ഡിസംബർ 5 ആഗോള മണ്ണുദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുകയാണ്. അതിന്റെ സാംഗത്യത്തെപ്പറ്റി ആലോചിക്കുമ്പോൾ തെളിയുന്ന നിരവധി കാര്യങ്ങളുണ്ട്.
നമ്മുടെ കാൽച്ചുവട്ടിലെ മണ്ണിലാണ് നമ്മൾ തലയുയർത്തി നിൽക്കുന്നത്. മാനവരാശിയുടെ നിലനിൽപ്പ് മണ്ണിന്റെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ള മണ്ണിൽ ജീവിക്കുന്ന ജനതയ്ക്കു മാത്രമേ ആരോഗ്യസമ്പൂർണ്ണമായ ഒരു ഭാവി ഉണ്ടാവുകയുള്ളു. ജീവിതത്തിന്റെ തുടക്കവും ഒടുക്കവും മണ്ണിലാണെങ്കിലും മണ്ണിന്റെ പ്രസക്തിയെപ്പറ്റി നമ്മിൽ പലരും ബോധവാന്മാരല്ലെന്നതാണ് യാഥാർത്ഥ്യം.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ മണ്ണു പരിപാലനത്തിനായി 2012 ൽ ഗ്ലോബൽ സോയിൽ പാർട്ട്ണർഷിപ്പ് എന്നൊരു സംഘടന നിലവിൽ വന്നു. മണ്ണിന്റെ വർദ്ധിച്ചുവരുന്ന ഊഷരത തടയുന്നതിനും മണ്ണു സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് അത് രൂപീകരിച്ചത്. അതിനായി സംഘടന പുതിയ നയങ്ങൾ രൂപീകരിക്കുകയും കൃഷിയിടപ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. ഗുണഭോക്താക്കളായുള്ള കർഷകരെ പങ്കാളികളാക്കിയുള്ള പ്രവർത്തനങ്ങൾ ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും 194 രാജ്യങ്ങളെ എട്ടു മേഖലകളായിത്തിരിച്ച് നടപ്പാക്കുകയുണ്ടായി. 27 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മണ്ണിന്റെ ഗുണമേന്മ നഷ്ടമാകുന്നത് തടയുവാനും വളപ്രയോഗങ്ങളിൽ ശാസ്ത്രീയത ഉറപ്പുവരുത്തുവാനും മണ്ണു സംരക്ഷണത്തിനായി നിയമങ്ങൾ കൊണ്ടു വരുന്നതിനും ഇതുവഴി സാധിച്ചു.
ഈ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ പുതിയ നിർദ്ദേശമുയർന്നത് തായ് ലന്റിലെ രാജാവായിരുന്ന ഭൂമിബോൾ ആദുല്യാദേജിന്റെ താല്പര്യത്തിൽ 2002 ൽ ചേർന്ന ആഗോള മണ്ണുശാസ്ത്രജ്ഞന്മാരുടെ യോഗത്തിലായിരുന്നു. 2013 ൽ ലോക ഭക്ഷ്യ കാർഷിക സംഘടന ( Food and Agriculture Organisation ) ഒപ്പം ചേർന്നതോടെ ആഗോളതലത്തിൽ മണ്ണിനെ സമ്പുഷ്ടമാക്കുന്നതിനായി ഒരു ദിനാചരണത്തിനുള്ള നിർദ്ദേശം ഐക്യരാഷ്ട്രസഭയ്ക്കു മുന്നിലെത്തി. ജനറൽ അസംബ്ലിയിലെ ചർച്ചകൾക്കൊടുവിൽ 2014 മുതൽ ഡിസംബർ 5 അന്താരാഷ്ട്ര തലത്തിൽ മണ്ണുദിനമായി ആചരിക്കുവാൻ തീരുമാനമായി.
മണ്ണുസംരക്ഷണത്തിനായുള്ള തായ്ലന്റ് രാജാവിന്റെ ഉദ്യമങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമെന്ന പ്രത്യേകത കൂടി പരിഗണിച്ചാണ് ആ ദിവസം തന്നെ അതിനായി തിരഞ്ഞെടുത്തത്. മണ്ണിന്റെ സമ്പുഷ്ടി ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങളെ ആഗോളതലത്തിൽ ഒരുമിപ്പിക്കുവാനുള്ള ദിവസം കൂടിയാണ് ഡിസംബർ 5. ഓരോ വർഷവും മണ്ണുമായി ബന്ധപ്പെട്ട ഒരു പ്രത്യേക വിഷയത്തിനു മുൻഗണന നൽകിയാണ് ഈ ദിവസം ആചരിക്കപ്പെടുന്നത്.
നമ്മുടെ ഭക്ഷ്യവിഭവങ്ങളുടെ പശ്ചാത്തലസംരക്ഷണത്തിനുള്ള ദിനം കൂടിയാണ് ഡിസംബർ 5. അശാസ്ത്രീയമായ കൃഷിരീതികൾ, ജനസംഖ്യാ പെരുപ്പം, കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം തുടങ്ങിയവ സമ്പന്നമായ മണ്ണിന്റെ ഘടനയെ തകർക്കുന്ന ഘടകങ്ങളാണ്. ഇവയെക്കുറിച്ചുള്ള ബോധവല്ക്കരണവും മണ്ണുസംരക്ഷണത്തിന്റെ അനിവാര്യത ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ദിനാചരണന്റെ ഭാഗമായി നടത്തപ്പെടുന്നു.
നമ്മുടെ ഭൂമിയുടെ നിലനില്പ് മണ്ണിന്റെയും വെള്ളത്തിന്റെയും പാരസ്പര്യത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. മണ്ണിന്റെ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ലോകജനതയെ പ്രബുദ്ധരാക്കുവാനാണ് ഐക്യരാഷ്ട്രസഭ ഇക്കുറി ലക്ഷ്യമിടുന്നത്.
മണ്ണിളക്കുന്നത് പരിമിതപ്പെടുത്തുക, മണ്ണൊലിപ്പു തടയുക, മലിനീകരണം നിയന്ത്രിക്കുക, ജൈവഘടകങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിലൂടെ ജലത്തിന്റെ ആഗിരണശേഷിയും സംഭരണശേഷിയും വർദ്ധിപ്പിക്കുക, ജൈവപുതപ്പിലൂടെ ബാഷ്പീകരണം തടയുക, വിളകളുടെ പരിചംക്രമണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുവാനാണ് ശ്രമം. പ്രകൃതിയെ കാർബൺ സന്തുലിതവും ജൈവവൈവിദ്ധ്യ സമ്പന്നവും ഭൂമിയെ സുസ്ഥിരവും ഫലഭൂയിഷ്ഠവുമാക്കാൻ ഇതല്ലാതെ മറ്റു സംരക്ഷണ മാർഗ്ഗങ്ങളൊന്നുമില്ല. സമ്പുഷ്ടീകരിക്കപ്പെട്ട മണ്ണിന് വരൾച്ച, വെള്ളപ്പൊക്കം, മണൽക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുവാൻ കഴിയുമെന്ന് ശാസ്ത്രീയമായി വിലയിരുത്തിയിട്ടുണ്ട്.
മാത്രമല്ല അന്തരീക്ഷത്തിൽ നിന്നും കാർബൺ തന്മാത്രകളെ ആഗിരണം ചെയ്ത് ഉല്പാദനക്ഷമത ഉയർത്തുവാനും കഴിയും. മണ്ണു പരിപാലനത്തിലൂടെ ലോകത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുകയാണ് ആത്യന്തികമായ ലക്ഷ്യം. മണ്ണും ജലവുമാണ് ജീവപ്രപഞ്ചത്തിന്റെ ആധാരശിലകൾ. മണ്ണിന്റെ ജലസംഭരണശേഷി വർദ്ധിപ്പിക്കുന്നത് അതിലെ ജൈവഘടകങ്ങളുടെ സാന്നിദ്ധ്യമാണ്. കാലാകാലങ്ങളായുള്ള മണ്ണൊലിപ്പും മലിനീകരണവും മണ്ണിന്റെ ജൈവഘടനയ്ക്ക് ആഘാതങ്ങളേൽപ്പിച്ചിട്ടുണ്ട്. അവശ്യ മൂലകങ്ങളുടെ സാന്നിദ്ധ്യത്തിനും ഗണ്യമായ തോതിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ഘടകങ്ങളുടെ വീണ്ടെടുപ്പാണ് ഐക്യരാഷ്ട്ര സംഘടനയുടെ മണ്ണുദിന സംരംഭങ്ങളുടെ അന്തസത്ത.
ലോകത്തെ 80 ശതമാനം കൃഷിയിടങ്ങളിലും മഴയെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ആഗോള ഭക്ഷ്യോല്പാദനത്തിന്റെ 60 ശതമാനവും അതുവഴിയാണ് ലഭിക്കുന്നത്. മണ്ണിന്റെ ജലസംഭരണ ശേഷിയാണ് ഈ നേട്ടങ്ങൾക്കെല്ലാം ആധാരം. ജലസേചന സംവിധാനങ്ങളോടെ കൃഷിചെയ്യപ്പെടുന്ന 20 ശതമാനം കൃഷിയിടങ്ങളിലെ ആവശ്യത്തിനായി നമ്മുടെ ശുദ്ധജലസമ്പത്തിന്റെ 70 ശതമാനമാണു വിനിയോഗിക്കപ്പെടുന്നത്.
നമ്മുടെ ഭക്ഷണത്തിന്റെ 95 ശതമാനത്തിന്റെയും ഉറവിടം മണ്ണും ജലവുമാണ്. അതിന്റെ ലഭ്യത ജനസംഖ്യാനുപാതികമായും കാലാനുസൃതമായും വർദ്ധിപ്പിക്കേണ്ടതുണ്ട്. അനാവൃഷ്ടിയും അതിവൃഷ്ടിയും ഇതിന് ഒരു പോലെ ഭീഷണിയുയർത്തുന്നു. പോഷകങ്ങളുടെ ആഗിരണത്തിന് ഇവ രണ്ടും തടസ്സം സൃഷ്ടിക്കുന്നു. ജൈവസമ്പത്തിന്റെ ലഭ്യതയാണ് അതു വഴി കുറയുന്നത്. ഈ പ്രതികൂല സാഹചര്യങ്ങളെ നമുക്ക് അതിജീവിക്കേണ്ടതുണ്ട്.
നിരന്തരമായ മണ്ണൊലിപ്പ് മണ്ണിലെ സൂക്ഷ്മമൂലകങ്ങളുടെ ശോഷണത്തിന് കാരണമാകുന്നു. ജൈവാംശങ്ങൾ നഷ്ടമാകുന്നതോടെ മണ്ണിൻ്റെ ജല ആഗിരണശേഷിയിൽ കുറവുമുണ്ടാകുന്നു. ഇതിന്റെയൊക്കെ ഫലമായി മണ്ണിന്റെ ഉർവ്വരത ക്രമേണ നഷ്ടമാകുന്നു. ഇതിനു പ്രതിവിധിയായി മണ്ണൊലിപ്പ് പ്രതിരോധിക്കുന്നതിന് ആവരണസസ്യങ്ങൾ വച്ചുപിടിപ്പിക്കുന്ന സംരംഭങ്ങൾ പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.
“ലവണവൽക്കരണം തടയൂ..മണ്ണിനെ ഉർവ്വരമാക്കൂ” എന്നതാണ് ഈ വർഷത്തെ മണ്ണുദിനത്തിൽ ഐക്യരാഷ്ട്രസഭ ഉയർത്തുന്ന മുദ്രാവാക്യം. അതിനായി തയ്യാറാക്കിയ കർമ്മപദ്ധതികൾ ആഗോളതലത്തിൽ നടപ്പിലാക്കുന്നതിനുള്ള പരിശ്രമങ്ങളിൽ നമുക്കും പങ്കാളികളാകാം.