![](https://i0.wp.com/luca.co.in/wp-content/uploads/2022/10/toilet-2.png?resize=1024%2C563&ssl=1)
ഇന്ന് ലോക കക്കൂസ് ദിനം. അങ്ങനെയും ഒരു ദിനം ഉണ്ടോ എന്നല്ലേ?
മുപ്പതു വർഷത്തെ സേവനത്തിനു ശേഷം മരണക്കിടക്കയിൽ വച്ച് മകൻ ചുടലമുത്തുവിന് തന്റെ പണിയായുധങ്ങളായ പാട്ടയും മമ്മട്ടിയും ഇശക്കിമുത്തു കൈമാറുന്ന രംഗം നാം തകഴിയുടെ ‘തോട്ടിയുടെ മകൻ’ എന്ന നോവലിൽ വായിച്ചിട്ടുണ്ടാകും.
ജാതി വ്യവസ്ഥയുടെ ഇരകളായിരുന്നു തോട്ടിപ്പണിക്കാർ. ‘തൊട്ടുകൂടാത്തവർ’ എന്ന് വിരിപ്പേരുള്ള ഇവർ ഉന്നത ജാതിക്കാരുടെ മനുഷ്യവിസർജം ചുമക്കാൻ വിധിക്കപ്പെട്ടവരായിരുന്നു.
അച്ഛൻ തോട്ടിപ്പണിക്കാരനായതിനാൽ കല്യാണം നടക്കാത്ത മകളെപ്പറ്റിയും, ദേഹം മുഴുവൻ അഴുക്ക് പുരണ്ടതിനാൽ ജീവിതകാലം മുഴുവൻ അറപ്പും പുച്ഛവും നിറഞ്ഞ മനുഷ്യ മുഖങ്ങൾ മാത്രം നേരിട്ടിട്ടുള്ളവരെ പറ്റിയും, പണി സമയത്ത് ഒരു തുള്ളി വെള്ളംപോലും ലഭിക്കാത്തവരെപറ്റിയും, അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങി മരണത്തിന് കീഴടങ്ങിയവരെ പറ്റിയുമൊക്ക നാം കേട്ടിട്ടുണ്ടാവാം.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/WTD2022_poster_1.png?resize=700%2C712&ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/WTD2022_thematic-logo_ENG_colour1.png?resize=1024%2C413&ssl=1)
ഇന്ന് തോട്ടിപ്പണി നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രായോഗികമായി തുടരുന്നു എന്നതാണ് വസ്തുത. നിലവിലുണ്ടെന്ന് കണക്കാക്കപ്പെടുന്ന 13 ലക്ഷം തോട്ടിപണിക്കാരിൽ 90% സ്ത്രീകളാണ്.
ഇന്ത്യയിലുള്ളതിൽ വെച്ച് പകുതിയിലേറെ തോട്ടിപ്പണിക്കാരും ഉത്തർപ്രദേശിലാണ്. അവിടത്തെ തോട്ടിപണികാരായ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പലതാണ്. സുരക്ഷാപ്രശ്നങ്ങൾ കാരണം സ്വച്ഛ് ഭാരത് മിഷൻ ശൗചാലയങ്ങൾ പോലും അവർക്ക് ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ അതെല്ലാം വൃത്തിയാക്കാൻ അവർ വേണം.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/Safai-Karamchari-Andolan.jpg?resize=700%2C525&ssl=1)
അവരുടെ അഭിപ്രായം, മുന്നിൽ രണ്ട് മാർഗങ്ങളാണ് ഒന്ന് തോട്ടിപ്പണി മറ്റൊന്ന് വേശ്യാവൃത്തി. വിശപ്പു മാറ്റാൻ ആദ്യത്തെത് സ്വീകരിക്കുന്നു. പരമ്പരാഗതമായി തോട്ടിപ്പണിയിലേർപ്പെട്ടിരിക്കുന്നത് കൊണ്ടും തോട്ടിപ്പണിയിൽ ഏർപ്പെട്ടിരുന്ന തന്റെ അച്ഛന്റെയോ അമ്മയുടെയോ മരണകാരണത്താൽ ഇതിലേക്ക് വന്നുപെട്ടവരും ഉണ്ട്.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/Manual-Scavenging-illustraton-1583833356-1.jpg?resize=600%2C450&ssl=1)
ഇനി കേരളത്തിലെ സ്ഥിതി നോക്കാം. ഒറ്റനോട്ടത്തിൽ ഇവിടെ ഇത്തരകാറുണ്ടോ എന്ന് തോന്നാം. പക്ഷേ അദൃശ്യരായി ഒരുപാട് പേർ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. കേരളത്തിൽ ഡ്രൈ ലാറ്ററൈൻ വൃത്തിയാക്കൽ കുറവാണെങ്കിലും മാൻഹോളുകൾ വൃത്തിയാക്കാനും സെപ്റ്റിക് ടാങ്ക് നിറയുമ്പോൾ മാലിന്യം കോരിമാറ്റാനും നല്ലൊരു ശതമാനം തൊഴിലാളികൾ നിലവിലുണ്ട്.
2018 ൽ ശുചിത്വമിഷൻ കൊല്ലം, എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ സർവ്വേയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത് പ്രദേശങ്ങളിൽ 600റോളം തോട്ടിക്കാർ നിലവിലുണ്ടെന്നാണ്. കൊല്ലം- 274, എറണാകുളം -155, ആലപ്പുഴ -96, പാലക്കാട് -75 ഇതാണ് ഈ ജില്ലകളുടെ സ്ഥിതി. ഇങ്ങനെയാണെങ്കിൽ കേരളത്തിൽ മറ്റ് ജില്ലകളിലെ കൂടെ എടുക്കുമ്പോൾ ഈ കണക്ക് വർധിക്കും.
തോട്ടിപ്പണിക്ക് വേണ്ടി തൊഴിലാളികളെ ഉപയോഗിക്കുന്നത് ജയില്‍ ശിക്ഷക്ക് പുറമെ പിഴയുമുള്ള കുറ്റമാണ്. വെള്ളം ഉപയോഗിക്കാൻ പറ്റുന്ന ശൗചാലയങ്ങളുടെ ലഭ്യത കുറവ്, തോട്ടികൾ നിലനിൽക്കുന്നുണ്ടെന്ന വസ്തുത നിഷേധിക്കൽ, തൊഴിലില്ലായ്മ, വിമോചന തന്ത്രങ്ങളുടെ കുറവ്, സാമൂഹിക കളങ്കപ്പെടുത്തൽ, കുടുംബഭാരം, പാരമ്പര്യം അങ്ങനെ പലതും കാരണമാണ് പലരും ഇപ്പോഴും തോട്ടിപ്പണി തുടരുന്നത്..ഇനി ഇതിന്റെയൊക്കെ പാർശ്വഫലങ്ങൾ വേറെയാണ്.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/p0ky3ra9x9r11.jpg?resize=1024%2C749&ssl=1)
തോട്ടിപ്പണിയുടെ പാർശ്വഫലങ്ങൾ
കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പിറ്റൈറ്റസ് തുടങ്ങിയ പകര്‍ച്ച വ്യാധി ഭീഷണിണികൾ ഒപ്പം വിഷവാതകങ്ങൾ ശ്വസിച്ച് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ. ഇതിനു പുറമെയാണ് ജാതിയുടെ പേരിലും ലിംഗത്തിന്റെ പേരിലുമുള്ള വിവേചനവും സാമൂഹിക വിവേചനവും.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/5f9fe2987bbbb.jpeg?resize=739%2C415&ssl=1)
തോട്ടിപ്പണി ചെയ്യാൻ പാടില്ലെന്ന് നിയമം വിലക്കുണ്ടെങ്കിലും സെപ്റ്റിക്ക് ടാങ്കും മറ്റും വൃത്തിയാക്കുന്നതിനിടെ മരണപെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇന്ത്യയിൽ 2018 ൽ മാത്രം 68 ആയിരുന്നു എങ്കിൽ 2019 ൽ 110 പേർ മരണത്തിനു കീഴടങ്ങി.
തോട്ടിപണിക്ക് പ്രധാനകാരണം ഡ്രൈ ലാറ്ററൈനുകളാണ്. അത് നിർത്തലാക്കാൻ ചുരുങ്ങിയ ചെലവിൽ പുതിയ മാതൃകയിലുള്ള ശൗചാലയ നിർമ്മാണം അനിവാര്യമാണ്. അതിലൂടെ വലിയൊരു ശതമാനം പ്രശ്ന പരിഹാരം സാധ്യമാണ്. അതോടൊപ്പം തൊഴിലില്ലായ്മ പരിഹരിക്കപ്പെടണം. പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തി ഇത്തരത്തിൽ തൊട്ടി പണിയെടുക്കുന്നവരെ പുനരധിവസിപ്പിക്കണം.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/bandicoot-cover.jpg?resize=1024%2C576&ssl=1)
ഇന്ന് തിരുവനന്തപുരത്ത് തന്നെ വികസിപ്പിച്ച ബന്ദികൂട്ട് (bandicoot) എന്ന റോബോട്ട് മാൻഹോളുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്നു. അവരുടെ പ്രധാന ഉദ്ധരണി തന്നെ “മാൻഹോൾ” എന്ന വാക്ക് മാറ്റി “റോബോ ഹോൾ” എന്നാക്കലാണ്. അതിലൂടെ ഒരുപാട് തോട്ടി പണിക്കാരെ പുനരധിവസിപ്പിക്കുക. ഇന്ന് നമ്മുടെ സംസ്ഥാനത്തിനകത്തും പുറത്തുമായി ഇത്തരത്തിലുള്ള റോബോട്ടിനെ ഉപയോഗിച്ച് വരുന്നു. മൂന്ന് പേർ ചേർന്ന് മൂന്ന് മണിക്കൂർ കൊണ്ട് ഒരു മാൻഹോൾ വൃത്തിയാക്കുമെങ്കിൽ ബന്ദികൂട്ട് വെറും 30 മിനിറ്റിനുള്ളിൽ അത് പൂർത്തിയാക്കുന്നു എന്നതും ഇതിന്റെ പ്രധാന സവിശേഷത.
ഈ സാഹചര്യത്തിൽ ലോക ശൗചാലയ ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/Bandicoot_Robot_-_Converting_manhole_to_robohole.jpg?resize=1024%2C373&ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/WTD2022_thematic-logo_ENG_colour1.png?resize=1024%2C413&ssl=1)
ലോക ശൗചാലയ ദിനം
ആഗോള ശുചീകരണ പ്രതിസന്ധിയെ നേരിടാനുള്ള പ്രവർത്തനത്തെ പ്രചോദിപ്പിക്കുന്നതിനായി നവംബർ 19-ന് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അന്താരാഷ്ട്ര ആചരണ ദിനമാണ് വേൾഡ് ടോയ്‌ലറ്റ് ദിനം അഥവാ ലോക ശൗചാലയ ദിനം.
അഥവാ സുസ്ഥിര വികസന ലക്ഷ്യം ആറ് കൈവരിക്കാനായി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇനി എന്താണ് സുസ്ഥിര വികസന ലക്ഷ്യം ആറ് എന്നല്ലേ?
![](https://i0.wp.com/luca.co.in/wp-content/uploads/2021/04/E_SDG-goals_icons-individual-rgb-06-1.png?resize=1024%2C1024&ssl=1)
സുസ്ഥിരവികസന ലക്ഷ്യം 6
ശുദ്ധമായ വെള്ളവും ശുചിത്വവും – സുസ്ഥിരവികസന ലക്ഷ്യം ആറ് (Sustainable Development Goal 6) ലക്ഷ്യമിടുന്നത് ജലത്തിന്റെയും ശുചിത്വത്തിന്റെയും ലഭ്യതയും സുസ്ഥിര പരിപാലനവും എല്ലാവർക്കും ഉറപ്പാക്കുക എന്നതാണ്. ഇനി ഇതിന്റെ പരിധിയിൽ വരുന്ന ഘടകങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
- സുരക്ഷിതവും ഓരോ ആൾക്കും താങ്ങാനാവുന്നതുമായ കുടിവെള്ളം
- തുറസായ മലമുത്രവിസർജ്ജനം അവസാനിപ്പിക്കുകജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ
- മലിനജല സംസ്‌കരണം
- സുരക്ഷിതമായ പുനരുപയോഗം
- ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കൽ
- ശുദ്ധജല വിതരണം ഉറപ്പാക്കൽ
- ജലവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളെ സംരക്ഷിക്കൽ
ഒരുപക്ഷേ നമുക്ക് തോന്നാം ഇതിൽ ഒന്നൊഴികെ ബാക്കി എല്ലാ ഘടകങ്ങളും ജലവുമായി ബന്ധപ്പെട്ടവയാണ്. ഇത് എങ്ങനെയാണ് ശൗചാലയ ദിനവുമായി ബന്ധിപ്പിക്കുന്നത്? അത് തന്നെയാണ് ഈ വർഷത്തെ ശൗചാലയ ദിന സന്ദേശവും.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/WTD2022_poster_ENGLISH-1.png?resize=728%2C1024&ssl=1)
“അദൃശ്യത്തെ ദൃശ്യമാക്കുന്നു – Making the Invisible Visible”
നല്ലതല്ലാത്ത ശുചീകരണ സംവിധാനങ്ങൾ ഭൂഗർഭ ജലത്തിനേൽപ്പിക്കുന്ന ആഘാതങ്ങൾ, അപര്യാപ്തമായ ശുചീകരണ സംവിധാനങ്ങൾ മനുഷ്യ മാലിന്യങ്ങൾ നദികളിലേക്കും തടാകങ്ങളിലേക്കും മണ്ണിലേക്കും എങ്ങനെ വ്യാപിപ്പിക്കുന്നു, അവ ഭൂഗർഭ ജലസ്രോതസ്സുകളെ എങ്ങനെ മലിനമാക്കുന്നു എന്നിവയാണ് ഇത്തവണത്തെ ശൗചാലയ ദിനം പ്രധാനമായും ഊന്നൽ നൽകുന്ന വിഷയങ്ങൾ.
ഈ സന്ദേശത്തിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ മോശമായ ശുചീകരണ സംവിധാനങ്ങൾ കാരണം വരാൻ സാധ്യതയുള്ളതും എന്നാൽ പെട്ടെന്ന് ദൃശ്യമല്ലാത്തതുമായ ധാരാളം ആഘാതങ്ങൾ ഉണ്ട്. അവയിൽ ചിലത് നോക്കാം.
- തുറന്ന പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നതിലൂടെ മണ്ണും വെള്ളവും മലിനീകരണപ്പെടുന്നു.
- ഇവ മണ്ണിലൂടെ ഊർന്നിറങ്ങി ഭൂഗർഭജലത്തിൽ എത്തുന്നതോട് കൂടി ജലം മലിനീകരണപ്പെടുന്നു.
- ഇത് മണ്ണിലൂടെയും വെള്ളത്തിലൂടെയും മറ്റും രോഗങ്ങൾ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഒരുപക്ഷേ രോഗം പിടിപെട്ട് കഴിയുമ്പോഴാകും അതിന്റെ സ്രോതസ്സ് മനസ്സിലാകുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ ഏറ്റവും ആദ്യം വേണ്ടത് ശുചിത്വപുർണമായ ശുചീകരണ സംവിധാനങ്ങളാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ
ശുചിത്വ മാലിന്യ സംസ്കരണവും ശുചീകരണവും ഉറപ്പാക്കാനായി ധാരാളം വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളും പദ്ധതികളും ഇതിനോടകം കേരളത്തിലുടനീളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി വികസിപ്പിച്ചു കഴിഞ്ഞു. അതിൽ ചിലത് നോക്കാം.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/take-a-break2.jpg?resize=720%2C406&ssl=1)
ടേക്ക് എ ബ്രേക്ക് ( Take a Break)
പൊതുവേ പൊതുശൗചാലയങ്ങളിൽ പോകാൻ മടിയുള്ളവരാണ് മലയാളികളിൽ അധികം. ഇതിനു പ്രധാന കാരണം വൃത്തി ഇല്ലായ്മയും അതിലൂടെ പടരാൻ സാധ്യതയുള്ള രോഗങ്ങളുമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യം കഷ്ടമാണ്. അവരുടെ ആർത്തവ ദിനം ആണെങ്കിൽ പറയുകയും വേണ്ട.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/take-a-breal5.jpg?resize=720%2C720&ssl=1)
എന്നാൽ ഇതിനൊക്കെ താൽക്കാലിക പരിഹാരം എന്ന രീതിയിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പരിപാടിയാണ് ‘ടേക്ക് എ ബ്രേക്ക്’ എന്ന വഴിയോര വിശ്രമകേന്ദ്രം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ശുചിമുറികൾ എന്നതിനു പുറമെ മുലയൂട്ടാനായി പ്രത്യേകം മുറികളും ഇവിടെ സജ്ജമാണ്. ഒരു ലഘു ഭക്ഷണശാലയും പല വിശ്രമ കേന്ദ്രങ്ങളിലും ലഭ്യമാണ്. വെറും അഞ്ചു രൂപയാണ് ശിചിമുറി ഉപയോഗിക്കുന്നതിനുള്ള ഫീസ്. മിക്ക സ്ഥലങ്ങളിലും കുടുംബശ്രീക്കാണ് ഇതിന്റെ പ്രവർത്തന ചുമതല. അതിലൂടെ അവർക്ക് ചെറിയൊരു വരുമാന മാർഗം കണ്ടെത്താനും ആകുന്നു. ശുചിത്വ മിഷന്റെ കണക്ക് പ്രകാരം ഇതിനോടകം 640 ‘ടേക്ക് എ ബ്രേക്ക്’ പദ്ധതികൾ പൂർത്തിയായി കഴിഞ്ഞു.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/fstp01.jpg?resize=555%2C445&ssl=1)
ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റ് പ്ലാന്റ്റുകൾ
ഇന്ന് തിരുവനന്തപുരം കോർപ്പറേഷൻ, കൊച്ചി കോർപ്പറേഷൻ, കൽപ്പറ്റ മുൻസിപ്പാലിറ്റി എന്നിവയുടെ കീഴിൽ ഓരോ ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റ് പ്ലാന്റുകൾ പ്രവർത്തിച്ചുവരുന്നു. പലസ്ഥലങ്ങളിലും ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് നേരെ വരുന്ന പ്രതിഷേധങ്ങൾ പോലെ തന്നെ ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റ് പ്ലാന്റുകൾക്ക് നേരെയും പ്രതിഷേധങ്ങൾ വരാറുണ്ട്. ഓരോ ജില്ലയിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ ഓരോ ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റ് പ്ലാന്റുകൾ നിർമ്മിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം യാഥാർത്ഥ്യമാക്കണമെങ്കിൽ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും സഹകരണം ആവശ്യമാണ്. അതിനായി പൊതു വിദ്യാഭ്യാസ പരിപാടികൾ അനിവാര്യമാണ്.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/malambootham.jpg?resize=1024%2C683&ssl=1)
മലംഭൂതം
ഒരുപക്ഷേ ഈ പേര് കേൾക്കുമ്പോൾ ആദ്യം നമുക്ക് അത്ഭുതം തോന്നിയേക്കാം. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെയും ശുചിത്വമിഷന്‍റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് ‘മലംഭൂതം’. ഇന്ന് കേരളത്തിലെ ജലാശയങ്ങളിൽ മിക്കതിലും കോളിഫോം ബാക്ടീരിയ പടരുകയാണ്. ഇത് തടയാനായി ആദ്യം വേണ്ടത് നല്ല രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളാണ്. എന്നാൽ പലപ്പോഴും ഇതിന് പൊതുജനങ്ങളുടെ എതിർപ്പ് നേരിടേണ്ടിവരുന്നു. കൃത്യമായ മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത പൊതുജനങ്ങളിൽ എത്തിക്കൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ്.
![](https://i0.wp.com/luca.co.in/wp-content/uploads/2022/11/photo_2022-11-19_18-24-12.jpg?resize=1024%2C1024&ssl=1)
മുന്നേ ശുചിത്വമിഷന്റെ തന്നെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെളിനീര് ഒഴുകും നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കേരളത്തിലെ പൊതു ജലാശയങ്ങളിൽ 80 ശതമാനവും മനുഷ്യവിസർജത്താൽ മലിനപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അത് പൊതു ജലാശയങ്ങളിൽ അല്ലേ എന്ന് കരുതി കണ്ണടയ്ക്കുന്നവരോടാണ്, വീടുകളിലെ കിണറിന്റെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. ഈ സാഹചര്യത്തിൽ അടിയന്തര പരിഹാരം കാണുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ ‘മലംഭൂതം’ എന്ന പരിപാടി ആവിഷ്കരിക്കുന്നത്.
ഇത്തരത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പുതിയ പരിപാടികൾ ആവിഷ്കരിച്ചാൽ മാത്രം മതിയോ? പോരാ. അതിനൊപ്പം നാം ഓരോരുത്തരും മാറണം.
നമുക്ക് ചെയ്യാനാവുന്നത്
ആദ്യം തന്നെ നമ്മുടെ ചില ശീലങ്ങളും മാറണം. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ നാം ശ്രദ്ധിക്കണം. അജൈവ മാലിന്യങ്ങൾ തരംതിരിച്ച് വൃത്തിയാക്കി അവ ശേഖരിക്കാൻ വരുന്നവരെ ഏൽപ്പിക്കണം. സാനിറ്ററി പാഡുകളും ഡയപ്പറുമൊക്കെ കഴിവതും പുനരുപയോഗ സാധ്യമായത് നാം തിരഞ്ഞെടുക്കണം. ഇത്തരത്തിൽ വലിയൊരു ശതമാനം മാലിന്യം ഓവുചാലുകളിലോട്ടും സെപ്റ്റിക് ടാങ്കുകളിലോട്ടും പോകുന്നതിൽ നിന്നും ഒഴിവാക്കാൻ സാധിക്കും. അജോടൊപ്പം തന്നെ തുറസായ സ്ഥലങ്ങളിൽ മൂത്രവിസർജനം പൂർണമായും ഒഴിവാക്കുക.
“എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം” എന്നത് നാം ഇനിയെങ്കിലും പൂർണമായും ഉൾക്കൊള്ളണം. ഇതിലൂടെയൊക്കെ ഒരുപാട് തോട്ടിക്കാരെ മാലിന്യ കുഴിയിൽനിന്നും പ്രതീക്ഷയുടെ ലോകത്തേക്ക് കൈപിടിച്ചു കയറ്റാം. കേരളത്തിൽ ഇന്ന് ഈ രംഗത്തു ഒരുപാട് മാറ്റങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവ മറ്റ് സംസ്ഥാനങ്ങളിലോട്ടും വ്യാപിക്കട്ടെ എന്ന് ആശിക്കാം.