ഡോ. അരുൺ ശ്രീപരമേശ്വരൻ
ഗവ. മെഡിക്കൽ കോളേജ് കണ്ണൂർ
ആന്റിബയോട്ടിക് അവബോധ വാരം – നവം 18-24
പല കാരണങ്ങൾ കൊണ്ടും പ്രതിരോധ ശേഷി നഷ്ടപ്പെട്ട രോഗികളിൽ വർധിച്ചു വരുന്ന അണുബാധകളുടെ ഒത്ത നടുവിലാണ് മോഡേൺ മെഡിസിൻ. അണുക്കൾക്കെതിരെയുള്ള പ്രധാന ആയുധമാണ് ആന്റിബയോട്ടിക്. പക്ഷേ രോഗാണുക്കൾക്കെതിരെ ഇന്ന് പല മരുന്നുകളും നനഞ്ഞ പടക്കം പോലെ നിർവീര്യമാണ്. അതിന്റെ കാരണമാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്.
എന്ത് കൊണ്ട് രോഗാണുക്കൾ റെസിസ്റ്റന്റ് ആകുന്നു?
ആന്റി-ബയോട്ടിക് എന്നത് മിക്ക ആളുകൾക്കും പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് കേട്ട് പരിചയമുള്ള ഒരു പദമാണ്. ഒരു ബാക്റ്റീരിയയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു വസ്തുവിനെയും ആന്റിബയോട്ടിക് എന്ന് പറയും. ആദ്യമായി ആന്റി-ബയോട്ടിക് എന്നൊരു വസ്തു കണ്ടുപിടിച്ചത് അലക്സാണ്ടർ ഫ്ലെമിങ് ആണ്.
നമ്മുടെ ചുറ്റുവട്ടത്ത് നിരവധി അണുക്കളുണ്ട്. ആന്റി-ബയോട്ടിക് എന്ന മരുന്നിന്റെ പ്രത്യേകത എന്തെന്നാൽ അത് ബാക്ടീരിയ എന്ന സൂക്ഷ്മജീവിയെമാത്രമേ ബാധിക്കുകയുള്ളൂ. ബാക്റ്റീരിയകളിലെ കോശഭിത്തിയുടെ നിർമ്മാണത്തിൽ ഭംഗം വരുത്തുന്ന വഴി ആ ജീവിയുടെ വളർച്ചയെ മരുന്നുകൾ ബാധിക്കും. മറ്റു ചില ആന്റി-ബയോട്ടിക്കുകൾ ബാക്റ്റീരിയകൾക്ക് ആവശ്യമായ പ്രോട്ടീൻ ഉണ്ടാക്കുന്ന റൈബോസോം എന്ന് പറയുന്ന കോശഭാഗത്തെ ബാധിക്കുകയും കോശത്തിന്റെ വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. മറ്റു ചില മരുന്നുകൾ അതിന്റെ ജനിതക ഘടകമായ ഡി. എൻ. എ യുടെ പ്രവർത്തനങ്ങളിൽ തടസ്സം വരുത്തുന്നു.’
ഇങ്ങനെ ഓരോ മരുന്നും രോഗാണുവിന്റെ വളർച്ചയിലോ പ്രത്യുൽപ്പാദനത്തിലോ ഉള്ള ഏതെങ്കിലും ഒരു കൃത്യമായ സ്റ്റെപ്പിനെ തടസ്സപ്പെടുത്തുന്നത് വഴിയാണ് രോഗാണുവിനെ നശിപ്പിയ്ക്കുന്നത്. അവയുടെ പ്രധാനപ്പെട്ട ഭാഗങ്ങളെ നശിപ്പിയ്ക്കുന്നത് വഴിയും. ഉദാഹരണത്തിന് വളരെ സാധാരണമായി ഉപയോഗിയ്ക്കുന്ന പെൻസിലിൻ, പെൻസിലിൻ രോഗാണുവിന്റെ പുറംപാളി വിഘടിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. അസിത്രോമൈസിൻ രോഗാണുവിന്റെ പ്രധാന പ്രോട്ടീനുകളെ നശിപ്പിയ്ക്കുന്നു. ചുരുക്കത്തിൽ ഒരു പ്രത്യേക മെക്കാനിസത്തിലൂടെ, രോഗാണുവിന്റെ നിലനിൽപ്പ് ഇല്ലാതാക്കുകയാണ്, അല്ലാതെ നേരിട്ട് കൊല്ലുകയോ തുടച്ച് മാറ്റുകയോ അല്ല.
അതിനൊരു മറുവശം കൂടിയുണ്ട്. മരുന്നിന്റെ ആ പ്രത്യേക മെക്കാനിസത്തെ അതിജീവിയ്ക്കാൻ അണുവിന് കഴിഞ്ഞാൽ, അതിനായി സ്വയം മാറാൻ കഴിഞ്ഞാൽ, അത് ജയിച്ചു. വേറൊരു പ്രതിഭാസം, മരുന്നിന്റെ മാത്രകൾ അണുവിന്റെ ഉള്ളിൽ കടന്നിട്ട് വേണം അതിന്റെ മെഷിനറി ഹൈജാക്ക് ചെയ്യാൻ, മരുന്നിനെ കടത്തി വിടാൻ ഉദ്ദേശിയ്ക്കുന്നില്ലെങ്കിലോ, അകത്തു കേറിയ മാത്രകളെ അതിശക്തമായ പമ്പുകൾ ഉപയോഗിച്ചു പുറന്തള്ളുകയും കൂടെ ചെയ്താലോ, അങ്ങനെയും ചില ബാക്റ്റീരിയകൾ റെസിസ്റ്റന്റ് ആകുന്നു. തത്വത്തിൽ ശത്രുവിനെ അറിഞ്ഞു അതിന് വേണ്ട പരിവർത്തനങ്ങൾ ഉണ്ടാക്കാനുള്ള കഴിവാണ് റെസിസ്റ്റൻസിന് ആധാരം.
പുതിയ മരുന്നുകൾ തന്നെ വേണ്ടി വരും.
സ്വന്തം ജനിതക ഘടനയിൽ മാറ്റം വരുന്ന കൊണ്ടാണ് ബാക്റ്റീരിയക്ക് ഇത് സാധ്യമാവുന്നത്. നിർജീവമായ മരുന്നിന്റെ മാത്രകൾ സ്വയം മാറുകയില്ല, പുതിയ അടവുകൾ ഉള്ള പുതിയ മരുന്നുകൾ തന്നെ വേണ്ടി വരും. ഇതിപ്പോൾ ഏതൊരു ജീവിയും, മനുഷ്യനും പട്ടിയും ബാക്റ്റീരിയയും വെല്ലുവിളികളെ നേരിടുന്നത് പരിവർത്തന പരിണാമ പ്രക്രിയയിലൂടെ തന്നെ. കോടാനുകോടി വർഷം മുൻപേയുള്ള ബാക്റ്റീരിയയ്ക്ക് ഇപ്പോൾ തോന്നിയ ഐഡിയ ഒന്നുമല്ല ഇത്.
ഇപ്പോൾ പിന്നെ എന്താണ് ഇത്രയും റെസിസ്റ്റന്റ് ബാക്റ്റീരിയകൾ ഉണ്ടാകുന്നത്? അത് മനുഷ്യന്റെ അശാസ്ത്രീയമായ പ്രവണതകളുടെ ഫലം കൂടിയാണ്. അനാവശ്യമായ ഉപയോഗം – ഒറ്റദിവസത്തെ പനിയ്ക്ക്, ചെറിയ ജലദോഷത്തിന്, ഒരു തവണ ഒന്ന് വയറിളകിയാൽ ഒക്കെ ഇന്ന് ആന്റിബയോട്ടിക് എഴുതുകയാണ്. എഴുതേണ്ട എന്ന് വെച്ചാലും ചില പ്രബുദ്ധരോഗികൾ ആന്റിബയോട്ടിക് ഡിമാൻഡ് ചെയ്യും. എന്താണ് സംഭവിയ്ക്കുന്നത്, ശരീരത്തിൽ രോഗാണുവില്ല, മരുന്ന് ഉണ്ട് താനും. ഈ മരുന്ന് സ്വാഭാവികമായി കാണുന്ന സഹായി ആയ ബാക്റ്റീരിയകളെ കൊല്ലുന്നു, ഈ സ്‌പേസിലേയ്ക്ക് ഹാനികരമായ അണുക്കൾ ഇടം നേടുന്നു.
ഇനി യഥാർത്ഥത്തിൽ മരുന്ന് വേണ്ട സാഹചര്യത്തിലോ, രണ്ട് ദിവസത്തെ ഗുളിക കഴിയ്ക്കുമ്പോൾ കിട്ടുന്ന ആശ്വാസം കണക്കിലെടുത്ത് രോഗി സ്വയം ചികിത്സ നിർത്തുകയും ചെയ്യും. ശരീരത്തിന്റെ ഉള്ളിൽ അപ്പോൾ നല്ലൊരു ശതമാനം ബാക്റ്റീരിയയും നശിച്ചിട്ടുണ്ട്, ശരിയാണ്. പക്ഷേ, മരിയ്ക്കാതെ ബാക്കി നിക്കുന്ന പോരാളികളും ഉണ്ട്. അവർ അങ്ങനെ വിശ്രമിയ്ക്കുവല്ല. മരുന്നിനെതിരെ ഉള്ള പുതിയ അടവുകൾ മെനയുകയാണ്. അതിന് മുന്നേ അവരെ തീർക്കണം, അതിനാണ് ആന്റിബയോട്ടിക് കോഴ്സ് പൂർത്തിയാക്കണം എന്ന് പറയുന്നത്. ഇല്ലെങ്കിൽ റെസിസ്റ്റന്റ് ആയ പുതിയ തലമുറ ബാക്ടീരിയ വരും. അവരെ തുരത്താൻ അത് വരെ ഉപയോഗിച്ച മരുന്നുകൾ മതിയാവില്ല.
മറ്റൊരു പ്രധാന കാരണമാണ് കന്നുകാലികളിലും കോഴികളിലും പുഷ്ടിപ്പെടുത്തലിനായി ആന്റിബയോട്ടിക് ഉപയോഗിയ്ക്കുന്നത്. അതെത്രത്തോളം ആധുനിക വൈദ്യശാസ്ത്രത്തിന് ഇടപെടാൻ പറ്റുന്ന മേഖലയാണെന്നത് സംശയമാണ്.
പുതിയ മരുന്നുകളുടെ അഭാവം വലിയൊരു പ്രശ്നമാണ്. ഏറ്റവും കുറവ് മരുന്നുകൾ കണ്ട്പിടിയ്ക്കുന്നതും കുറവ് ഗവേഷണം നടത്തുന്ന മേഖലയുമാണ് ആന്റിബയോട്ടിക്കുകൾ. പുതിയ മരുന്ന് കണ്ടുപിടിച്ചു വരുമ്പോഴേയ്ക്കും നമ്മുടെ അശാസ്ത്രീയ രീതികൾ കൊണ്ട് ആ മരുന്നിനോട് ബാക്ടീരിയ റെസിസ്റ്റന്റ് ആയിരിയ്ക്കും. ആ മരുന്ന് പിന്നെങ്ങനെ വിൽക്കും? കമ്പനികൾ കോടിക്കണക്കിനു വരുന്ന ഉത്പാദന ചെലവ് എങ്ങനെ കണ്ടെത്തും?
എന്താണ് ചെയ്യാൻ കഴിയുക?
- പ്രധാനമായും അനാവശ്യമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിയ്ക്കാതെ ഇരിയ്ക്കുക. ജനങ്ങളും ഈ കാര്യത്തിൽ അല്പം ജാഗ്രതയോടെ പെരുമാറണം. നല്ല പോലെ വെള്ളം കുടിച്ച് വിശ്രമിച്ചാൽ മാറാവുന്ന ചെറിയ പനികൾക്ക് പാരാസിറ്റാമോൾ മാത്രം മതിയെന്ന് ഡോക്ടർ പറയുമ്പോൾ അത് ഉൾക്കൊള്ളുക.
- ആരോഗ്യപ്രവർത്തകർ ശ്രദ്ധിയ്‌ക്കേണ്ടത് അണുബാധയ്ക്കാണ് ആന്റിബയോട്ടിക് വേണ്ടത്, പനിയ്ക്ക് അല്ല. കാരണമറിയാത്ത പനികൾക്ക് ആന്റിബയോട്ടിക് കോക്ടെയിലുകൾ ഇന്നൊരു ഫാഷൻ ആണ്. കാരണം കണ്ടെത്തി തന്നെയാകണം ചികിത്സ.
- സർക്കാർ ഇത് ഗൗരവമായി എടുക്കണം, ആന്റിബയോട്ടിക് പ്രോട്ടോകോളുകൾ ഉണ്ടാക്കണം, ഗവേഷണങ്ങൾ ഊർജ്ജിതമാക്കണം, പുതിയ മരുന്നുകൾ കണ്ട് പിടിയ്ക്കണം. കന്നുകാലികളിൽ ഉള്ള ഉപയോഗം കുറയ്ക്കണം.
അധികവായനയ്ക്ക്