Read Time:14 Minute

ചെറുപ്പത്തിലേ വിശപ്പിന്റെ കയ്പേറിയ യാഥാർഥ്യങ്ങൾ അനുഭവിച്ചറിഞ്ഞ ഡോ. ഹംഗ്രിയയുടെ എക്കാലത്തെയും സ്വപ്നം വിശപ്പുരഹിതമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്നതായിരുന്നു. ആ സ്വപ്നമാണ് മണ്ണിന്റെ മൈക്രോബയോളജി (Soil Microbiology) എന്ന വിജ്ഞാനശാഖയുടെ ആഴങ്ങളിലേക്ക് അവരെ ആകർഷിച്ചത്.

ആഗോളതലത്തിൽ, പ്രത്യേകിച്ച് ബ്രസീലിൽ, സോയാബീൻ കൃഷിക്ക് ജീവശ്വാസമായ നൈട്രജനുവേണ്ടി കർഷകർ ടൺ കണക്കിന് രാസവളങ്ങൾ മണ്ണിലേക്ക് കോരിയൊഴിക്കുകയായിരുന്നു പതിവ്. ഫലമോ? മണ്ണിന്റെ സ്വാഭാവിക ഘടന താളംതെറ്റി, ജലം മലിനമായി, രാസവളങ്ങളുടെ ഭീമമായ വില കർഷകന്റെ നട്ടെല്ലൊടിച്ചു. എങ്കിലും, വിളവ് കുറഞ്ഞാലോ എന്ന ഭയം കാരണം രാസവളങ്ങളുടെ ഈ അമിത ഉപയോഗത്തിൽനിന്ന് പിന്മാറാൻ കർഷകർ മടിച്ചുനിന്ന ഒരു കാലഘട്ടമായിരുന്നു അത് 4.

ഈ പ്രതിസന്ധിയുടെ കൊടുമുടിയിലേക്കാണ് ഡോ. ഹംഗ്രിയ ഒരു കൈത്തിരിയുമായി നടന്നുകയറിയത്. നൈട്രജൻ രാസവളങ്ങളുടെ അമിത പ്രയോഗത്തിന് പകരം പ്രകൃതിയുടെ മടിത്തട്ടിൽത്തന്നെ ഒരു പരിഹാരമില്ലേ? ഇതായിരുന്നു ഡോ. ഹംഗ്രിയയുടെ സുവർണ്ണ ചോദ്യം. ഉത്തരം തേടിയുള്ള നാല് പതിറ്റാണ്ടുകാലത്തെ കഠിനമായ ഗവേഷണ തപസ്സായിരുന്നു പിന്നീട്. അവരുടെ ഗവേഷണശാലയിലെ സൂപ്പർസ്റ്റാറുകൾ നമ്മുടെ നഗ്നനേത്രങ്ങൾക്ക് അദൃശ്യരായ കുഞ്ഞൻ ബാക്ടീരിയകളായിരുന്നു!

അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് ചെടികൾക്ക് ഉപയോഗപ്രദമായ രൂപത്തിലേക്ക് മാറ്റാൻ കഴിവുള്ള റൈസോബിയം (Rhizobium), അസോസ്പിരില്ലം (Azospirillum) തുടങ്ങിയ ബാക്ടീരിയകളെക്കുറിച്ച് ശാസ്ത്രലോകത്തിന് നേരത്തെ തന്നെ അറിവുണ്ടായിരുന്നു. ഇന്ത്യയിൽപ്പോലും ഇത്തരം ജീവാണുവളങ്ങൾ (ഉദാഹരണത്തിന്, റൈസോബിയം, അസോസ്പിരില്ലം) നിർമ്മിക്കാനും വിതരണം ചെയ്യാനും ഔദ്യോഗികമായി അംഗീകാരമുണ്ട്. എന്നാൽ, ഡോ. ഹംഗ്രിയയുടെ നിർണ്ണായകമായ സംഭാവന, ബ്രസീലിലെ പ്രത്യേക സാഹചര്യങ്ങളിൽ, നൂതന സോയാബീൻ ഇനങ്ങളിൽ നൈട്രജൻ രാസവളത്തിന്റെ ഉപയോഗം ഗണ്യമായി കുറച്ചുകൊണ്ടുതന്നെ – ചിലപ്പോൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് – മികച്ച വിളവ് നേടാമെന്ന് പ്രായോഗികമായി തെളിയിച്ചു എന്നതാണ്. ഇതിനായി, ഏറ്റവും കാര്യക്ഷമമായി നൈട്രജൻ എടുക്കുന്ന   ബാക്ടീരിയകളെ അവർ കണ്ടെത്തുകയും അവയെ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പോരാത്തതിന്, ബ്രാഡിറൈസോബിയം (Bradyrhizobium), അസോസ്പിരില്ലം ബ്രസീലിയൻസ് (Azospirillum brasilense) എന്നീ ബാക്ടീരിയകളെ ഒരുമിച്ച് ചെടികളിൽ പ്രയോഗിക്കുന്നത് (co-inoculation) വഴി വിളവ്  വർദ്ധിപ്പിക്കാമെന്നും അവർ തെളിയിച്ചു.

ചെടികൾക്ക് അന്തരീക്ഷത്തിലെ നൈട്രജൻ നേരിട്ട് വലിച്ചെടുക്കാൻ കഴിവില്ല. എന്നാൽ, ഈ ബാക്ടീരിയ ചങ്ങാതിമാർ ചെടികളുടെ വേരുകളിൽ ഒരു ‘ഡീൽ’ ഉറപ്പിക്കും: “നിങ്ങൾ ഞങ്ങൾക്ക് താമസിക്കാൻ കുറച്ച് സ്ഥലവും ലേശം ഭക്ഷണവും തരണം, പകരം ഞങ്ങൾ നിങ്ങൾക്ക് അന്തരീക്ഷത്തിൽനിന്ന് സൗജന്യമായി നൈട്രജൻ ഫാക്ടറി തുറന്നുതരാം!” – ലളിതമായി പറഞ്ഞാൽ ഇതാണ് ആ കൊടുക്കൽ വാങ്ങൽ. ഡോ. ഹംഗ്രിയ ഈ ബാക്ടീരിയകളിൽ ഏറ്റവും സമർത്ഥരായ, ‘കമാൻഡോ’കളെപ്പോലെ പ്രവർത്തിക്കുന്നവരെ കണ്ടെത്തി, അവരെ പരീക്ഷണ പ്ലോട്ടുകളിൽ കർഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. “വിളവ് കുറയില്ല, ധൈര്യമായി മുന്നോട്ട് പോകൂ” എന്ന് അവരെ ബോധ്യപ്പെടുത്തി, കൈപിടിച്ച് കൂടെനിന്നു4.

അങ്ങനെ, വിത്തിലും മണ്ണിലും ചേർക്കാവുന്ന ജൈവ ഇനോക്കുലന്റുകൾ (inoculants) പിറവിയെടുത്തു. ഡോ. ഹംഗ്രിയ ഇതിനെ ഓമനപ്പേരിട്ട് വിളിച്ചു: “സൂക്ഷ്മ ഹരിത വിപ്ലവം” (Micro Green Revolution). ഫലമോ? ബ്രസീലിയൻ സോയാബീൻ പാടങ്ങളിൽ ഹരിതവിപ്ലവത്തിന്റെ പുതിയൊരു വിജയഗാഥ രചിക്കപ്പെട്ടു. നൈട്രജൻ രാസവളങ്ങളുടെ അമിത ഉപയോഗം ഗണ്യമായി കുറഞ്ഞു. വിളവ് കൂടിയതല്ലാതെ ഒരു തരിമ്പുപോലും കുറഞ്ഞില്ല. കർഷകരുടെ ചുണ്ടിൽ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പുഞ്ചിരി വിടർന്നു. താങ്ങാനാവാത്ത വളത്തിന്റെ വിലയിൽനിന്ന് അവർക്ക് വലിയൊരു മോചനം ലഭിച്ചു.

ഈ മുന്നേറ്റത്തിന്റെ ഫലമായി ബ്രസീൽ, അമേരിക്കയെപ്പോലും പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ സോയാബീൻ ഉത്പാദക രാജ്യമായി കിരീടം ചൂടി. 1979-ൽ വെറും 15 ദശലക്ഷം ടൺ സോയാബീൻ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്തുനിന്ന്, 2025-ൽ രാജ്യം പ്രതീക്ഷിക്കുന്നത് 173 ദശലക്ഷം ടൺ എന്ന സ്വപ്നതുല്യമായ നേട്ടമാണ്3. സോയാബീൻ മാത്രമല്ല, ഗോതമ്പ്, ചോളം, മറ്റ് പയർവർഗ്ഗങ്ങൾ എന്നിവയുടെയെല്ലാം വിളവ് വർദ്ധിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായകമായി4

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഡോ. ഹംഗ്രിയയുടെ സാങ്കേതികവിദ്യയിലൂടെ പ്രധാനമായും കുറയ്ക്കുന്നത് നൈട്രജൻ രാസവളങ്ങളുടെ ഉപയോഗമാണ്. ഫോസ്ഫറസ് (P), പൊട്ടാസ്യം (K), മൊളിബ്ഡിനം (Mo) തുടങ്ങിയ മറ്റു മൂലകങ്ങൾക്കായുള്ള രാസവളങ്ങളും, രാസ കളനാശിനികളും കീടനാശിനികളും ആവശ്യാനുസരണം ഉപയോഗിക്കേണ്ടിവരും. അതിനാൽ, ഇത് ‘പൂർണ്ണമായും രാസവസ്തുക്കളില്ലാത്ത’ ഒരു കൃഷിരീതിയായി തെറ്റിദ്ധരിക്കരുത്, മറിച്ച്, നൈട്രജൻ രാസവളത്തെ ആശ്രയിക്കുന്നത് വലിയൊരളവിൽ കുറയ്ക്കുന്ന ഒരു സുസ്ഥിരമായ മാർഗ്ഗമാണിത്4.

അമേരിക്കൻ ഐക്യനാടുകളിലെ സോയാബീൻ കൃഷിരീതി ഇതിൽനിന്നും വ്യത്യസ്തമാണെന്ന് ഡോ. ഹംഗ്രിയ തന്നെ വിശദീകരിക്കുന്നുണ്ട്. അവിടെ സാധാരണയായി ചോളവും സോയാബീനും ഇടവിട്ട് കൃഷി ചെയ്യുന്നതുകൊണ്ട് (crop rotation), ചോളത്തിന് നൽകുന്ന നൈട്രജൻ വളത്തിന്റെ ഒരു പങ്ക് മണ്ണിൽ അവശേഷിക്കും. ഇത് പിന്നീട് കൃഷി ചെയ്യുന്ന സോയാബീന് പ്രയോജനപ്പെടുന്നതിനാൽ, ബ്രസീലിലേതുപോലെ വലിയ അളവിൽ പ്രത്യേക നൈട്രജൻ വളപ്രയോഗത്തിന്റെ ആവശ്യം അവിടെ വരുന്നില്ല4.

ഡോ. ഹംഗ്രിയയുടെ ഈ ‘കുഞ്ഞൻ’ കണ്ടുപിടുത്തം ബ്രസീലിന് സമ്മാനിച്ചത് ബില്യൺ കണക്കിന് ഡോളറിന്റെ സാമ്പത്തികനേട്ടമാണ് – ഏകദേശം 40 ബില്യൺ ഡോളർ!. പാരിസ്ഥിതിക നേട്ടങ്ങളോ? അതും ചെറുതല്ല. ഏതാണ്ട് 230 ദശലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്‌സൈഡിന് തുല്യമായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഒഴിവാക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിച്ചു1. നിലവിൽ 40 ദശലക്ഷം ഹെക്ടറിലധികം കൃഷിഭൂമിയിൽ ഡോ. ഹംഗ്രിയയുടെ വിദ്യകൾ വിജയക്കൊടി പാറിക്കുന്നു2.

ബ്രസീലിലെ ചില കൃഷിക്കമ്പനികൾ വനഭൂമി വെട്ടിത്തെളിച്ച് കൃഷിയിടങ്ങളാക്കുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ആ വിമർശനങ്ങളിൽ കഴമ്പുണ്ടെന്ന് ഡോ. ഹംഗ്രിയ തന്നെ സമ്മതിക്കുന്നു. എന്നാൽ, തന്റെ ഗവേഷണം മണ്ണിനെ കൂടുതൽ ഫലഭൂയിഷ്ഠമാക്കുന്നതിനാൽ, കൂടുതൽ വനഭൂമി കൃഷിക്കുവേണ്ടി കയ്യേറേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. “നിങ്ങൾ വിളകളെ നന്നായി പരിപാലിക്കുകയാണെങ്കിൽ, ആ വിളകൾ മണ്ണിനെ നൈട്രജൻ കൊണ്ട് സമ്പുഷ്ടമാക്കും,” അവർ പറയുന്നു4. ഇതൊരു ചെറിയ കാര്യമല്ല, സുസ്ഥിര കൃഷിയുടെയും അതുവഴി വനസംരക്ഷണത്തിന്റെയും ബാലപാഠങ്ങളിലൊന്നാണിത്.

ഡോ. ഹംഗ്രിയയുടെ ജീവിതം ഒരു സിനിമാക്കഥപോലെ പ്രചോദനാത്മകമാണ്. ശാസ്ത്രത്തോടുള്ള അടങ്ങാത്ത അഭിനിവേശം, കർഷകരോടുള്ള അചഞ്ചലമായ പ്രതിബദ്ധത, ഭൂമിയോടുള്ള അളവറ്റ സ്നേഹം – ഈ ചേരുവകളാണ് അവരെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്. “എന്റെ ഗവേഷണം ലാബിലെ ചില്ലുകൂട്ടിൽ ഒതുങ്ങേണ്ട ഒന്നല്ല, അത് കർഷകന്റെ വിയർപ്പിന് ഫലം നൽകണം,” എന്നതായിരുന്നു അവരുടെ ഗവേഷണത്തിന്റെ ആപ്തവാക്യം.

  1. Farming First. (2025, May 15). Dr Mariangela Hungria Named 2025 World Food Prize Laureate. Retrieved from Farming First. >>>
  2. Krishi Jagran. (2025 May 15). Brazilian Scientist Wins World Food Prize 2025 for Growing Food with Fewer Chemicals, Cutting Emissions, and Boosting Productivity. Retrieved from Krishi Jagran. >>>
  3. News Karnataka. (2025, May 15). Mariangela Hungria Wins 2025 World Food Prize for Pioneering ‘Micro Green Revolution’. Retrieved from News Karnataka.  >>>
  4. The Hindu. (2025, May 15). World Food Prize for scientist for growing food with fewer chemicals. >>>
  5. World Food Prize Foundation. (2025). 2025: Hungria >>>
female engineer in space station

വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി

200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൗമാരം സംഘർഷങ്ങൾക്കപ്പുറം – സിമ്പോസിയം മലപ്പുറത്ത്
Next post ടെറാഹെർട്‌സ് ഫ്രീക്വൻസികളിൽ ഒപ്‌ടിക്കൽ ഡാറ്റ ട്രാൻസ്‌മിഷൻ സാധ്യമാക്കാൻ പ്ലാസ്മോണിക് മോഡുലേറ്റർ
Close