്ഥം മെഡിറ്ററേനിയൻ തീരനഗരമായ മാൾട്ടയിൽ   തമ്പടിച്ച ബ്രിട്ടീഷ് സൈനികരാണ് അസാധാരണമായ ഒരു സംഭവം പ്രത്യേകം ശ്രദ്ധിച്ചത്. തങ്ങളുടെ പട്ടാളക്യാമ്പുകളിലേക്ക് ആവശ്യമായ ആട്ടിൻ പാലും, ഇറച്ചിയുമൊക്കെ വിതരണം ചെയ്ത് വരുന്ന ആ പ്രദേശത്തെ കർഷകർക്കിടയിൽ ഒരപൂർവ്വരോഗം പടർന്ന് പിടിക്കുന്നു. ഇടവിട്ടുള്ള പനി, കഠിനമായ ക്ഷീണം, സന്ധികളിൽ നീർക്കെട്ടും വേദനയും തുടങ്ങിയവയൊക്കെയായിരുന്നു രോഗ ലക്ഷണങ്ങൾ. താമസിയാതെ തങ്ങളുടെ ക്യാമ്പിലെ ചില പട്ടാളക്കാർക്ക് കൂടി രോഗം പിടിപ്പെട്ടതോടെ ബ്രിട്ടീഷ് സൈന്യം ജാഗരൂകരായി. 

ആടുവളർത്തലിൽ   ഏർപ്പെട്ട കർഷകരെയും ആടുകളുമായി നിരന്തരം ഇടപഴകുന്ന മറ്റുള്ളവരെയും ആടിന്റെ പാൽ   കുടിച്ചവരെയുമൊക്കെയാണ് രോഗം ബാധിച്ചതെന്ന് നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ ബ്രിട്ടീഷ് സൈന്യത്തിന് ബോധ്യമായി. മെഡിറ്ററേനിയൻ തീരനഗരമായ മാൾട്ടയിൽ   കണ്ടെത്തിയ അജ്ഞാതരോഗം ആ സമയം കൊണ്ടുതന്നെ മാൾട്ടാ ഫീവർ, മെഡിറ്ററേനിയൻ ഫീവർ, ക്രിമിയൻ ഫീവർ എന്നൊക്കെയുള്ള വിവിധ പേരുകളിൽ യൂറോപ്പിൽ ആകെ ചർച്ചയായി കഴിഞ്ഞിരുന്നു. രോഗത്തെക്കുറിച്ച് പഠിക്കുന്നതിനായി ബ്രിട്ടീഷ് സൈന്യം ‘മെഡിറ്ററേനിയൻ ഫീവർ കമ്മീഷൻ’ എന്ന പേരിൽ പ്രത്യേക ദൗത്യസംഘത്തെ നിയമിക്കുകയും, ആട്ടിൻ പാലടക്കമുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ കർശന നിർദേശം നൽകുകയുമുണ്ടായി. 1856 ൽ യുദ്ധം അവസാനിച്ചെങ്കിലും അജ്ഞാതരോഗത്തിന്റെ ചുരുളഴിക്കാൻ ആർക്കും സാധിച്ചില്ല. 

കടപ്പാട് : വിക്കിപീഡിയ

1883-ൽ  മാൾട്ടയിൽ   ആർമി മെഡിക്കൽ   ഓഫീസറായി ചുമതലയേറ്റ വിഖ്യാത സൂക്ഷ്മാണുശാസ്ത്രജ്ഞൻ ഡേവിഡ് ബ്രൂസിന്റെ നിരന്തരമായ പഠനങ്ങളാണ് ആപൂർവ്വരോഗത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള  ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിച്ചത്. പ്രസ്തുത രോഗലക്ഷണങ്ങളുമായി മരണപ്പെട്ട ഒരു കർഷകന്റെ പ്ലീഹയിൽ നിന്നും ബാസിലസ് കോക്കസ് ഇനത്തിൽപ്പെട്ട, ലോകത്തിന് അക്കാലമത്രയും അറിവില്ലാതിരുന്ന ഒരു ബാക്ടീരിയ  രോഗാണുവിനെ ഡേവിഡ് ബ്രൂസ് വേർതിരിച്ച് കണ്ടെത്തി. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നിരുന്ന ആ രോഗാണുവിനെ ബ്രൂസിനോടുള്ള ബഹുമാനർത്ഥം പിന്നീട് ‘ബ്രൂസെല്ല’ എന്ന് നാമകരണം ചെയ്തു. കേരളമുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ   നിന്നും പിന്നീട് മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നുമെല്ലാം ബ്രൂസെല്ലാ രോഗാണുവിനെ കണ്ടെത്തുകയുണ്ടായി. 

ഇത് ബ്രൂസല്ലോസിസ് എന്ന ജന്തുജന്യരോഗത്തിന്റെ മാത്രം ചരിത്രമാണ്. എന്നാൽ   ഇത് മാത്രമല്ല, നിപ്പാ വൈറസ് ഉൾപ്പെടെ മൃഗങ്ങളിൽ നിന്നും മനുഷരിലേക്കുള്ള രോഗാണു സംക്രമണത്തിന്റെ  എത്രയോ അനുഭവങ്ങൾ ആരോഗ്യശാസ്ത്രത്തിന്റെ പിന്നിട്ട വഴികളിൽ കണ്ടെടുക്കാൻ സാധിക്കും. 1999-ൽ മലേഷ്യയിൽ  പന്നി വളർത്തൽ മുഖ്യതൊഴിലായി ഉപജീവനം നടത്തുന്ന കർഷകർക്കിടയിൽ മരണം വിതച്ച അജ്ഞാതമായ രോഗാണുവിനെ തേടിയുള്ള ശാസ്ത്രാന്വേഷണമാണ് നിപ്പ വൈറസ് എന്ന രോഗകാരിയിലേക്ക് വെളിച്ചം വീശിയത്. രോഗാണുവിന്റെ റിസർവോയർ അഥവാ സ്രോതസ്സുകളായ പഴംതീനി വവ്വാലുകളിൽ   നിന്ന് പന്നികളിലേക്കും പന്നികളിൽ നിന്ന് അവയുടെ വളർത്തുകാരായ കർഷകരിലേക്കുമായിരുന്നു രോഗപ്പകർച്ച സംഭവിച്ചത്. 

കടപ്പാട് : വിക്കിപീഡിയ

ലോകമെമ്പാടും ഭീതിവിതച്ച് കൊണ്ട് ഇത്തരം ജന്തുജന്യരോഗങ്ങളുടെ വ്യാപനം ആവർത്തിച്ച് കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയ പുതിയ സാംക്രമിക രോഗങ്ങളിൽ    75 ശതമാനവും നട്ടെല്ലുള്ള ജീവികളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങളാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
ലോകാരോഗ്യസംഘടനയുടെ തന്നെ മറ്റൊരു റിപ്പോർട്ടിൽ മനുഷ്യാരോഗ്യത്തെ അപകടപ്പെടുത്തുന്ന സാംക്രമിക രോഗങ്ങളിൽ   60 ശതമാനവും ജന്തുക്കളിൽ നിന്നോ, ജന്തുജന്യഉൽപ്പന്നങ്ങളിൽ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ പകരാവുന്ന രോഗങ്ങളാണെന്ന് വ്യക്തമാക്കുന്നു. 

ലോകാരോഗ്യസംഘടന 2018 ഫെബ്രുവരിയിൽ അതിജാഗ്രത പുലർത്തേണ്ട എട്ടുരോഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഏഴും ജന്തുജന്യരോഗങ്ങളായിരുന്നു. ആഗോളമായി നടന്ന രോഗഭീതിയുയർത്തിയ കോംഗോ പനിയും, എബോളയും, സാർസും, മെർസ് കൊറോണയും, നിപ്പയും, സിക്കയും, ഹെനിപ്പയുമെല്ലാം  ഈ പട്ടികയിൽ ഉൾപ്പെട്ട, ഫലപ്രദമായ മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ലാത്ത ജന്തുജന്യ പകർച്ച വ്യാധികളാണ്. കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, പരിസ്ഥിതി നശീകരണം അടക്കം വിവിധ കാരണങ്ങൾ ജന്തുജന്യരോഗവ്യാപനത്തിന്  കാരണമായി ചൂണ്ടിക്കാണിക്കാൻ കഴിയും. ജന്തുജന്യ രോഗങ്ങൾ പൊതുജനാരോഗ്യത്തിന് മഹാഭീഷണിയായി മാറുന്ന സാഹചര്യത്തെയാണ് നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്നത്. ജന്തുജന്യരോഗവ്യാപനം തടയുന്നതിന് സമൂഹത്തിന്റെ ഒന്നായ ജാഗ്രത അനിവാര്യമാണ്. 

പഴംതീനി വവ്വാലുകളിൽ നിന്നുള്ള നിപ്പ രോഗപ്പടർച്ച  മാപ്പിംഗ് കടപ്പാട് : വിക്കിപീഡിയ

ജന്തുജന്യരോഗങ്ങളും കേരളവും

ജന്തുജന്യ രോഗങ്ങളുടെ ഭീഷണിയിൽ   നിന്ന് നമ്മുടെ സംസ്ഥാനവും മുക്തമല്ല.  പുതുതായി കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളിൽ   മഹാഭൂരിഭാഗവും ജന്തുജന്യ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവയാണ്. പ്രളയാനന്തരം മറ്റൊരു ആശങ്കയായി പടർന്നു പിടിച്ച എലിപ്പനിയും വയനാട്ടിലെ വനഗ്രാമങ്ങളിൽ  ഭീതിതീർത്ത കുരങ്ങുപനിയും (കൈസാനൂർ ഫോറസ്റ്റ് ഡിസീസ്), ചെള്ളുപനിയും (ടിക്ക് ഫീവർ), ലീഷ്മാനിയ രോഗവും (കരിമ്പനി) ആരോഗ്യജാഗ്രതകൊണ്ട് നാം പിടിച്ച് കെട്ടിയ നിപ്പയെന്ന  മഹാമാരിയുമെല്ലാം ജന്തുജന്യരോഗങ്ങളാണ്. വെസ്റ്റ്‌നൈൽ ഫീവറും, ഫൈലേറിയയും ബ്രൂസല്ലോസിസും, ഡെങ്കിപ്പനിയും, ചിക്കൻ ഗുനിയയും, ജപ്പാൻജ്വരവും അടക്കം ജന്തുജന്യരോഗങ്ങളുടെ പട്ടിക ഇനിയും നീണ്ടതാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവുമധികം ആളുകളുടെ ജീവനെടുത്ത പകർച്ചവ്യാധി എലിപ്പനിയായിരുന്നു.  പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപകമായിട്ട് പോലും പേവിഷബാധ മരണങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുന്നു. 

ഈയിടെ നിപ്പാ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളത്തിൽ   നിന്നും പിടികൂടി പരിശോധിച്ച 36 പഴംതീനി വവ്വാലുകളിൽ 12 എണ്ണത്തിലും വൈറസ്  സാന്നിധ്യം കണ്ടെത്തിയിരുന്നു. മുൻവർഷം പരിശോധിച്ച 52 പഴംതീനി വവ്വാലുകളിൽ 10 -ലും രോഗാണുവിന്റെ സാന്നിധ്യം തെളിയിക്കുന്ന  ആന്റിബോഡികൾ കണ്ടെത്തിയിരുന്നു. കേരളത്തിലെ പഴംതീനി വവ്വാലുകൾക്കിടയിൽ നിപ്പാ വൈറസിന്റെ സാന്നിധ്യം 20-33% വരെയാണെന്ന് ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കപ്പെടുന്നു. പഴംതീനി വവ്വാലുകൾ മാത്രമല്ല മറ്റ് പത്തിനം വവ്വാലുകളിൽ കൂടി നിപ്പാ വൈറസ് വാഹകരായുണ്ടെന്ന് ഈയിടെ അമേരിക്കയിലെ മൗണ്ടാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ  നിന്ന് പുറത്തുവന്ന അന്താരാഷ്ട്ര പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചാണ് പഠിച്ചതെങ്കിലും ഈ പതിനൊന്ന് വവ്വാലിനങ്ങളിൽ ഏഴിനങ്ങളും കേരളത്തിൽ   കാണപ്പെടുന്നവ കൂടിയാണ്. നിപ്പാ വൈറസിന്റെ റിസർവോയറുകളായ വവ്വാലുകളിൽ നിന്നും, പ്രത്യേകിച്ച് അവയുടെ പ്രജനന കാലഘട്ടത്തിൽ, ഇനിയും മനുഷ്യരിലേക്ക് രോഗപ്പകർച്ച ഉണ്ടാവാനുള്ള സാധ്യതയുണ്ട്.  

ജന്തുജന്യ രോഗനിയന്ത്രണം- വേണ്ടത്  ‘വൺ ഹെൽത്ത്’ സമീപനം 

ജന്തുജന്യ രോഗങ്ങൾ  ഉയർത്തുന്ന വെല്ലുവിളികൾ  ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനും നമ്മുടെ ആരോഗ്യ സമീപനങ്ങളിൽ നയപരമായ ഒരു മാറ്റം അനിവാര്യമാണ്. മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യ രോഗനിയന്ത്രണം സാധ്യമല്ല. നമുക്ക്  ചുറ്റും അധിവസിക്കുന്ന ജീവജാലങ്ങളുടെയും, അവയുടെ ആവാസ വ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ജന്തുജന്യ രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. മനുഷ്യരുടെ ആരോഗ്യസുരക്ഷിതത്വം  എന്നത് പ്രകൃതിയുടെയും മറ്റു ജീവജാലകങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വൺ ഹെൽത്ത് അഥവാ ഏകാരോഗ്യം എന്ന ആശയത്തിന്റെ സത്ത. 

‘വൺ ഹെൽത്ത്’ എന്ന ആശയത്തെ ഫലപ്രാപ്തിയിലെത്തിക്കാൻ പൊതുജനാരോഗ്യസംവിധാനങ്ങൾക്കൊപ്പം മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യം, കൃഷി, പരിസ്ഥിതി, വനം വകുപ്പുകൾ അവയുടെ കീഴിലുള്ള വിവിധ ഏജൻസികൾ, ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം കൂട്ടായ ഇടപെടൽ  ആവശ്യമാണ്.

നിപ്പാ പ്രതിരോധത്തിനും രോഗാണുസ്രോതസ്സിനെ കണ്ടെത്തുന്നതിനും കുരങ്ങുപനിയെയും ചെള്ള് പനിയെയുമൊക്കെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും നമ്മെ തുണച്ചത് ഈ സമീപനം തന്നെയായിരുന്നു.
ഇത്തരം യോജിച്ച പ്രവർത്തനങ്ങൾ ഇനിയും വിപുലപ്പെടുത്തേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്.

ജന്തുജന്യ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിന്  വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കാവുന്നതാണ്. അതോടൊപ്പം വളർത്തു മൃഗങ്ങളുടെ വാക്‌സിനേഷൻ, പരാദ നിയന്ത്രണം എന്നിവയിൽ   പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണം. എലിപ്പനി, ബ്രൂസെല്ലോസിസ്, പേവിഷബാധ തുടങ്ങിയ മിക്ക ജന്തുജന്യരോഗങ്ങൾക്കെതിരെയും ഇന്ന് മൃഗങ്ങളിൽ പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്.   പേവിഷബാധ വലിയൊരു വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തിൽ തെരുവുനായനിയന്ത്രണത്തിനായുള്ള എ.ബി.സി. (അനിമ ബർത്ത് കൺട്രോൾ) പദ്ധതികൾ വ്യാപിപ്പിക്കണം. വളർത്തു നായകൾക്ക് മാത്രമല്ല തെരുവ് നായ്ക്കൾക്കും  പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ വേണ്ടതാണ്.

അറവുശാലകളിൽ  ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കേണ്ടതും, അറവു മൃഗങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടതും പൊതുജനങ്ങളുടെയും മാംസ സംസ്‌ക്കരണ മേഖലയിൽ   ജോലി ചെയ്യുന്ന തൊഴിലാളികളുടെയുമെല്ലാം ആരോഗ്യസുരക്ഷിതത്വത്തിന് അനിവാര്യമാണ്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ   മാത്രമാണ് ഇന്ന് ശാസ്ത്രീയമായി സംവിധാനം ചെയ്ത മാംസസംസ്‌ക്കരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അറവുമാടുകളെ വെറ്ററിനറി ഡോക്ടർ പരിശോധിക്കണമെന്നാണ് ചട്ടമെങ്കിലും മിക്ക സ്ഥലത്തും അതൊന്നും പാലിക്കപ്പെടുന്നില്ല. ശാസ്ത്രീയ മാംസ സംസ്‌ക്കരണ കേന്ദ്രങ്ങൾ ഒരുക്കുകയെന്നതും ജന്തുജന്യരോഗനിയന്ത്രണത്തിൽ  പ്രധാനമാണ്. എലിപ്പനി, പേവിഷബാധ, ബ്രൂസെല്ലോസിസ്, ഫൈലേറിയ, നിപ്പ തുടങ്ങിയ വിവിധ രോഗാണുക്കളുടെ സാന്നിധ്യം വിവിധ മൃഗങ്ങളിൽ എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തുന്നതിനായി അവയുടെ ശരീര സാംപിളുകൾ ശേഖരിച്ചുള്ള പഠനങ്ങൾക്ക് മുഖ്യ പരിഗണന നൽകണം.  

വനനശീകരണമടക്കം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റമാണ് നിപ്പയടക്കമുള്ള  രോഗാണുക്കളുടെ വ്യാപനത്തിന് കാരണമായതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് നമ്മുടെ ആരോഗ്യസുരക്ഷിതത്വത്തിന്  അനിവാര്യമാണെന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നവംബർ 10 ലോകശാസ്ത്രദിനം – സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രം, ആരെയും പിറകിലാക്കില്ല
Next post ചെമ്പ്/കോപ്പർ – ഒരുദിവസം ഒരു മൂലകം
Close